
തിരുനബിﷺയുടെ മോതിരത്തിൽ എഴുതപ്പെട്ട കാര്യങ്ങൾ എന്തൊക്കെയായിരുന്നു? ഇമാം ബുഖാരി(റ)യുടെ നിവേദനത്തിൽ അനസ്(റ) പറയുന്നത് ഇങ്ങനെയാണ്. മുഹമ്മദ്, റസൂൽ, അല്ലാഹു എന്നീ മൂന്ന് വാചകങ്ങൾ മൂന്നു വരികളിലായി ആ മോതിരത്തിൽ കൊത്തിയിരുന്നു.
ബിസ്മില്ലാഹ്, മുഹമ്മദ്, റസൂലുല്ലാഹ് എന്നിങ്ങനെയായിരുന്നു എഴുതപ്പെട്ടിരുന്നത് എന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നുണ്ട്. എന്നാൽ ഹാഫിള് ഇബ്നു ഹജർ(റ) ബിസ്മില്ലാഹ് എന്നു കൂടിയുണ്ട് എന്നതിനെ പിന്തുണയ്ക്കുന്നില്ല. തിരുനബിﷺയുടെ മോതിരത്തിലുണ്ടായിരുന്നത് എത്യോപ്യൻ കല്ലായിരുന്നു. അതിൽ ‘ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുറസൂലുല്ലാഹ്’ എന്ന് എഴുതിയിരുന്നു. ഈ നിവേദനവും മോതിരത്തിൽ എഴുതപ്പെട്ട അധിക വാചകങ്ങളെ കുറിച്ചുള്ള പരാമർശവും ഒറ്റപ്പെട്ട നിവേദനം മാത്രമാണ് എന്നാണ് ഇബ്നു ഹജർ(റ) പറയുന്നത്.
അബുൽ ആലിയ(റ)യിൽ നിന്ന് ഇബ്നു സഅദ്(റ) ഉദ്ധരിച്ച ഒരു നിവേദനത്തിൽ ഇപ്രകാരമുണ്ട്. തിരുനബിﷺയുടെ മോതിരത്തിൽ എഴുതപ്പെട്ടിരുന്നത് സ്വദഖല്ലാഹ് എന്നായിരുന്നു. പിൽക്കാലത്ത് പ്രവാചക ഖലീഫമാരാണ് മുഹമ്മദ് റസൂലുല്ലാഹ് എന്ന് ചേർത്തത്.
നിവേദനങ്ങളുടെ ബലാബലങ്ങൾ പരിശോധിച്ചവരും കൂടുതൽ പ്രമാണങ്ങളിൽ നിന്ന് ഈ വിഷയത്തെ അവതരിപ്പിച്ചവരും തിരുനബിﷺയുടെ മോതിരത്തിൽ മുഹമ്മദ് റസൂലുല്ലാഹ് എന്നാണ് എഴുതപ്പെട്ടത് എന്ന് വിശദീകരിച്ചിട്ടുണ്ട്.
തിരുനബിﷺയുടെ മോതിരത്തിൽ എഴുതപ്പെട്ടത് പോലെ വേറെ ആരും എഴുതരുത് എന്ന നിർദ്ദേശമുണ്ടായിരുന്നു. അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന നിവേദനത്തിൽ ഇക്കാര്യം കാണാം. ഇമാം നസാഇ(റ)യുടെ നിവേദനത്തിൽ ഇതിന്റെ കാരണത്തെ ധ്വനിപ്പിക്കുന്ന ഒരു പ്രയോഗം കൂടിയുണ്ട്. ഇതുപോലെയുള്ള മോതിരം നിങ്ങൾ ഉണ്ടാക്കിക്കൊള്ളൂ. പക്ഷേ, ഇതിൽ എഴുതപ്പെട്ടതുപോലെ നിങ്ങളുടെ മോതിരത്തിൽ എഴുതരുത്.
തിരുനബിﷺയുടെ മോതിരം മുദ്ര വെക്കാൻ കൂടിയാണല്ലോ ഉപയോഗിച്ചിരുന്നത്. അതിന് അതിന്റേതായ ഔദ്യോഗികത നിലനിൽക്കുമ്പോഴാണല്ലോ പ്രാധാന്യമുള്ളത്. എല്ലാവരും അപ്രകാരം തന്നെ മോതിരമുണ്ടാക്കി മുദ്ര വെക്കാൻ ഒരുങ്ങിയാൽ തിരുനബിﷺയുടെ ഔദ്യോഗിക മുദ്രയ്ക്ക് എന്ത് പ്രാധാന്യം! ഇതു കൊണ്ടായിരിക്കണം അങ്ങനെ ഒരു നിരോധനം ആദ്യമേ പറഞ്ഞത്.
യഅ്ല ബിൻ മുൻയ(റ) എന്നവർ പറയുന്നു. ഞാൻ തിരുനബിﷺക്ക് ഒരു മോതിരമുണ്ടാക്കി കൊടുത്തു. അതിൽ ആരും കൂറ് കൂടിയിട്ടില്ല. അതിൽ മുഹമ്മദ് റസൂലുല്ലാഹ് എന്നായിരുന്നു ആലേഖനം ചെയ്തത്. ഹാഫിള് ഇബ്നു ഹജർ(റ) ഈ നിവേദനത്തെയും പരാമർശിച്ചു. എഴുതപ്പെട്ടത് എന്തായിരുന്നുവെന്ന് ഇതിൽനിന്ന് കിട്ടിയല്ലോ എന്നായിരുന്നു ഈ ഹദീസിനെക്കുറിച്ച് മഹാനവർകൾ പറഞ്ഞത്.
പ്രബലമായ പരമ്പരയിലൂടെ ഇമാം അബൂദാവൂദും(റ) നസാഇ(റ)യും ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ മോതിരം വെള്ളി പൂശിയ ഇരുമ്പിന്റേതായിരുന്നു. അത് പലപ്പോഴും എന്റെ മക്കൾ സൂക്ഷിക്കുകയായിരുന്നു പതിവ് എന്ന് സ്വഹാബിയായ മുഐഖിബ്(റ) പറയുന്നു. മുഐഖിബ്(റ) തിരുനബിﷺയുടെ മോതിരത്തിന്റെ സൂക്ഷിപ്പുകാരനാണ് എന്ന പ്രസ്താവന തന്നെയുണ്ട്.
ഇബ്നു സഅദ്(റ) മക്ഹൂലി(റ)ൽ നിന്നുദ്ധരിച്ച ഹദീസിലും മോതിരം ഇരുമ്പിന്റെതായിരുന്നു എന്നും വെള്ളി പൂശിയിട്ടുണ്ടായിരുന്നുവെന്നും കാണാം. വെള്ളി മോതിരമായിരുന്നു നബിﷺ ധരിച്ചത് എന്ന് പറഞ്ഞവർക്കും തെറ്റില്ല. കാരണം പ്രത്യക്ഷത്തിൽ വെള്ളി മോതിരം തന്നെയാണല്ലോ ഇതും.
