
തിരുനബിﷺയുടെ സ്വഭാവ മഹിമ പരിസരത്തുള്ള എല്ലാവരെയും കൂടുതൽ ആകർഷിച്ചു. തിരുനബിﷺയുമായി ബന്ധപ്പെട്ട ഓരോരുത്തർക്കും നബിﷺ എല്ലാമെല്ലാമായിരുന്നു. അങ്ങോട്ട് തിരുനബിﷺ കൊടുത്ത സ്നേഹ സൗഹൃദത്തിന്റെ പ്രതിഫലനമായിരുന്നു അത്. അനസ്(റ) പറയുന്നു. അനുയായികളിൽ നിന്ന് ആരെയെങ്കിലും മൂന്നുദിവസം കാണാതായാൽ തിരുനബിﷺ അവരെ അന്വേഷിക്കും. രോഗിയാണെന്ന് അറിഞ്ഞാൽ സന്ദർശിക്കും. അല്ലാത്തവരെയും കണ്ടുമുട്ടാൻ ശ്രമിക്കും. യാത്ര പോയി എന്നറിഞ്ഞാൽ അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കും.
വലിയവരെ പരിഗണിക്കുകയും കുട്ടികൾക്ക് വാത്സല്യം നൽകുകയും ചെയ്തു. അനസ്(റ) തന്നെ പറയുന്നു. ഒരു ദിവസം എന്നെ ഒരാവശ്യത്തിന് അയച്ചു. പോകുന്ന വഴിയിൽ കുറച്ചു കുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അവരോടൊപ്പം കൂടി. അല്പം കഴിഞ്ഞപ്പോൾ തിരുനബിﷺ ആ വഴിക്ക് വന്നു. ഞങ്ങൾ കുട്ടികളെ കണ്ടപ്പോൾ ഞങ്ങളോടൊപ്പം ഇരുന്നു.
സൈദ് ബിൻ സാബിത്(റ) പറയുന്നു. നബിﷺ ഞങ്ങളോടൊപ്പം സദസ്സിൽ ഇരിക്കും. ഞങ്ങൾ ഭൗതിക കാര്യങ്ങൾ നബിﷺയോടൊപ്പം ചേർന്ന് വർത്തമാനം പറയും. ഞങ്ങൾ പരലോകത്തെ കുറിച്ച് പറഞ്ഞാൽ അതിലും നബിﷺ ഭാഗമാകും. ഞങ്ങൾ ഭക്ഷണത്തെക്കുറിച്ച് സംസാരിച്ചാൽ നബിﷺയും ഭക്ഷണത്തെക്കുറിച്ച് തന്നെ സംസാരിക്കും.
അനുയായികളോട് എത്രമാത്രം ഇഴുകിചേർന്നു കൊണ്ടായിരുന്നു തിരുനബിﷺ സംസാരിച്ചിരുന്നത് എന്ന് അറിയിക്കുന്ന പരാമർശങ്ങൾ ആണിത്. ഉപചാരങ്ങൾ പറഞ്ഞു അകലം പാലിക്കുകയോ പെരുമ പറഞ്ഞു മാറിനിൽക്കുകയോ ചെയ്യൽ തിരുനബിﷺയുടെ രീതിയായിരുന്നില്ല.
