Tweet 91

    Tweet 91
    September 13, 2022 • Tuesday
    Post Header

    മക്കയിലെ പ്രതിസന്ധികൾ, എത്യോപ്യയിൽ നിന്ന് മടങ്ങിയെത്തിവരുടെ ദുഃഖങ്ങൾ ഇതെല്ലാം നബി ﷺ നേരിൽക്കാണുകയാണ്. എന്താണൊരു പരിഹാരം. ഏതായാലും സൗമനസ്യത്തോടെ സ്വീകരിക്കുന്ന നേഗസ് രാജാവിന്റെ നാട്ടിലേക്ക് തന്നെ വിശ്വാസികളെ അയയ്ക്കാം. രണ്ടാമതും ഒരു സംഘം ഹബ്ശ അഥവാ എത്യോപ്യയിലേക്ക് തന്നെ പലായനം ചെയ്തു. എൺപത്തിമൂന്ന് പുരുഷന്മാരും പതിനൊന്ന് സ്ത്രീകളുമാണ് യാത്രയ്ക്കൊരുങ്ങിയത്. നബി ﷺ യുടെ മരുമകൻ ഉസ്മാൻ (റ) ഈ സംഘത്തിലും ഉണ്ടായിരുന്നു. മഹാനവർകൾ നബി ﷺ യോട് ചോദിച്ചു. “ഞങ്ങൾ ആദ്യം പലായനം ചെയ്തു. ഇപ്പോഴിതാ രണ്ടാമതും യാത്ര പോകുന്നു. അവിടുന്ന് ഇവിടെത്തന്നെ നിൽക്കുകയാണല്ലോ?” ഉടനെ നബി ﷺ പറഞ്ഞു; “നിങ്ങൾ പലായനം ചെയ്യുന്നത് അല്ലാഹുവിലേക്കും എന്റെയടുത്തേക്കുമാണ്. അഥവാ, അല്ലാഹുവിന്റെയും അവൻ്റെ ദൂതന്റെയും പ്രീതി കാംക്ഷിച്ചു കൊണ്ടാണ്. അത് കൊണ്ട് വിഷമിക്കേണ്ടതില്ല. നിങ്ങളിപ്പോൾ ഇരട്ടപ്പാലായനത്തിന്റെ പുണ്യം നേടുകയാണ് “. ഉസ്മാൻ (റ) പറഞ്ഞു, “ഞങ്ങൾക്ക് ആശ്വാസമായി നബിയേ “.. ﷺ
    ജഅഫർ (റ) പറയുന്നു, ഞങ്ങൾ ഹബ്ശയിൽ സുരക്ഷിതരായിക്കഴിഞ്ഞു. ഞങ്ങൾ ഞങ്ങളുടെ ആരാധനകൾ മുറപോലെ നിർവഹിച്ചു. ആരും ഞങ്ങളെ പ്രയാസപ്പെടുത്തുകയോ കുറ്റപെടുത്തുകയോ ഒന്നും ചെയ്തില്ല. പക്ഷേ, ഇത് ഖുറൈശികൾ അറിഞ്ഞപ്പോൾ അവർക്കത്ര സുഖിച്ചില്ല. അവർ സഭ കൂടി വിവരങ്ങൾ വിലയിരുത്തി. രണ്ട് സമർഥരായ പ്രതിനിധികളെ നേഗസ് ചക്രവർത്തിയെക്കാണാൻ നിയോഗിച്ചു. വിലപിടിപ്പുള്ള ആകർഷകമായ ഉപഹാരങ്ങൾ നൽകി മുസ്‌ലിംകൾക്ക് നൽകിയ അഭയം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
    അപ്രകാരം ഉമാറത് ബിൻ അൽ വലീദും അംറ് ബിൻ അൽ ആസും കൊട്ടാരത്തിലെത്തി. നേരത്തെ നിശ്ചയിച്ച പ്രകാരം മക്കയിൽ നിന്നുള്ള വിവിധയിനം കറിക്കൂട്ടുകൾ രാജാവിനെക്കാണുന്നതിന് മുമ്പ് തന്നെ എല്ലാ കൊട്ടാര പാലകർക്കും സമ്മാനിച്ചു. രാജാവിനോട് നേരിട്ടുള്ള ദർശനത്തിനും തുടർന്ന് മുസ്‌ലിംകളെ അവരുടെ ഭാഗം കേൾക്കാൻ അവസരം നൽകാതെ ഖുറൈശികൾക്ക് വിട്ടു ലഭിക്കാനുമാണ് അവർ കോപ്പുകൾ ഒരുക്കിയത്.
