
തിരുനബിﷺ അവിടുത്തെ ജീവിതത്തിൽ പാലിച്ചിരുന്ന ചില ചിട്ടകൾ കൂടി നമുക്ക് വായിച്ചു നോക്കാം. തിരുനബിﷺ ഒരു വീട്ടിലേക്ക് ചെന്നാൽ വീടിന്റെ കവാടത്തിന് നേരെ അഭിമുഖമായോ നിശബ്ദമായോ കടന്നു ചെല്ലുകയില്ല. പ്രധാന വാതിലിന്റെ ഏതെങ്കിലും ഒരു സൈഡിലേക്ക് മാറിനിന്നു കൊണ്ട് അഭിവാദ്യം അറിയിച്ചു സലാം ചൊല്ലും. സലാം മടക്കി പ്രത്യഭിവാദ്യം ചെയ്തു സമ്മതം നൽകിയാൽ അകത്തേക്ക് കടന്നു ചെല്ലും. അല്ലാത്തപക്ഷം മടങ്ങി പോരും. അക്കാലത്ത് വീടുകൾക്കു മുമ്പിൽ കർട്ടനുകൾ ഉണ്ടായിരുന്നില്ല. ഒരു നിലക്കും വീടകത്തേക്ക് കണ്ണെത്താത്ത രൂപത്തിൽ കടന്നു ചെല്ലുകയും ഒരാളുടെയും സ്വകാര്യതയിലേക്ക് പ്രവേശിക്കാതിരിക്കുകയും ചെയ്യും.
സൈദ് ബിൻ ഹിറാശ്(റ) പറയുന്നു. ബനൂ അമീർ ഗോത്രത്തിലെ ഒരാൾ നബിﷺയുടെ വീട്ടിലേക്ക് വന്നു. ഞാൻ അകത്തേക്ക് കയറട്ടെയോ എന്ന് അദ്ദേഹം വിളിച്ചു ചോദിച്ചു. വീടിനകത്തുണ്ടായിരുന്ന നബിﷺ പരിചാരകനെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു. അവിടെ വന്നയാൾക്ക് എങ്ങനെയാണ് വീട്ടിലേക്ക് അനുമതി ചോദിക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കൂ. ആദ്യം അസ്സലാമു അലൈക്കും പറയുക. എനിക്ക് പ്രവേശിക്കാൻ അനുമതിയുണ്ടോ എന്ന് ചോദിക്കുക. ഇങ്ങനെയാണ് അയാൾക്ക് പറഞ്ഞു കൊടുക്കേണ്ടത്. പരിചാരകൻ അത് പ്രകാരം ചെയ്തു. സ്വീകരിച്ച ആഗതൻ അതേ പദങ്ങളിൽ തന്നെ പ്രവേശനാനുമതി തേടി. നബിﷺ അദ്ദേഹത്തിന് അനുമതി നൽകി.
പ്രസിദ്ധനായ സ്വഹാബി ജാബിർ(റ) പറയുന്നു. എന്റെ വാപ്പയുടെ കടമിടപാടുമായി ബന്ധപ്പെട്ട് ഞാൻ നബിﷺയുടെ അടുക്കലേക്ക് ചെന്നു. വാതിൽക്കൽ മുട്ടി. ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ എന്ന് മറുപടി പറഞ്ഞു. ”ഞാൻ.. ഞാൻ” എന്ന് അനിഷ്ടത്തോടുകൂടി പറഞ്ഞുകൊണ്ട് തിരുനബിﷺ പുറത്തേക്ക് വന്നു.
ഞാൻ എന്നല്ല ആളെ വ്യക്തമാക്കി പറയുകയാണ് വേണ്ടത് എന്ന അധ്യാപനമായിരുന്നു ആ അനിഷ്ടത്തിൽ പ്രകടിപ്പിച്ചത്.
കലദ ബിൻ ഹമ്പൽ(റ) പറയുന്നു. മക്കാ വിജയത്തിന്റെ ദിവസം പാലും കാരയ്ക്കയും കക്കരിയും നൽകി സഫുവാൻബിൻ ഉമയ്യ എന്നെ നബിﷺയുടെ അടുക്കലേക്ക് വിട്ടു. ഞാൻ അനുമതി ഒന്നും തേടാതെ നേരെ അങ്ങ് കയറി ചെന്നു. പിന്നിലേക്ക് പോയി അനുമതി തേടിയിട്ട് തിരിച്ചുവരൂ. സലാം പറഞ്ഞിട്ട് പ്രവേശിക്കട്ടെയോ എന്ന് ചോദിക്കൂ.
