
അലിയ്യ് ബിൻ അബീത്വാലിബി(റ)നെയും ഖാലിദ് ബിനു സഈദി(റ)നെയും തിരുനബിﷺ യമനിലേക്ക് നിയോഗിച്ചു…
മനാഖിബുൽ ഇമാം ഷാഫി എന്ന ഗ്രന്ഥത്തിൽ മുഹമ്മദ് ബിൻ റമളാൻ ഉദ്ധരിക്കുന്നു. അലിയ്യ് ബിൻ അബീത്വാലിബി(റ)നെയും ഖാലിദ് ബിൻ സഈദ് ബിൻ അൽ ആസി(റ)നെയും തിരുനബിﷺ യമനിലേക്ക് നിയോഗിച്ചു. രണ്ടുപേരും ഒരുമിച്ചു കൂടിയാൽ അലി(റ) അമീർ ആവും. രണ്ടുപേരും രണ്ടു ദിശയിലായാൽ ഓരോരുത്തരും നേതൃത്വം നൽകും. അങ്ങനെ രണ്ടുപേരും ഒരുമിച്ച് സഞ്ചരിക്കവേ ധീരനും അശ്വഭടനും കവിയുമായ അംറ് ബിൻ മഅദീ കരിബയെ കണ്ടുമുട്ടി. അദ്ദേഹം തന്റെ സമുദായത്തിലെ ഒരു സംഘത്തോടൊപ്പം വരികയായിരുന്നു. അലി(റ)യും ഖാലിദും(റ) വരുന്നത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. എന്റെ പേര് എവിടെ കേട്ടാലും കേൾക്കുന്നവർക്ക് ഒന്ന് വിറക്കും, എന്റെ പോരാട്ടവീര്യത്തിൽ അവരൊന്ന് ഭയപ്പെടും. ഞാൻ ഇവർ രണ്ടുപേരെയും ഒന്ന് അഭിമുഖീകരിച്ചിട്ട് വരട്ടെ.
അംറിന്റെ ആഗമനം കണ്ട ഉടനെ അലി(റ)യും ഖാലിദും(റ) മത്സരിച്ചു പറഞ്ഞു. ഇയാളെ എനിക്ക് വിട്ടു തന്നേക്കൂ ഞാൻ കൈകാര്യം ചെയ്തുകൊള്ളാം. അംറിനെ കിട്ടാൻ വേണ്ടി അവർ അങ്ങോട്ടുമിങ്ങോട്ടും ഉമ്മ സത്യം വാപ്പ സത്യം എന്നൊക്കെ പറയുന്നു. ഞാൻ ഇതുവരെ അഭിമുഖീകരിച്ച ജനങ്ങളെ പോലെയല്ല ഇവർ എന്ന് ഇത് കേട്ടപ്പോൾ അംറിന് മനസ്സിലായി. അതോടെ അദ്ദേഹം ഭംഗിയായി പിന്മാറി.
ഏകദൈവ വിശ്വാസത്തിന്റെ അമരധ്വനിയായ വാങ്കൊലി കേൾക്കാത്ത ഇടങ്ങളിൽ അത് കേൾക്കാൻ ആവശ്യമായ പരിസരം ഒരുക്കണമെന്ന് തിരുനബിﷺ സ്വഹാബിമാരോട് നിർദ്ദേശിച്ചിരുന്നു. അതിനു കൂട്ടാക്കാത്തവരോട് ഉചിതമായ നിലപാടുകൾ സ്വീകരിക്കണമെന്നും കൽപ്പിച്ചു. ബനൂ ഉബൈദ് ഗോത്രത്തിൽ ആയുധ നടപടികൾ സ്വീകരിക്കേണ്ടി വന്നു.
പ്രവാചക അനുയായികൾ പുലർത്തിയ ആത്മവിശ്വാസവും ആത്മധൈര്യവും ഇസ്ലാമിക പ്രചാരണത്തിന്റെയും മുന്നേറ്റത്തിന്റെയും അടിസ്ഥാന ഇന്ധനമായിരുന്നു. താൽക്കാലികവും ഭൗതികവുമായ കാര്യലാഭങ്ങൾക്കപ്പുറം കൃത്യവും സത്യസന്ധവുമായ ഒരു ആശയത്തെ ശരിയായ അനുപാതത്തിൽ എല്ലായിടത്തും എത്തിക്കണം എന്ന ദൗത്യമായിരുന്നു അവർ ഏറ്റെടുത്തത്. തങ്ങൾക്ക് എന്തെങ്കിലും സ്ഥാന പദവികൾ ലഭിക്കണമെന്നോ, സാമ്പത്തിക ഭദ്രത ഉണ്ടാക്കണമെന്നോ, കേവലം കായികമായി ആരെയെങ്കിലും പരാജയപ്പെടുത്തണമെന്നോ, അവർക്ക് ലക്ഷ്യമുണ്ടായിരുന്നില്ല. ഇത്രമേൽ നിസ്വാർത്ഥമായ ഒരു സംഘവും ചരിത്രത്തിൽ എവിടെയും പ്രവർത്തിച്ചതായി നമുക്ക് വായിക്കാൻ കഴിയില്ല. പ്രവാചക കൽപ്പനകൾക്ക് അനുചരന്മാർ നൽകിയ അംഗീകാരം പോലെ ഒരു നേതാവിന്റെയും കൽപ്പനക്ക് ലോകത്ത് അംഗീകാരം ലഭിച്ചിട്ടില്ല.
തിരുനബിﷺയുടെ കാൽപെരുമാറ്റങ്ങൾ അനുകരിക്കപ്പെട്ടത് പോലെ ലോകത്ത് ഒരു വ്യക്തിയുടെയും ചുവടുകൾ അനുകരിക്കപ്പെട്ടിട്ടില്ല. ഞങ്ങളോട് കടലിലേക്ക് എടുത്തു ചാടാൻ പറഞ്ഞാലും ഞങ്ങൾ മടിച്ചു മാറി നിൽക്കുകയില്ല എന്ന നിലപാടായിരുന്നു അനുചരന്മാർ നബിﷺയോട് സ്വീകരിച്ചത്. കർമ്മഭൂമിയിൽ കൊല്ലപ്പെടുന്നത് അനന്തമായ സ്വർഗ്ഗ പ്രാപ്തിക്കുള്ള മാർഗ്ഗമാണെന്ന് ഇത്രമേൽ വിശ്വസിക്കുകയും ആത്മീയമായി അനുഭവിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത ഒരു ജനതയെയും ലോക ചരിത്രം കണ്ടിട്ടില്ല. ഈ ആമുഖങ്ങൾ ഒക്കെ ചേർത്തുവച്ചു കൊണ്ടുവേണം പ്രവാചകരുﷺടെയും അനുയായികളുടെയും പ്രബോധന വഴികളുടെ ചരിത്രം വായിക്കാൻ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
