
ഇമാം ദാരിമി(റ) നിവേദനം ചെയ്യുന്നു. അബൂ ഹുറൈറ(റ)യോ അബൂ സഈദോ(റ) പറയുന്നു. മുഹാജിറുകളിൽ നിന്നുള്ള പാവപ്പെട്ട ഒരു മനുഷ്യൻ. അദ്ദേഹത്തിന് ഒരാവശ്യം നിറവേറ്റാൻ ഉണ്ടായിരുന്നു. പ്രവാചകനെﷺ സ്വതന്ത്രമായി ഒന്ന് കണ്ടു മറ്റാരുടെയും സാന്നിധ്യം ഇല്ലാതെ ആവശ്യം ഉന്നയിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ പ്രവാചകൻﷺ ബത്ഹായിലേക്കുള്ള സൈന്യത്തെ സജ്ജീകരിച്ച് രാത്രിയിൽ വരികയായിരുന്നു. കഅ്ബാലയത്തെ പ്രദക്ഷിണം ചെയ്‌ത് അത്താഴ സമയം കഴിഞ്ഞാൽ സ്വഹാബികൾക്ക് പ്രഭാത നിസ്കാരത്തിന് നേതൃത്വം നൽകുകയായിരുന്നു പതിവ്.
എന്നാൽ, ത്വവാഫ് കഴിഞ്ഞപ്പോഴേക്കും നേരം വൈകിപ്പോയി. പെട്ടെന്ന് വാഹനപ്പുറത്തു കയറി പുറപ്പെടാനായപ്പോൾ ആവശ്യം ഉന്നയിക്കാൻ വന്ന മനുഷ്യൻ വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചു. വാഹനത്തിന്റെ മുന്നിൽ തന്നെ കയറി നിന്നു. അദ്ദേഹം പറഞ്ഞു. എനിക്ക് അവിടുന്ന് എന്റെ ഒരാവശ്യം നിറവേറ്റി തരണം. പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾക്ക് വൈകാതെ തന്നെ നിങ്ങളുടെ കാര്യം നിറവേറ്റി തരാം. പക്ഷേ, അദ്ദേഹം മാറാൻ കൂട്ടാക്കിയില്ല. വാഹനം തടഞ്ഞു നിർത്തുന്നു എന്ന് കണ്ടപ്പോൾ കയ്യിൽ ഉണ്ടായിരുന്ന ചാട്ടകൊണ്ട് അദ്ദേഹത്തെ നബിﷺ മെല്ലെ ഒന്ന് തല്ലി. വേഗം മുന്നോട്ടു പോയി നിസ്കാരത്തിന് നേതൃത്വം കൊടുത്തു. നിസ്കാരാനന്തരം നബിﷺ ജനങ്ങളെ അഭിമുഖീകരിച്ചു. സാധാരണയിൽ ഇങ്ങനെ അഭിമുഖീകരിച്ചാൽ എന്തോ കാര്യം പറയാനുണ്ട് എന്ന് സ്വഹാബികൾ മനസ്സിലാക്കും. അത് പ്രകാരം എല്ലാവരും നബിﷺയുടെ ചുറ്റും കൂടി.
അപ്പോൾ നബിﷺ ചോദിച്ചു. ഞാൻ അല്പം മുമ്പ് അടിച്ച ആൾ എവിടെ? നബിﷺ ചോദ്യം ആവർത്തിച്ചു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഞാൻ അല്ലാഹുവിനോടും പ്രവാചകനോﷺടും കാവൽ തേടുന്നു. പ്രവാചകൻﷺ പിന്നെയും പറഞ്ഞു. അദ്ദേഹത്തോട് ഇങ്ങോട്ട് വരാൻ പറയൂ. ഇങ്ങോട്ട് അടുത്തേക്ക് വരൂ. അദ്ദേഹം അടുത്തെത്തിയപ്പോൾ നബിﷺ മുന്നിൽ ഇരുന്നു. നബിﷺയുടെ പക്കലുണ്ടായിരുന്ന ചാട്ടവാർ കൊണ്ടുവരാൻ പറയുകയും അദ്ദേഹത്തിന് കൈമാറിയിട്ട് ഇങ്ങനെ ആവശ്യപ്പെട്ടു. ഇതാ ഈ ചാട്ടവാറുകൊണ്ട് നിങ്ങൾ എന്നോട് പ്രതികാരം ചെയ്തുകൊള്ളൂ. അത്ഭുതത്തോടുകൂടി അദ്ദേഹം പറഞ്ഞു. ചാട്ടവാറുകൊണ്ട് ഞാൻ പ്രവാചകനെﷺ അടിക്കുന്നതിൽനിന്നും അല്ലാഹുവോട് ഞാൻ കാവൽ തേടുന്നു. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. അങ്ങനെയെങ്കിൽ നിങ്ങൾ എനിക്ക് വിട്ടുവീഴ്ച ചെയ്യണം. ചാട്ടവാർ ഉപേക്ഷിച്ചിട്ട് അദ്ദേഹം പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ഞാൻ അവിടുത്തേക്ക് വിട്ടുവീഴ്ച ചെയ്തിരിക്കുന്നു.
