
തിരുനബിﷺയുടെ പായ, വിരിപ്പ്, തലയിണ, ടർക്കി തുടങ്ങി നിത്യോപയോഗ വസ്തുക്കളെ കുറിച്ചുള്ള ലളിതമായ ഒരു അധ്യായത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. അബ്ദുല്ലാഹ് ഇബ്നു മസ്‌ഊദ്(റ) പറയുന്നു. തിരുനബിﷺ ഒരു പായയിൽ കിടന്നു. എഴുന്നേറ്റപ്പോഴേക്കും അവിടുത്തെ ശരീരം മുഴുവനും അടയാളങ്ങളായി. പ്രസ്തുത അടയാളങ്ങളിൽ തടവിക്കൊണ്ട് ഞാൻ തിരുനബിﷺയോട് ചോദിച്ചു. അവിടുന്ന് ഉറങ്ങുന്നതിനു മുമ്പ് ഞങ്ങളോട് ഒന്നു പറഞ്ഞിരുന്നെങ്കിൽ അവിടുത്തേക്ക് എന്തെങ്കിലും ഒന്ന് വിരിച്ചു തരുമായിരുന്നല്ലോ! അങ്ങനെയായിരുന്നുവെങ്കിൽ ഈ ശരീരത്തിൽ ഇങ്ങനെ അടയാളങ്ങൾ വീഴുമായിരുന്നില്ലല്ലോ. അപ്പോൾ നബിﷺ ഇപ്രകാരം പറഞ്ഞു. എന്റെയും ഈ ലോകത്തിന്റെയും ഉദാഹരണം എന്താണെന്ന് അറിയുമോ? യാത്രയ്ക്കിടയിൽ ഒരു മരച്ചുവട്ടിൽ യാത്രികൻ തണലുകൊണ്ടു, പിന്നീടാ തണൽ ഉപേക്ഷിച്ച് യാത്ര തുടർന്നു. അപ്രകാരമാണ്.
ഇബ്നു അബ്ബാസ്(റ)ന്റെ നിവേദനത്തിൽ ഇങ്ങനെയാണ്. ഒരിക്കൽ തിരുനബിﷺ പായയിൽ ഉറങ്ങിയപ്പോൾ ഉമർ(റ) അടുത്തേക്ക് വന്നു. തിരുനബിﷺയുടെ മേനിയിൽ പായയുടെ അടയാളങ്ങളുണ്ടായിരുന്നു. ഉടനെ ഉമർ(റ) ചോദിച്ചു. പായ മേനിയിൽ പതിയാതിരിക്കാൻ ഒരു വിരിപ്പ് അവിടുന്ന് സ്വീകരിച്ചു കൂടായിരുന്നോ? അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. ഈ ലോകത്തിന്റെയും എന്റെയും അവസ്ഥ എന്താണ്? എന്റെ ഉടമസ്ഥൻ തന്നെ സാക്ഷി! ചൂടുകാലത്ത് യാത്ര ചെയ്യുന്ന ഒരു യാത്രികനെ പോലെ മാത്രമാണ് ഞാൻ. ഇടയിൽ ഒരു മരച്ചുവട്ടിൽ തണൽ കൊള്ളുകയും അല്പം കഴിഞ്ഞ് ആ തണൽ ഉപേക്ഷിച്ച് യാത്ര തുടരുകയും ചെയ്ത യാത്രക്കാരനെപ്പോലെ.
ഈ ലോകത്തിന്റെ നൈമിഷികതയും പരലോകത്തിന്റെ അനന്തതയും സൂചിപ്പിക്കുന്ന വിചാരമാണ് തിരുനബിﷺ പങ്കുവെച്ചത്. ഇത് എന്നേക്കും ജീവിക്കാനുള്ള ഇടമല്ലല്ലോ. ഇവിടുത്തെ സുഖങ്ങളെ ആലോചിച്ചു കൊണ്ടല്ലല്ലോ നാം ജീവിക്കേണ്ടത്. അനന്തമായ നാളത്തെ ക്ഷേമം ആയിരിക്കണമല്ലോ നമ്മുടെ വിചാരം. ഇതൊക്കെയായിരുന്നു തിരുനബിﷺയുടെ പ്രമേയം. അത് വളരെ മനോഹരമായി ആഖ്യാനിക്കുകയായിരുന്നു പ്രിയപ്പെട്ട ശിഷ്യനോട്.
മഹതി ആഇശ(റ)യിൽ നിന്ന് സഈദ് ബിൻ മൻസൂർ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ വിരിപ്പ് പഴകിയതും പരുക്കനുമായിരുന്നു. ഒരു വിരിപ്പ് കൂടി ചേർത്ത് ഒന്നുകൂടി മാർദ്ധവമുള്ളതാക്കിയാലോ എന്ന് ഞാൻ ആലോചിച്ചു. അപ്രകാരം ചെയ്യുകയും ചെയ്തു. ശ്രദ്ധയിൽപ്പെട്ട തിരുനബിﷺ ചോദിച്ചു. എന്താണ് ആഇശ(റ) ഇത്? അപ്പോൾ മഹതി ഇപ്രകാരം പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തെ വിരിപ്പ് പഴകിയതും പരുക്കനുമായി കണ്ടപ്പോൾ അല്പം മാർദ്ദവമുള്ളതാക്കാൻ ഞാൻ ഉദ്ദേശിച്ചു. എന്നാൽ ഇതിവിടെനിന്ന് എടുത്തോളൂ. ഇതിവിടെ നിന്ന് മാറ്റാതെ ഞാൻ ഇരിക്കുകയില്ല. ഞാൻ മേലെ ഉണ്ടായിരുന്ന മാർദ്ദവമുള്ള വിരിപ്പ് എടുത്തുമാറ്റി. ആഇശ(റ) വിശദീകരിക്കുന്നു.
തിരുനബിﷺയുടെ ജീവിതത്തിലെ വിനയവും ലാളിത്യവും ഈ ലോകത്തെക്കുറിച്ച് തിരുനബിﷺക്ക് ഉണ്ടായിരുന്ന വിചാരങ്ങളും സമീപനങ്ങളും ഏറ്റവും ശരിയായ അർത്ഥത്തിൽ വായിക്കുകയാണിവിടെ. പല സിദ്ധാന്തങ്ങളും പറയുന്നവർക്ക് അത് പ്രയോഗിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. പ്രത്യേകിച്ചും സുഖാസ്വാദനങ്ങളുടെ സ്വകാര്യതയിൽ. അരമനയിലും അരങ്ങത്തും ഒരേ ആദർശവും വിചാരവും അതിമനോഹരമായി ഒരുമിച്ചു കൊണ്ടു പോയി എന്നത് നബി ജീവിതത്തിന്റെ ഏറ്റവും വലിയ വിശേഷമാണ്. അതൊരിക്കൽ കൂടി നാം വായിച്ചു എന്നേയുള്ളൂ. തിരുനബിﷺയുടെ വിരിപ്പുകണ്ടപ്പോൾ ഞാൻ കരഞ്ഞു പോയിട്ടുണ്ട്. ഒരു തോലിന്റെ ഉള്ളിൽ ഈത്തപ്പനയുടെ നാര് നിറച്ചത്.
സ്വകാര്യ ജീവിതത്തിൽ പാലിച്ചിരുന്ന പരിത്യാഗത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണം. ഏറ്റവും ഉന്നതമായ ജീവിതത്തിന്റെ സൗന്ദര്യമാർന്ന വായന. ഇനിയും ആ അറയിലൂടെ അല്പം കൂടി നമുക്ക് സഞ്ചരിക്കാനുണ്ട്.
