
മഹാനായ ഇബ്നു ഔൻ(റ) റിപ്പോർട്ട് ചെയ്യുന്നു. ഞാൻ മദീനയിലെ ഒരു ചെരുപ്പ് കുത്തിയുടെ അടുക്കൽ ചെന്നു. എനിക്ക് ഒരു ചെരുപ്പുണ്ടാക്കി തരാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. നിങ്ങൾ താല്പര്യപ്പെടുകയാണെങ്കിൽ നിങ്ങൾ കൊണ്ടുവന്ന ഈ ചെരുപ്പിന്റെ രൂപത്തിൽ ഞാൻ ഉണ്ടാക്കി തരാം. അതല്ല നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ തിരുനബിﷺയുടെ ചെരുപ്പിന്റെ രൂപത്തിലുള്ള ചെരുപ്പ് ഞാൻ ഉണ്ടാക്കി തരാം. അപ്പോൾ ഞാൻ ചോദിച്ചു. തിരുനബിﷺയുടെ ചെരുപ്പ് നിങ്ങൾ എവിടെ നിന്നാണ് കണ്ടത്. അത് ഞാൻ ഫാത്വിമ(റ)യുടെ വീട്ടിൽ നിന്ന് കണ്ടിട്ടുണ്ട്. ഏത് നബി കുടുംബത്തിൽപ്പെട്ട ഫാത്വിമ(റ)യോ?അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ന്റെ മകൾ ഫാത്വിമ(റ)യുടെ വീട്ടിൽ നിന്ന്. അദ്ദേഹം മറുപടി പറഞ്ഞു. അതെ, അപ്രകാരം എനിക്ക് ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഉണ്ടാക്കിത്തന്ന ചെരുപ്പ് രണ്ട് വാറുകളുള്ള ചെരുപ്പായിരുന്നു.
തിരുനബിﷺയുടെ ചെരുപ്പിനെയും എത്രമേൽ ഉയർന്ന പരിഗണനയോടെയാണ് ഓരോരുത്തരും ഓർത്തു വച്ചത്; അവർക്ക് ലഭ്യമായത് കരുതിവെച്ചത്; സ്നേഹപൂർവ്വം ആ പകർപ്പിനെ ഉപയോഗിക്കാൻ ആഗ്രഹിച്ചത്. സമാനമായ അനുഭവങ്ങളോ ചിത്രങ്ങളോ വേറെ ആരുടെയെങ്കിലും ചരിത്രത്തിൽ നിന്ന് നമുക്ക് ലഭിക്കുമോ? ഈ അധ്യായത്തിലൂടെ കടന്നുപോകുമ്പോൾ ഉയർന്നു വരുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്. ഏതൊരു വായനക്കാരനും ഇത് ആലോചിക്കാതെ കടന്നുപോകാനും കഴിയില്ല. കുറച്ചുകൂടി നമുക്ക് വായിക്കാം.
അംറ് ബിൻ ഖുറൈസ്(റ) പറയുന്നു. കഷ്ണം വച്ച് തുന്നിയ രണ്ടു ചെരുപ്പുകളിൽ തിരുനബിﷺ നിസ്കരിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.
ചെരുപ്പിൽ മാലിന്യമില്ലെന്ന് ഉറപ്പാണെങ്കിൽ അത് ധരിച്ചുകൊണ്ട് നിസ്കരിക്കുന്നതിൽ പന്തികേടൊന്നുമില്ല. ചില സന്ദർഭങ്ങളിലൊക്കെ തിരക്കുള്ള സ്ഥലങ്ങളിൽ നമുക്ക് ചിലപ്പോൾ പാദരക്ഷകൾ അണിഞ്ഞും ഒക്കെ നിസ്കാരം നിർവഹിക്കേണ്ടി വന്നേക്കാം. അത്തരം സന്ദർഭങ്ങളിലേക്ക് കരുതിവെക്കാനുള്ള ഓർമ്മകൾ ആണിത്. അനുകരിക്കാനുള്ള മാതൃകകളുമാണ്.