ഈ രംഗം കണ്ടുകൊണ്ട് പ്രവാചക ശിഷ്യനായ അബൂ ദർ(റ) നബിﷺയുടെ അടുത്തേക്ക് എഴുന്നേറ്റു വന്നു. എന്നിട്ട് നബിﷺയോട് ചോദിച്ചു. അഖബ ഉടമ്പടി നടന്ന രാത്രി അവിടുത്തേക്ക് ഓർമ്മയുണ്ടോ? അന്ന് ഞാനായിരുന്നു അവിടുത്തെ വാഹനം തെളിച്ചിരുന്നത്. അവിടുന്ന് വാഹനപ്പുറത്തു ഉറങ്ങുകയായിരുന്നു. ഞാൻ വാഹനം മുന്നോട്ടു നയിച്ചപ്പോൾ അത് മുന്നോട്ടു നീങ്ങാൻ തയ്യാറായില്ല. ഞാൻ അവിടുത്തെ വാഹനത്തെ അടിച്ചു. അപ്പോൾ അവിടുത്തെ ശരീരത്തിൽ തട്ടുകയും ആളുകൾ എത്തിച്ചേർന്നു എന്ന വിവരം ഞാൻ അവിടുത്തോട് പറയുകയും ചെയ്തു. പ്രവാചകൻﷺ പറഞ്ഞു. അതിനു കുഴപ്പമൊന്നുമില്ല. പക്ഷേ, അബൂദർ(റ) പറഞ്ഞു. എന്നോട് അവിടുന്ന് പ്രതികാരം എടുക്കണം.
അപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾക്കു ഞാൻ വിട്ടുവീഴ്ച ചെയ്തിരിക്കുന്നു, കുഴപ്പമൊന്നുമില്ല. പക്ഷേ, അബൂദർ(റ) വിടാൻ കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞു. അവിടുന്ന് ചാട്ടവാറുകൊണ്ട് എന്നെ ഒന്ന് അടിക്കുന്നതാണ് എനിക്ക് ഏറ്റവും സന്തോഷം. പ്രവാചകൻﷺ ചാട്ടവാർ കൊണ്ട് മെല്ലെ അദ്ദേഹത്തെ ഒന്നടിച്ചു. അദ്ദേഹം ആനന്ദപൂർവ്വം അതിൽ പുളകം കൊണ്ടു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയോട് അക്രമം ചെയ്താൽ നാളെ പരലോകത്ത് അല്ലാഹു അയാൾക്കുമേൽ നടപടി സ്വീകരിക്കും.
എത്ര ഹൃദയഹാരിയായ ഒരു രംഗമാണ് നാം വായിച്ചു പോകുന്നത്. മാനുഷിക മൂല്യങ്ങളെയും പാരസ്പര്യ ബന്ധങ്ങളുടെ മഹത്വത്തെയും ഇത്രമേൽ വാഴ്ത്തുന്ന ഒരു പ്രവാചകനെﷺ നമുക്ക് എവിടുന്ന് പഠിക്കാനാണ്! ഒരു സാധാരണക്കാരന്റെ ചെറിയ ഒരു നോവിനെ പോലും നിസ്സാരമായി കണ്ടുകൂടാ എന്ന് പ്രായോഗികമായി പഠിപ്പിക്കാൻ വേറെ ഏതു പ്രവാചകനാﷺണ് വന്നത്! ചരിത്രത്തിന്റെ സമുജ്വല അദ്ധ്യായങ്ങളിൽ ഇത്തരം അധ്യാപനങ്ങളല്ലാതെ മറ്റെന്താണ് പഠിപ്പിക്കാനുള്ളത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
