Tweet 864

    Tweet 864
    October 25, 2024 • Friday
    Post Header

    തിരുനബിﷺ ‘ഹുല്ല’ ധരിച്ചതിനെ കുറിച്ചാണ് ഇനി നാം വായിക്കുന്നത്. അരത്തുണ്ണിയും മേൽമുണ്ടും ചേർന്നതിനാണ് ‘ഹുല്ല’ എന്ന് പറയുക. ഇബ്നു അബ്ബാസി(റ)ൽ നിന്ന് അബുദാവൂദ്(റ) നിവേദനം ചെയ്യുന്നു. നല്ല മെച്ചപ്പെട്ട ഹുല്ല തിരുനബിﷺ ധരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവിടുന്ന് ഉപയോഗിച്ചിരുന്ന മെച്ചപ്പെട്ട വസ്ത്രം യമനിൽ നിർമിതമായതായിരുന്നു എന്ന് ബഖിയ്യ് ബിൻ മഖ്ലദ്(റ) പറയുന്നുണ്ട്. ജാബിർ ബിൻ സമുറ(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ ചുവപ്പു കലർന്ന വസ്ത്രം ധരിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
    പൂർണ്ണമായും കടുത്ത ചുവപ്പുള്ള വസ്ത്രം തിരുനബിﷺ ധരിച്ചിരുന്നില്ല. ചുവപ്പ് വസ്ത്രം ധരിച്ചു എന്ന സ്ഥലങ്ങളിലൊക്കെ ചുവപ്പു നൂലുകൊണ്ട് തുന്നിയതോ ലളിതമായ ചുവപ്പു കലർന്നതോ എന്ന വിശദീകരണം വ്യാഖ്യാതാക്കൾ സന്ദർഭോചിതമായി നൽകിയിട്ടുണ്ട്.
    ഖുദാമത്തുൽ കിലാബി(റ) എന്നവർ പറയുന്നു. യമനിൽ നിർമിതമായ ഒരു കോട്ടൺ വസ്ത്രം അറഫാ രാത്രിയിൽ തിരുനബിﷺ ധരിച്ചിരിക്കുന്നത് ഞാൻ കണ്ടു.
    ദുയസൻ രാജാവ് 33 ഒട്ടകം നൽകി വാങ്ങിയ വസ്ത്രം തിരുനബിﷺക്ക് സമ്മാനമായി നൽകിയിരുന്നു എന്ന് നബിﷺയുടെ പരിചാരകനായ അനസ് ബിൻ മാലിക്(റ) പറയുന്നു.
    ബറാഅ(റ) എന്നവരിൽ നിന്ന് ഇമാം ബുഖാരി(റ)യും മറ്റും ഉദ്ധരിക്കുന്നു. തിരുനബിﷺ അധികം നീളമുള്ളവരോ നീളം കുറഞ്ഞവരോ ആയിരുന്നില്ല. അഥവാ ഒത്ത ശാരീരിക ഘടനയായിരുന്നു. ഒരിക്കൽ തിരുനബിﷺയെ ഒരു ചുവന്ന വസ്ത്രത്തിൽ കാണാനിടയായി. അപ്പോൾ തിരുനബിﷺയുടെ ഭംഗി അവർണനീയമായിരുന്നു.
    ചുവപ്പു കലർന്ന വെളുപ്പ് നിറമുള്ള തിരുനബിﷺക്ക് ചുവന്ന വസ്ത്രവും കറുത്ത വസ്ത്രവുമൊക്കെ ഏറെ അഴക് വർദ്ധിപ്പിക്കുന്നതായിരുന്നു അഥവാ തിരുനബിﷺയുടെ സൗന്ദര്യം എടുത്ത് പ്രദർശിപ്പിക്കുന്നതായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ സ്വഹാബികൾ പ്രത്യേകമായി തിരുനബിﷺയെ ശ്രദ്ധിച്ചതും അസാധാരണമായി പ്രത്യക്ഷപ്പെട്ട അവിടുത്തെ സൗന്ദര്യത്തെ വർണ്ണിച്ചതും പല ഹദീസുകളിലും നമുക്ക് കാണാൻ കഴിയും.
    27 ഒട്ടകങ്ങൾ നൽകി തിരുനബിﷺ ഒരു വസ്ത്രം വാങ്ങിയതും അത് ധരിച്ചു കൊണ്ടിരിക്കുന്നത് കണ്ടതും അബ്ദുല്ലാഹ് ബിൻ ഹാരിസ്(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്. 27 ഊഖിയ നൽകി തിരുനബിﷺ ഒരു വസ്ത്രം വാങ്ങിയതിനെ കുറിച്ചുള്ള പരാമർശം അലിയ്യ് ബിൻ സെയ്ദി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദും(റ) നിവേദനം ചെയ്യുന്നു. 29 ഒട്ടകത്തിന് പകരം അവിടുന്ന് ഒരു വസ്ത്രം വാങ്ങിയ കാര്യം പ്രമുഖ സ്വഹാബി അനസു ബ്നു മാലികി(റ)ന്റെ ശിഷ്യൻ ഇബ്നു സീരീൻ(റ) പറയുന്നുണ്ട്.