    അപ്രകാരം കണ്ണഞ്ചിപ്പിക്കുന്ന കാണിക്കകളുമായി രാജസന്നിധിയിലെത്തി. സാഷ്ടാംഗം ചെയ്ത് അഭിവാദ്യം അറിയിച്ചു. എന്നിട്ട് സംസാരിക്കാൻ തുടങ്ങി. “മഹാരാജാവേ! ഞങ്ങളുടെ മക്കയിൽ നിന്ന് ബുദ്ധിശൂന്യരായ കുറച്ചാളുകൾ ഈ നാട്ടിൽ എത്തിയിട്ടുണ്ട്. അവർ അവരുടെ ജനതയുടെ മതം ഉപേക്ഷിച്ചവരാണ്. ഞങ്ങൾക്കോ നിങ്ങൾക്കോ പരിചയമില്ലാത്ത പുതിയ ഒരു മതം അവർ അവതരിപ്പിക്കുന്നു. ഞങ്ങളുടെ നാട്ടിലെ നേതാക്കന്മാരാണ് ഞങ്ങളെ ഇങ്ങോട്ട് നിയോഗിച്ചത്. അത് കൊണ്ട് ഇവിടെയെത്തിയവരെ ഞങ്ങളിലേക്ക് തന്നെ തിരിച്ചയയ്ക്കണം. അവരെക്കുറിച്ച് വിശദമായി അറിയുന്ന നാട്ടുകാരും ബന്ധുക്കളുമാണ് ഞങ്ങൾ “. അപ്പോൾ രാജാവിൻ്റെ പരിചാരകൻ പറഞ്ഞു, “രാജാവേ, ഇവർ രണ്ടു പേരും പറഞ്ഞത് വാസ്തവമാണ്. ഇവർ മക്കയിലെ നേതാക്കളാണ് .അവരെക്കുറിച്ച് നന്നായി പരിചയമുള്ളവരാണ്. അത് കൊണ്ട് ഇവരോടൊപ്പം നമുക്കവരെ ഏൽപ്പിച്ചു വിടാം. അവരുടെ നാട്ടിൽ എത്തിച്ചു കൊടുക്കട്ടെ “.
    രാജാവ് ചോദിച്ചു : “അവരെവിടെ?” “അങ്ങയുടെ നാട്ടിൽ ത്തന്നെയുണ്ട് പ്രഭോ “. പ്രതികരണം വന്നു. രാജാവിന് ദേഷ്യം പിടിച്ചു. “ആഹാ ! എന്റെ നാട്ടിൽ വന്ന് എന്നെ അഭയം തേടിയവരെ ഞാൻ വിട്ടു കൊടുക്കില്ല. മറ്റൊരു ദേശത്തെയോ ഭരണാധികാരിയെയോ തെരഞ്ഞെടുക്കാതെ എന്നെയും എന്റെ രാജ്യത്തെയും അഭയം തേടി വന്നവരെ അങ്ങനെയങ്ങ് വിട്ടു കളയുകയോ?
    ഞാനവരെ വിളിക്കട്ടെ. നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ നിങ്ങൾ ആവശ്യപ്പെട്ട കാര്യം ആലോചിക്കാം. അല്ലാത്ത പക്ഷം ഞാനവരെ സംരക്ഷിക്കും. അവർക്ക് വേണ്ട പരിചരണങ്ങൾ നൽകും”.
    പ്രവാചക ശിഷ്യന്മാരെ വിവരമറിയിക്കാൻ ദൂതനെ അയച്ചു. അദ്ദേഹം ഔദ്യോഗികമായി അവരെ വിവരമറിയിച്ചു. അവർ കൂടിയാലോചിച്ചു. ‘രാജസദസ്സിൽ നമ്മളെന്താണ് പറയുക ? നമ്മൾ ശരിയായ വിവരങ്ങൾ പങ്കുവയ്ക്കുക. നബി ﷺ പഠിപ്പിച്ച കാര്യങ്ങൾ, നമ്മുടെ വിശ്വാസങ്ങൾ എന്നിവയൊക്കെ നേരെ ചൊവ്വെ അവതരിപ്പിക്കാം’ – അവർ ധാരണയായി. അപ്പോൾ ജഅ്ഫർ ബിൻ അബീത്വാലിബ് (റ) പറഞ്ഞു. “ഇന്ന് നമ്മുടെ പ്രതിനിധിയായി വിഷയമവതരിപ്പിക്കുന്നത് ഞാനായിരിക്കും “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...