
നബി ജീവിതത്തിന്റെ വിനയ വിസ്മയങ്ങളെ സമീകരിച്ചുകൊണ്ടുള്ള ഒരു നിവേദനം ഇങ്ങനെ വായിക്കാം. അബ്ദുറഹ്മാൻ ബിൻ ഔസി(റ)ന്റെ മകൻ അബൂസലമ(റ) പറയുന്നു. ഞാൻ അബുസഈദ് അൽ ഖുദ്രി(റ)യോട് ചോദിച്ചു. എന്താണ് ഇത്ര ലളിതമായ ഭക്ഷണവും പാനീയവും വസ്ത്രവും ഒക്കെയായി ജീവിക്കുന്നത്? അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. അല്ലാഹുവിന്റെ പ്രീതിയിൽ ഭക്ഷിക്കുക, അണിയുക, ധരിക്കുക. ധൂർത്തോ പ്രശസ്തിയോ ലോകമാന്യതയോ ഒക്കെ കലർന്നാൽ അതു പാപമായി. നബിﷺ വീട്ടുകാര്യങ്ങൾ കൈകാര്യം ചെയ്തതുപോലെ നമ്മളും കൈകാര്യം ചെയ്യുക.
തിരുനബിﷺ വീട്ടിലെ മൃഗങ്ങളെ കറക്കും ഒട്ടനങ്ങളെ കെട്ടും വീട് അടിച്ചു വാരും ആടിനെ പരിപാലിക്കും ചെരുപ്പും വസ്ത്രവും തുന്നും. പരിചാരകനോടൊപ്പം ഭക്ഷണം കഴിക്കുകയും മാവ് അയക്കുന്നതിനും മറ്റും സഹായം ചോദിച്ചാൽ കൂടി കൊടുക്കുകയും ചെയ്യും. അങ്ങാടിയിൽ പോയി കാരക്ക വാങ്ങും അത് വസ്ത്രത്തിന്റെ കോന്തലയിലോ അല്ലാതെയോ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മടി ഉണ്ടായിരുന്നില്ല. വീട്ടിലേക്കുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കും. ചെറിയവർ, വലിയവർ, ധനികർ, പാവപ്പെട്ടവർ ഭേദമില്ലാതെ ഹസ്തദാനം ചെയ്യും. കറുത്തവർ, വെളുത്തവർ, അടിമകൾ, സ്വതന്ത്രർ, കുട്ടികൾ, മുതിർന്നവർ വ്യത്യാസമില്ലാതെ സലാം ചൊല്ലും. അങ്ങോട്ട് തന്നെ അഭിവാദ്യ വാചകം ചൊല്ലുന്നതിൽ മടിയുണ്ടായിരുന്നില്ല.
ആരുടെയും ക്ഷണം സ്വീകരിക്കുന്നതിൽ സന്തോഷമായിരുന്നു. എത്ര പാവപ്പെട്ടവരുടെയും പുരോഹിതരുടെയും ആതിഥ്യം സ്വീകരിച്ചു. എത്ര ലളിതമായ വിഭവങ്ങൾ കൊണ്ടുവന്നാലും സന്തോഷത്തോടെ പരിഗണിച്ചു. അത്താഴത്തിൽ നിന്ന് പ്രാതലിനു വേണ്ടിയോ പ്രാതലിൽ നിന്ന് അത്താഴത്തിനു വേണ്ടിയോ കരുതിവച്ചില്ല. അവിടുത്തെ ഏഴു വീടുകളും ചിലപ്പോൾ ഒരു റൊട്ടിക്കഷ്ണം പോലുമില്ലാതെ രാവുകൾ കടന്നുപോയി. മിതമായ വ്യയം മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. എല്ലാവരോടും മാന്യമായും മൃദുവായും സമീപിക്കും. സുന്ദരമായ പെരുമാറ്റവും പ്രസന്ന മുഖത്തോടെയുള്ള അഭിവാദ്യവുമായിരുന്നു. ഉറക്കെ ചിരിക്കാതെ പുഞ്ചിരിക്കും. മുഖം മ്ലാനമാകാതെ ആലോചിച്ചിരിക്കും. നിന്ദ്യതയില്ലാത്ത വിനയം കാണിക്കും. പിണക്കം ഉണ്ടാക്കാതെ നിലപാട് പാലിക്കും. ധൂർത്തില്ലാതെ ദാനം ചെയ്യും. വിശ്വാസികളോടും ബന്ധുക്കളോടും പ്രത്യേകം മമത കാണിക്കും. ഒരിക്കലും മടുക്കും വരെ ഭക്ഷണം കഴിച്ചിട്ടില്ല. ഒരാഗ്രഹത്തിനു വേണ്ടിയും കൈ നീട്ടിയിട്ടില്ല.