    അബൂ ജുഹൈഫ(റ) പറഞ്ഞതായി ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നു. ബിലാൽ(റ) ഒരു കുന്തം കൊണ്ടുവന്നു നാട്ടിയിട്ട് നിസ്കാരത്തിനു വേണ്ടി ഇഖാമത് കൊടുത്തു. അപ്പോൾ ചുവന്ന നിറവും ചാരനിറവുമുള്ള വസ്ത്രം ധരിച്ചുകൊണ്ട് തിരുനബിﷺ വരുന്നത് ഞാൻ ശ്രദ്ധിച്ചു.
    നിസ്കാരത്തിനു മുന്നിൽ ഒരു മറയുണ്ടാവുക എന്ന അർഥത്തിലായിരിക്കും ഇവിടെ കുന്തം നാട്ടി എന്ന് പറഞ്ഞത്. മരുഭൂമിയിലും മറ്റും പ്രവാചകൻﷺ നിസ്കരിക്കുമ്പോൾ നിസ്കാരത്തിനു മുന്നിൽ ഒരു മറയായി ചിലപ്പോൾ വടിയോ കുന്തമോ സാധനങ്ങളോ വെക്കാറുണ്ടായിരുന്നു. നടന്നുപോകുന്നവർക്കും മറ്റും അതിന്റെ പിന്നിലൂടെ നടന്നുപോകാനും നിസ്കാരത്തിന്റെ തൊട്ടുമുന്നിലൂടെ മറ്റൊന്നും നടന്നു പോകാതിരിക്കാനും സവിശേഷമായി നിർദ്ദേശിക്കപ്പെട്ട ഒരു കാര്യമാണിത്.
    സുബൈർ ബിൻ ബക്കാർ(റ) യസീദ് ബിൻ ഇയാളി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. മക്കാ മുശ്‌രിക്കുകളും നബിﷺയും ഉടമ്പടിയിൽ കഴിയുന്ന കാലത്ത്, മുശ്‌രിക്കുകളുടെ പക്ഷത്തുണ്ടായിരുന്ന ഹകീം ബിൻ ഹിസാം തിരുനബിﷺക്ക് ഒരു വസ്ത്രം സമ്മാനിച്ചു. അദ്ദേഹമത് 300 ദീനാറിന് ദീ യസൻ രാജാവിൽ നിന്ന് വാങ്ങിയതായിരുന്നു. പക്ഷേ, തിരുനബിﷺ ആ ഉപഹാരം സ്വീകരിച്ചില്ല. മുശ്‌രിക്കായ ആളിൽ നിന്ന് സ്വീകരിക്കില്ല എന്നായിരുന്നു പ്രവാചകൻﷺ വിശദീകരിച്ചത്. കാരണം അപ്പോൾ അവരുമായി ഉടമ്പടിയിൽ കഴിയുന്ന കാലമായിരുന്നല്ലോ! ഹക്കീം പിന്നീട് അത് വിറ്റു. ഹക്കീമിന്റെ പക്കൽ നിന്ന് ആ വസ്ത്രം വാങ്ങിയ ആളുടെ അടുക്കൽ നിന്നും പ്രവാചകൻﷺ തുക കൊടുത്തു അത് വാങ്ങി. പ്രവാചകൻﷺ അത് ധരിക്കുകയും അത് ഹക്കീമിന്റെ ശ്രദ്ധയിൽ പെടുകയും ചെയ്തു. അപ്പോൾ ഹക്കീം ഒരു കവിത ചൊല്ലി.
    “യഹ്‌ബീസുൽ ഹുക്കാമ ബിൽ ഫള് ലി ബഅ്ദ മാ
    ബദാ സാബിഖുൻ ഫീ ഗുർറത്തിൻ വ ജൂഹൂലി”
    ആശയം ഇങ്ങനെയാണ്. ഇത്രമേൽ ശ്രേഷ്ഠതയും മഹത്വവുമുള്ള ഒരാൾ മുന്നിട്ടു വന്നിട്ട് അതിനെ സ്വീകരിക്കാൻ എന്താണ് ഭരണാധികാരികൾക്ക് ഇത്ര മടി.
    അഥവാ ഇത്രയെല്ലാം ശ്രേഷ്ഠതയും മഹത്വവുമുള്ള പ്രവാചകൻﷺ വന്നിട്ട് ആ പ്രവാചകനെﷺ അംഗീകരിക്കാൻ എന്തുകൊണ്ടാണ് ഭരണാധികാരികൾ മടി കാണിക്കുന്നത്.
    ഹക്കീം തിരുനബിﷺയെ ആദരപൂർവ്വം കാണുകയും പ്രശംസിക്കുകയുമാണ് ചെയ്യുന്നത്. നേരത്തെ ഉപഹാരം സ്വീകരിക്കാതിരുന്നതിന്റെ കാരണവും പരിസരവും അദ്ദേഹത്തിന് വ്യക്തമായിട്ടുണ്ട് എന്ന് സാരം. പ്രവാചകൻﷺ കരാറിനോടു പുലർത്തിയ മൂല്യവും ബഹുമാനവും അദ്ദേഹത്തെ അനുകൂലമായി സ്വാധീനിച്ചിരിക്കുന്നു.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...