Tweet 559

    Tweet 559
    December 25, 2023 • Monday
    Post Header

    ഇസ്ലാമിക ചരിത്രത്തിലെ മുന്നേറ്റ നീക്കങ്ങളിൽ അടുത്ത ഒരു അധ്യായത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഹിജ്റയുടെ എട്ടാം വർഷം അവസാനം മദീനയിൽ നിന്ന് ഒരു സംഘം പുറപ്പെട്ടു. ഖുളാഅ ഗോത്രത്തെ പ്രതിരോധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പ്രസ്തുത ഗോത്രക്കാർ മദീനയെ ആക്രമിക്കാനുള്ള സജ്ജീകരണങ്ങൾ തയ്യാർ ചെയ്യുകയായിരുന്നു. മദീനയുടെ അതിർത്തിയിലേക്ക് അവർ ഒരു സൈനിക നീക്കം ലക്ഷ്യം വെച്ചപ്പോഴാണ് തിരുനബിﷺ ഒരു പ്രതിരോധ സംഘത്തെ തയ്യാർ ചെയ്തത്. അംറ് ബിനുൽ ആസ്(റ) ആയിരുന്നു സംഘത്തിന്റെ നേതാവ്. അദ്ദേഹം ഇസ്ലാമിലേക്ക് വന്നിട്ട് ഒരു വർഷമേ ആയിരുന്നുള്ളൂ. 300 അംഗങ്ങളുള്ള ഒരു സൈന്യത്തെയും കറുപ്പും വെളുപ്പുമായി രണ്ട് പതാകകളും നൽകി തിരുനബിﷺ അദ്ദേഹത്തെ യാത്രയാക്കി. ശാമിലേക്കുള്ള വഴിയിൽ തങ്ങൾ കണ്ടുമുട്ടുന്ന മുഴുവൻ ഗോത്രങ്ങളുടെയും പിന്തുണ സമാഹരിക്കാനും അദ്ദേഹത്തോട് നിർദ്ദേശിച്ചു. അംറി(റ)ന്റെ ഉമ്മയുടെ കുടുംബക്കാർ ബാഅലവി ഗോത്രത്തിന്റെ ആവാസകേന്ദ്രം അവിടെയായിരുന്നു. അവരെ അംറുമായി അനുനയിപ്പിക്കുകയും തിരുനബിയുടെ ഒരു ലക്ഷ്യമായിരുന്നു.
    യുദ്ധത്തിൽ നല്ല നിപുണനായിരുന്ന അംറി(റ)ന് 30 കുതിരകളും അതിന്റെ യുദ്ധ സന്നാഹങ്ങളും ഉണ്ടായിരുന്നു. ഈ സൈനിക നീക്കത്തെ ദാത്തു സലാസിൽ എന്നാണ് ചരിത്രം പരിചയപ്പെടുത്തിയത്. പകൽ ഒളിച്ചും രാത്രി യാത്ര ചെയ്തും അവർ മുന്നോട്ടു നീങ്ങി. കുറേ ദൂരം മുന്നോട്ടു നീങ്ങിയപ്പോൾ ശത്രുക്കളെ കുറിച്ചുള്ള വിവരം അംറി(റ)നു ലഭിച്ചു. അവരുടെ അംഗബലത്തെ കുറിച്ച് അറിഞ്ഞപ്പോൾ കുറച്ചു സൈനികരെ കൂടി മദീനയിൽ നിന്ന് വരുത്തിയാൽ നന്നാകും എന്ന് അദ്ദേഹം വിചാരിച്ചു. അത് പ്രകാരം ബിൻ റാഫി ബിൻ മക്കീസി(റ)നെ അദ്ദേഹം നബിﷺയുടെ അടുക്കലേക്ക് നിയോഗിച്ചു. സന്ദേശം അറിഞ്ഞ ഉടനെ നബിﷺ ഒരു സംഘത്തെ തയ്യാർ ചെയ്തു. അബൂ ഉബൈദ(റ)യായിരുന്നു സംഘത്തിന്റെ നേതാവ്. തിരുനബിﷺയിൽ നിന്ന് പതാകയും വാങ്ങി അദ്ദേഹം മുന്നോട്ട് നീങ്ങി. അബൂബക്കറും(റ) ഉമറും(റ) അൻസ്വാരികളിൽ നിന്നുള്ള