Tweet 799

    Tweet 799
    August 21, 2024 • Wednesday
    Post Header

    തിരുനബിﷺയുടെ വിമോചിത അടിമ സൽമ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ദരിക്കുന്നു. മഹതി പറയുന്നു. ഞാൻ തഹരീറ അഥവാ ഒരുതരം മൊറോക്കൻ പാരമ്പര്യ സൂപ്പ് തിരുനബിﷺക്ക് വേണ്ടി പാചകം ചെയ്തു കൊടുത്തു. നബിﷺ അതിൽ നിന്ന് ഭക്ഷിച്ചു. ഒപ്പമുണ്ടായിരുന്ന സ്വഹാബികളും അതിൽ നിന്ന് കഴിച്ചു. അപ്പോൾ അതുവഴി കടന്നുവന്ന ഒരു ഗ്രാമീണനായ അറബിയെയും നബിﷺ ഈ ഭക്ഷണത്തിലേക്ക് ക്ഷണിച്ചു. ശേഷിച്ചത് മുഴുവനും ഒന്നാകെ എടുക്കാൻ അദ്ദേഹം ഒരുങ്ങിയപ്പോൾ, അത് അവിടെവെച്ച് ബിസ്മി ചൊല്ലി, പാത്രത്തിൽ അദ്ദേഹത്തോട് അടുത്ത ഭാഗത്തുനിന്ന് കഴിക്കാൻ പറഞ്ഞു. അദ്ദേഹം വയറുനിറയെ കഴിക്കുകയും പിന്നെയും അല്പം അതിൽ ശേഷിക്കുകയും ചെയ്തു.
    ഇമാം അഹ്മദ്(റ) അബ്ദുല്ലാഹിബ്നു ബുസ്റി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺയെ ഭക്ഷണത്തിന് ക്ഷണിച്ചു കൊണ്ടുവരാൻ ഒരിക്കൽ എന്റെ പിതാവ് എന്നെ അയച്ചു. തിരുനബിﷺ എന്നോടൊപ്പം വരികയും ഞങ്ങൾ വീടിന്റെ അടുത്തെത്തിയപ്പോൾ, ഞാൻ വീട്ടിലേക്ക് ഓടിച്ചെന്ന് തിരുനബിﷺയുടെ ആഗമനം വാപ്പയെയും ഉമ്മയെയും അറിയിച്ചു. അവർ തിരുനബിﷺയെ നന്നായി സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. സുബൈരി പ്രദേശത്തുണ്ടാക്കിയ ഒരു വിരിപ്പ് വീട്ടിലുണ്ടായിരുന്നു. അത് തിരുനബിﷺക്ക് വേണ്ടി വിരിച്ചുകൊടുത്തു. എന്നിട്ട് നബിﷺ തങ്ങൾക്ക് ഒരു ഭക്ഷണ തളിക കൊണ്ട് വച്ചു. ഗോതമ്പുമാവിൽ വെള്ളവും ഉപ്പും ചേർത്ത് അസീദ എന്ന ഒരുതരം വിഭവം വിളമ്പി കൊടുത്തു.
    ഓരോ ഭാഗത്ത് നിന്ന് എല്ലാവരും കഴിച്ചു കൊള്ളാൻ തിരുനബിﷺ സദസ്സിലുള്ളവരോട് പറഞ്ഞു. കൂനയുള്ള ഭാഗത്തുനിന്ന് ആരും എടുക്കരുതെന്നും പാർശ്വങ്ങളിൽ നിന്ന് കഴിച്ചുകൊള്ളാനും തിരുനബിﷺ നിർദ്ദേശിച്ചു. പാർശ്വങ്ങളിലാണ് കൂടുതൽ അനുഗ്രഹമെന്നും അല്ലാഹുവിന്റെ നാമത്തിൽ ഭക്ഷിച്ചുകൊള്ളാനും അവിടുന്ന് പഠിപ്പിച്ചു. ഞങ്ങളും തിരുനബിﷺയും നന്നായി ഭക്ഷണം കഴിച്ചു. ശേഷം, അതിൽ നിന്നല്പം മിച്ചം വന്നു. അല്ലാഹുവേ അവർക്ക് നീ പൊറുത്തു കൊടുക്കേണമേ. കാരുണ്യവും അനുഗ്രഹവും ചൊരിയേണമേ! അവരുടെ വിഭവങ്ങളിൽ നീ വിശാലത ചെയ്യേണമേ! എന്നിങ്ങനെ തിരുനബിﷺ പ്രാർത്ഥിച്ചു.
    തിരുനബിﷺയുടെ സുപ്രയിലുണ്ടായിരുന്ന വിഭവത്തോടൊപ്പം തന്നെ അനുയായികളോടും അവരുടെ കുടുംബങ്ങളോടുമുണ്ടായിരുന്ന സഹവാസത്തിന്റെ മനോഹരമായ ഒരു ചിത്രം കൂടിയാണ് നാം വായിച്ചത്. എത്രപാവപ്പെട്ടവരുടെയും ക്ഷണം സ്വീകരിക്കുകയും അവരോടൊപ്പമിരുന്ന് കഴിക്കുകയും, ഭക്ഷണം കഴിച്ചാൽ ഉടനെ എഴുന്നേറ്റു പോകുന്നതിന് പകരം ഭക്ഷണം ഒരുക്കിയവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും, ഇതെല്ലാം തിരുനബിﷺയുടെ ചര്യയിൽ പെട്ടതാണ്. ഭക്ഷണം തന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നത് അല്ലാഹുവിനും അവന്റെ സൃഷ്ടികളിൽ നിന്ന് നമുക്ക് ഭക്ഷണം വിളമ്പിതന്നവർക്കും രേഖപ്പെടുത്തുന്ന നന്ദി കൂടിയാണ്. നന്ദി ചെയ്യുവോളം അല്ലാഹു വീണ്ടും അനുഗ്രഹം ഏറ്റി തരുമെന്നും നന്ദികെട്ടവരായാൽ ശിക്ഷയ്ക്ക്‌ അത് നിമിത്തമാകുമെന്നും അല്ലാഹു തന്നെ പഠിപ്പിച്ചിട്ടുള്ള കാര്യമാണ്.
    ഓജീനിച്ചാൽ ദുആ എന്നപേരിൽ സജ്ജനങ്ങളായ മുൻഗാമികൾ സവിശേഷമായി തന്നെ ഭക്ഷണത്തിനുശേഷം സദ്യ ഒരുക്കിയവർക്ക് വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. അത് സൽക്കാരം സ്വീകരിച്ചവർക്കും നൽകിയവർക്കും അനുഗ്രഹം ലഭിക്കാനുള്ള ഒരു മാർഗമാണ്. വേണ്ടത്ര ബോധ്യം ഇല്ലാത്ത ചിലയാളുകൾ ഇത്തരം ആചാരങ്ങളെ പോലും ചെറുതായോ അപരിഷ്കൃതമായോ കാണാറുണ്ട്. ഏതൊരു ഉപകാരം ചെയ്യുന്നവരോടും നന്ദിപൂർവം പ്രതികരിക്കണമെന്നാണ് തിരുനബിﷺയുടെ അധ്യാപനം. ഉപഹാരം നൽകുന്നവർക്ക് പ്രത്യുപഹാരം നൽകുന്ന ജീവിതശൈലി ആണല്ലോ അവിടുന്ന് പഠിപ്പിച്ചത്. ഒരു ഉപകാരം ചെയ്തവർക്ക് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതിനേക്കാൾ തിരിച്ചുനൽകാൻ നമ്മുടെ പക്കൽ എന്താണുള്ളത്!
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...