
ബനൂ സഅലബ് ഗോത്രത്തിലെ നിവേദക സംഘം…..
ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ബനൂ സഅലബ് ഗോത്രത്തിലെ ഒരു വ്യക്തി പറഞ്ഞു. ഹിജ്‌റ എട്ടാം വർഷം നബിﷺ ജഇർറാനയിൽ നിന്ന് വരുന്ന സമയത്ത് ഞങ്ങൾ നാലുപേർ തിരു സന്നിധിയിലേക്ക് വന്നു. ഞങ്ങൾ ഇസ്‌ലാം സ്വീകരിക്കുന്നു എന്നറിയിക്കാനാണ് എത്തിച്ചേർന്നത്. റംല ബിൻത് ഹാരിസിന്റെ ഭവനത്തിനടുത്താണ് ഞങ്ങൾ ആദ്യം എത്തിയത്. അപ്പോഴേക്കും ബിലാൽ(റ) ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങളെ ഒന്നാകെ ഒന്ന് നിരീക്ഷിച്ചിട്ട് ചോദിച്ചു. നിങ്ങളോടൊപ്പം മറ്റാരെങ്കിലും ഉണ്ടോ? ഞങ്ങൾ പറഞ്ഞു, ഇല്ല. ഉടനെ തന്നെ തിരിഞ്ഞു പോയി അധികം വൈകാതെ മടങ്ങി വന്നു. വിഭവ സമൃദ്ധമായ ‘സരീദ്’ കൊണ്ടുവന്നു സത്കരിച്ചു. ഞങ്ങൾ കഴിച്ചു. മധ്യാഹ്നമായപ്പോൾ പ്രവാചകൻﷺ പുറത്തേക്കു വന്നു. അപ്പോൾ അവിടുത്തെ ശിരസ്സിൽ നിന്ന് വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു. അവിടുന്ന് ഞങ്ങളെ ഒന്നാകെ ഒന്ന് നിരീക്ഷിച്ചു. ഞങ്ങൾ അതിവേഗം തിരുസവിധത്തിലേക്ക് ചെന്നു. അപ്പോഴേക്കും ബിലാൽ(റ) നിസ്കാരത്തിനു വേണ്ടി ‘ഇഖാമത്’ കൊടുത്തു.
ഞങ്ങൾ നബിﷺയോട് സംസാരിക്കാൻ തുടങ്ങി. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ഞങ്ങൾ ഞങ്ങളുടെ ജനതയുടെ പ്രതിനിധികളായിട്ടാണ് വന്നത്. നാട്ടിലുള്ളവർ അവരുടെ നൽകാലികളെ നോക്കി ജീവിക്കുകയാണ്. അതവരുടെ ജീവിത സന്ധാരണത്തിന്റെ ഭാഗമാണ്. മറ്റു ഉപജീവന മാർഗങ്ങളില്ല. അല്ലയോ പ്രവാചകരേﷺ, പലായനം അഥവാ ഹിജ്‌റ ചെയ്യാത്തവന് ഇസ്‌ലാമില്ല എന്നുണ്ടോ? അല്ലാഹുവിനെ സൂക്ഷിച്ചു എവിടെ ജീവിച്ചാലും നിങ്ങൾക്ക് ഒരു പ്രയാസവുമില്ല.
ശേഷം, പ്രവാചകൻﷺ നിസ്കാരത്തിനു നേതൃത്വം നൽകി. ഞങ്ങൾ അവിടുത്തെ പിന്നിൽ നിസ്കരിച്ചു. ഇത്രമേൽ സമ്പൂർണമായും മനോഹരമായും നിസ്കരിക്കുന്ന മറ്റൊരാളുടെ പിന്നിലും നാം നിസ്കരിച്ചിട്ടില്ല. നിസ്കാരാനന്തരം നബിﷺ വീട്ടിനകത്തേക്ക് പോയി. അല്പം വൈകിയപ്പോൾ ആരോ പറഞ്ഞു. അവിടുന്ന് സുന്നത്ത് നിസ്കരിക്കുകയാണ്. വൈകാതെ നബിﷺ പുറത്തേക്ക് വന്നു ഞങ്ങളോട് ചോദിച്ചു. നിങ്ങളോടൊപ്പമുള്ളവരൊക്കെ എവിടെ? ഇവിടെ അടുത്തു തന്നെയുണ്ടല്ലോ ഞങ്ങൾ പറഞ്ഞു. നിങ്ങളുടെ നാട്ടിൽ എങ്ങനെയുണ്ട്? വളരെ സമ്പന്നവും സമ്പുഷ്ടവുമാണ്. അൽഹംദുലില്ലാഹ്! സർവസ്തുതിയും അല്ലാഹുവിനാണ് എന്നു തിരുനബിﷺ പ്രതികരിച്ചു.