ഒരു സംഘവും ഒപ്പം ഉണ്ടായിരുന്നു. അംറി(റ)ന്റെ അടുക്കൽ എത്തിയാൽ നിങ്ങൾ രണ്ടുപേരും യോജിച്ചു പ്രവർത്തിക്കണമെന്നും അഭിപ്രായവ്യത്യാസം ഉണ്ടാകരുതെന്നും തിരുനബിﷺ അബൂ ഉബൈദ(റ)യോട് ഉപദേശിച്ചിരുന്നു. അതിവേഗം അബൂബൈദ(റ)യുടെ സംഘം അംറി(റ)ന്റെ സൈന്യത്തിനൊപ്പം എത്തിച്ചേർന്നു. സംഘത്തെ മുഴുവനും അബൂഉബൈദ്(റ) നയിച്ചാലോ എന്ന് ആലോചിച്ചു. അപ്പോഴേക്കും അംറ്(റ) പറഞ്ഞു. ഞാൻ തന്നെയാണ് സൈന്യത്തെ നയിക്കുക. ഞങ്ങളുടെ സംഘത്തെ പിന്തുണയ്ക്കുന്ന ഒരു കൂട്ടത്തിനു വേണ്ടിയാണ് ഞാൻ ആവശ്യപ്പെട്ടതും നിങ്ങൾ വന്നതും. തിരുനബിﷺയുടെ കൽപ്പന അനുസരിച്ച് കൊണ്ട് അബൂ ഉബൈദ(റ) അംറി(റ)നെ അംഗീകരിച്ചു. ഒത്തൊരുമയോടെ സൈന്യം മുന്നോട്ട് നീങ്ങി. അംറ്(റ) തന്നെ നിസ്കാരങ്ങൾക്ക് നേതൃത്വം നൽകുകയും സൈന്യത്തിന് നേതൃത്വം നിർവഹിക്കുകയും ചെയ്തു. കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ കാലാവസ്ഥ നന്നായി തണുത്തു. രാത്രിയായപ്പോൾ വിറക് കത്തിച്ച് തീ കാഞ്ഞാലോ എന്ന് സൈന്യത്തിലെ അംഗങ്ങൾ അഭിപ്രായപ്പെട്ടു. പക്ഷേ അംറ്(റ) അത് അംഗീകരിച്ചില്ല. അത് അനുയായികൾക്ക് ഒരു പ്രയാസമായി അനുഭവപ്പെട്ടു. അബൂബക്കറും(റ) ഉമറും(റ) അടങ്ങുന്ന പ്രമുഖർ നിർദ്ദേശിച്ചിട്ട് പോലും അംറി(റ)ന് തീ കായുന്നതിനോട് അഭിപ്രായം ഉണ്ടായിരുന്നില്ല. ഉമർ(റ) വിയോജിച്ചാലോ എന്ന് വിചാരിച്ചപ്പോൾ അബൂബക്കർ(റ) പറഞ്ഞു, അരുത്. അദ്ദേഹത്തിന്റെ യുദ്ധ നൈപുണി കൊണ്ടാണല്ലോ തിരുനബിﷺ അദ്ദേഹത്തെ ഈ സൈനിക സംഘത്തിന്റെ നേതാവാക്കിയത്. നാം പൂർണ്ണമായും അദ്ദേഹത്തെ അനുസരിക്കണം. ആരും വിയോജിപ്പ് പ്രകടിപ്പിക്കുകയോ സംഘത്തിൽ ഭിന്നത ഉണ്ടാകാൻ അവസരം നൽകുകയോ ചെയ്തില്ല.
    നേതാവ് സംഘത്തെ അതിവിദഗ്ധമായി മുന്നോട്ട് നയിച്ചു. ചെറിയ ചെറിയ സംഘങ്ങളായി പല ഭാഗത്തും വിന്യസിച്ചു. ശത്രുക്കളുടെ വിവിധ സംഘങ്ങളിൽ ശത്രു ദേശത്തിന്റെ അങ്ങേയറ്റത്തുള്ളവരെ ആദ്യം പരാജയപ്പെടുത്തി. അതുവഴി അവരുടെ ശക്തി ക്ഷയിക്കുകയും വളരെ ലളിതമായി അവരെ പരാജയപ്പെടുത്തി വിജയം നേടുകയും ചെയ്തു. സമരാർജിത സമ്പത്തുമായി അവർ മദീനയിലേക്ക് മടങ്ങി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...