Tweet 870

    Tweet 870
    October 31, 2024 • Thursday
    Post Header

    ഉബാദത്ത് ബിനു സാമിത്(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ ഒരു ശംല വസ്ത്രം ധരിച്ചുകൊണ്ട് ഞങ്ങൾക്ക് ഇമാമായി നിസ്കരിച്ചു. പ്രസ്തുത വസ്ത്രം കൊണ്ട് ശരീരം മുഴുവനും ചുറ്റാൻ നോക്കിയപ്പോൾ പ്രയാസപ്പെട്ടു. അപ്പോൾ അതിന്റെ രണ്ടു അഗ്രഭാഗങ്ങൾ പിരടിക്കു പിന്നിൽ കെട്ടി ഇപ്രകാരം അണിഞ്ഞു. ശേഷം, ഉബാദ(റ) പിരടിയിലേക്ക് കൈകൾ വച്ച് അതിന്റെ രീതി അവതരിപ്പിച്ചു.
    അബ്ദുല്ലാഹ് ബിൻ അൽ ഗസീൽ(റ) പറയുന്നു. ഒരിക്കൽ ഞാൻ തിരുനബിﷺയോടൊപ്പം ആയിരുന്നു. അപ്പോൾ അബ്ബാസ്(റ) എന്നവർ സമീപത്തുകൂടി നടന്നുപോയി. നബിﷺ പറഞ്ഞു. അല്ലയോ പിതൃ സഹോദരാ അവിടുന്ന് മക്കൾക്കൊപ്പം ചേർന്നാലും. ഉടനെ ഹൈസം ബിൻ ഉതുബ ബിൻ അബീ ലഹബ്(റ) ഇങ്ങനെ വിളിച്ചു പറഞ്ഞു. അല്ലയോ പിതൃസഹോദരാ ഞാൻ വരുന്നതുവരെ ഒന്ന് കാത്തു നിന്നാലും. പക്ഷേ, അദ്ദേഹം വന്നില്ല. അബ്ബാസ്(റ) എന്നവർ ആറു മക്കളെയും കൊണ്ട് യാത്ര തുടർന്നു. ഫള്ൽ, അബ്ദുല്ലാഹ്, ഉബൈദുല്ലാഹ്, ഖുസം, അബ്ദു റഹ്മാൻ, കസീർ എന്നിവരാണ് ആറു മക്കൾ. ചില നിവേദനങ്ങളിൽ കസീർ എന്ന മകന്റെ പേര് ഉദ്ധരിച്ചു കാണുന്നില്ല. അബ്ബാസ്(റ) എന്നവരെയും മക്കളെയും തിരുനബിﷺ ചുവന്ന തുന്നൽപണികളുള്ള ഒരു കറുത്ത ശംല വസ്ത്രം കൊണ്ട് ചുറ്റി. ശേഷം, ഇങ്ങനെ പറഞ്ഞു. അല്ലാഹുവേ ഇവരാണ് എന്റെ കുടുംബക്കാർ. എന്റെ സന്താന പരമ്പര. ഈ വസ്ത്രം കൊണ്ട് ഇവരെയെല്ലാം ഞാൻ കവചം ചെയ്തത് പോലെ നരകത്തിൽ നിന്ന് ഇവരെ നീ കാത്തുരക്ഷിക്കേണമേ! തിരുനബിﷺയുടെ ഈ പ്രാർഥനക്ക് വാതിലുകളും ചുമരുകളുമെല്ലാം ആമീൻ ചൊല്ലി.
    ജാബിർ ബിൻ സുലൈം(റ) പറയുന്നു. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നപ്പോൾ ഒരു ശംല കമ്പിളിപ്പുതപ്പ് കൊണ്ട് അവിടുത്തെ ശരീരം ചുറ്റിയിട്ടുണ്ട്. അതിന്റെ അഗ്രത്തിലുള്ള നൂലുകൾ തിരുനബിﷺയുടെ പാദത്തിൽ സ്പർശിക്കുന്നുണ്ടായിരുന്നു.
    മഹതി ആഇശ(റ)യിൽ നിന്ന് ഇബ്നു അസാകിർ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ വസ്ത്രത്തിന് നീളം നാലു മുഴവും ഒരു ചാണും വീതി ഒരു മുഴവും ഒരു ചാണുമായിരുന്നു.
