
അബ്ദുല്ലാഹി ബിൻ ജഅ്ഫർ(റ) നിവേദനം ചെയ്യുന്നു. അൻസ്വാരികളിൽ ഒരാളുടെ തോട്ടത്തിലേക്ക് തിരുനബിﷺ പ്രവേശിച്ചു. തിരുനബിﷺയെ കണ്ടതും അവിടെയുണ്ടായിരുന്ന ഒരൊട്ടകം നിലവിളിക്കാൻ തുടങ്ങി. കണ്ണീരൊലിപ്പിച്ചു കരയുന്ന ഒട്ടകത്തിന്റെ അടുത്തേക്ക് തിരുനബിﷺ നടന്നുചേർന്നു. അവിടുത്തെ തിരുകരങ്ങൾ കൊണ്ട് ആ മൃഗത്തെ തലോടി. അതോടെ അത് കരച്ചിൽ നിർത്തി. നബിﷺ ചോദിച്ചു. ഇത് ആരുടെ ഒട്ടകമാണ്? ഇതിന്റെ ഉടമസ്ഥൻ ആരാണ്? അപ്പോൾ അൻസ്വാരികളിൽ നിന്നുള്ള യുവാവായ മുതലാളി രംഗത്തേക്ക് വന്നു. തന്റേതാണെന്ന് അദ്ദേഹം സമ്മതിച്ചു. നിനക്ക് അല്ലാഹു ഉടമപ്പെടുത്തി തന്ന ഈ മൃഗത്തിന്റെ കാര്യത്തിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? അന്നം കൊടുക്കാതെയും വേണ്ടത്ര പരിചരണം ഇല്ലാതെയും നീ ഈ മൃഗത്തെ പ്രയാസപ്പെടുത്തുന്നു എന്ന് അത് എന്നോട് പരാതി പറഞ്ഞിരിക്കുന്നു.
ഒട്ടകത്തിന്റെ ആവലാതിയെ പരിഗണിക്കുന്ന പ്രവാചകന്റെﷺ മനസ്സും മുഖവും നമ്മൾ ഒന്നാലോചിച്ചു നോക്കൂ. ഒരു നാൽക്കാലിയുടെ നൊമ്പരവും വികാരങ്ങളും പരിഗണിക്കേണ്ടതാണെന്നും അറിയേണ്ടതാണെന്നും എത്ര കൃത്യമായിട്ടാണ് തിരുനബിﷺ ബോധിപ്പിക്കുന്നത്. ഈ ലോകത്ത് നാം അനുഭവിക്കുന്നത് മുഴുവനും പ്രപഞ്ചാധിപനായ അല്ലാഹു നമുക്ക് ഔദാര്യം ചെയ്തു തന്ന അനുഗ്രഹങ്ങളാണ് എന്ന് കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. പ്രസ്തുത അധ്യാപനം നേരെ ചൊവ്വേ അനുയായികളെ പഠിപ്പിക്കാനും കൂടിയുള്ള ഒരു നടപടിയായിരുന്നു ഇത്. ഒരു വിശ്വാസി വിളവിറക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന പക്ഷം, ആ വിളവുകളിൽ നിന്ന് നാൽക്കാലികളോ പറവകളോ ഭക്ഷിച്ചാൽ പോലും ധർമ്മം ചെയ്തതിന്റെ പ്രതിഫലം ലഭിക്കും എന്നുകൂടി വ്യക്തമായി തിരുനബിﷺ അഭ്യസിപ്പിക്കുന്നുണ്ട്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്ത ഹദീസിൽ അങ്ങനെ തന്നെ കാണാൻ കഴിയും.
