Tweet 769

    Tweet 769
    July 22, 2024 • Monday
    Post Header

    തിരുനബിﷺയുടെ അഭിവാദ്യങ്ങളുമായി ബന്ധപ്പെട്ട അധ്യായത്തിന് ഒരു അനുബന്ധം കൂടിയുണ്ട്. ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നു. നബിﷺ പറഞ്ഞതായി അബൂഹുറൈറ(റ) പറഞ്ഞു. ജിബ്‌രീല്‍(അ) എന്റെ അടുക്കൽ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു. ഇതാ ഖദീജ(റ) വരുന്നുണ്ട്. കയ്യിൽ ഭക്ഷണവും പാനീയവും കറിയുമൊക്കെയുണ്ട്. ഖദീജ(റ) വന്നാൽ അല്ലാഹുവിന്റെയും എന്റെയും ഒരു അഭിവാദ്യം, സലാം അവരെ അറിയിക്കണം. ശബ്ദമോ ബഹളമോ ഒന്നുമില്ലാത്ത പവിഴത്താൽ നിർമ്മിതമായ ഒരു മാളിക അവർക്ക് വേണ്ടി സ്വർഗത്തിൽ തയ്യാർ ചെയ്തിട്ടുണ്ട് എന്ന സന്തോഷവാർത്ത കൂടി അറിയിക്കണം.
    അല്ലാഹുവിന്റെയും ജിബ്‌രീലി(അ)ന്റെയും അഭിവാദ്യം ഖദീജ(റ)ക്ക് കൈമാറാൻ വേണ്ടി നബിﷺയെ ഏൽപ്പിച്ചു എന്നാണ് നാം വായിച്ചത്. അനസ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെയുണ്ട്. ജിബ്‌രീല്‍(അ) നബിﷺയുടെ അടുക്കലേക്ക് വന്ന് പറഞ്ഞു. ഖദീജ(റ)യ്ക്ക് അല്ലാഹുവിൽ നിന്ന് സലാമുണ്ട്. അപ്പോൾ ഖദീജ(റ) ഇങ്ങനെ പ്രതികരിച്ചു. പ്രതാപവാനായ അല്ലാഹു തന്നെയാണല്ലോ സലാം അഥവാ ശാന്തി നൽകുന്നവൻ. ജിബ്‌രീലി(അ)നും അല്ലാഹുവിൽ നിന്നുള്ള സലാമും കാരുണ്യവും രക്ഷയും വർഷിക്കട്ടെ.
    അഭിവാദ്യത്തെ കുറിച്ചുള്ള അധ്യായത്തിൽ ഏറ്റവും മനോഹരമായ വായനകളാണ് ഇപ്പോൾ നാം നിർവഹിച്ചത്. പ്രപഞ്ചാധിപനായ അല്ലാഹു പുണ്യ നബിﷺയുടെ പ്രിയ പത്നിക്ക് സവിശേഷമായ അഭിവാദ്യം അറിയിച്ച ഹൃദ്യമായ വരികൾ.
    ഈ അധ്യായത്തിലെ ഒന്ന് രണ്ട് നിവേദനങ്ങൾ കൂടി നമുക്ക് വായിച്ചു പോകാം. തിരുനബിﷺ താഴ്‌വരയുടെ ഉയർന്ന ഭാഗത്തായിരുന്നു. അപ്പോൾ സഫ്വാനുബ്നു ഉമയ്യ(റ) കാരയ്ക്കയും കക്കരിയും മറ്റു സാധനങ്ങളും നബിﷺക്ക് വേണ്ടി കൊടുത്തയച്ചു. മക്ക വിജയവേളയിലായിരുന്നു ഇത്. സാധനങ്ങളുമായി പോയ കലദ ബിൻ ഹമ്പൽ(റ) പറയുന്നു. ഞാൻ സലാം ചൊല്ലാതെ പ്രവാചക സവിധത്തിലേക്ക് കടന്നുചെന്നു. പ്രവാചകൻﷺ എന്നെ മടക്കി അയക്കുകയും സലാം ചൊല്ലി സമ്മതം ചോദിച്ചു വരാൻ പഠിപ്പിക്കുകയും ചെയ്തു.
