Tweet 767

    Tweet 767
    July 20, 2024 • Saturday
    Post Header

    തിരുനബിﷺയുടെ അഭിവാദ്യ രീതികളുമായി ബന്ധപ്പെട്ട ചില നിവേദനങ്ങളാണ് നാം ഇന്ന് വായിക്കുന്നത്.
    അനസ്(റ) പറയുന്നു. നബിﷺ സലാം ചൊല്ലുമ്പോൾ ആവശ്യമെങ്കിൽ മൂന്നുപ്രാവശ്യം വരെ ആവർത്തിച്ചിരുന്നു.
    കുട്ടികളുടെ അടുത്തുകൂടി നടന്നുപോകുമ്പോൾ അനസ്(റ) അവർക്ക് സലാം ചൊല്ലി. പ്രവാചകൻﷺ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുകയും ചെയ്തു. കളിച്ചുകൊണ്ടിരിക്കുന്ന കൊച്ചുകുട്ടികൾക്ക് സലാം പറഞ്ഞതിന്റെ നിവേദനം ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ചിട്ടുണ്ട്. അനസ്(റ) തന്നെ ഒരു അനുഭവം പറയുന്നത് ഇങ്ങനെയാണ്. ഞാൻ കുട്ടിയായിരിക്കെ മറ്റു കുട്ടികളോടൊപ്പം നിൽക്കുകയായിരുന്നു. നബിﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. കൂട്ടത്തിൽ നിന്ന് എന്നെ വിളിച്ച് ഒരു ദൗത്യം ഏൽപ്പിച്ചു. അത് നിർവഹിച്ചു മടങ്ങി വരുന്നതുവരെ തിരുനബിﷺ അവിടെ ഒരു മതിലിന്മേൽ കാത്തിരുന്നു. പെൺകുട്ടികളായ ഞങ്ങൾക്ക് നബിﷺ സലാം ചൊല്ലിയ അനുഭവം അസ്മാഉബിൻത് യസീദ്(റ) പറയുന്നുണ്ട്.
    അബൂ നുമൈർ ഗോത്രത്തിലെ ഒരു വിശ്വാസി അദ്ദേഹത്തിന്റെ പിതാവിൽ നിന്നും പിതാമഹന്റെ അനുഭവം പങ്കുവെക്കുന്നു. അദ്ദേഹം തിരുനബിﷺയുടെ സന്നിധിയിൽ എത്തി. എന്നിട്ട് നബിﷺയോട് പറഞ്ഞു. എന്റെ ഉപ്പ അവിടുത്തേക്ക് സലാം പറഞ്ഞയച്ചിട്ടുണ്ട്. നിങ്ങൾക്കും നിങ്ങളുടെ പിതാവിനും സലാം ഉണ്ടാവട്ടെ എന്ന് പ്രവാചകൻﷺ പ്രത്യഭിവാദ്യം ചെയ്തു.
    ദുരുദ്ദേശപരമായി ദ്വയാർത്ഥമുള്ള പ്രയോഗത്തോടെ അഭിവാദ്യം ചെയ്ത ജൂതന്മാരുമായി ബന്ധപ്പെട്ട ഒരു നിവേദനം കൂടി ഈ അധ്യായത്തിലുണ്ട്. മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. ഒരു സംഘം ജൂതന്മാർ നബിﷺയുടെ അടുത്തേക്ക് വന്നു. അസ്സാമു അലൈക്കും എന്ന് നബിﷺയോട് പറഞ്ഞു. അവിടുത്തേക്ക് നാശം ഉണ്ടാകട്ടെ എന്നാണ് ഈ വാചകത്തിന്റെ അർത്ഥം. പെട്ടെന്ന് കേട്ടാൽ വിചാരിക്കും അസ്സലാമു അലൈക്കും(അവിടുത്തേക്ക് ശാന്തി ഉണ്ടാകട്ടെ) എന്നാണെന്ന്‌. വഅലൈക്കും അഥവാ നിങ്ങൾക്കും എന്ന് മാത്രം നബിﷺ പ്രതികരിച്ചു. പക്ഷേ, ജൂതന്മാരുടെ ചതിപ്രയോഗം മനസ്സിലാക്കിയ ആഇശ(റ) അപ്പോൾ ഇങ്ങനെ പറഞ്ഞു. അസ്സാമു അലൈക്കും, വലഅനക്കുമുല്ലാഹ്, വഗളബ അലൈകും(നിങ്ങളുടെ മേൽ മരണവും അല്ലാഹുവിന്റെ കോപവും ശാപവും ഉണ്ടാവട്ടെ.)
