
ഇബ്നു ഇസ്ഹാഖ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ വഫാത്താവുകയും ചിലയാളുകൾ മതഭ്രഷ്ടരാവുകയും ചെയ്തപ്പോൾ തുഫൈൽ(റ) മുസ്ലിംകളോടൊപ്പം പുറപ്പെട്ടു. തുലൈഹ എന്ന പ്രദേശത്ത് നിന്ന് ദൂരേക്ക് സഞ്ചരിച്ചു. മുസ്ലിംകൾക്കൊപ്പം യമാമയിലേക്ക് എത്തി. അദ്ദേഹത്തിന്റെ മകൻ അംറും ഒപ്പമുണ്ടായിരുന്നു. ഒരു ദിവസം ഒരു സ്വപ്നം കണ്ടു. ഒപ്പമുണ്ടായിരുന്ന ആളുകളോട് അദ്ദേഹം പറഞ്ഞു. ഞാൻ കണ്ട ഒരു സ്വപ്നം നിങ്ങളോട് പറയാം. അതിന്റെ വ്യാഖ്യാനം നിങ്ങൾ പറഞ്ഞുതരാമോ? അവർ ചോദിച്ചു എന്താണ് ആ സ്വപ്നം. എന്റെ തല മുണ്ഡനം ചെയ്യപ്പെട്ടു. എന്റെ വായിൽ നിന്ന് ഒരു കിളി പറന്നു പുറത്തേക്കു വന്നു. അത് ഒരു സ്ത്രീയുടെ രഹസ്യ ഭാഗത്തേക്ക് പ്രവേശിച്ചു. പിന്നീട് എന്റെ മകൻ എന്നെ അന്വേഷിച്ച് ഇറങ്ങിയത് കണ്ടു. അവനും തുറുങ്കിലടക്കപ്പെട്ടതായി അനുഭവപ്പെട്ടു.
കേട്ടവർ പറഞ്ഞു നിങ്ങൾ കണ്ട സ്വപ്നം ശുഭ സ്വപ്നമാണ്. അപ്പോൾ തുഫൈൽ(റ) പറഞ്ഞു. ഞാൻ അതിനൊരു വ്യാഖ്യാനം കണ്ടിട്ടുണ്ട്. അനുവാചകർ ചോദിച്ചു എങ്ങനെയാണ് നിങ്ങൾ വ്യാഖ്യാനിച്ചത്. അദ്ദേഹം പറഞ്ഞു തുടങ്ങി. തലമുണ്ഡനം ചെയ്യപ്പെട്ടു എന്നതുകൊണ്ട് ശിരസ്സ് നിലംപൊത്തി എന്നാണ്. വായിൽ നിന്ന് പക്ഷി പറന്നു പുറത്തേക്കു വന്നു എന്നതിന്റെ താല്പര്യം എന്റെ ആത്മാവ് ശരീരത്തിൽ നിന്ന് വേറിട്ട് പോയി എന്നാണ്. ഭൂമി മാതാവിന്റെ ഉള്ളിലേക്ക് മറമാടപ്പെട്ടു എന്നാണ് സ്ത്രീയുടെ രഹസ്യ ഭാഗത്തേക്ക് പക്ഷി പ്രവേശിച്ചു എന്നതിന്റെ താല്പര്യം. എന്റെ മകൻ എന്നെ അന്വേഷിച്ച് ഇറങ്ങി എന്നതുകൊണ്ട് എന്റെ മകനും എന്റെ മാർഗത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയെന്നാണ് ഞാൻ വ്യാഖ്യാനിച്ചത്. ഒപ്പം അവനും എന്നെപ്പോലെ തന്നെ ലോകത്തോട് യാത്രയാകും.
സ്വപ്നം അപ്രകാരം തന്നെ പുലർന്നു. തുഫൈൽ ബിൻ അംറ് അദ്ദൗസി(റ) യമാമ യുദ്ധത്തിൽ കൊല്ലപ്പെട്ടു. മകൻ അല്ലാഹുവിന്റെ മാർഗത്തിൽ പരിക്കേൽക്കുകയും, യർമൂക് യുദ്ധകാലത്ത് ലോകത്തോട് വിട പറയുകയും ചെയ്തു. ഖലീഫ ഉമർ(റ)ന്റെ കാലത്തായിരുന്നു അത്.