അബൂബക്കറി(റ)ന്റെ മകൾ അസ്മാഅ്(റ) പറയുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം. വിടവാങ്ങൽ ഹജ്ജിനു വേണ്ടി തിരുനബിﷺ ഒരുങ്ങി. അബൂബക്കർ(റ) നബിﷺയോട് പറഞ്ഞു. എനിക്ക് ഒരു വാഹനമുണ്ട്. നബിﷺയുടെ സാധനസാമഗ്രികൾ ഒക്കെ അതിന്മേൽ വഹിച്ചുകൊണ്ടുപോകാം. നബിﷺ പറഞ്ഞു. എന്നാൽ അങ്ങനെയാവട്ടെ. ധാന്യപ്പൊടികളും മറ്റ് സാധനങ്ങളും ഒക്കെ വാഹനത്തിൽ സജ്ജീകരിച്ചു. അബൂബക്കർ(റ) അദ്ദേഹത്തിന്റെ ഒരു അടിമയെ ആ ഒട്ടകത്തെ ഏൽപ്പിച്ചു. ആ വാഹനത്തെ തെളിച്ചു കൊണ്ടുവരൽ ആയിരുന്നു അയാളുടെ ഉത്തരവാദിത്വം. വഴിമധ്യേ അയാൾ ഉറങ്ങിപ്പോയി. ഒട്ടകവും സാധനങ്ങളും എല്ലാം ഏതോ വഴിക്ക് പോയി. തിരുനബിﷺയും സംഘവും വഴിയിൽ വിശ്രമത്തിനിറങ്ങിയപ്പോൾ ആ അടിമ വെറും കൈയോടെ അടുത്തേക്ക് വന്നു. വാഹനവും സാധനങ്ങളും നഷ്ടപ്പെട്ട വിവരം പറഞ്ഞു. അബൂബക്കറി(റ)ന് സഹിക്കാനായില്ല. അദ്ദേഹം അടിമയെ അടിക്കാൻ വേണ്ടി ഒരുങ്ങി. അപ്പോൾ അബൂബക്കർ(റ) ഇങ്ങനെ പറയുന്നുണ്ടായിരുന്നു. ഞാൻ മാത്രമായിരുന്നെങ്കിൽ യാതൊരു കുഴപ്പവും ഇല്ലായിരുന്നു. തിരുനബിﷺയും കുടുംബവും ഒപ്പമുള്ളപ്പോൾ എന്താണിനി ചെയ്യുക. വർത്തമാനം കേട്ട് തിരുനബി പുഞ്ചിരിച്ചു. എന്നിട്ട് ഇങ്ങനെ ചോദിച്ചു. ഇഹ്‌റാമിൽ പ്രവേശിച്ച ഇദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് നോക്കൂ? അഥവാ തിരുനബിﷺ രംഗം ശാന്തമാക്കുകയായിരുന്നു.
അധികം വൈകിയില്ല ഒരാൾനല്ല പലഹാരം തിരുനബിﷺയുടെ അടുക്കൽ കൊണ്ടുവന്നു. ഉടനെ നബിﷺ അബൂബക്കറി(റ)നെ വിളിച്ചുകൊണ്ട് പറഞ്ഞു. വരൂ അബൂബക്കറെ(റ) അല്ലാഹു നമുക്ക് നല്ല ഭക്ഷണം നൽകിയിരിക്കുന്നു. അപ്പോഴും അബൂബക്കർ(റ) അടിമയോട് അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. നബിﷺ ഇടപെട്ടുകൊണ്ട് പറഞ്ഞു. അതൊന്നും അത്ര കാര്യമാക്കണ്ട. കാര്യങ്ങൾ ഒന്നും അവരുടെ കയ്യിലോ നമ്മുടെ കയ്യിലോ അല്ല. ഒട്ടകം വിട്ടുപോകരുതെന്ന് അടിമയുടെ മനസ്സിൽ ഉണ്ടായിരുന്നു. കാര്യം അദ്ദേഹത്തിന്റെ നിയന്ത്രണത്തിനും അപ്പുറമായിപ്പോയി. ശേഷം, തിരുനബിﷺയും ഒപ്പമുള്ളവരും നന്നായി ഭക്ഷണം കഴിച്ചു.
എത്ര ഹൃദ്യമായ ഇടപെടലുകളാണ് തിരുനബിﷺ നടത്തിയത്. അബൂബക്കറി(റ)ന്റെ സ്നേഹവും തിരുനബിﷺയുടെ വിട്ടുവീഴ്ചയും യാഥാർത്ഥ്യങ്ങളിലേക്കുള്ള വിചാരവും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നതിന്റെ ധന്യ മുഹൂർത്തങ്ങളും എല്ലാം ഒത്തുചേർന്ന രംഗങ്ങളാണ് നാം വായിച്ചു പോയത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