ഞങ്ങൾ കുറച്ചു ദിവസം അവിടെ താമസിച്ചു. ഖുർആനും തിരുചര്യകളും പഠിക്കുകയും തിരുനബിﷺയുടെ സൽക്കാരം സ്വീകരിക്കുകയും ചെയ്തു. ഞങ്ങൾ പ്രവാചകരോﷺട് യാത്ര പറഞ്ഞിറങ്ങാൻ ഒരുങ്ങി. അപ്പോൾ നബിﷺ ബിലാലി(റ)നെ വിളിച്ചു പറഞ്ഞു. എല്ലാ ദൗത്യ സംഘങ്ങൾക്കും ഉപഹാരങ്ങൾ നൽകിയതുപോലെ ഇവർക്കും ഉപഹാരങ്ങൾ നൽകൂ. എല്ലാവർക്കും അഞ്ചു ഊഖിയ വീതം സമ്മാനം നൽകി.
പ്രവാചക സവിധത്തിൽ നിന്ന് ഓരോ ദൗത്യ സംഘങ്ങൾക്കും ലഭിക്കുന്ന പരിഗണനയുടെയും, അവരുടെ പരിസരങ്ങൾ അറിഞ്ഞുകൊണ്ടുള്ള പ്രതികരണങ്ങളുടെയും മനോഹരമായ ഒരു ചിത്രം കൂടിയാണ് നാം കണ്ടത്. ഇസ്ലാം എത്ര ലളിതമാണെന്നും അതിന്റെ അനുഷ്ഠാനങ്ങൾക്കും വിചാരങ്ങൾക്കും എത്ര സാർവത്രികത ഉണ്ടെന്നും തിരുനബിﷺ പറയാതെ പറയുകയായിരുന്നു. പലായനം ചെയ്തില്ലെങ്കിൽ ഇസ്ലാം ആവുകയില്ല എന്ന ധാരണയോട് എവിടെയായാലും അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിച്ചാൽ മതിയെന്ന മറുപടി, പരിസരങ്ങളോടും സാഹചര്യങ്ങളോടും ഇസ്ലാം എങ്ങനെ സംവദിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. പ്രവാചകരുﷺടെ സമീപനങ്ങളും പരിഗണനകളും ഒരു സംഘത്തെ എത്രമേൽ സ്വാധീനിക്കുന്നു എന്ന് ഓരോ സംഭവങ്ങളും നമ്മെ ആഴത്തിൽ ബോധ്യപ്പെടുത്തുന്നു. ഒരു വിശ്വാസി സംഘം എങ്ങനെയായിരിക്കണം എന്നും, നേതൃത്വത്തിന്റെ പരിഗണനകൾ ആഗതരെ അറിഞ്ഞു കൊണ്ടായിരിക്കണം എന്നും തിരുനബിﷺ പഠിപ്പിക്കുന്നു. ഏതുകാലത്തെയും ഇസ്ലാം പ്രചരണത്തിന്റെ അടിസ്ഥാന ഉപാധി ഇസ്ലാം തനത് മൂല്യങ്ങളോട് കൂടി പകർത്തിയവരുടെ പച്ചയായ തുറന്ന ജീവിതങ്ങൾ ആയിരുന്നു. പുതിയ കാലത്തിനും ഇസ്ലാമിന് തുറന്നു വെക്കാനുള്ളത് ജീവിതങ്ങളിൽ നിഴലിച്ചു കാണുന്ന ഇസ്ലാം സംസ്കൃതിയെ തന്നെയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