ഏതെല്ലാം വിചാര തലങ്ങളെ ഉൾക്കൊള്ളുന്ന ഒരു ചരിത്ര സംഭവത്തിലൂടെയാണ് നാം സഞ്ചരിച്ചത്. ഇസ്ലാമിനെ തേടി വരികയും ശരിയായ വിധം അതുൾക്കൊള്ളുകയും ചെയ്ത ഒരു മഹാപുരുഷൻ. പഠിച്ചറിഞ്ഞ ദർശനത്തെ പ്രബോധനം ചെയ്യാൻ കർമ്മ ഗോദയിലിറങ്ങിയ ഒരു ആക്ടിവിസ്റ്റ്. പ്രബോധന വഴിയിൽ പ്രതിസന്ധികളെ മുഴുവനും അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ആത്മവീര്യം. വിശ്വാസ സംരക്ഷണത്തിന് നാട്ടിൽ തുടർന്നാൽ പ്രതിസന്ധിയാകും എന്ന് കണ്ടപ്പോൾ പലായനത്തിന് തയ്യാറായ സമർപ്പണത്തിന്റെ പ്രതീകം. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും തുല്യതയില്ലാത്ത ഇടപെടലുകൾ. സ്വയം മരണത്തെക്കുറിച്ച് വ്യാഖ്യാനിക്കുമ്പോൾ ഒരു വിശ്വാസിയുടെ വിയോഗം സ്വർഗ്ഗത്തിലേക്കുള്ള സഞ്ചാരമാണെന്ന തിരിച്ചറിവിൽ നിന്നുകൊണ്ട് ആത്മ പ്രതീക്ഷയോടെ പങ്കുവെക്കാനുള്ള വിശ്വാസദാർഢ്യത. പ്രവാചക പാഠശാലയിൽ നിന്ന് അറിയുകയും പഠിക്കുകയും ചെയ്ത നന്മകളെ പരിപാലിക്കാനുള്ള കൃത്യത. ഇതെല്ലാം ഒത്തുചേർന്നു നിൽക്കുന്ന ഒരു മഹാസംഭവത്തിന്റെ ലളിത ആഖ്യാനമാണ് നമ്മുടെ മുന്നിലൂടെ കടന്നുപോയത്.
മരണം അത് പ്രതീക്ഷയാണെന്നു പഠിപ്പിക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മതദർശനം ഇസ്ലാം മാത്രമാണ്. മരണം ഒരു അവസാനമാണെന്നും നഷ്ടമാണെന്നും വന്നാൽ ആ വിചാരം മനുഷ്യന് നൽകുന്ന ആത്മസങ്കോചങ്ങൾ എത്രയായിരിക്കും. എന്നാൽ മരണം പ്രതീക്ഷയിലേക്കും പ്രഭാതത്തിലേക്കും പ്രത്യാശയിലേക്കുമുള്ള സഞ്ചാരമാണെന്ന് വരുമ്പോൾ, ഇവിടുത്തെ സൽകർമങ്ങളും അനുഷ്ഠാന നന്മകളുമാണ് നാളത്തെ നീണ്ട ശുഭ ജീവിതത്തിന്റെ ആമുഖം എന്നുകൂടി ചേർത്തു വായിക്കുമ്പോൾ ഒരു വിശ്വാസിയുടെ ജീവിതവും മരണവും ഒരുപോലെ മനോഹരമാകുന്നു. നല്ല മരണത്തിനുവേണ്ടി ജീവിക്കുകയും നല്ല ഒരു തുടർ ജീവിതത്തിനു വേണ്ടി മരിച്ചു പിരിയുകയും ചെയ്യുന്ന തുല്യതയില്ലാത്ത ഒരു ജീവിത രസതന്ത്രമാണ് ഇസ്ലാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
