
പ്രവാചക ശിഷ്യൻ അബ്ദുല്ലാഹി ബിൻ ബുസ്ർ(റ) നിവേദനം ചെയ്യുന്നു. വയോധികനായ ഒരാൾ തിരുനബിﷺയുടെ സന്നിധിയിൽ എത്തി. അദ്ദേഹം നബിﷺയോട് പറഞ്ഞു. ഇസ്ലാമിക നിയമങ്ങളും വ്യവസ്ഥിതികളുമൊക്കെ ഏറെ ഉണ്ടല്ലോ? എല്ലാം കൂടി എനിക്ക് അറിയാനും പാലിക്കാനുമൊന്നും ഇപ്പോൾ സാധിക്കില്ലല്ലോ? എനിക്ക് പ്രത്യേകമായി മുറുകെ പിടിക്കാൻ എന്തെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. അദ്ദേഹത്തോട് തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. അല്ലാഹുവിനെ സ്മരിക്കുന്ന മന്ത്രം കൊണ്ട് നിങ്ങളുടെ നാവ് എപ്പോഴും നനഞ്ഞിരിക്കട്ടെ.
എത്ര ലളിതമായ ഉത്തരമായിരുന്നു തിരുനബിﷺ നൽകിയത്. ചോദ്യകർത്താവിന്റെ പ്രായവും പരിതസ്ഥിതിയും ഒക്കെ മനസ്സിലാക്കി. ജീവിതകാലത്ത് മുഴുവൻ കാത്തു വെക്കാനും നാളത്തേക്ക് കരുതിവെക്കാനുമുള്ള അമൂല്യനിധി പോലെ അദ്ദേഹം അതിനെ ഏറ്റെടുത്തു. അവസാന നിമിഷം വരെ അത് പരിപാലിച്ചുകൊണ്ടിരുന്നു. പവിത്ര മന്ത്രധ്വനികളിൽ ചലിക്കുന്ന നാവോടെ ഈ ലോകത്തുനിന്ന് അദ്ദേഹം യാത്രയായി. പ്രയാസമോ തടസ്സമോ ഉള്ള ഒരു വർത്തമാനവും തിരുനബിﷺയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഏതുകാലത്തും ഏതു വ്യക്തിയിലും സ്വാധീനിക്കാവുന്ന മഹാവിസ്മയമായി ഇസ്ലാമിനെ അവതരിപ്പിച്ചത് ഇങ്ങനെയായിരുന്നു.
അംറ് ബിൻ അൽ ആസ്(റ), പ്രസിദ്ധനായ സ്വഹാബി വര്യൻ. കുറച്ചു വൈകിയാണ് അദ്ദേഹം ഇസ്ലാമിലേക്ക് വന്നത്. ഒരിക്കൽ അവിടുന്ന് പ്രവാചക സന്നിധിയിലേക്ക് വന്നു. തിരുനബിﷺയുടെ സദസ്സിൽ വന്നിരുന്നു. കരാർ ചെയ്യാൻ വേണ്ടി തിരുനബിﷺക്ക് കൈനീട്ടി കൊടുക്കാൻ പറഞ്ഞു. നീട്ടിപ്പിടിച്ച കൈ അംറ് (റ) പെട്ടെന്ന് പിന്നോട്ട് വലിച്ചു. നബിﷺ ചോദിച്ചു. എന്തുപറ്റി അംറേ(റ)? അംറ്(റ) തുടരുകയാണ്. ഞാൻ നബിﷺയോട് പറഞ്ഞു. ഞാൻ നിബന്ധനയോടുകൂടി അവിടുത്തെ കരാർ ചെയ്യാൻ ആഗ്രഹിക്കുന്നു. എന്താണ് നിങ്ങൾ നിബന്ധനയായി താല്പര്യപ്പെടുന്നത്? എന്റെ പാപങ്ങളൊക്കെ പൊറുക്കപ്പെടണമെന്ന്. നിങ്ങൾ അറിഞ്ഞില്ലേ! ഇസ്ലാമിലേക്ക് പ്രവേശിക്കുന്നതോടെ അതിനു മുമ്പുള്ള എല്ലാ പാപങ്ങളും പൊറുക്കപ്പെടും. ഹിജ്റ അഥവാ പലായനത്തോടെ പലായനം ചെയ്തവന്റെ മുൻകാല പാപങ്ങളും പൊറുക്കപ്പെടും.