ജീവജാലങ്ങളോടും ജീവജാലങ്ങൾ തിരിച്ചും ആർദ്രമായ പെരുമാറ്റങ്ങൾ നടത്തിയതിന്റെ ജീവിതാനുഭവങ്ങൾ വേറെ ആരെക്കുറിച്ചാണ് നമുക്ക് വായിക്കാൻ ഉള്ളത്. കരഞ്ഞുതേങ്ങുന്ന ഒട്ടകവും ജാമ്യത്തിനു വേണ്ടി കരയുന്ന മാൻപേടയും അനുതാപത്തിനുവേണ്ടി കാത്തിരിക്കുന്ന ജീവജാലങ്ങളും ആരുടെ ചരിത്രത്തിൽ നിന്നാണ് നമുക്ക് പഠിക്കാനുള്ളത്.
കുഞ്ഞു പക്ഷിയെയും കൊണ്ടുവന്ന അനുയായിയോട് തള്ളപ്പക്ഷിയുടെ വേർപാടിന്റെ നൊമ്പരത്തെക്കുറിച്ച് പറഞ്ഞുകൊടുത്ത പ്രവാചകൻﷺ, കുഞ്ഞിനെ തിരിച്ചുകൊണ്ടുപോയി കൂട്ടിൽ വച്ചുകൊടുക്കാൻ പറഞ്ഞയക്കുന്നു. കുഞ്ഞു പറവയുടെ മനോനൊമ്പരത്തെയും ഓർത്തെടുത്ത് പരിഹരിക്കാൻ സമയം കണ്ടെത്തിയ പ്രവാചകനെﷺയാണ് ലോകത്തിന്റെ കാരുണ്യം എന്ന് ഖുർആൻ പരിചയപ്പെടുത്തിയത്.
പ്രവാചക ജീവിതത്തെ പകർത്തുമ്പോൾ ഒരു സവിശേഷതയുണ്ട്. വർണ്ണനകളുടെയും കാല്പനികതയുടെയും ലോകത്ത് കൂടിയായിരിക്കില്ല നമ്മൾ സഞ്ചരിക്കുന്നത്. അവിടുന്ന് നടന്നുപോയ വഴിയടയാളങ്ങളൊക്കെ കൃത്യമായി രേഖപ്പെടുത്തി കൊണ്ടാണ് ചരിത്രം വാചാലമാകുന്നത്. ഒരു മഹാചരിത്രത്തിന്റെ മുഴുവൻ ആധികാരികതയും അതിലേറെ നിവേദകന്മാരെ കുറിച്ചുള്ള വ്യക്തതയും മുന്നിൽ വെച്ചുകൊണ്ടാണ് നബി ജീവിതത്തിന്റെ രാപ്പകലകൾ വായനാ ലോകത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
മക്കയിൽ നിന്ന് അവിടുന്ന് കോരി കൊടുത്ത തീർത്ഥത്തിന്റെ തുള്ളികൾ ഇതുവരെയും അവസാനിച്ചിട്ടില്ല. പ്രവാചകൻﷺ വെള്ളവും കാരക്കയും കൊടുത്തപ്പോൾ അത് സ്വീകരിച്ച ശിഷ്യൻ അദ്ദേഹത്തിന്റെ ശിഷ്യനും അതുപോലെ പകർന്നു കൊടുത്തു. അണമുറിയാതെ ഇന്നുവരെയും ആ പരമ്പര ചേർന്നു തന്നെ നിൽക്കുന്നു. എനിക്ക് വെള്ളവും കാരക്കയും പകർന്നു തന്ന ഗുരുവിന് അദ്ദേഹത്തിന്റെ ഗുരു നേരിട്ട് കൈമാറിയപ്പോഴാണ് അത് ലഭിച്ചത്. അങ്ങനെ ഇന്നലെകളിലേക്ക് സഞ്ചരിക്കുമ്പോൾ നാല്പതാമത്തെ തിരുകരം ശ്രേഷ്ഠരായ പുണ്യ പ്രവാചകരുﷺടേതായിരിക്കും. മധുരവും തീർത്ഥവും ഹസ്തദാനവും ആലിംഗനവും ചൂടുമാറാതെ പകർന്നു വന്നതാണ് ഇന്നും തുടരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
