
തിരുനബിﷺയുടെ നീളക്കുപ്പായം അഥവാ ഖമീസും ഉടുമുണ്ടും തുടങ്ങിയ വസ്ത്രങ്ങളെ കുറിച്ചുള്ള ലളിതമായ ഒരു വായനയാണ്. മഹതി ഉമ്മു സലമ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ ജുബ്ബകളുടെ കൈകൾ മണിബന്ധം വരെ നീണ്ടുകിടക്കുന്നതായിരുന്നു. ഇബ്നു അബ്ബാസി(റ)ന്റെ നിവേദനത്തിൽ അല്പം വ്യത്യാസത്തോടെ ഇങ്ങനെ വായിക്കാം. തിരുനബിﷺയുടെ നീളക്കുപ്പായം ഞരിയാണി വരെയും കൈകളുടെ നീളം വിരലുകൾ വരെയുമുണ്ടായിരുന്നു.
അധികം നീളമില്ലാത്തതും കൈകൾക്ക് നീളമില്ലാത്തതുമായ ജുബ്ബയും തിരുനബിﷺ ധരിച്ചിരുന്നു എന്ന് ഇബ്നു അസാക്കിർ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ കോട്ടൻ ജുബ്ബക്കും അതിന്റെ കൈകൾക്കും അധികം ദൈർഘ്യമുണ്ടായിരുന്നില്ല എന്ന് തിരുനബിﷺയുടെ പരിചാരകനായ അനസ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ വായിക്കാം. സമാനാശയം വരുന്ന നിരവധി ഹദീസുകൾ പല പരമ്പരകളിലൂടെയും വന്നിട്ടുണ്ട്.
തിരുനബിﷺക്ക് ഒരു നീളക്കുപ്പായമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഇമാം ത്വബ്റാനി(റ)യുടെ ഹദീസ് പക്ഷേ നിവേദന പരമ്പര അത്ര പ്രബലമല്ലെന്നാണ് നിരൂപണമതം.
മുആവിയ ബിൻ മുർറ(റ) നിവേദനം ചെയ്യുന്നു. മുസൈനാ ഗോത്രത്തിലെ ഒരു സംഘം തിരുനബിﷺയുടെ സന്നിധിയിൽ വന്നപ്പോൾ അവിടുന്നണിഞ്ഞിരുന്ന നീളക്കുപ്പായം അരക്കെട്ട് ഫ്രീ ഉള്ളതായിരുന്നു എന്ന് അബു ദാവൂദും(റ) ഇബ്നുമാജ(റ)യും നിവേദനം ചെയ്യുന്നു.
അബ്ദുല്ലാഹിബ്നു ഉമർ(റ) സവിശേഷമായ രീതിയിൽ നീളക്കുപ്പായം അണിഞ്ഞപ്പോൾ കാരണമന്വേഷിച്ചവരോട് അദ്ദേഹം പറഞ്ഞു. ഇപ്രകാരമായിരുന്നു തിരുനബിﷺ നീളക്കുപ്പായം ധരിച്ചിരുന്നത് എന്ന്. തിരുനബിﷺ പരുക്കൻ വസ്ത്രം ധരിച്ചിരുന്ന അനുഭവവും മഹതി ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നു. ബട്ടനുള്ള കുപ്പായം അവിടുന്ന് അണിഞ്ഞിരുന്നില്ല എന്ന് ഇബ്നു ഉമറി(റ)ൽ നിന്ന് അബൂ ശൈഖ്(റ) നിവേദനം ചെയ്യുന്നുണ്ട്.
തിരുനബിﷺയുടെ വസ്ത്രങ്ങളും വസ്ത്രധാരണ രീതികളും സംബന്ധിച്ച് സ്വതന്ത്രമായ പഠനങ്ങളും വായനകളും തന്നെ നമുക്ക് ലഭിക്കുന്നുണ്ട്. അവിടുന്ന് ഉപയോഗിച്ച എല്ലാ വസ്ത്രങ്ങളും കേവലം പ്രാദേശികവും കാലാവസ്ഥാനുസാരവുമായിരുന്നു എന്ന് പറഞ്ഞ് മാറ്റിവെക്കാവുന്നതല്ല. ചില വസ്ത്രങ്ങൾക്കെല്ലാം അങ്ങനെയുള്ള സവിശേഷതകളുമുണ്ടായിരുന്നു എന്നതും അവഗണിക്കേണ്ടതില്ല.
നബി ജീവിതത്തെ സമഗ്രമായി പഠിക്കുകയും തിരുനബിﷺയോടുള്ള അനുകരണത്തെ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്ത പണ്ഡിത വരേണ്യന്മാരുടെ നിരീക്ഷണങ്ങൾ കൂടി മനസ്സിലാക്കിയിട്ടാണ് ഇത്തരം കാര്യങ്ങളിലുള്ള അനുകരണങ്ങളും ശീലിക്കേണ്ട രീതികളും നാം പഠിക്കുകയും പ്രയോഗിക്കുകയും വേണ്ടത്.
ഒരു പ്രാഥമിക പഠിതാവിന്റെ പ്രഥമാന്വേഷണത്തിൽ നബിﷺയുടെ ജീവിതത്തിൽ നിന്ന് വായിച്ചെടുത്ത ഒരു ഏട് മാത്രം മുന്നിൽ വച്ചുകൊണ്ട് ഇങ്ങനെ തന്നെയാണ് നമ്മളും പ്രയോഗിക്കേണ്ടത് എന്ന് പറയുന്നതും, നിവേദനങ്ങളിൽ നമ്മൾ കാണാത്ത ഒരു ശീലം പ്രവാചകരുﷺടേതായി തുടർന്നു പോരുന്നതിനു തിരുനബിﷺയുടേതല്ല എന്ന് അടിസ്ഥാനപരമായി നിഷേധിക്കുന്നതും അറിവിന്റെ ആഴം മനസ്സിലാക്കാത്ത അബദ്ധമതികളിൽ നിന്ന് മാത്രമുണ്ടാകുന്ന പ്രതികരണങ്ങളാണ്.
പ്രവാചക തിരുമേനിﷺയുടെ ജീവിതത്തെ നേരെ ചൊവ്വേ വായിക്കുകയും അതിൽ നിന്ന് ഒരു വിശ്വാസിയിൽ നിലനിൽക്കേണ്ട ചിട്ടകളെയും മര്യാദകളെയും നിയമങ്ങളുടെയും നിർദ്ദേശങ്ങളുടെയും ഭദ്രതകൾ കൊണ്ട് ക്രമീകരിക്കുകയുമാണ് ഗവേഷണ യോഗ്യരായ ഇമാമുകൾ നിർവഹിച്ച ദൗത്യം. അത്തരം ഇമാമുകളുടെ ഗവേഷണ പരിസരത്തു നിന്നുകൊണ്ടു മാത്രമേ നമുക്കും ചര്യകളെ ക്രമീകരിക്കാനും ഇങ്ങനെയാണെന്ന് പറയാനും സാധിക്കുകയുള്ളൂ.
