
ദാതുസ്സലാസിൽ സംഭവത്തിന്റെ പരിസരത്ത് ചില കൗതുകങ്ങൾ കൂടി ഉണ്ടായി. അബൂബക്കർ ബിൻ ഹസമ്(റ) ഉദ്ധരിക്കുന്നു. നല്ല തണുത്ത രാത്രിയിൽ ഞങ്ങൾ യാത്ര ചെയ്യവേ അംറുബിന് ആസിന്(റ) വലിയ അശുദ്ധി അഥവാ ജനാബത്ത് ഉണ്ടായി. വെള്ളം ഉപയോഗിച്ച് കുളിച്ചാൽ മരണപ്പെട്ടു പോകുമോ എന്ന അവസ്ഥയിലായി. അങ്ങനെ ആശങ്കാകുലനായി നിൽക്കവേ കൂട്ടുകാർ ചോദിച്ചു. എന്താണ് നിങ്ങൾ ആലോചിക്കുന്നത്? അദ്ദേഹം പറഞ്ഞു. എനിക്ക് സ്വപ്നസ്ഖലനം ഉണ്ടായി. ഈ തണുപ്പത്ത് ഞാൻ കുളിച്ചാൽ ചിലപ്പോൾ മരിച്ചുപോകും. എങ്ങനെയാണ് ശുദ്ധി വരുത്തുക എന്നാണ് ഞാൻ ആലോചിക്കുന്നത്. ശേഷം, അദ്ദേഹം വെള്ളം കൊണ്ടുവരാൻ പറഞ്ഞു. രഹസ്യ ഭാഗം കഴുകിയ ശേഷം വുളൂ അഥവാ അംഗസ്നാനം ചെയ്തു നിസ്കാരത്തിന് നേതൃത്വം നൽകി.
യാത്ര കഴിഞ്ഞ് മദീനയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം നബിﷺയോട് കാര്യങ്ങൾ വിശദീകരിച്ചു. ഒപ്പം വിശുദ്ധ ഖുർആൻ നാലാം അധ്യായം അന്നിസാഇലെ 29 ആം സൂക്തം കൂടി പാരായണം ചെയ്തു. സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ്. “നിങ്ങള്‍ നിങ്ങളെത്തന്നെ കൊന്നുകളയരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്; തീര്‍ച്ച.” ഇത്രയും കേട്ടതും തിരുനബിﷺ ചിരിച്ചു. പ്രത്യേകിച്ച് വേറൊന്നും പ്രതികരിച്ചതായി അറിയില്ല. ഇമാം അബൂദാവൂദി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കൂടി കാണാം. തിരുനബിﷺ ചോദിച്ചുവത്രേ. അല്ലയോ അംറെ(റ) ജനാബത്തോടുകൂടി നിങ്ങൾ ജനങ്ങൾക്ക് ഇമാമത്ത് നിന്നു അല്ലേ?
ജീവിതത്തിന്റെ വിവിധ ദിശകളിൽ മനുഷ്യന് സംഭവിക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്ന കർമശാസ്ത്രം രൂപപ്പെടുന്നത് ഇത്തരം സന്ദർഭങ്ങളിലൂടെയാണ്. പ്രവാചക ജീവിതത്തിന്റെ ഓരോ രാപ്പകലുകളും അന്ത്യനാൾ വരെയുള്ള ഒരു മഹാവ്യവസ്ഥിതിയെ സംവിധാനിക്കുകയായിരുന്നു.
