Tweet 821

    Tweet 821
    September 12, 2024 • Thursday
    Post Header

    പതിമൂന്ന്, സുഖ്‌യാ കിണർ.
    അബൂ സഈദ് അൽ മുഅല്ല(റ)യിൽ നിന്ന് മർവാൻ(റ) പറയുന്നു. പ്രവാചകൻﷺ പ്രസ്തുത കിണറിൽ നിന്ന് വെള്ളം കുടിച്ചിട്ടുണ്ട്. ആഇശ(റ) പറഞ്ഞതായി ഇബ്നു ശെബ്ബ(റ) പറയുന്നു. സുഖ്‌യാ കിണറ്റിൽ നിന്നുള്ള ശുദ്ധജലം കുടിക്കാൻ വേണ്ടി ഉപയോഗിക്കാറുണ്ടായിരുന്നു. സുഖ്‌യാ ഭവനങ്ങളിൽ നിന്നുള്ള എന്ന അർത്ഥം വരുന്ന ബുയൂതു സുഖ്‌യാ എന്ന പ്രയോഗമാണ് ചില നിവേദനങ്ങളിൽ കാണുന്നത്.
    പതിനാല്, അഖബ കിണർ.
    മദീനയിലെ കിണറുകൾ എന്ന ഗ്രന്ഥത്തിൽ റസീനൽ അബ്ദരി(റ) എന്നവർ ഈ കിണറിനെ പരിചയപ്പെടുത്തുന്നതായി മജ്‌ദ്(റ) എന്നവർ റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺയും അബൂബക്കറും(റ) ഉമറും(റ) അകത്തേക്ക് കാലിട്ടിരുന്ന കിണർ ഇതാണെന്നു കൂടി ഒരു പരാമർശം അവിടെയുണ്ട്. അതല്ല, അത്തരം ഒരു സംഭവമുണ്ടായത് അരീസ് കിണറ്റിലായിരുന്നു എന്നാണ് പ്രസിദ്ധമായി അറിയപ്പെട്ടത്. തിരുനബിﷺയുടെ മോതിരം വീണ അരീസ് കിണറ്റിലാണ് പ്രവാചകനുംﷺ കൂട്ടുകാരും കാലിട്ടിരുന്നത് എന്ന് റസീൻ(റ) പറഞ്ഞ ഉദ്ധരണി സയ്യിദ് സുംഹൂദി(റ) പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഈ സംഭവം പലയാവർത്തി ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഒരു അനുബന്ധം കൂടി അദ്ദേഹം ചേർക്കുന്നു.
    പതിനഞ്ച്, അബൂ ഇനബ കിണർ. മദീനയിൽ നിന്ന് ഒരു മൈൽ അകലെയാണ് ഈ കിണറുള്ളത്. തിരുനബിﷺയുടെ സൈന്യത്തെ സംഘടിപ്പിച്ചു ഒരുമിച്ചു കൂട്ടിയത് ഇവിടെയാണ്. തിരുനബിﷺയുടെ സൈന്യത്തെ വിന്യസിച്ചതും ഇവിടെയായിരുന്നു. ഹാഫിള് അബ്ദുൽ ഗനി അൽ മഖ്ദിസി(റ) ഇത് വിശദീകരിക്കുന്നുണ്ട്. ഇവിടെ വച്ചായിരുന്നു പ്രായം കുറഞ്ഞവരെ യുദ്ധത്തിലേക്ക് വരുന്നതിൽ നിന്ന് തിരിച്ചുവിട്ടത്. സുഖ്‌യാ കിണറിന്റെ അടുത്തുവച്ചാണ് സൈനിക വിന്യാസം നടത്തിയത് എന്ന അഭിപ്രായത്തിലൂടെ പരിഗണിക്കുമ്പോൾ, ആദ്യം അവിടെവച്ചും രണ്ടാമത് ഇനബ് കിണറിന്റെ അടുത്തുവച്ചും എന്ന് മനസ്സിലാക്കേണ്ടി വരും എന്ന് സുംഹൂദി(റ) വിശദീകരിക്കുന്നു.
