
ഇമാം ഇബ്നു അസാക്കിർ(റ) അബൂ ഹുറൈറ(റ)യിൽ നിന്നുള്ള ഒരു നിവേദനം ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്. യമനിൽ നിർമിച്ച കട്ടിയുള്ള ഒരു വസ്ത്രം ആഇശ(റ) ഞങ്ങൾക്ക് എടുത്തു കാണിച്ചു തന്നു. കഷ്ണം വച്ചതെന്ന് പറയാവുന്ന ഒരു മേൽവസ്ത്രവും ഒപ്പമുണ്ടായിരുന്നു. തിരുനബിﷺ ഈ വസ്ത്രങ്ങളിലായി ഇരിക്കെയാണ് ലോകത്തോട് വിട പറഞ്ഞതെന്ന് മഹതി തറപ്പിച്ചു പറഞ്ഞു.
ശഹർ ബിൻ ഹൗശബ്(റ) എന്നവരിൽ നിന്ന് അബൂബക്കർ ബിൻ അബൂ ഖൈസമാ(റ) നിവേദനം ചെയ്യുന്നു. പ്രവാചക പൗത്രൻ ഹുസൈൻ(റ) കൊല്ലപ്പെട്ടപ്പോൾ അനുശോചനം അറിയിക്കാൻ വേണ്ടി ഞാൻ ഉമ്മുസലമ(റ)യുടെ അടുത്തേക്ക് പോയി. അപ്പോൾ ഉമ്മുസലമ(റ) ഞങ്ങളോട് പറഞ്ഞു. ഒരിക്കൽ തിരുനബിﷺ മഹതിയുടെ വീട്ടിലുണ്ടായിരുന്നപ്പോൾ പ്രവാചകപുത്രി ഫാത്വിമ(റ) നബിﷺക്ക് പച്ചക്കറിയും മാംസവും ചേർത്തുണ്ടാക്കുന്ന സഖീന എന്ന പലഹാരം ഉണ്ടാക്കിക്കൊടുത്തു. അപ്പോൾ അവിടുന്ന് മകളോട് പറഞ്ഞു. നിന്റെ പിതൃസഹോദര പുത്രൻ അഥവാ അലി(റ)യെയും നിങ്ങളുടെ മക്കളെയും ക്ഷണിക്കൂ. ഫാത്വിമ(റ) അവരെ കൂടി ക്ഷണിച്ചു വന്നപ്പോൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ശേഷം, തിരുനബിﷺക്ക് ഖൈബറിൽ നിന്നു ലഭിച്ച ഒരു മേൽ വസ്ത്രം എടുത്ത് കുടുംബത്തെ വലയം ചെയ്തു. ശേഷം ആകാശത്തേക്ക് ഉയർത്തി ഇങ്ങനെ പറഞ്ഞു. അല്ലാഹുവേ ഇവരാണ് എന്റെ പരമ്പര. എന്റെ കുടുംബം. ഇവരിൽനിന്ന് മാലിന്യങ്ങളെ നീ നീക്കം ചെയ്യേണമേ! ഇവരെ നീ ശുദ്ധീകരിക്കേണമേ! ഉമ്മു സലമ(റ) തുടരുന്നു. ഞാൻ ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ഞാനും അവിടുത്തെ കുടുംബത്തിൽ ഉൾപ്പെട്ടതല്ലേ? നിങ്ങൾ നേരത്തെ തന്നെ നന്മയിലാണല്ലോ അഥവാ “അൻതി അലാ ഖൈർ” എന്ന് തിരുനബിﷺ പ്രതികരിക്കുകയും ചെയ്തു.
