
അബ്ദുൽ ഖൈസിന്റ സംഘം തിരുനബി സവിധത്തിൽ വന്നതിനെക്കുറിച്ച് പ്രസിദ്ധമായ നിവേദനം സ്വഹീഹുൽ ബുഖാരിയിൽ ഉണ്ട്. ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. അബ്ദുൽ ഖൈസിന്റെ നിവേദക സംഘം പ്രവാചക സവിധത്തിലേക്ക് വന്നു. നബിﷺ ചോദിച്ചു. ആരാണ് വന്നത്? റബീഅ ഗോത്രത്തിൽ നിന്നുള്ളവരാണ് എന്ന് പറഞ്ഞപ്പോൾ പ്രവാചകൻﷺ പ്രത്യേകം മംഗളം നേർന്നു സ്വാഗതം ചെയ്തു. അപ്പോൾ അവർ ഇങ്ങനെ പറഞ്ഞു. ഞങ്ങൾ വളരെ വിദൂരത്തു നിന്നുള്ളവരാണ്. എല്ലാ കാലത്തും ഞങ്ങൾക്ക് ഇങ്ങോട്ട് വരാൻ കഴിയില്ല. ഞങ്ങൾ വരുന്ന വഴിയിൽ ഞങ്ങളോട് വിയോജിപ്പുള്ള ഗോത്രമുണ്ട്. അവർ ഒരുപക്ഷേ യുദ്ധത്തിന് തയ്യാറായേക്കും. അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസത്തിൽ മാത്രമേ വരാൻ കഴിയുകയുള്ളൂ. ഞങ്ങൾക്ക് സ്വർഗ്ഗ പ്രവേശം സാധ്യമാകുന്ന വിധം അടിസ്ഥാനപരമായ കാര്യങ്ങൾ സംക്ഷിപ്തമായി ഞങ്ങൾക്ക് പറഞ്ഞു തരണം.
അപ്പോൾ പ്രവാചകൻﷺ നാലു കാര്യങ്ങൾ കൽപ്പിക്കുകയും നാലു കാര്യങ്ങൾ വിരോധിക്കുകയും ചെയ്തു. മദ്യം കരുതി വെക്കാനും ലഹരി ഉണ്ടാക്കാനും ഉപയോഗിച്ചിരുന്ന നാലു പാത്രങ്ങളെ ആയിരുന്നു വിരോധിച്ചത്. ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങളിൽ നിന്ന് സുപ്രധാനമായ നാലെണ്ണമാണ് കൽപ്പിച്ചത്. അല്ലാഹുവിൽ വിശ്വസിക്കുക, നിസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, റമദാനിൽ വ്രതമനുഷ്ഠിക്കുക, സമരാർജിത സമ്പാദ്യത്തിൽ നിന്ന് അഞ്ചിൽ ഒന്ന് നൽകുക എന്നീ കാര്യങ്ങൾ ആയിരുന്നു അവ. അതിൽ ഒന്നാമത്തെ കാര്യം പറഞ്ഞ ശേഷം പ്രവാചകൻﷺ ചോദിച്ചു. അല്ലാഹുവിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ എന്താണെന്ന് നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു. ഞങ്ങൾക്കറിയില്ല, അല്ലാഹുവിനും അവന്റെ ദൂതനുംﷺ ആണ് അതിനെക്കുറിച്ച് നന്നായി അറിയുക.
ഉടനെ പ്രവാചകൻﷺ സത്യസാക്ഷ്യത്തിന്റെ അടിസ്ഥാന കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനാണെന്നും വിശ്വസിക്കുക, സാക്ഷ്യം വഹിക്കുക. ഈ ആശയം മൊത്തം ഉൾക്കൊള്ളുന്നതാണ് അല്ലാഹുവിലുള്ള വിശ്വാസം എന്ന് പഠിപ്പിക്കുകയായിരുന്നു അവിടെ.