    ഉർവത് ബിൻ സുബൈർ(റ) എന്ന സ്വഹാബിയിൽ നിന്ന് അബ്ദുല്ലാഹിബ്നുൽ മുബാറക്ക്(റ) സുഹ്ദ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു. തിരുനബിﷺ അതിഥികളെ സ്വീകരിക്കാൻ വേണ്ടി ധരിച്ചിരുന്നത് നാലുമുഴം നീളവും രണ്ടു മുഴവും ഒരു ചാണും വീതിയുമുള്ള ഒരു ഹദ്റമി മേൽ വസ്ത്രമായിരുന്നു. പിൽക്കാലത്ത് അത് നുരുമ്പിച്ച് തുടങ്ങിയപ്പോൾ സ്വഹാബികൾ അതിന്റെ ഉള്ളിൽ കഷ്ണം തുന്നിച്ചേർത്ത് ശക്തിപ്പെടുത്തി. ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ വിശേഷങ്ങളിൽ അവർ അതായിരുന്നു ധരിച്ചിരുന്നത്.
    ഇവിടെ സ്വഹാബികൾ എന്ന് പരാമർശിച്ചതിന്റെ താല്പര്യം ഖലീഫമാരായി പിൽക്കാലത്ത് വന്നവർ ആയിരിക്കണം.
    അബുൽഹസൻ ബിൻ ളഹ്ഹാക്ക്(റ) അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്നു മുഹമ്മദ് ബിൻ അൽ ഖാസിം ബിൻ ഹസം അൽ ബഗവി(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു. ഹിജ്റ 353ൽ തീരപ്രദേശ പട്ടണമായ സൂറിലെ മഅദ്മൂഖ് എന്ന സ്ഥലത്ത് വെച്ച് തിരുനബിﷺയുടെ ഒരു വസ്ത്രം എനിക്ക് കാണാനിടയായി. സ്വഹാബിയായ മബ്റൂർ അൽ അസ്ദി(റ)യുടെ സന്താന പരമ്പരകളിൽ ഒരാളുടെ പക്കലായിരുന്നു അതുണ്ടായിരുന്നത്. ചാരനിറത്തിൽ നല്ല വെടിപ്പുള്ളതായിരുന്നു അത്.
    തിരുനബിﷺക്ക് നെഗസ് ചക്രവർത്തി സമ്മാനമായി നൽകിയ പുതപ്പായിരുന്നു അത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. തിരുനബിﷺ അത് പിൽക്കാലത്ത് മബ്റൂർ അൽ അസ്‌ദി(റ)ക്ക് സമ്മാനമായി നൽകുകയായിരുന്നു. ഭരണാധികാരികളിൽ ചിലർ ഇത് കൈവശപ്പെടുത്താൻ ഒരുങ്ങിയപ്പോൾ പ്രസ്തുത പുതപ്പ് സംരക്ഷിച്ചിരുന്ന കുടുംബം അത് ഭൂഗർഭ അറയിലേക്ക് മാറ്റിവെച്ചു. അവിടെനിന്നാണ് അതിന് കേടുപാടുകൾ സംഭവിച്ചത്. അല്ലെങ്കിൽ അത് ശരിയായി തന്നെ അവിടെ ഉണ്ടാകുമായിരുന്നു. എങ്കിലും അതിന്റെ നിറത്തിന്റെ തിളക്കം നഷ്ടപ്പെട്ടിരുന്നില്ല. കോട്ടൺ ആണോ രോമമാണോ പട്ടാണോ എന്ന് കൃത്യമായി അതിന്റെ യാഥാർത്ഥ്യം നിർണയിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല.
    സുബുലുൽ ഹുദാ വർറശാദ് ഫീ സീറത്തി ഖൈരിൽ ഇബാദ് എന്ന ഗ്രന്ഥത്തിൽ ഇമാം സ്വാലിഹി(റ) ഇത് ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ വസ്ത്രങ്ങളെ കുറിച്ച് മാത്രം സ്വതന്ത്രമായ പഠനങ്ങൾ നടത്തിയവരും ചില വസ്ത്രങ്ങൾ പിൽക്കാലത്ത് കൈമാറി വന്ന് മ്യൂസിയങ്ങളിൽ എത്തിയതിന്റെ ചരിത്രം രേഖപ്പെടുത്തിയവരുമുണ്ട്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...