Tweet 885

    Tweet 885
    November 15, 2024 • Friday
    Post Header

    തിരുനബിﷺ മോതിരം ധരിച്ചിരുന്നത് ഏത് കയ്യിലായിരുന്നു എന്നതിന് വിശദമായ ചർച്ചകളുണ്ട്. ഇമാം ബുഖാരി(റ) അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്നും, ഇമാം മുസ്ലിം(റ) അനസ് ബിനു മാലികി(റ)ൽ നിന്നും, ഇമാം തുർമുദി(റ) അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്നും അബ്ദുല്ലാഹിബ്നു ജഅ്ഫറി(റ)ൽ നിന്നും, ഇമാം തുർമുദി(റ) അശ്ശമാഇലിൽ ജാബിറി(റ)ൽ നിന്നും, അബുദാവൂദും(റ) നസാഇ(റ)യും അലിയ്യി(റ)ൽ നിന്നും, ഇമാം ബസ്സാർ(റ) മഹതി ആഇശ(റ)യിൽ നിന്നും, ഇമാം ത്വബ്റാനി(റ) അബൂ ഉമാമ(റ)യിൽ നിന്നും, ഇമാം ദാറഖുത്നി(റ) അബൂഹുറൈറ(റ)യിൽ നിന്നും നിവേദനം ചെയ്ത പ്രകാരം തിരുനബിﷺ വലതു കൈയിലായിരുന്നു മോതിരം അണിഞ്ഞിരുന്നത്. ഒൻപത് പ്രമുഖരായ സ്വഹാബികളെയാണ് ഇപ്പോൾ നാം എണ്ണിയത്.
    ഈ ആശയവും അല്പം വ്യത്യസ്തതകളുമുള്ള നിവേദനങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. മഹാനായ അലിയ്യി(റ)ൽ നിന്ന് ഇമാം അബൂ ദാവൂദ്(റ), നസാഈ(റ) എന്നിവർ നിവേദനം ചെയ്യുന്നു. തിരുനബിﷺ വലതു കൈയിലായിരുന്നു മോതിരമണിഞ്ഞിരുന്നത്. തിരുനബിﷺയുടെ ഇടതുകൈയിലെ ചെറുവിരലിൽ മോതിരത്തിന്റെ വെളുപ്പ് ഞാൻ നോക്കിക്കൊണ്ടിരിക്കുന്നത് പോലെ. വലതു കൈയിലും ചിലപ്പോൾ ഇടതു കൈയിലും അണിഞ്ഞിരുന്നു എന്ന് സൂചിപ്പിക്കാൻ ആയിരിക്കണം അലിയ്യ്(റ) ഇപ്രകാരം പ്രയോഗിച്ചത്.
    തിരുനബിﷺയുടെ സേവകനായ അബൂ റാഫി(റ) പറയുന്നു. അബ്ദുല്ലാഹിബ്നു ജഅ്ഫർ(റ) വലതു കൈയിലായിരുന്നു മോതിരം അണിഞ്ഞിരുന്നത്. ഇമാം അഹ്മദും(റ) തുർമുദി(റ)യും ഈ നിവേദനം ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺ വലതു കയ്യിലായിരുന്നു മോതിരം അണിഞ്ഞിരുന്നത് എന്ന് അബ്ദുല്ലാഹിബ്നു ജഅ്ഫർ(റ) തന്നെ നേരിട്ട് പറയുന്ന കാര്യം ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്തിട്ടുമുണ്ട്.
    തിരുനബിﷺ വലതു കൈയിലായിരുന്നു മോതിരം അണിഞ്ഞിരുന്നത് എന്നും പിന്നീട് ഇടതു കൈയിൽ ഉപയോഗിച്ചു എന്നും നാഫിഅ്(റ) അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഒരു നിവേദനം ഇബ്നു അദിയ്യ്(റ) പരാമർശിച്ചതായി കാണാം.
    തിരുനബിﷺ ഇപ്രകാരമായിരുന്നു മോതിരം അണിഞ്ഞിരുന്നത് എന്ന് കാണിച്ചുകൊണ്ട് അനസ് (റ) ഇടതു കൈയുടെ തള്ളവിരൽ ചെറുവിരലിന്റെ മുകളിൽ സ്പർശിച്ചു കാണിക്കുകയുണ്ടായി.
    തിരുനബി ഈ ലോകത്ത് നിന്ന് വിടവാങ്ങുന്നത് വരെയും വലതു കൈയിലായിരുന്നു മോതിരം ധരിച്ചിരുന്നത് എന്ന് അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ദാറുഖുത്നി(റ) നിവേദനം ചെയ്യുന്നു.
    തിരുനബിﷺയുടെ ജീവിതത്തിന്റെ ആഖ്യാനങ്ങള്‍ വ്യത്യസ്ത സന്ദർഭങ്ങളെയും സാഹചര്യങ്ങളെയും അനുഭവിച്ചവർ അവരുടെ സാക്ഷ്യങ്ങൾ അറിയിച്ചു കൊണ്ടായിരിക്കും നിർവഹിക്കുന്നത്. പ്രവാചക ചര്യയായി നാം അനുകരിക്കേണ്ടത് എന്താണെന്നും പ്രചരിപ്പിക്കേണ്ടത് ഏതുവിധത്തിലാണെന്നും ഹദീസുകളെയും നിവേദനങ്ങളെയും ചേർത്തുവച്ചുകൊണ്ട് ഗവേഷണ പടുക്കൾ നിർവഹിച്ച പഠനത്തിൽ നിന്നാണ് നാം മനസ്സിലാക്കിയെടുക്കേണ്ടത്. ഇങ്ങനെ വരുമ്പോഴാണ് ഓരോ അധ്യായവും കർമശാസ്ത്രവും അനുഷ്ഠാനശാസ്ത്രവുമായി ബന്ധപ്പെട്ട് നിയമവ്യവസ്ഥങ്ങൾ രൂപപ്പെടുത്തുന്നത്.
    ഇസ്ലാമിന്റെ പ്രായോഗിക രൂപം ഇസ്ലാമിക കർമശാസ്ത്രം തന്നെയാണ്. അതിലേക്കുള്ള നിയമങ്ങളുടെയും നിഷ്ഠകളുടെയും സ്രോതസ്സുകളാണ് ഖുർആനും ഹദീസും സീറയും നബി ജീവിതവുമെല്ലാം. ലഭ്യമായ ഹദീസും കേട്ട് കേൾവിയുള്ള നിവേദനങ്ങളും മാത്രം വച്ചുകൊണ്ട് ഇത്രയേ ഉള്ളൂ ഇസ്ലാം എന്നോ ഇത് പഠിച്ചാൽ എല്ലാമായെന്നോ മനസ്സിലാക്കുന്നത് ന്യൂനമായ പഠനവും അപൂർണ്ണമായ വിലയിരുത്തലുമാണ്. ഈ അധ്യായത്തിലും തിരുനബിﷺയുടെ വീക്ഷണവും ജീവിത ചിട്ടയുമായി നമുക്ക് പ്രയോഗിക്കേണ്ട മാർഗ്ഗങ്ങളെ തുടർന്ന് നമുക്ക് വായിക്കാം.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...