
തിരുനബിﷺയുടെ നയതന്ത്രനീക്ക പരമ്പരയിൽ ഒരു അധ്യായം കൂടി നമുക്ക് വായിക്കാം. അബൂ മൂസ അൽ അശ്അരി(റ) നിവേദനം ചെയ്യുന്നു. ഹുനൈൻ യുദ്ധത്തിൽ പരാജയപ്പെട്ട ഹവാസിൻ ഗോത്രക്കാരിൽ നിന്ന് മാലിക് ബിനു ഔഫിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ത്വാഇഫിലേക്ക് മടങ്ങുകയും ഔത്വാസ് എന്ന പ്രദേശം കേന്ദ്രീകരിച്ചുകൊണ്ട് സൈനിക സംഘാടനം നടത്തുകയും ചെയ്തു. ഇതറിഞ്ഞ പ്രവാചകൻﷺ അബൂ ആമിർ അൽ അശ്അരി(റ)യുടെ നേതൃത്വത്തിൽ ഒരു സംഘത്തെ അങ്ങോട്ട് അയച്ചു. മാർഗ്ഗമധ്യേ ദുറൈദ് ബിൻ സ്വിമ്മ എന്ന ആളെ കണ്ടുമുട്ടുകയും പരാജയപ്പെടുത്തുകയും അയാളോടൊപ്പം ഉള്ള ആളുകൾ ഓടി രക്ഷപ്പെടുകയും ചെയ്തു.
അബൂ മൂസ(റ) പറയുന്ന മറ്റൊരു നിവേദനം ഇങ്ങനെയാണ്. എന്നെ അബൂ ആമിറി(റ)നൊപ്പം നബിﷺ നിയോഗിച്ചു. ഹവാസിനിൽ എത്തിയപ്പോൾ അവിടെയുള്ള ആളുകൾ ഔതാസിൽ ഒരുമിച്ച് കൂടി. അപ്പോൾ ഉണ്ടായ ഏറ്റുമുട്ടലിൽ പലരും കൊല്ലപ്പെടുകയും ഓടിയവർ ചിന്നഭിന്നമായി പോവുകയും ചെയ്തു. എതിരാളികളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ രംഗത്ത് വരികയും അബൂ ആമിറു(റ)മായുള്ള സംവാദത്തിന് ഒടുവിൽ അയാൾ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ബനൂ ജൂഷം ഗോത്രത്തിലെ ഹാരിസിന്റെ രണ്ടു മക്കളായ അലാഇനേയും ഔഫായേയും അബൂ ആമിർ(റ) അമ്പെയ്തു വീഴ്ത്തി. ഒരാളുടെ മാറിലും മറ്റൊരാളുടെ കാലിലും ആയിരുന്നു അമ്പേറ്റത്. കൂട്ടത്തിൽ അബൂ ആമിറി(റ)ന്റെ കാൽമുട്ടിനും പരിക്കുപറ്റി. അബൂ ആമിർ(റ) അബൂ മൂസ(റ)യെ പകരം നേതാവാക്കി. ആസന്ന ഘട്ടത്തിൽ അദ്ദേഹം തിരുനബിﷺക്ക് സലാം പറഞ്ഞ് ഏൽപ്പിച്ചു. അധികം വൈകാതെ വിയോഗം തേടുകയും ചെയ്തു.
അബൂ മൂസ(റ)യെ പതാക ഏൽപ്പിച്ചുകൊണ്ട് അബൂ ആമിർ(റ) പറഞ്ഞു. എന്റെ ഈ കുതിരയും ആയുധങ്ങളും നബിﷺയെ ഏൽപ്പിക്കണം. അത് അബൂ മൂസ(റ) ഏറ്റെടുത്തു. ശേഷം, ശത്രുക്കളെ ശക്തമായി നേരിട്ടു. അല്ലാഹു അബൂ മൂസ(റ)യുടെ സംഘത്തിന് ഉന്നത വിജയം പ്രദാനം ചെയ്തു. അബൂ ആമിറി(റ)ന്റെ ഘാതകനെ അബൂ മൂസ(റ) വധിച്ചു. ശേഷം, അബൂ ആമിർ(റ) ഏൽപ്പിച്ച വസ്തുക്കളുമായി അബൂ മൂസ(റ) നബിﷺയുടെ സന്നിധിയിൽ എത്തി. അദ്ദേഹം ഏൽപ്പിച്ചതാണെന്ന കാര്യങ്ങൾ വിശദമായി നബിﷺയോട് പറഞ്ഞു.