ഇമാം ബുഖാരി(റ) ഈസ ബിൻ ത്വഹ്മാൻ(റ) എന്ന താബിഈ പണ്ഡിതനിൽ നിന്ന് ഉദ്ധരിക്കുന്നു. പ്രവാചകരുﷺടെ ശിഷ്യനായ അനസ്ബിൻ മാലിക്(റ) പഴക്കമുള്ള രണ്ട് ചെരുപ്പുകൾ ഞങ്ങൾക്കെടുത്ത് കാണിച്ചു തന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഇവകൾ തിരുനബിﷺ അണിഞ്ഞിരുന്ന ചെരുപ്പുകളാണ്. ആ ചെരുപ്പുകൾക്ക് രണ്ട് വാറുകൾ ഉണ്ടായിരുന്നു.
പ്രവാചകരിﷺൽ നിന്ന് വരിയും നിരയും തെറ്റാതെ മതവിധികളുടെ രീതിയും രൂപവും ഒക്കെ മനസ്സിലാക്കിയ അനസ് ബിൻ മാലിക്(റ) തിരുനബിﷺയുടെ ചെരുപ്പുകൾ കരുതിവച്ചിരിക്കണമെങ്കിൽ മതപരമായി അത് പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു കാര്യമായിരിക്കണമല്ലോ! തിരുനബിﷺയെ സ്നേഹിച്ച് തിരുശേഷിപ്പുകൾ സൂക്ഷിച്ചു പോരുന്നതിൽ പത്തുകൊല്ലത്തെ സഹവാസവും സേവന പരിചയവുമുള്ള അനസ് ബിൻ മാലികി(റ)ൽ നിന്ന് ലോകത്തിന് പകർത്താതിരിക്കാൻ കഴിയുമോ! അതിന്റെ തുടർച്ചകൾ വിശ്വാസ സമൂഹത്തിൽ ഇന്നുമുണ്ട് എന്ന് വന്നാൽ അതൊരു അപരാധമായി ആർക്കാണ് വായിക്കാനാവുക!
നനവും ആത്മാവും വികാരവുമില്ലാത്ത തീർത്തും മൃതമായ ഒരു മതഗാത്രത്തെയാണ് ഇസ്ലാമിലെ പുരോഗമനവാദികൾ എന്ന് വാദിക്കുന്ന ചിലർ അവതരിപ്പിക്കുന്നത്. സന്തോഷിക്കാനും കരയാനും വികാരപ്പെടാനും ഹൃദയത്തിന്റെ ആർദ്രത ചേർത്തുവയ്ക്കാനും ഓർമ്മകളെ മിനുക്കിക്കൊണ്ട് നടക്കാനും ഒന്നും ഇടമില്ലാത്ത ജഡവല്‍ക്കരിക്കപ്പെട്ട ഇസ്ലാമിനെയാണ് ചില പുരോഗമനവാദികൾ പരിഷ്കൃത ഇസ്ലാം എന്ന് അവതരിപ്പിക്കുന്നത്. ശരിയായ പാരമ്പര്യ ഇസ്ലാമിനെ അവർ യാഥാസ്ഥിതികത എന്ന് പറഞ്ഞുകൊണ്ട് ആരോപിക്കുകയും ചെയ്യും. സ്ഥിഗതികളുടെ യഥാർഥ മൂല്യങ്ങളെ പരിപാലിക്കുന്നവരെ അരികുവത്കരിക്കാൻ വേണ്ടി അവർ നെഗറ്റീവ് പ്രയോഗം ആയി കൊണ്ടുവരുന്നതാണ് യാഥാസ്ഥിതികത എന്നത്. എന്നാൽ ഇസ്ലാമിനെ ശരിയായ പാരമ്പര്യത്തിൽ നിന്നും ഉൾക്കൊള്ളുമ്പോഴാണ് മൂല്യങ്ങൾ ചോർന്നുപോകാതെ അതിനെ സ്വീകരിക്കാൻ ആവുക.
