
ഹാറൂൺ ബിൻ അബാൻ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ എഴുപതിനായിരം ദിർഹം തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. അന്നുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച സംഖ്യയായിരുന്നു അത്. പ്രവാചകൻﷺ പള്ളിയിൽ തന്നെ പായയിൽ ഇരുന്നു. തൊട്ടുമുന്നിൽ പായയിൽ തന്നെ ദിർഹമുകളും വച്ചു. ചോദിച്ചു വന്ന എല്ലാവർക്കും തിരുനബിﷺ നൽകിക്കൊണ്ടേയിരുന്നു. പൂർണ്ണമായും അത് കൊടുത്തു തീർന്നതിനുശേഷമാണ് തിരുനബിﷺ അവിടെ നിന്നും എഴുന്നേറ്റു പോയത്.
ഹുനൈൻ യുദ്ധാനന്തരം തിരുനബിﷺ നൽകിയ ദാനം എക്കാലത്തും എവിടെയും ഉദ്ധരിക്കാൻ മാത്രം വിശാലമായിരുന്നു. ഹുനൈനിലെ യുദ്ധാനന്തര സ്വത്ത് വിഹിതം വച്ചുകൊണ്ടിരിക്കുമ്പോഴാണ് തിരുനബിﷺയുടെ പോറ്റു സഹോദരി നബിﷺയുടെ സന്നിധിയിലേക്ക് വന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന വിധമുള്ള ദാനധർമ്മങ്ങൾ ആയിരുന്നു അവർക്ക് വേണ്ടി സമ്മാനമായി നൽകിയത്. അഞ്ചുലക്ഷം ദിർഹമിനോളം വരുന്ന സമ്മാനങ്ങൾ നൽകിയെന്ന് കണക്കാക്കിയവരും ഉണ്ട്. കയ്യിലുള്ളത് നഷ്ടപ്പെടുമോ ദാരിദ്ര്യം വന്നുചേരുമോ എന്നൊരു വിചാരവും ദാനം ചെയ്യുമ്പോൾ തിരുനബിﷺക്ക് ഒരിക്കലും ഉണ്ടായിട്ടില്ല.
അനസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു നിവേദനത്തിൽ ഇങ്ങനെ വായിക്കാം. ബഹ്റൈനിൽ നിന്നുള്ള വലിയ ഒരു സമ്പാദ്യം നബി സമക്ഷത്തിലേക്ക് കൊണ്ടുവന്നു. പള്ളിയുടെ ഒരു മൂലയിൽ പരസ്യമായി അത് കൂട്ടിവെക്കാൻ പറഞ്ഞു. ശേഷം, ഓരോരുത്തർക്കായി വിതരണം ചെയ്യാൻ തുടങ്ങി. ഒരു ചില്ലി കാശ് പോലും അവശേഷിക്കാതെ ആവശ്യക്കാർക്കും ചോദിച്ചു വന്നവർക്കും നൽകി. പ്രവാചകൻﷺ അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ വീട്ടിലേക്കോ സ്വന്തം ആവശ്യത്തിനോ ഒന്നും കരുതിയിരുന്നില്ല. തിരുനബിﷺക്ക് വേണ്ടി കരുതിവെക്കാൻ ആരെയും ഒന്നും ഏൽപ്പിച്ചതുമില്ല.
ഈ ലോകത്ത് സമ്പാദ്യങ്ങളോട് പരിത്യാഗപൂർണ്ണമായ സമീപനങ്ങൾ സ്വീകരിച്ചവർക്കല്ലേ ഇങ്ങനെ ആകാൻ കഴിയൂ. തിരുനബിﷺയുടെ പ്രവാചകത്വ പ്രഖ്യാപനത്തിന്റെ സത്യസാക്ഷ്യം കൂടിയായിരുന്നു സമ്പാദ്യത്തോടും അധികാരത്തോടുമുള്ള തിരുനബിﷺയുടെ സമീപനം. പലരും പല വാദങ്ങളും ഉയർത്തുകയും സ്വാധീനം ഉണ്ടാക്കുകയും ചെയ്യുന്നത് സമ്പത്ത് സമാഹരിക്കാനും അധികാരം കയ്യാളുന്നതിനുമൊക്കെയായിരിക്കും. എന്നാൽ, നബി ജീവിതത്തിൽ അതിന്റെ ഒരു ലാഞ്ചന പോലും വായിക്കാൻ കഴിയില്ല. പ്രവാചകരുﷺടെ ജീവിതം നേരെ ചൊവ്വേ വായിക്കാൻ ലോകം തയ്യാറാകുമ്പോഴാണ് ഈ വസ്തുതകളൊക്കെ തിരിച്ചറിയാൻ കഴിയുക. കേവലമായ കേട്ടുകേൾവികളും വിമർശകന്മാർ ഉന്നയിക്കുന്ന ആക്ഷേപങ്ങളും മാത്രം കേട്ട് പ്രവാചകനെﷺക്കുറിച്ച് അവതരിപ്പിക്കുന്നവർക്ക് വസ്തുതകളുടെ അയലത്തേക്ക് പോലും എത്താൻ കഴിയില്ല.
