
സാമ്പത്തിക വ്യയത്തിന്റെയും വിനിയോഗത്തിന്റെയും സദാചാരത്തെക്കുറിച്ചോ സാമൂഹിക ബാധ്യതയെ കുറിച്ചോ വിചാരങ്ങൾ ഇല്ലാത്ത വിധം സമ്പത്ത് സമാഹരിക്കണം എന്ന ചിന്ത മാത്രമേ പുതിയ ലോകത്തുള്ളൂ. എന്നാൽ, വിനിയോഗത്തിന്റെയും കരുതിവെപ്പിന്റെയും കൃത്യമായ അടിസ്ഥാനങ്ങൾ രൂപപ്പെടുത്തി കൊണ്ടാണ് തിരുനബിﷺ സമ്പത്തിനെ സമീപിക്കുന്നത്; സാമ്പത്തിക വിനിമയത്തെ കുറിച്ച് സംസാരിക്കുന്നത്. പ്രവാചക ശിഷ്യന്മാരിൽ പ്രമുഖനായ സഅദ് ബിൻ അബീ വഖാസ്(റ) പങ്കുവെക്കുന്ന ഒരു നിവേദനം ഉണ്ട്. അദ്ദേഹം പറയുന്നു.
വിടവാങ്ങൽ ഹജ്ജ് വേളയിൽ എനിക്ക് രോഗം മൂർച്ഛിച്ചു. എന്നെ സന്ദർശിക്കാൻ വേണ്ടി തിരുനബിﷺ വന്നു. എന്റെ സമീപത്ത് ഇരിക്കുന്ന നബിﷺയോട് ഞാൻ ചോദിച്ചു. അവിടുന്ന് എന്റെ അവസ്ഥ കാണുന്നുണ്ടല്ലോ? അഥവാ ഞാൻ ഇനി അധികം ഉണ്ടാവണമെന്നില്ല. ഞാൻ അത്യാവശ്യം സമ്പത്തുള്ള ആളാണ്. എനിക്ക് അനന്തരാവകാശിയായി ഒരു മകളെ ഉള്ളൂ. എന്റെ സമ്പത്തിന്റെ മൂന്നിൽ രണ്ട് ഭാഗം ഞാൻ ധർമ്മം ചെയ്താലോ?നബി ﷺ പറഞ്ഞു, വേണ്ട. എന്നാൽ, എന്റെ സ്വത്തിന്റെ പകുതി ഞാൻ ദാനം ചെയ്താലോ? അതും വേണ്ട. എന്നാൽ മൂന്നിൽ ഒരു ഭാഗം ആയാലോ? അതെ, മൂന്നിലൊന്നു തന്നെ മതിയായതാണ്. അനന്തരാവകാശികളെ മറ്റുള്ളവരോട് കൈനീട്ടുന്ന വിധം ഉപേക്ഷിക്കുന്നതിനേക്കാൾ നല്ലത് സമ്പന്നരായി പെട്ടുപോകുന്നതാണ്. അല്ലാഹുവിന്റെ പ്രീതികാംക്ഷിച്ചുകൊണ്ട് വിനിയോഗിക്കുന്നതെല്ലാം പുണ്യദാനങ്ങൾ ആയി പരിഗണിക്കപ്പെടും. ഏതുവരെ എന്നല്ലേ! നിങ്ങളുടെ ഭാര്യയുടെ വായയിൽ നിങ്ങൾ സ്നേഹപൂർവ്വം വെച്ചു കൊടുക്കുന്ന ഭക്ഷണവും ആ ഗണത്തിൽ ഉൾപ്പെടും.
എത്ര വിശാലമായ ആശയങ്ങളാണ് മേൽ ഹദീസിൽ നിന്ന് നാം വായിച്ചത്. സമൂഹത്തിന്റെ മനസ്സിനെയും വിചാരത്തെയും വ്യവഹാര മേഖലകളെയും മുഴുവൻ ഉൾക്കൊള്ളുന്ന പരാമർശങ്ങൾ. സ്നേഹപൂർവ്വം ഭാര്യക്കു നൽകുന്ന ഭക്ഷണവും പരലോകത്ത് പ്രതിഫലം ലഭിക്കുന്ന ധർമ്മമാണെന്ന് അടയാളപ്പെടുത്തുമ്പോൾ, എത്ര വിശാലമാണ് തിരുനബിﷺയുടെ ധർമ്മത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ. മരണം ആസന്നനായ ആളുടെ സമ്പാദ്യം മുഴുവനും മറ്റുള്ളവർക്ക് വേണ്ടി ധർമ്മം ചെയ്തു പോകാൻ അല്ല പ്രേരിപ്പിക്കുന്നത്. ആശ്രിതരെ അനാഥരാക്കാതെ ആവശ്യത്തിനു നൽകിയിട്ട് പോകണം എന്നു തന്നെയാണ്.
തിരുനബിﷺയുടെ വ്യക്തിജീവിതത്തിലെ നിലപാടുകളാണ് സമ്പത്തിൽ സ്വീകരിച്ചത്. പ്രവാചകൻﷺ ലോകത്തോട് വിടപറയുമ്പോൾ എന്തെങ്കിലും സമ്പാദ്യം ശേഷിക്കുന്നുവെങ്കിൽ അത് പൊതുഖജനാവിലേക്ക് നീക്കാൻ ആണ് നിർദ്ദേശിച്ചത്. അതിസൂക്ഷ്മമായ നിലപാടുകൾ സ്വന്തം ജീവിതത്തിലും ലളിതമായ ജീവിതരീതികൾ സമുദായത്തിനും നിർദ്ദേശിച്ച അത്ഭുതകരമായ നേതൃത്വമാണ് മുഹമ്മദ് നബിﷺ.
ലഭിച്ച സമ്പാദ്യത്തിൽ മറ്റുള്ളവരെ കൂടി പരിഗണിക്കണമെന്ന് നിരന്തരമായി നബിﷺ ഉൽബോധിപ്പിച്ചു കൊണ്ടിരുന്നു. വിശുദ്ധ ഖുർആൻ രണ്ടാം അധ്യായം അൽ ബഖറയിലെ 261 ആം സൂക്തത്തിന്റെ ആശയം വായിച്ചു നോക്കൂ. “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകളെ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇവ്വിധം ഇരട്ടിയായി കൂട്ടിക്കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്.”
പണമുള്ളവൻ പാവപ്പെട്ടവന് നൽകിയാൽ തീർന്നു പോകുമോ എന്ന് ഭയപ്പെടുമ്പോൾ, അല്ലെങ്കിൽ ഇറുക്കിപ്പിടിച്ച് വീണ്ടും വീണ്ടും സമ്പന്നൻ ആകാൻ ശ്രമിക്കുമ്പോൾ, ദാനം കൊണ്ടാണ് വളർച്ചയെന്നും പുരോഗമനത്തിനുള്ള നിമിത്തമാണ് മറ്റുള്ളവർക്ക് നൽകുന്നതെന്നും അതിശക്തമായി പ്രവാചകൻﷺ ലോകത്തോട് വിളിച്ചു പറയുകയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
