
ഉഖുബത് ബിൻ ആമിർ(റ) നിവേദനം ചെയ്യുന്നു. പിൻഭാഗം ഓപ്പൺ ആയ പട്ടു കൊണ്ടുള്ള മേൽവസ്ത്രം തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. അത് ധരിച്ചു കൊണ്ട് പ്രവാചകർﷺ നിസ്കരിക്കുകയും നിസ്‌കാരാനന്തരം അതിവേഗം തന്നെ അതഴിച്ചു മാറ്റുകയും ചെയ്തു. മുഖത്ത് അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് പ്രവാചകൻﷺ ഇങ്ങനെ പറഞ്ഞു. ഇത് സദ് വൃത്തരായ ആളുകൾക്ക് യോജിച്ച വസ്ത്രമല്ല.
പുരുഷന്മാർക്ക് പട്ടുവസ്ത്രം നിരോധിക്കപ്പെടുന്നതിനു മുമ്പായിരുന്നു ഈ സംഭവമെന്ന് പിൽക്കാലത്ത് ഹദീസ് ഉദ്ധരിച്ച എല്ലാവരും വിശദീകരിച്ചിട്ടുണ്ട്.
ഇമാം മുസ്ലിം(റ) ജാബിറി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് ഉപഹാരമായി ലഭിച്ച പട്ടുവസ്ത്രം ഒരിക്കൽ അവിടുന്ന് ധരിച്ചു. അതിവേഗം തന്നെ അത് അഴിച്ചെടുക്കുകയും ചെയ്തു. ശേഷം, അത് ഉമറി(റ)ന് സമ്മാനമായി കൊടുത്തുവിട്ടു. അവിടുന്ന് അല്പനേരം പോലും ഇത് ധരിച്ചില്ലല്ലോ എന്ന് ആശങ്കയോടെ ഉമർ(റ) പ്രതികരിച്ചു. ജിബ്‌രീല്‍(അ) എനിക്ക് അത് വിലക്കുകയായിരുന്നു എന്ന് നബിﷺ വിശദീകരണം നൽകി. അപ്പോൾ കരഞ്ഞുകൊണ്ട് ഉമർ(റ) ഇങ്ങനെ ചോദിച്ചു. അവിടുത്തേക്ക് വിലക്കപ്പെട്ടതാണോ എനിക്ക് നൽകിയത്. ഞാൻ നിങ്ങൾക്ക് അത് ധരിക്കാൻ വേണ്ടി തന്നതല്ല. അത് വിറ്റ് ഉപയോഗിക്കാൻ വേണ്ടി തന്നതാണ്. 2000 വെള്ളിനാണയങ്ങൾക്ക് ഉമർ(റ) അത് കച്ചവടം ചെയ്തു.
പുരുഷന്മാർക്ക് പട്ട് വിലക്കിയ ഉടനെ തിരുനബിﷺ അത് പ്രയോഗത്തിൽ വരുത്തുകയും അപ്പോൾ ഉപയോഗിച്ച പട്ടുവസ്ത്രം തന്നെ ദാനം ചെയ്യുകയുമായിരുന്നു. പ്രവാചകന്ﷺ ഭൗതിക സന്തോഷങ്ങളിലും സമ്പത്തിലും താൽപര്യം അത്രയേ ഉണ്ടായിരുന്നുള്ളൂ എന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്ന ഒരു സന്ദർഭമായിരുന്നു ഇത്.