പ്രവാചക പത്നി ആയതുകൊണ്ട് തന്നെ മഹതി നബി കുടുംബത്തിലെ അംഗമാണെന്ന് തിരുനബിﷺ മറ്റൊരു ഭാഷയിൽ പറയുകയായിരുന്നു. അലി(റ)യെ കൂടി വലയം ചെയ്തുകൊണ്ട് വിരിപ്പ് കൂട്ടിയതിനാലാവാം ഉമ്മു സലമ(റ)യെ കൂടി വിരിപ്പിൽ വലയം ചെയ്യിക്കാതിരുന്നത് എന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. പ്രവാചക പത്നിമാർ പവിത്രത ഉള്ളവരും സവിശേഷമായ പദവികളുള്ളവരും നബി കുടുംബത്തിലെ അംഗങ്ങളായി ആദരിക്കപ്പെടുന്നവരും തന്നെയാണ്.
ഇബ്നു അബ്ബാസി(റ)ൽ നിന്ന് അബൂ ഉസാമ അൽ ഹാരിസ്(റ) നിവേദനം ചെയ്യുന്നു. ഒരു പ്രഭാതത്തിൽ ഒരു വെള്ള വസ്ത്രത്തിൽ തിരുനബിﷺ നിസ്കരിക്കുന്നത് ഞാൻ കണ്ടു. ചിലപ്പോൾ അവിടുന്ന് വസ്ത്രം കൊണ്ട് കാലുകളും കൈകളും മറച്ച് തണുപ്പിൽ നിന്ന് രക്ഷ തേടാറുണ്ടായിരുന്നു.
അശ്അസ് ബിൻ സുലൈമി(റ)ൽ നിന്ന് ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നു. എന്റെ പിതൃസഹോദരി അവരുടെ പിതൃസഹോദരനിൽ നിന്ന് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു. അദ്ദേഹം പറഞ്ഞു. ഞാൻ ഒരിക്കൽ മദീനയിലൂടെ നടക്കുകയായിരുന്നു. അതാ പിന്നിൽ നിന്ന് ഒരാൾ വിളിച്ചു പറയുന്നു. നിന്റെ മുണ്ട് അല്പം ഉയർത്തി ധരിക്കൂ. അതാണ് വസ്ത്രത്തിന് വൃത്തിയും ഈടും നൽകുക. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അത് അല്ലാഹുവിന്റെ ദൂതനാﷺയിരുന്നു. ഞാൻ ഇപ്രകാരം പ്രതികരിച്ചു. അല്ലയോ പ്രവാചകരെﷺ, അത് കട്ടിയുള്ള വസ്ത്രമാണ്. എന്നിൽ നിനക്ക് മാതൃക ഇല്ലയോ എന്നായിരുന്നു പ്രവാചകൻﷺ അപ്പോൾ പ്രതികരിച്ചത്. ഞാൻ അവിടുത്തെ വസ്ത്രത്തിലേക്ക് നോക്കി. അപ്പോൾ അത് തണ്ടം കാലിന്റെ പകുതി വരെയേ ഉണ്ടായിരുന്നുള്ളൂ.
പ്രവാചക തിരുമേനിﷺയുടെ വ്യത്യസ്ത സന്ദർഭങ്ങളിലെ വസ്ത്രങ്ങളും വസ്ത്രധാരണ രീതികളും മറ്റുള്ളവരോട് പാലിക്കാൻ പറഞ്ഞ ചിട്ടകളുമാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ചില രീതികളുടെ ഭൗതിക മേന്മ കൂടി തിരുനബിﷺ വിശദീകരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് നിങ്ങൾ അരമുണ്ട് അല്പം ഉയർത്തിയുടുക്കുന്നതാണ് അത് ഈട് നിൽക്കാനും വൃത്തിയായി കൊണ്ടുനടക്കാനും നല്ലത് എന്ന് വിശദീകരിച്ചത്. വസ്ത്രം സവിശേഷമായ രീതിയിൽ ധരിക്കുന്നതിൽ മനുഷ്യന്റെ മനോഗതിയിൽ ആത്മീയമായ ചില മാനങ്ങളും മറ്റുമുണ്ട്. അതും ചില ഹദീസുകളിൽ വിശദീകരിച്ചിട്ടുണ്ട്.