ഓരോ അനുഗ്രഹങ്ങൾ ലഭിക്കുമ്പോഴും ദാനധർമ്മങ്ങൾ കൊണ്ട് നന്ദി രേഖപ്പെടുത്താനും അല്ലാഹുവിൽ നിന്ന് പ്രീതി കാംക്ഷിക്കാനും തിരുനബിﷺ താല്പര്യപ്പെടുമായിരുന്നു. പരിശുദ്ധ റമളാനിലെ തിരുനബിﷺയുടെ ദാന ധർമ്മങ്ങളെ കുറിച്ചുള്ള നിവേദനങ്ങൾ ഏറെ പ്രസിദ്ധമാണ്. വ്യാപകമായ ഔദാര്യത്തിന്റെ നാളുകളായിരുന്നു അത്. ഖുർആൻ സന്ദേശവുമായി എത്തിച്ചേരുന്ന മലക്ക് ജിബ്‌രീലി(അ)ന്റെ ആഗമന നാളുകൾ പ്രവാചകർﷺക്ക് ദാനധർമ്മങ്ങളുടെ തുല്യതയില്ലാത്ത നാളുകൾ കൂടിയായിരുന്നു. ഒരു നാടുമുഴുവൻ വ്യാപിക്കുന്ന മന്ദമാരുതനെ പോലെ തിരുനബിﷺയുടെ ഔദാര്യത്തിന്റെ ശകലങ്ങൾ എത്താത്ത ആരും ഉണ്ടായിരുന്നില്ല.
ഒരിക്കൽ ഒരാൾ സഹായം തേടി നബിﷺയെ സമീപിച്ചു. അദ്ദേഹത്തിന് കൊടുക്കാൻ പാകത്തിൽ ഒന്നും നബിﷺയുടെ കൈവശമുണ്ടായിരുന്നില്ല. അവിടുന്ന് മറ്റൊരാളുടെ പക്കൽ നിന്നും വായ്പ വാങ്ങി അദ്ദേഹത്തിന് ആവശ്യം നിറവേറ്റി കൊടുത്തു. ഈ രംഗത്തിന് സാക്ഷിയായ ഉമർ(റ) ചോദിച്ചു. അല്ലയോ പ്രവാചകരെﷺ അവിടുന്ന് കൈവശമുണ്ടെങ്കിൽ കൊടുത്താൽ പോരെ? എന്തിനാണ് ഇങ്ങനെ പ്രയാസപ്പെടുന്നത്? പ്രവാചകരെﷺ ആശ്വസിപ്പിക്കാൻ ആയിരുന്നു ഉമറി(റ)ന്റെ ഇടപെടൽ. എന്നാൽ, പ്രവാചകർﷺക്ക് അത് അത്ര സന്തോഷമായില്ല. ആ അസംതൃപ്തി തിരുനബിﷺയുടെ മുഖത്ത് പ്രകടമായി. അപ്പോഴാണ് ഒരു ഗ്രാമീണൻ നബിﷺയോട് ഇങ്ങനെ പറഞ്ഞത്. അല്ലയോ പ്രവാചകരെﷺ അവിടുന്ന് എത്ര വേണമെങ്കിലും ദാനം ചെയ്തു കൊള്ളൂ. അർശിന്റെ അധിപനായ അല്ലാഹുവിൽനിന്ന് ദാരിദ്ര്യത്തെ ഭയക്കേണ്ടതില്ല. ഈ വർത്തമാനം നബിﷺക്ക് വളരെ സന്തോഷമായി. ഉടനെ ഉമറി(റ)നോട് പറഞ്ഞു. ഇങ്ങനെയാണ് ഉമറേ(റ) പറയേണ്ടിയിരുന്നത്.
തിരുനബിﷺയിൽ നിറഞ്ഞു നിന്ന ഔദാര്യ മനസ്സിന്റെ എത്ര ഉജ്ജ്വലമായ ഒരു ഉദാഹരണമാണിത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
