
ബനൂ ആമിർ ബിൻ സഅ്സാഅയുടെ ആഗമനം
തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്ന വേറിട്ട രണ്ട് വ്യക്തികളുടെയും അവരുടെ അനുഭവങ്ങളുടെയും വിവരണമാണ് നാം വായിക്കാൻ പോകുന്നത്.
ഇബ്നു ഇസ്ഹാഖ്(റ) നിവേദനം ചെയ്യുന്നു. ബനൂ ആമിറിൽ നിന്നുള്ള നിവേദന സംഘം മദീനയിലേക്ക് വന്നു. ആമിർ ബിൻ തുഫൈൽ, ജബ്ബാർ ബിൻ സൽമാ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ഇവർ മൂന്നു പേരും അവരുടെ സമൂഹത്തിലെ നേതാക്കളും ഒപ്പം പൈശാചിക ഭാവങ്ങൾ ഉള്ളവരും ആയിരുന്നു. അവർ ദുരുദ്ദേശങ്ങളോടെയും സ്വാർത്ഥ താല്പര്യങ്ങളോടെയും പ്രവാചക സവിധത്തിൽ എത്തി. ആമിർ അർബദിനോട് പറഞ്ഞു. നമ്മൾ മുഹമ്മദ് നബിﷺയുടെ അടുക്കൽ എത്തിയാൽ ഞാൻ സംസാരിച്ചു ശ്രദ്ധ തിരിച്ചുകൊണ്ടിരിക്കും. ആ സമയത്ത് നീ വാൾ ഉപയോഗിച്ച് വേണ്ടത് ചെയ്തുകൊള്ളണം. അർബദ് സമ്മതിച്ചു. രണ്ടുപേരും പ്രവാചകരുﷺടെ മുമ്പിൽ എത്തി. ആമിർ പ്രവാചകരോﷺട് സംസാരിക്കാൻ തുടങ്ങി. എന്നെ അവിടുത്തെ ആത്മമിത്രമായി സ്വീകരിക്കണം എന്നയാൾ ആവശ്യപ്പെട്ടു. പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ സത്യവിശ്വാസത്തിലേക്ക് വന്നാൽ അങ്ങനെ ആകാം. വീണ്ടും അയാൾ ആവശ്യപ്പെട്ടപ്പോഴും പ്രവാചകൻﷺ പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും ഞാൻ അല്ലാഹുവിന്റെ പ്രവാചകൻﷺ ആണെന്നും അംഗീകരിച്ചാൽ ഞാൻ നിങ്ങളെ ആത്മമിത്രമായി സ്വീകരിച്ചുകൊള്ളാം.
ഇബ്നു അബ്ബാസി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. ഒരുപക്ഷേ മുഹമ്മദിﷺനെ വധിച്ചു കളഞ്ഞാൽ സാമ്പത്തിക മൂല്യമോ യുദ്ധമോ ആയിരിക്കും മുമ്പിലുള്ള വഴി. സാമ്പത്തിക നഷ്ടപരിഹാരം നൽകി നമുക്ക് രക്ഷപ്പെടാം.
ഇബ്നു അബ്ബാസ്(റ) തുടരുന്നു. ആമിറും അർബദും പ്രവാചകരുﷺടെ സന്നിധിയിൽ എത്തി. കുറേനേരം സംസാരിച്ചുകൊണ്ടിരുന്നു. സംസാരത്തിനിടയിൽ അർബദ് ആയുധപ്രയോഗം നടത്തി പ്രവാചകരെﷺ വധിച്ചു കളയും എന്നാണ് വിചാരിച്ചത്. എന്നാൽ യാതൊന്നും ചെയ്യുന്നത് അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല. യഥാർത്ഥത്തിൽ അർബദിന് അതിന് സാധിക്കുമായിരുന്നില്ല. അയാളുടെ കൈ വാളിൽ പറ്റിപ്പിടിച്ചത് പോലെ. ഏതായാലും സംഭാഷണങ്ങൾക്ക് ശേഷം രണ്ടുപേരും പുറത്തിറങ്ങി. ആമിർ കൂട്ടുകാരനോട്, ഒരു ശതമാനവും നിന്റെ ധീരതയിൽ ഇനി എനിക്ക് വിശ്വാസമില്ല. നിന്നെപ്പോലെ ഒരു ഭീരുവിനെ ഞാൻ കണ്ടിട്ടുമില്ല. ഞാൻ മുഹമ്മദ് നബിﷺയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്തുകൊണ്ടാണ് നീ ആയുധപ്രയോഗം നടത്താതിരുന്നത്. അർബദ് ഇങ്ങനെ പ്രതികരിച്ചു. എപ്പോഴെല്ലാം ഞാൻ വാൾ ഉയർത്താൻ ഒരുങ്ങിയോ അപ്പോഴെല്ലാം മുഹമ്മദ് നബിﷺ അപ്രത്യക്ഷമാവുകയും നീ മാത്രം എന്റെ മുന്നിൽ തെളിയുകയും ചെയ്തു. ഞാൻ എങ്ങനെയാണ് നിന്നെ വധിച്ചു കളയുക. കൃത്യമായി ഒരു മറ എന്റെയും മുഹമ്മദ് നബിﷺയുടെയും ഇടയിൽ, നീ തന്നെ വന്നതുപോലെ.