അബൂസലമ(റ) പറഞ്ഞു. അബൂ സഈദി(റ)ൽ നിന്ന് കേട്ട ഈ കാര്യങ്ങളൊക്കെ ഒരിക്കൽ ഞാൻ പ്രിയപ്പെട്ട നബി പത്നി ആഇശ(റ)യോട് പറഞ്ഞു. ഇക്കാര്യങ്ങളിൽ ഒരക്ഷരം പോലും പിഴച്ചിട്ടില്ല എന്നായിരുന്നു മഹതിയുടെ പ്രതികരണം. എന്നാൽ ചിലത് ഇതിൽ നിന്ന് വിട്ടു പോയിട്ടുണ്ട്. ഞാനത് ഇങ്ങനെ പൂരിപ്പിച്ചു തരാം. ഒരിക്കലും തിരുനബിﷺ വയർ നിറയെ ഭക്ഷിച്ചിട്ടില്ല. ആരോടും ആവലാതി പറയാറില്ല. പ്രയാസങ്ങളെ ആയാസങ്ങളെക്കാളും സമ്പന്നതയെക്കാളും ഇഷ്ടപ്പെട്ടു. ചിലപ്പോൾ വിശന്നൊട്ടിയ വയറുമായി രാത്രി കഴിഞ്ഞു കൂടും. എന്നാൽ പോലും പിറ്റേന്ന് നോമ്പെടുക്കാൻ ലക്ഷ്യം വെച്ചാൽ അത് മുടക്കുകയില്ല.
അല്ലാഹുവോട് പ്രാർത്ഥിച്ചാൽ പ്രവാചകർﷺക്ക് കനികളും നിധികളും ലഭിക്കും. പക്ഷേ, അങ്ങനെ തേടാറില്ല. പാശ്ചാത്യ പൗരസ്ത്വ അനുഗ്രഹങ്ങൾ കൈവെള്ളയിൽ എത്തും. എന്നാൽ അത് ആഗ്രഹിച്ചില്ല. ചിലപ്പോൾ അവിടുത്തെ വിശന്നൊട്ടിയ വയറുകണ്ട് ഞാൻ കരയും. അവിടുത്തെ ഉദരത്തിൽ തലോടിക്കൊണ്ട് ഞാൻ പറയും, ഞാൻ എന്നെ അവിടുത്തേക്ക് സമർപ്പിച്ചിരിക്കുന്നു. അവിടുത്തെ വിശപ്പടക്കാൻ മാത്രമെങ്കിലും ദുനിയാവ് എനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ എന്നോട് ഇങ്ങനെ പ്രതികരിക്കും. അല്ലയോ ആഇശ(റ) നിശ്ചയദാർഢ്യത്തിൽ മുന്നിലുള്ള ഉലുൽ അസ്‌മുകളായ പ്രവാചകന്മാർ എന്തെല്ലാം സഹിച്ചിട്ടുണ്ട്. ഇതിനേക്കാൾ കഠിനമായ പല ഘട്ടങ്ങളും കടന്നാണല്ലോ അവർ അല്ലാഹുവിലേക്ക് പോയത്. നാളെ അവരുടെ മുമ്പിൽ ഞാൻ ചെറുതാവാൻ ആഗ്രഹിക്കുന്നില്ല. പരലോകത്ത് അനുഗ്രഹങ്ങൾ കുറഞ്ഞു പോയിട്ട് കുറഞ്ഞ നാളത്തെ ഈ ലോകത്തെ അനുഗ്രഹങ്ങളെ ഞാൻ അഭിലഷിക്കുന്നില്ല.
എത്ര മനോഹരമായ ഒരു ആഖ്യാനമാണ് നാം വായിച്ചത്. നബി ജീവിതത്തിന്റെ പകർപ്പുകളെ ലോകത്തോട് പറഞ്ഞുകൊടുക്കുകയും അവിടുത്തെ ജീവിതത്തിൽ നിന്ന് പകർപ്പുകളെ സ്വീകരിച്ചതിൽ ആത്മസംതൃപ്തിയോടെ പങ്കുവെക്കുന്നതിനും എത്ര ചൈതന്യത്തോടെയാണ് അനുയായികൾ ആവേശംകൊണ്ടത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