പ്രവാചകൻﷺ പിന്നെയും ഏറെനേരം അവരോട് സംസാരിച്ചു. അതിനിടയിൽ ആ നാട് മുഴുവനും തിരുനബിﷺയുടെ മുമ്പിൽ അല്ലാഹു പ്രദർശിപ്പിച്ചു കൊടുത്തു. തഥടിസ്ഥാനത്തിൽ തിരുനബിﷺ ആ നാടിനെ കുറിച്ച് ഓരോ കാര്യങ്ങളും വിശദമായി തന്നെ ചോദിച്ചപ്പോൾ അവർ ആശ്ചര്യപ്പെട്ടു. അവർ ഇങ്ങനെ പറഞ്ഞു. ആ നാട്ടിൽ ജനിച്ച ആൾക്ക് പോലും ഇത്രയും വ്യക്തമായി ആ നാടിനെ കുറിച്ച് പറയാൻ കഴിയില്ല. അവർ തിരുനബിﷺയുടെ പ്രവാചകത്വത്തെ ഒരിക്കൽ കൂടി ഉറപ്പിച്ചു മനസ്സിലാക്കി. എന്നിട്ട് അവിടുന്ന് തന്നെ ഇങ്ങനെ തുറന്നു പറഞ്ഞു. നിങ്ങൾ എന്റെ സന്നിധിയിൽ വന്നിരുന്നപ്പോൾ ആ നാട് മുഴുവനും എന്റെ മുന്നിലേക്ക് ഉയർത്തി കാണിക്കപ്പെട്ടു. അതിന്റെ ഉയർന്ന ഭാഗവും താഴ്ന്ന ഭാഗവും എല്ലാം ഞാൻ നിരീക്ഷിച്ചു. അവിടെ രോഗശമനത്തിന് കാരണമാകുന്ന ബർണി എന്ന കാരക്ക ഉണ്ടല്ലോ? അത് രോഗത്തെ നീക്കം ചെയ്യുന്നതും ശമനം ദാനം ചെയ്യുന്നതുമായ കാരക്കയാണ്.
ഇസ്ലാമിക ചരിത്രത്തിൽ രണ്ടാമത്തെ ജുമുഅ നടന്നത് ഈ ദൗത്യസംഘത്തിന്റെ മാതൃദേശത്തായിരുന്നു. അന്നത്തെ ബഹ്റൈനിന്റെ ഭാഗമായിരുന്ന ജുവാസ എന്ന സ്ഥലത്ത്. ഇന്ന് സൗദി അറേബ്യയുടെ ഭാഗമായാണ് ജുവാസ സ്ഥിതി ചെയ്യുന്നത്. ഇന്നും പ്രസ്തുത സ്ഥലത്തുള്ള പഴയ പള്ളി സൗദിയുടെ പുരാവസ്തു വിഭാഗം പ്രത്യേകം പരിചരിച്ചു സംരക്ഷിച്ചു പോരുന്നു.
പ്രസ്തുത ദേശക്കാരെ പ്രശംസിച്ചുകൊണ്ട് തിരുനബിﷺ വേറെയും പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
ഓരോ നാടിനെയും നാട്ടുകാരെയും തിരുനബിﷺ എങ്ങനെയൊക്കെയാണ് സ്വീകരിക്കുന്നത്. ഓരോ നാട്ടുകാരോടും എന്തെല്ലാം സന്ദേശങ്ങളാണ് അവിടുന്ന് കൈമാറുന്നത്. എല്ലാത്തിലും ആഗതരുടെ വൈവിധ്യങ്ങൾക്ക് അനുസരിച്ച് വൈവിധ്യങ്ങളോടെയുള്ള സമീപനങ്ങൾ. ഈ വൈവിധ്യങ്ങളെല്ലാം എങ്ങനെയാണ് ഒരു കേന്ദ്രത്തിൽ സംഗമിപ്പിക്കുന്നത്. ലോകത്ത് ഏതൊരു നേതാവിനാണ് ഇത്രയേറെ വ്യത്യസ്തതകളോട് സമരസപ്പെടാനും സമ്മതിക്കാനും അവസരം ഉണ്ടായത്. ഇത്രയേറെ സംഘങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നത്. കേവലമായ ഉപചാരങ്ങൾക്കപ്പുറം മാനുഷികമായ ഇടപെടലുകൾ. നേരിട്ടുള്ള സംഭാഷണങ്ങളും സംസ്കരണങ്ങളും. പച്ചയായ ജീവിതങ്ങളോടും അനുഷ്ഠാനങ്ങളോടുമുള്ള ആഭിമുഖ്യങ്ങൾ. എന്തെല്ലാം ഘടകങ്ങളെ ചേർത്തുവച്ചുകൊണ്ട് വേണം ജീവിതത്തെ വായിക്കാനും പഠിക്കാനും പകർത്താനും. ഓരോ അധ്യായവും കൂടുതൽ കൗതുകങ്ങളും അത്ഭുതങ്ങളും ആണ് നമ്മുടെ മുന്നിൽ തുറന്നു തരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