മൂസാ(റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം. പ്രസ്തുത സംഭവത്തിനുശേഷം ഞാൻ തിരുനബിﷺയുടെ അടുത്തേക്ക് വന്നു. കയറുകൊണ്ട് വലിഞ്ഞ ഒരു കട്ടിൽമേൽ കിടക്കുകയായിരുന്നു അവിടുന്ന്. ഒരു വിരിപ്പ് അതിനുമേൽ വിരിച്ചിട്ടുണ്ടായിരുന്നു. എങ്കിലും കയറിന്റെ അടയാളം തിരുമേനിയിൽ പല സ്ഥലത്തും കാണാമായിരുന്നു. ഞാൻ നടന്ന കാര്യങ്ങൾ എല്ലാം നബിﷺയോട് പറഞ്ഞു. അബൂ ആമിർ(റ) ഏൽപ്പിച്ച കാര്യങ്ങളെക്കുറിച്ചും പങ്കുവെച്ചു. തിരുനബിﷺയോട് പ്രാർത്ഥിക്കണമെന്ന് ഏൽപ്പിച്ച കാര്യം പറഞ്ഞപ്പോൾ അവിടുന്ന് അംഗസ്നാനം ചെയ്യാൻ വെള്ളം കൊണ്ടുവരാൻ പറഞ്ഞു. വെള്ളം കൊണ്ടുവന്ന് വുളൂഅ് ചെയ്ത ശേഷം അവിടുന്ന് ഇരുകൈകളും വാനലോകത്ത് ഉയർത്തി. അവിടുത്തെ കക്ഷത്തിന്റെ വകുപ്പ് കാണാവുന്ന വിധത്തിൽ കൈകൾ വാനിലേക്ക് ഉയർന്നു. ശേഷം, ഇങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹുവേ അബൂ അമീറി(റ)ന് നീ പൊറുത്തു കൊടുക്കേണമേ! നാളെ പാരത്രിക ലോകത്ത് നിന്റെ സൃഷ്ടികളിൽ ഒരുപാട് പേരെക്കാൾ ഉയർച്ചയിൽ അദ്ദേഹത്തെ നീ എത്തിക്കേണമേ! അപ്പോൾ ഞാൻ നബിﷺയോട് പറഞ്ഞു. എനിക്കു വേണ്ടി കൂടി പ്രാർത്ഥിച്ചാലും. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു. അബ്ദുല്ലാഹിബിന് ഖൈസി(റ)ന്റെ പാപങ്ങൾ നീ പൊറുത്തു കൊടുക്കേണമേ. അന്ത്യനാളിൽ ഉന്നതന്മാരുടെ ഭവനങ്ങളിൽ അദ്ദേഹത്തെ നീ പ്രവേശിപ്പിക്കണമേ!
പ്രവാചകനുംﷺ അനുയായികളും തമ്മിലുള്ള അടുപ്പത്തിന്റെയും പാരസ്പര്യത്തിന്റെയും മനോഹരമായ ചിത്രങ്ങൾ കൂടി ഈ സംഭവങ്ങൾ അടയാളപ്പെടുത്തുന്നുണ്ട്. ഏതൊരു സ്വഹാബിയും ആസന്ന ഘട്ടത്തിൽ ആഗ്രഹിക്കുന്നത് പ്രവാചകനെﷺ ഒരു നോക്ക് കാണാനോ അവിടുത്തേക്ക് ഒരു അഭിവാദ്യം അറിയിക്കാനോ അതുമല്ലെങ്കിൽ ഒടുവിൽ അവിടുത്തെ പ്രാർത്ഥന ലഭിക്കാനോ ആയിരുന്നു. അവരോരുത്തരും തങ്ങൾക്ക് വേണ്ടപ്പെട്ട എല്ലാവരെക്കാളും സ്നേഹിച്ചിരുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണിത്. മാതാപിതാക്കൾക്കോ ഭാര്യമാർക്കോ അഭിവാദ്യം അറിയിക്കാനോ അവരെ ഒരു നോക്ക് കാണാനോ ആഗ്രഹം പ്രകടിപ്പിക്കാതെ അവരെക്കാൾ സ്നേഹത്തോടുകൂടി കാത്തിരുന്നത് തിരുനബി ദർശനവും അവിടുത്തെ സാന്നിധ്യവും അവിടുത്തെ പ്രാർത്ഥനയും പ്രത്യഭിവാദ്യവും ആയിരുന്നു.
ഓരോ പടക്കളങ്ങളും ഒരുപാട് രക്തസാക്ഷികളെ പരിചയപ്പെടുത്തുമ്പോൾ, പ്രവാചക അനുയായികൾ സംബന്ധിച്ച ഓരോ പോർക്കളങ്ങളും സ്വന്തം ജീവനെക്കാൾ പ്രവാചകരെﷺ സ്നേഹിച്ച സമർപ്പണങ്ങളുടെ സാക്ഷ്യങ്ങൾ കൂടിയായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
