
ഇമാം ഹാക്കിം(റ) ഉദ്ധരിക്കുന്നു. പ്രമുഖ സ്വഹാബിയായ ജാബിർ ബിൻ അബ്ദുല്ലാഹ്(റ) പറഞ്ഞു. ജരീർ ബിൻ അബ്ദുല്ലാഹ് അൽ ബുജലി(റ) തിരുനബിﷺയുടെ സദസ്സിലേക്ക് കടന്നുവന്നു. സദസ്സിൽ കുറെ സ്വഹാബികൾ അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരിപ്പുണ്ടായിരുന്നു. തിരുനബിﷺ അണിഞ്ഞിരുന്ന മേൽ തട്ടം ഉയർത്തി ജരീറി(റ)നെ അണിയിച്ചു. അദ്ദേഹം അത് മാറിലേക്കും മുഖത്തേക്കും ചേർത്തുവച്ചു. കണ്ണുകളിൽ ചേർത്ത് ചുംബനം കൊടുത്തു. എന്നിട്ട് ഇങ്ങനെ നന്ദി രേഖപ്പെടുത്തി. അക്റമകല്ലാഹ് യാ റസൂലല്ലാഹ്. അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ, അവിടുത്തേക്ക് അല്ലാഹു പദവികൾ നൽകട്ടെ!
ദാവൂദ് ബിൻ ഹുസൈൻ(റ) അദ്ദേഹത്തിന്റെ ഗുരു ഇബ്നു അബ്ദുൽ അശ്ഹലി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ ബനൂ അബ്ദുൽ അശ്ഹൽ പള്ളിയിൽ നിസ്കരിക്കുകയായിരുന്നു. അവിടുത്തെ ശരീരം ഒരു മേൽ വസ്ത്രം കൊണ്ട് ഒന്നാകെ ചുറ്റി. സുജൂദ് ചെയ്യുമ്പോൾ കല്ലുകളുടെ തണുപ്പടിക്കാതിരിക്കാൻ വസ്ത്രത്തിന്റെ ഉള്ളിലേക്ക് കൈകൾ കടത്തുന്നുണ്ടായിരുന്നു.
തണുപ്പിനെ അതിജീവിക്കാൻ ശരീരം മുഴുവനും വസ്ത്രം ചുറ്റിയ രംഗവും നിസ്കാര നേരത്ത് തിരുനബിﷺ തണുപ്പകറ്റാൻ വേണ്ടി മേൽ വസ്ത്രത്തിൽ കൈചുറ്റിയതും അനുഭവത്തിൽ നിന്ന് പങ്കുവെക്കുകയാണിവിടെ.
അരികു കട്ടിയുള്ള നജ്റാനിൽ നിർമിതമായ ഒരു മേൽ തട്ടം തിരുനബിﷺ അണിഞ്ഞിരുന്നു എന്ന് പരിചാരകനായ അനസ്(റ) റിപ്പോർട്ട് ചെയ്യുന്നു. ഇമാം ഇബ്നുമാജ(റ)യും ബുഖാരി(റ)യും മുസ്ലിമും(റ) ഇത് നിവേദനം ചെയ്തിട്ടുണ്ട്. തിരുനബിﷺയുടെ ഉടുമുണ്ടിന്റെ താഴ്ഭാഗത്ത് തണ്ടം കാലിന്റെ ഭാഗങ്ങൾ ചിലപ്പോൾ കാണാമായിരുന്നു എന്ന് അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. ഒരിക്കൽ മേൽ മുണ്ട് തലയണയാക്കി കഅ്ബയുടെ തണലിൽ വിശ്രമിക്കുന്ന തിരുനബിﷺയെ കണ്ട രംഗം അബൂദർ അൽ ഗിഫാരി(റ) പങ്കുവെക്കുന്നുണ്ട്.