പ്രവാചക സദസ്സിൽ നിന്ന് അതി രൂക്ഷമായ പ്രതികരണങ്ങളോടെയാണ് ആമിർ പുറത്തിറങ്ങിയത്. താനാവശ്യപ്പെട്ടത് ലഭിക്കാത്തതിനാൽ പ്രതികാരം നടപ്പിലാക്കും എന്നായിരുന്നു അയാളുടെ വാശി. അല്ലാഹുവേ ഇയാളെ അധീനപ്പെടുത്തേണമേ എന്ന് തിരുനബിﷺ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. രണ്ടുപേരും പുറത്തിറങ്ങി യാത്ര ആരംഭിച്ചു. മൂന്ന് ദിവസത്തോളം തിരുനബിﷺയുടെ പ്രാർത്ഥന തുടർന്നു കൊണ്ടിരുന്നു. ഒടുവിൽ മാരകമായ രോഗങ്ങളോടെ ഹീനമായ അന്ത്യമായിരുന്നു അയാൾക്ക് ലഭിച്ചത്.
ഏതൊരു രാഷ്ട്രത്തിനും വ്യക്തിക്കും പ്രതിരോധശക്തി എന്നത് സുപ്രധാനമായ ഒരു കാര്യമാണ്. രാജ്യങ്ങൾ പരസ്പരം സൗഹാർദ്ദത്തിലും സന്തോഷത്തിലും കഴിയുമ്പോഴും ഓരോ രാജ്യവും തനതായ പ്രഹര ശേഷിയും പ്രതിരോധശക്തിയും കൂടുതൽ ഭദ്രതയോടെ സംരക്ഷിച്ചുകൊണ്ടിരിക്കും. അത് നിലനിൽപ്പിന്റെ അനിവാര്യതയാണ്. മുന്നോട്ടുള്ള ഗമനത്തിന് അത്യാവശ്യവുമാണ്.
പ്രവാചക സന്നിധിയിൽ വന്ന് സ്നേഹ സംവാദങ്ങളിലൂടെ മതത്തെ തിരിച്ചറിഞ്ഞവരും പ്രവാചകരുﷺടെ സ്നേഹ സ്വീകരണങ്ങളിൽ തിരുനബിﷺയെ മനസ്സിലാക്കിയവരും ഒക്കെയുണ്ട്. എന്നാൽ, ദുരുദ്ദേശങ്ങളോടുകൂടി വരികയും പരാജയപ്പെടുത്താമെന്നും വധിച്ചു കളയാമെന്നും വിചാരിക്കുകയും ചെയ്തവർക്ക് മുന്നിൽ വേദം ഓതിയിട്ട് കാര്യമില്ലല്ലോ? അവരെ കൃത്യമായി പ്രതിരോധിക്കാനും അവരുടെ ശല്യങ്ങളിൽ നിന്ന് രാഷ്ട്രത്തെയും നേതാവിനെയും സംരക്ഷിക്കാനും ഏതൊരു സംവിധാനത്തിനും ഭദ്രത ഉണ്ടാവണം. അതുതന്നെയാണ് പ്രവാചകൻﷺ അതിശക്തമായി പ്രകാശിപ്പിച്ചത്. അങ്ങനെ ഒരാൾക്ക് മറികടന്ന് പരാജയപ്പെടുത്താൻ ആയാൽ പിന്നെ ഈ സംവിധാനങ്ങൾക്കൊക്കെ എന്താണ് പ്രസക്തി. അപ്പോൾ ഇസ്ലാമും പ്രവാചകരുംﷺ ഏതെല്ലാം ദിശയിൽ മാതൃകയാകാൻ ആണോ വേണ്ടത് അവിടെയെല്ലാം മനോഹരമായി അത് കാഴ്ച വെക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