സന്ദർഭോചിതമായി നബിﷺ നൽകിയ വിശദീകരണം അനുയായിയെ ഏറെ സന്തോഷിപ്പിച്ചു. ജീവിതത്തിലേക്ക് മുഴുവനുമുള്ള ഒരു കരുതൽ ധനമായി അത് ഹൃദയത്തിൽ കരുതി. പാപമുക്തനായി പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നു എന്ന കൃത്യമായ ഒരു മാനസികാനുഭവം അദ്ദേഹം ആസ്വദിച്ചു. ഒരു യുഗത്തെയും ഒരു ദേശത്തെയും ഒരു കാലത്തെയും മാറ്റുന്നതിനേക്കാൾ പ്രയാസകരമായ ഹൃദയ മാറ്റം ഒരു പ്രയോഗം കൊണ്ട്, ഒരു നിമിഷംകൊണ്ട്, മാറ്റിയെടുത്തു. പരിവർത്തനത്തിന്റെ ഈ മഹാവിസ്മയത്തെ ഹൃദയത്തിന്റെ ഏതെല്ലാം കോണിൽ ഏറ്റെടുത്തുകൊണ്ടാണ് നമ്മൾ സ്വീകരിക്കേണ്ടത്! പരകോടി ഹൃദയങ്ങളെ ഒരേ കേന്ദ്രബിന്ദുവിലേക്ക് തിരിച്ചു നിർത്താൻ മാത്രമുള്ള പ്രണയത്തിന്റെ മഹാലോകം ലോകത്ത് ഒരു വ്യക്തി സ്ഥാപിച്ചത്; തിരുനബിﷺയിലൂടെ ഇന്നും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു.
തിരുനബിﷺ അനുയായികളിൽ സ്ഥാപിച്ച ആവേശത്തിന്റെയും സ്നേഹത്തിന്റെയും ഓളങ്ങൾ ഏതെങ്കിലും ഒരു കാല പരിധിയിൽ അവസാനിച്ചില്ല. കാലങ്ങളുടെ പുറത്തേക്കും അത് തുടർന്നുകൊണ്ടിരുന്നു. അന്ന് അനുയായികൾ ഉയിര് കൊടുത്തും ആ സ്നേഹത്തെ കാത്തു രക്ഷിച്ചു. തിരുനബിﷺയോടുള്ള സ്നേഹമാണോ അതല്ല നിങ്ങളുടെ ജീവനാണോ വലുത് എന്ന് ചോദിച്ചാൽ ജീവനേക്കാൾ വലുത് നബിﷺയാണെന്ന് അവർ കർമ്മം കൊണ്ടും വാക്കുകൊണ്ടും സ്ഥാപിച്ചു. സമാനമായ സ്നേഹ സമർപ്പണങ്ങളുടെ നിറഞ്ഞ മനസ്സോടെ ജീവിക്കുന്ന പരകോടികൾ ഇന്നും ലോകത്ത് അവശേഷിക്കുന്നു.
ഒന്നര സഹസ്രാബ്ദത്തിന്റെ കാലദൂരം ആ സ്നേഹ വിസ്മയത്തിന് തടസ്സം തീർത്തിട്ടില്ല. വൈകാരികമായ ആ സ്നേഹവിചാരത്തെ മുറിച്ചു കളഞ്ഞിട്ടില്ല. അതിനിയും തുടർന്നുകൊണ്ടേയിരിക്കും. ഒരു കോട്ടയോ രാജ്യമോ ഉണ്ടാക്കി ഒരുപാട് ആളുകളെ അങ്ങോട്ട് വിളിച്ചു ചേർക്കുകയല്ല തിരുനബിﷺ ചെയ്തത്. പ്രപഞ്ചത്തോളം വിശാലമായ ഹൃദയം തുറന്നുവെച്ച് അതിൽ ലോകത്തെ മുഴുവനും നേർവഴിക്ക് നയിക്കാനുള്ള ദീപം തെളിയിച്ചു വെക്കുകയായിരുന്നു. ഭാഗ്യവാൻമാരെല്ലാം ആ വെളിച്ചത്തിലേക്കും ഹൃദയത്തിലേക്കും വന്നുചേരുന്നു. അത്രമാത്രം!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
