
പാനീയങ്ങൾ കുടിക്കുമ്പോൾ തിരുനബിﷺക്ക് പ്രത്യേകമായ ചില ശീലങ്ങളുണ്ടായിരുന്നു. പാത്രത്തോട് ചുണ്ട് ചേർത്ത് വച്ചു കുടിക്കുകയും ചുരുങ്ങിയത് മൂന്നുപ്രാവശ്യമെങ്കിലും നിർത്തി നിർത്തി കുടിക്കുകയും ചെയ്യുമായിരുന്നു. ഒറ്റ വലിക്ക് കുടിക്കുന്നതും വായിലേക്ക് നേരെ ഒഴിച്ച് കുടിക്കുന്നതും അത്രമേൽ അവിടുന്ന് പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ പല്ലുതേക്കുമ്പോൾ വീതിയിൽ മിസ്വാക്ക് ചലിപ്പിക്കുകയും ചുരുങ്ങിയത് മൂന്നുപ്രാവശ്യം നിർത്തി നിർത്തി കുടിക്കുകയും ചെയ്തിരുന്നു. എന്നിട്ട് ഇങ്ങനെ പറയുമത്രേ. ഇപ്രകാരം കുടിക്കുന്നതാണ് ആശ്വാസകരവും ദാഹം അകറ്റാൻ ഏറ്റവും നല്ലതുമെന്ന്. ഒറ്റ വലിക്ക് കുടിക്കുക എന്ന ശീലം തിരുനബിﷺക്ക് ഇല്ലായിരുന്നു എന്ന് ഉമ്മുസലമ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.
അബ്ദു ബിൻ ഹുമൈദ്(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം. അദ്ദേഹം പറഞ്ഞു. ഒരിക്കൽ തിരുനബിﷺ മൂന്നുപ്രാവശ്യമായി വെള്ളം കുടിക്കുന്നത് ഞാൻ കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു. ഇടയിൽ മൂന്നുപ്രാവശ്യം ശ്വാസം അയച്ചിട്ടാണല്ലോ അവിടുന്ന് വെള്ളം കുടിക്കുന്നത്? നബിﷺയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഏറെ ആശ്വാസകരവും ദാഹമകറ്റാൻ ഉപകരിക്കുന്നതും ഈ രീതിയാണ്. ഓരോ തവണ നിർത്തുമ്പോഴും അല്ലാഹുവിനെ സ്തുതിക്കാറുണ്ടായിരുന്നു എന്നും ഒടുവിൽ സവിശേഷമായി അല്ലാഹുവിന് നന്ദി രേഖപ്പെടുത്താറുണ്ടായിരുന്നു എന്നും ഇബ്നു മസ്ഊദ്(റ) ഉദ്ധരിക്കുന്ന ഹദീസിലുണ്ട്. ഇബ്നു ഉമറി(റ)ന്റെ നിവേദനം ഒന്നുകൂടി വ്യക്തമാണ്. തുടക്കത്തിൽ ബിസ്മി ചൊല്ലിയും ഒടുക്കത്തിൽ സ്തുതി അർപ്പിച്ചും ഇടയിൽ മൂന്നുതവണ ശ്വാസമയച്ചുമല്ലാതെ തിരുനബിﷺ ഒരിക്കലും പാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. അദ്ദേഹം പറഞ്ഞു.
ഭക്ഷണം കഴിക്കുമ്പോഴോ പാനീയം കുടിക്കുമ്പോഴോ ഒരിക്കൽപോലും പാത്രത്തിലേക്ക് നിശ്വസിക്കുന്നത് തിരുനബിﷺയുടെ രീതി ആയിരുന്നില്ല. അങ്ങനെ ചെയ്യരുതെന്ന് നിരുത്സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാത്രം ചുണ്ടോട് അടുപ്പിക്കുമ്പോൾ ബിസ്മി ചൊല്ലുകയും പാനം പൂർത്തിയാക്കി ചുണ്ടിൽ നിന്ന് അകറ്റി വെക്കുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുന്ന അൽഹംദുലില്ലാഹ് ചൊല്ലുകയും ചെയ്യുമായിരുന്നു.
പാൽ കുടിച്ചാൽ വായ കൊപ്ലിക്കൽ തിരുനബിﷺയുടെ പതിവായിരുന്നു. ഒരിക്കൽ തിരുനബിﷺക്ക് പാല് കറന്നു കുടിച്ചു പൂർത്തിയായതിനുശേഷം വെള്ളം ആവശ്യപ്പെടുകയും അത് ഉപയോഗിച്ച് വായ കഴുകുകയും ചെയ്ത അനുഭവം സേവകനായ അനസ്(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്. പാലിൽ കൊഴുപ്പുണ്ട് എന്ന് അനുബന്ധം പറയുകയും ചെയ്തു.
ഒരിക്കൽ പാല് കുടിച്ചപ്പോൾ ശേഷം വായ കഴുകുകയോ വുളൂഅ് ചെയ്യുകയോ ചെയ്തില്ല എന്നുപറയുന്ന ഒരു ഹദീസ് അനസു ബ്നു മാലിക്(റ) നിവേദനം ചെയ്തിട്ടുണ്ട്. എന്നാൽ അതിന്റെ പരമ്പര അത്ര പ്രബലമല്ലെന്നും പ്രബലമാണെങ്കിൽ തന്നെ വായ കഴുകൽ നിർബന്ധമില്ലെന്നും ഇതിന് വിശദീകരണങ്ങളുണ്ട്.
ഏറ്റവും ആരോഗ്യകരവും ശുഭകരവുമായ സമീപനങ്ങളാണ് ഓരോ മേഖലയിലും തിരുനബിﷺ നിലനിർത്തിയിരുന്നത്. നമ്മുടെ ആരോഗ്യ സമീപനങ്ങളെയും ഭക്ഷണ സമീപനത്തെയും ഏറ്റവും ശുഭകരമാക്കുക എന്ന ഒരു ലക്ഷ്യം കൂടി നബി ജീവിതത്തിൽ നമുക്ക് കാണാം. എല്ലാ മേഖലയിലും തിരുനബിﷺയിൽ മാതൃകയുണ്ട് എന്ന് പരാമർശിക്കുമ്പോൾ ജീവിത സമീപനങ്ങളിലും ഭക്ഷണ മര്യാദയിലുമൊക്കെ അത് നിഴലിച്ചു നിൽക്കും. ഏതു മേഖലയിലും അനുകരണീയമായ ഒരു രീതി നബി ജീവിതത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാകും. അത് അനുസരിക്കുന്നവർക്ക് എല്ലാ ലോകത്തേക്കുമത് ഗുണകരവുമായിരിക്കും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