വീടിന്റെ ഉള്ളിലേക്ക് സുഷിരത്തിലൂടെ നോക്കിയ ആളോട് ഗൗരവതരമായിട്ടാണ് തിരുനബിﷺ പെരുമാറിയത്. ഗ്രാമീണനായ ഒരു അറബി ഒരിക്കൽ നബിﷺയുടെ വീടിന്റെ ഉള്ളിലേക്ക് ലഭ്യമായ സുഷിരത്തിലൂടെ ചൂഴ്ന്നു നോക്കി. ഇത് കണ്ട് നബിﷺ ഒരു കൂർത്ത വടിയോ അമ്പോ മറ്റോ കയ്യിലെടുത്തു. അപ്പോഴേക്കും അയാൾ പിൻവാങ്ങി. നിങ്ങൾ അവിടെത്തന്നെ നിന്നിരുന്നുവെങ്കിൽ നിങ്ങളുടെ കണ്ണ് ഞാൻ ചൂഴ്ന്നെടുക്കുമായിരുന്നു എന്ന് നബിﷺ അയാളോട് ഗൗരവത്തിൽ അറിയിച്ചു.
എത്ര അനിവാര്യമായ ഒരു സാമൂഹ്യപാഠമാണ് മേൽ അധ്യായങ്ങളിലൂടെ നബിﷺ പഠിപ്പിച്ചു തരുന്നത്. അപരന്റെ സ്വകാര്യതയിലേക്ക് ഒരിക്കലും പ്രവേശിക്കാൻ പാടില്ല. ഓരോരുത്തരുടെയും സ്വകാര്യതയാണ് അവരുടെ ഭവനം. അനുമതിയില്ലാതെയോ മുന്നറിയിപ്പില്ലാതെയോ പൊടുന്നനെ അകത്തേക്ക് കടന്നു ചെല്ലാൻ പാടില്ല. ഓരോരുത്തരും അവരവരുടെ സ്വകാര്യതകളിൽ സ്വാതന്ത്ര്യം സ്വീകരിക്കുമ്പോൾ അതിനുള്ളിലേക്ക് നാം കടന്നു ചെന്നു കൂടാ. ഒരുപക്ഷേ ആതിഥേയന്റെ മാനവും മാന്യതയും അതുവഴി മനസ്സമാധാനവുമൊക്കെ നഷ്ടപ്പെടാൻ കാരണമായേക്കാം. ഖുർആൻ തന്നെ നേരിട്ട് പരാമർശിക്കുന്ന അധ്യാപനങ്ങൾ തിരുനബിﷺ ഓതി തന്നിട്ടുണ്ട്. സ്വകാര്യതകൾ ഏറെ ഭേദിക്കപ്പെടുന്ന പുതിയ കാലത്ത് ഇത്തരം അധ്യാപനങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. മറ്റുള്ളവരുടെ ഡിവൈസുകളിലേക്കും സ്വകാര്യ അക്കൗണ്ടുകളിലേക്കും സംഭാഷണങ്ങളിലേക്കും ചൂഴ്ന്നു കയറുന്നത് വിനോദമാക്കിയ കാലത്ത് എത്ര ബന്ധങ്ങളാണ് അതുവഴി നഷ്ടപ്പെട്ടുപോയത്! ആരുടെയൊക്കെ മാനങ്ങളാണ് മുറിവേൽപ്പിക്കപ്പെട്ടത്!
ഏതുകാലത്തും ഏതു പരിസരത്തും അനിവാര്യമായ എത്ര അധ്യാപനങ്ങളാണ് നബി ജീവിതം ലോകത്തിനുമുന്നിൽ കാഴ്ചവച്ച് യാത്രയായത്. അല്ല, ഇങ്ങനെയൊക്കെയാണ് നബിﷺ എപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നത്. ലക്ഷങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും നബി ജീവിതത്തിന്റെ വെളിച്ചം പ്രകാശം പരത്തിക്കൊണ്ടേയിരിക്കുകയാണ്. അത് എക്കാലവും തുടരുകയും ചെയ്യും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