    അപ്പോൾ നബിﷺ ഇടപെട്ടുകൊണ്ട് പറഞ്ഞു. ഒന്നു മയം കാണിക്കൂ ആഇശാ(റ)…. ഇങ്ങനെയൊന്നും മോശമായ വാക്കുകൾ പറയരുത്. അപ്പോൾ ആഇശ(റ) പറഞ്ഞു. അവർ പറഞ്ഞതെന്താണെന്ന് അവിടുന്ന് കേട്ടിരുന്നില്ലേ! അവിടുത്തേക്ക് നാശത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണല്ലോ അവർ ചെയ്തത്. അപ്പോൾ നബിﷺ ചോദിച്ചു. ഞാനെന്താണ് പ്രതികരിച്ചതെന്ന് നിങ്ങൾ കേട്ടില്ലേ. നിങ്ങൾക്കുമുണ്ടാകട്ടെ എന്നർത്ഥമുള്ള വാക്ക് മാത്രമല്ലേ ഞാൻ പറഞ്ഞുള്ളൂ. അവരുടെ പ്രാർത്ഥന ഫലിക്കില്ല, എന്റെ പ്രാർത്ഥന ഫലിക്കാതിരിക്കുകയുമില്ല.
    ചതിപ്രയോഗം നടത്തുന്നവരെ തിരിച്ചറിയാതിരുന്നു എന്ന് വന്നാൽ അത് പ്രവാചകന്ﷺ ഒരു കുറവായിരിക്കും. നിങ്ങൾ എന്താണ് എനിക്ക് അഭിവാദ്യം ചെയ്തത് അത് നിങ്ങൾക്കുമുണ്ടാകട്ടെ എന്ന ഒരൊറ്റ വാചകം എല്ലാം ഉൾക്കൊള്ളുന്നതായിരുന്നു. ഇനി ഇങ്ങനെ ചതിയുമായി വരാൻ കഴിയില്ലെന്ന ഒരു പാഠം അവർക്ക് നൽകേണ്ടതുണ്ടായിരുന്നു. എന്നാൽ, ആളുകളെ ആക്ഷേപിക്കലോ ശാപവർഷം നടത്തലോ നമ്മുടെ മാർഗ്ഗമല്ല എന്ന് ആഇശ(റ)യോട് പഠിപ്പിക്കേണ്ടതുമുണ്ടായിരുന്നു. ഇതെല്ലാം കുറഞ്ഞ വാചകങ്ങളിലൂടെ പ്രവാചകൻﷺ നിർവഹിച്ചു കഴിഞ്ഞു.
    കത്തിൽ അഭിവാദ്യ വാചകം എഴുതിയവർക്ക് പ്രത്യഭിവാദ്യം എഴുതി അറിയിച്ചിരുന്നു. അകലെ നിൽക്കുന്നവർക്ക് സലാം ചൊല്ലിയെന്ന് സൂചിപ്പിക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചിരുന്നു. ചിലർക്ക് താക്കീത് നൽകേണ്ട സന്ദർഭങ്ങളിൽ അഭിവാദ്യം സ്വീകരിക്കാതെ ശിക്ഷണം നൽകുകയും ചെയ്തിരുന്നു. പിന്നീട് അവർ പശ്ചാത്തപിക്കുകയും നേർവഴിയിൽ ഉറച്ചു നിൽക്കുകയും ചെയ്തപ്പോൾ ഹൃദയം തുറന്നു അവരെ സ്വീകരിക്കുകയും ചെയ്തു.
    സലാം സവിശേഷമായ ഒരു അഭിവാദ്യമാണ്. ആർക്ക്, ആരോട്, എപ്പോൾ, എങ്ങനെ എന്നൊക്കെ അതിന് കൃത്യമായ വീക്ഷണങ്ങളും ചിട്ടകളുമുണ്ട്. ഇസ്ലാമിന്റെ സ്വഭാവ പാഠങ്ങൾ പഠിപ്പിക്കുന്ന അധ്യായങ്ങളിൽ വിശദമായി അത് പ്രതിപാദിക്കുന്നുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...