    സലാം ചൊല്ലിയാൽ മൂന്ന് പ്രാവശ്യം വരെ ആവർത്തിക്കുകയും അപ്പോഴും പ്രത്യഭിവാദ്യം കിട്ടിയില്ലെങ്കിൽ മടങ്ങി പോവുകയും ചെയ്യുക എന്നത് പ്രവാചകന്റെﷺ ശൈലിയായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു നിവേദനം കൂടിയുണ്ട്. ഒരിക്കൽ നബിﷺ സഅദി(റ)ന്റെ വീട്ടിലേക്ക് ചെന്നു. മൂന്നുപ്രാവശ്യം അഭിവാദ്യ വാചകം ചൊല്ലി. മൂന്നുപ്രാവശ്യവും സലാം മടക്കുന്നത് പ്രവാചകൻﷺ കേട്ടില്ല. മടങ്ങിപ്പോകാൻ ഒരുങ്ങിയപ്പോൾ സഅദി(റ)ന്റെ വീട്ടിൽ നിന്ന് ആളെ അയച്ചു ഇങ്ങനെ പറഞ്ഞു. അവിടുന്ന് സലാം ചൊല്ലിയത് കേൾക്കാത്തത് കൊണ്ടോ ഞങ്ങൾ പ്രത്യഭിവാദ്യം ചെയ്യാത്തതുകൊണ്ടോ അല്ല. അവിടുത്തെ സലാം ഞങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥന ആണല്ലോ! വീണ്ടും വീണ്ടും ലഭിക്കട്ടെ എന്ന് കരുതി ഞങ്ങൾ മെല്ലെ പ്രതികരിച്ചതാണ്. അഥവാ പ്രവാചകരിﷺൽ നിന്നുള്ള ശാന്തി പ്രാർത്ഥന ഇനിയും ഇനിയും ലഭിക്കട്ടെ എന്ന ആർത്തിയിലായിരുന്നു അവർ അങ്ങനെ ചെയ്തത്.
    സഈദ് ബിൻ ഉബാദ(റ)യിൽ നിന്നും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.
    എല്ലാ കാര്യങ്ങളിലും ചിട്ടകളും മര്യാദകളുമുള്ളതുപോലെ അഭിവാദ്യത്തിനും പ്രത്യേകമായ മര്യാദകളും പ്രവാചകൻﷺ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികൾ മുതിർന്നവരെ ആദരിച്ചും മുതിർന്നവർ കുട്ടികളോട് വാത്സല്യം പുലർത്തിയും സാധാരണക്കാർ പണ്ഡിതന്മാരോട് ബഹുമാനം പാലിച്ചും നിൽക്കുന്നവർ സഞ്ചരിക്കുന്നവരെ പരിഗണിച്ചും ആതിഥേയർ അതിഥികളെ ഉൾക്കൊണ്ടുമൊക്കെ അഭിവാദ്യം പറയുന്നതിൽ സവിശേഷമായ ക്രമങ്ങളുണ്ട്. ആദ്യം അഭിവാദ്യം പറയുന്നവർക്ക് പ്രത്യേകമായ പുണ്യവും അഭിവാദ്യം കേട്ടവർ പ്രത്യഭിവാദ്യം ചെയ്യൽ നിർബന്ധവുമാണ്. നിങ്ങൾക്കിടയിൽ പരസ്പര സ്നേഹം വർദ്ധിക്കണമെങ്കിൽ സലാം വ്യാപിപ്പിക്കണമെന്ന് ഉപദേശിക്കുന്ന പ്രവാചകവചനം വളരെ പ്രസിദ്ധമാണ്.
    മറ്റേത് സംസ്കാരത്തിലെയും അഭിവാദ്യ വാചകങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി എപ്പോഴും എവിടെയും പ്രയോഗിക്കാവുന്ന ആശയ പൂർണമായ വചനമാണ് അസ്സലാമു അലൈക്കും എന്നത്. അല്ലാഹുവിൽ നിന്നുള്ള പ്രത്യേകമായ രക്ഷ നിങ്ങൾക്കുണ്ടാകട്ടെ എന്നാണ് അർത്ഥം. രോഗിയോടും ആരോഗ്യവാനോടും പ്രഭാതത്തിലും പ്രദോഷത്തിലും ചെറിയവരോടും വലിയവരോടും ഏത് അവസ്ഥയിലും ഈ പ്രാർത്ഥനയ്ക്ക് മൂല്യമുണ്ട്. മറ്റു സംസ്കാരങ്ങളെല്ലാം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന അഭിവാദ്യ വാചകങ്ങൾ പല സന്ദർഭങ്ങളിലും വ്യത്യാസപ്പെടുന്നതും ചില സന്ദർഭങ്ങളിലൊക്കെ ഔചിത്യമില്ലാത്തതുമാകാറുണ്ട്.
    പ്രവാചക വഴിയിലെ ഓരോ അധ്യായങ്ങളും ഹൃദ്യവും മനോഹരവും സാരസമ്പൂർണവുമാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...