ഇനി മറ്റൊരു സംഭവത്തിലേക്ക് പോകാം പോകാം. ഔഫുബിൻ മാലിക്(റ) പറയുന്നു. അംറ് ബിൻ ആസി(റ)ന്റെ നേതൃത്വത്തിൽ നടന്ന ദാതുസ്സലാസിൽ അബൂബക്കറും(റ) ഉമറും(റ) ഒക്കെയുള്ള സംഘമായിരുന്നു സഞ്ചാരത്തിൽ ഞാനും ഉണ്ടായിരുന്നു. വഴിമധ്യേ ഒരു കൂട്ടം ആളുകളെ കണ്ടുമുട്ടാൻ ഇടയായി. അവർക്ക് ഒരു ഒട്ടകത്തെ അറുത്തിട്ട് അത് പൊളിച്ച് റെഡിയാക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു. ഞാൻ അവരോട് ചോദിച്ചു നിങ്ങൾക്കു ഞാനിത് റെഡിയാക്കി തന്നാൽ എനിക്കൊരു വീതം നിങ്ങൾ തരാമോ? അവർ സമ്മതിച്ചു. ഉടനെ ഞാൻ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ഒട്ടകം ഭാഗങ്ങളാക്കി പാകപ്പെടുത്തി കൊടുത്തു. എനിക്ക് കിട്ടിയ വിഹിതം പാചകം ചെയ്ത് ഞങ്ങൾ സംഘമായി കഴിച്ചു. ശേഷം, അബൂബക്കറും(റ) ഉമറും(റ) എന്നോട് ചോദിച്ചു. നിങ്ങൾക്ക് എവിടുന്ന് കിട്ടി ഈ മാംസം? ഞാൻ കാര്യങ്ങളൊക്കെ വിശദീകരിച്ചു. അപ്പോൾ അവർ രണ്ടുപേരും പറഞ്ഞു. നിങ്ങൾ ഞങ്ങളെ ആ മാംസം കഴിപ്പിച്ചത് അത്ര റെഡി ആയില്ലല്ലോ. രണ്ടുപേരും കൈ വായയിലേക്ക് അവരുടെ ഉള്ളിൽനിന്ന് ഭക്ഷണം ഛർദ്ദിച്ചു കളഞ്ഞു. കഴിക്കുന്ന ഭക്ഷണം പരിപൂർണ്ണമായും കളങ്കമില്ലാത്തതാകണം എന്ന കണിശതയുള്ളവരായിരുന്നു അവർ രണ്ടുപേരും. ആ സൂക്ഷ്മതയുടെ അടിസ്ഥാനത്തിലാണ് അവർ അങ്ങനെ ചെയ്തത്.
സംഘം മദീനയിലേക്ക് മടങ്ങിയപ്പോൾ ഔഫു ബിനു മാലിക്(റ) ആണ് ആദ്യം നബിﷺയുടെ അടുത്തേക്ക് എത്തിയത്. ഇത്തരമൊരു സംഭവത്തിൽ തിരുനബിﷺയുടെ തീരുമാനം എന്തായിരിക്കും, ആദ്യം മറ്റുള്ളവരിൽ നിന്ന് അറിഞ്ഞാൽ പ്രതികരണം എങ്ങനെയായിരിക്കും എന്നെല്ലാം ചിന്തിച്ചു കൊണ്ടായിരിക്കണം ഔഫ് ബിൻ മാലിക്(റ) ആദ്യമെത്തിയത്. നബിﷺയുടെ അടുത്തേക്കെത്തിയതും തിരുനബിﷺ ചോദിച്ചു. ആരാണ്? ഒട്ടകത്തിന്റെ ആളല്ലേ? പിന്നീട്, അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.മുഹമ്മദ് ബിൻ ഉമർ(റ) പറയുന്നു. തുടർന്ന് തിരുനബിﷺ വർത്തമാനങ്ങൾ ഒക്കെ അന്വേഷിച്ചു. അംറുബിനുൽ ആസി(റ)നെ കുറിച്ചും അദ്ദേഹത്തെ അനുസരിച്ച അബൂ ഉബൈദ(റ)യെക്കുറിച്ചും പറഞ്ഞു കേട്ടപ്പോൾ അബൂ ഉബൈദ(റ)ക്ക് വേണ്ടി തിരുനബിﷺ പ്രത്യേകം പ്രാർത്ഥിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