ഒരിക്കൽ തിരുനബിﷺയെ സന്ദർശിച്ചപ്പോൾ ഒരു ചുവന്ന തട്ടത്തിൽ ഊന്നി പള്ളിയിൽ ഇരിക്കുന്നത് കാണാനിടയായി എന്ന് ഇബ്നു അദിയ്യ്(റ) സഫ്‌വാൻ ബിൻ അസ്സാലി(റ)ൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്. സമാനമായ ഒരു സന്ദർശനം പ്രമുഖ സ്വഹാബിയായ ഖബ്ബാബി(റ)നും പറയാനുണ്ട്. ഒരു പുതപ്പിന്റെ തലഭാഗം കാൽപാദത്തിൽ കൂടി ചേർത്ത് ചുറ്റി പുതപ്പുകൊണ്ട് മൂടിയിരിക്കുന്ന തിരുനബിﷺയെ കാണാൻ കഴിഞ്ഞു എന്ന് സുലൈം ബിന് ജാബിർ(റ) പറയുന്നു.
ഇമാം ബുഖാരി(റ)യും ഇമാം അബൂദാവൂദും(റ) തുടങ്ങി നിരവധി നിവേദകന്മാർ ഒരുമിച്ച് പറയുന്ന ഒരുദ്ധരണി ഇങ്ങനെയുണ്ട്. സഹൽ ബിൻ സഅദ്(റ) നിവേദനം ചെയ്യുന്നു. ഒരു പുതപ്പും കൊണ്ട് ഒരു സ്ത്രീ തിരുനബിﷺയുടെ അടുക്കൽ വന്നു. ഇടയിൽ നിവേദകനായ സഹൽ(റ) ചോദിച്ചു. ബുർദ എന്ന് പറഞ്ഞാൽ എന്തെന്നറിയുമോ? അതെ, അരികുകൾ സവിശേഷമായി തുന്നിയ മേൽത്തട്ടമാണ്. ആഗതയായ സ്ത്രീ തിരുനബിﷺയോട് പറഞ്ഞു. തങ്ങളെ അണിയിക്കാൻ വേണ്ടി ഞാൻ തന്നെ എന്റെ കൈകൾ കൊണ്ട് നെയ്തുണ്ടാക്കിയതാണിത്. തിരുനബിﷺ ആവശ്യക്കാരനെ പോലെ തന്നെ അത് വാങ്ങി. അതണിഞ്ഞു കൊണ്ട് ഞങ്ങളുടെ ഇടയിലേക്ക് കടന്നുവന്നു. അപ്പോഴതാ സദസ്സിൽ നിന്ന് ഒരാൾ തിരുനബിﷺയോട് അത് ആവശ്യപ്പെട്ടു.
ഇപ്രകാരം ആവശ്യപ്പെട്ടപ്പോഴെല്ലാം തിരുനബിﷺ ചോദിച്ചവർക്ക് നൽകിയത് പല നിവേദനങ്ങളിലും നാം വായിച്ചിട്ടുണ്ട്. തിരുനബിﷺയുടെ ഔദാര്യശീലത്തെ കുറിച്ച് പറയുന്ന അധ്യായങ്ങളിൽ ഏറെ ഉദാഹരണങ്ങൾ കഴിഞ്ഞു പോയിട്ടുമുണ്ട്. സന്തോഷത്തോടെ ഏറ്റവും യോജിച്ച വസ്ത്രം അണിഞ്ഞു കൊണ്ടുവരുമ്പോഴും അത് ചോദിച്ചവരെ തിരുനബിﷺ നിരാശരാക്കിയിട്ടില്ല. തിരുനബിﷺയുടെ വസ്ത്രധാരണം പരാമർശിക്കുന്നതിനിടയിൽ നമ്മളിൽ ഉണ്ടാവേണ്ട ദാനശീലത്തെ കൂടി പ്രചോദിപ്പിക്കുകയാണ് ഓരോ നിവേദനങ്ങളും. എന്തിനായിരുന്നു നിങ്ങൾ തിരുനബിﷺയോട് അത് ചോദിച്ചത് എന്ന് സഹപ്രവർത്തകർ പരിഭവപ്പെട്ടപ്പോഴും ഒരു മുഖഭാവം പോലും മാറാതെയായിരുന്നു മുത്ത് നബിﷺയുടെ ദാന രീതികൾ.