    ഇബ്നു സബാല(റ) നിവേദനം ചെയ്യുന്നു. ഖലീഫ ഉമറും(റ) വലിയുമ്മയും അബൂബക്കറി(റ)ന്റെ അടുക്കൽ ഒരു ആവലാതി ബോധിപ്പിച്ചു. ഉമർ(റ) പറഞ്ഞു തുടങ്ങി. അല്ലയോ അല്ലാഹുവിന്റെ റസൂലിﷺന്റെ പ്രതിനിധിയായ ഖലീഫാ, എന്റെ മകൻ എനിക്ക് ഇനബ കിണറിൽ നിന്ന് വെള്ളം കൊണ്ടുവന്ന് തരാറുണ്ട്. അത് ഉപയോഗയോഗ്യമായ രുചികരമായ വെള്ളമാണെന്ന് ഖലീഫ വിശദീകരിച്ചു കൊടുത്തു.
    പ്രസ്തുത കിണറിലെ വെള്ളം എടുക്കാമോ? കുടിക്കാൻ ഉപയോഗിക്കാമോ? എന്നൊക്കെയായിരിക്കണം ഖലീഫയുടെ മുമ്പിൽ ആവലാതിയായി എത്തിയത്. മജിദ്(റ) എന്നവർ പറഞ്ഞു. ഈ കിണറിനെ കുറിച്ചുള്ള പരാമർശങ്ങൾ വേറെയും വന്നിട്ടുണ്ട്.
    സൈനിക വിന്യാസം നടത്തുമ്പോൾ ഓരോരുത്തരെയും വിശദമായി പരിശോധിക്കുകയും അവരുടെ പിന്നാമ്പുറങ്ങൾ പഠിച്ചറിയുകയും ചെയ്യും. പ്രായം കുറഞ്ഞവരെയും അടിയന്തര സേവനത്തിൽ ഇടപെടേണ്ടവരെയും തിരുനബിﷺ പലപ്പോഴും തിരിച്ചയച്ചിട്ടുണ്ട്. ഇത്തരം പ്രധാന സന്ദർഭങ്ങളെ കുറിച്ച് പറയുമ്പോഴും കിണറുകളെ ലാൻഡ്മാർക്കായി പറയുന്നത് ജലസ്രോതസ്സുകൾക്ക് അത്രമേൽ പ്രാധാന്യമുള്ളതുകൊണ്ടും പകുതിയും മരുഭൂമിയും മലകളും നിറഞ്ഞ ഭൂപ്രദേശത്ത് ജലം സുലഭമായ മറ്റു ദേശങ്ങളെക്കാൾ കിണറുകളുള്ള പ്രദേശം നയതന്ത്ര പ്രാധാന്യമുള്ളതുകൊണ്ടുമാണ്.
    തിരുനബിﷺയുടെ യാത്രകളിലും യുദ്ധവേളകളിലും ഇത്തരം നയതന്ത്ര വിചാരങ്ങളും സമീപനങ്ങളും ഏറെ വായിക്കാനുണ്ട്. പരിശുദ്ധ ഖുർആനിന്റെയും തിരുഹദീസിന്റെയും വ്യാഖ്യാനങ്ങളെ സമീപിക്കുമ്പോൾ സൂക്തം അവതരിച്ചതിന്റെയും പ്രവാചകരുﷺടെ ഇടപെടലുകളുടെയും സന്ദർഭങ്ങൾ പ്രാധാന്യമർഹിക്കുന്നു എന്നതും ഇത്തരം പഠനങ്ങളുടെ അനിവാര്യതയെ ബോധ്യപ്പെടുത്തുന്നു. ഏതു സന്ദർഭത്തിൽ? എവിടെവച്ചാണ് ഈ സൂക്തം അവതരിച്ചത്? എന്ന ചോദ്യം ഖുർആൻ പഠനത്തിലെ പ്രധാനപ്പെട്ട ഒരു അധ്യായമാണ്. ഏതു സന്ദർഭത്തിൽ? ആരോടാണ് തിരുനബിﷺ പറഞ്ഞത്? ഹദീസിന്റെ ആത്മാവിനെ അന്വേഷിക്കുമ്പോൾ ഇത്തരം ഒരു ചോദ്യവും ഏറെ പ്രസക്തമാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...