ഇമാം നസാഇ(റ) ഉദ്ധരിക്കുന്നു. മുസവ്വിർ ബിൻ മഖ്റമ(റ) എന്ന സ്വഹാബി നിവേദനം ചെയ്യുന്നു. ഒരിക്കൽ പ്രവാചകൻﷺ അവിടുത്തെ വസ്ത്രങ്ങൾ ശിഷ്യന്മാർക്ക് വിതരണം ചെയ്തു. എന്റെ പിതാവ് മഖ്റമ(റ)ക്ക് മാത്രം നൽകിയില്ല. അപ്പോൾ എന്റെ പിതാവ് എന്നെ വിളിച്ചു. പിതാവിനെയും കൂട്ടി നബിﷺയുടെ അടുക്കലേക്ക് പോകാൻ ആവശ്യപ്പെട്ടു. തിരുനബിﷺയുടെ സവിധത്തിൽ എത്തിയപ്പോൾ മഖ്റമ(റ) എത്തിയ വിവരം നബിﷺയോട് പറയാൻ പറഞ്ഞു. അപ്രകാരം പറഞ്ഞതും തിരുനബിﷺ പുറത്തേക്ക് വന്നു. അപ്പോൾ ധരിച്ചിരുന്ന ഒരു മേൽ വസ്ത്രം മഖ്റമ(റ)ക്ക് നൽകി. അത് നിങ്ങൾക്ക് വേണ്ടി കരുതിവെച്ചിരിക്കുകയായിരുന്നു എന്ന് തിരുനബിﷺ പറയുകയും ചെയ്തു. അത് സ്വീകരിച്ച ശേഷം എന്റെ പിതാവ് പറഞ്ഞു. മഖ്റമ(റ)ക്ക് തൃപ്തിയായിരിക്കുന്നു.
പ്രവാചകരുﷺടെ ദാനശീലവും ശിഷ്യന്മാർക്ക് തിരുനബിﷺയുടെ സന്നിധിയിലുണ്ടായിരുന്ന സ്വാതന്ത്ര്യവും മനോഹരമായി വരച്ചു കാണിക്കുന്ന ഒരു മുഹൂർത്തമാണിത്. തിരുനബിﷺക്ക് വിലപ്പെട്ടത് എന്ത് കിട്ടിയാലും അത് വിതരണം ചെയ്യാനും സമ്മാനമായി നൽകാനും വലിയ ഉത്സാഹമായിരുന്നു. പല സന്ദർഭങ്ങളിലും അപ്രകാരം സ്വഹാബികൾക്ക് വിലപ്പെട്ട സമ്മാനങ്ങൾ നൽകിയിരുന്നു.
തിരുനബിﷺയിൽ നിന്ന് അവിടുത്തെ വസ്ത്രം വരെ ആഗ്രഹിക്കാനും ആഗ്രഹം നബിﷺയോട് പങ്കുവെക്കാനും അവിടുത്തെ ഉപഹാരങ്ങൾ സ്വീകരിക്കാനും സ്വഹാബികൾക്കുണ്ടായിരുന്ന ബന്ധവും സ്വാതന്ത്ര്യവും അതുല്യമായ ഒരു ചരിത്രാധ്യായമാണ്. ഭൗതികമായ എന്തെങ്കിലും വസ്തുവകകളോട് താൽപര്യം എന്നതിനപ്പുറം പ്രവാചകനുﷺമായി ബന്ധപ്പെട്ട എന്തെങ്കിലും കരുതി വെക്കാൻ ഉണ്ടാകണമെന്ന് ശിഷ്യന്മാർക്ക് വിചാരമുണ്ടായിരുന്നു. അങ്ങനെ ഒരു ആത്മീയമായ കരുതൽ കൂടിയായിരുന്നു അവർ ചോദിച്ചു വാങ്ങിയതിന്റെയും സ്വീകരിച്ചതിന്റെയും പ്രധാനപ്പെട്ട ഒരു തലം. നിരവധി സ്വഹാബികൾ തിരുനബിﷺയുടെ വസ്ത്രവും മറ്റുശേഷിപ്പുകളും കരുതി വെക്കുകയും പരലോകത്തേക്ക് യാത്രയാകുമ്പോൾ അണിയാനോ ഒപ്പം വെക്കാനോ വസ്വിയ്യത്ത് ചെയ്യുകയും ചെയ്തിരുന്നു.
