Tweet 550

    Tweet 550
    December 16, 2023 • Saturday
    Post Header

    “അല്ലാഹുവിൽ നിന്നു മാപ്പ് ഞാൻ തേടുന്നു.
    ആഴത്തിൽ മുറിവേറ്റു രക്തസാക്ഷിത്വവും
    ഇരയോട് ശക്തിയിൽ നേരിടാൻ ശക്തിയും
    നാളെ ഞാൻ അല്ലാവിൻ മാർഗത്തിൽ വീഴ്കയാൽ
    മംഗളം സ്വർഗത്തിലേക്ക് ഞാൻ എത്തണം.”
    അബ്ദുല്ലാഹിബിന് റവാഹ(റ)യുടെ വരികൾ അതിമനോഹരമായി വർഷിച്ചു കൊണ്ടിരുന്നു. വിട പറഞ്ഞുകൊണ്ട് അവസാന നിമിഷങ്ങൾ പിന്നിടുമ്പോൾ, അദ്ദേഹം നബിﷺയെ പ്രകീർത്തിച്ചുകൊണ്ട് പറഞ്ഞു.
    മൂസാനബി(അ)യെ പ്രതിസന്ധി ഘട്ടങ്ങളിൽ അല്ലാഹു പിടിച്ചുനിർത്തിയത് പോലെ തങ്ങളെയും അല്ലാഹു സ്ഥിരപ്പെടുത്തി തരട്ടെ. അല്ലാഹുവിന്റെ പ്രത്യേക സഹായം അവിടുത്തേക്ക് ഉണ്ടാവട്ടെ. അവിടുന്ന് യഥാർത്ഥത്തിൽ അല്ലാഹുവിന്റെ അതിശ്രേഷ്ഠരായ ദൂതരാണ്. അവിടുത്തെ അനുകരിക്കാൻ കഴിയാത്തവർ എത്ര നഷ്ടക്കാർ. ഈ ലോകത്ത് വെച്ച് യാത്രയാക്കാനും സ്വീകരിക്കാനും പറ്റുന്ന ഏറ്റവും വലിയ സാന്നിധ്യത്തിൽ നിന്നാണ് ഞാൻ യാത്രാ മംഗളങ്ങൾ സ്വീകരിക്കുന്നത്.
    സനിയ്യത്തുൽ വദാഇലേക്ക് തിരുനബിﷺ നടന്നുവന്നു. മുഅതയിലേക്ക് പോകുന്നവരെ അവിടുന്ന് നേരിട്ട് തന്നെ യാത്രയാക്കി. അപ്പോൾ അവരോട് ഇങ്ങനെ ചില ഉപദേശങ്ങൾ നൽകി. അല്ലാഹുവിന്റെ മാർഗത്തിൽ, അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ പോരാട്ട ഭൂമിയിൽ നിലകൊള്ളുക. ശാമിലെ സമരങ്ങളിൽ നിങ്ങൾ തന്ത്രപൂർവം നിലനിൽക്കുക. പരിത്യാഗികളായി മഠങ്ങളിൽ കഴിയുന്നവരെ നിങ്ങൾ ശല്യപ്പെടുത്തരുത്. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുത്. വൃദ്ധരെ പ്രയാസപ്പെടുത്തരുത്. കൃഷിയിടങ്ങൾ നശിപ്പിക്കുകയോ മരങ്ങൾ മുറിച്ചു കളയുകയോ ചെയ്യരുത്. വീടുകൾ തകർത്തുകളയരുത്.
    സൈദ് ബിൻ അർഖമി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. നിങ്ങൾ ശത്രുക്കളെ അഭിമുഖീകരിക്കുമ്പോൾ മൂന്നാലു മാർഗ്ഗത്തിലൂടെ സമാധാനത്തിലേക്ക് വരാൻ അവരോട് ആവശ്യപ്പെടണം. സമാധാനപൂർവ്വം കാര്യങ്ങൾ ഉൾക്കൊള്ളാൻ അവർ തയ്യാറായാൽ അത് വേഗം സ്വീകരിക്കണം. അല്ലാഹുവിന്റെ മാർഗത്തിൽ പലായനം ചെയ്തുവന്ന മുഹാജിറുകൾക്കുള്ള ആനുകൂല്യങ്ങൾ അവർക്ക് പ്രഖ്യാപിക്കണം. അവർ ഏതെങ്കിലും വിധേന നിങ്ങളെ കീഴ്പെടുത്തിയാൽ അല്ലാഹുവിന്റെ ജാമ്യത്തിൽ മാത്രം നിങ്ങൾ തൃപ്തിപ്പെടുക. മറ്റാരുടെയും ജാമ്യത്തിനുവേണ്ടി നിങ്ങൾ തയ്യാറാവരുത്. ഉപദേശങ്ങൾ ഒക്കെ അവസാനിപ്പിച്ചപ്പോൾ അല്ലാഹുവിന്റെ ദൂതരോﷺട് അബ്ദുല്ലാഹിബിന് റവാഹ(റ) ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ എനിക്ക് ഓർത്തു വെക്കാനും പാലിക്കാനും പറ്റുന്ന ഒരു ഉപദേശം നൽകുവിൻ. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. നാളെ നിങ്ങൾ എത്തിച്ചേരുന്നത് അല്ലാഹുവിനുവേണ്ടി സുജൂദ് ചെയ്യുന്ന ആളുകൾ കുറവുള്ള സ്ഥലത്താണ്. അവിടെ നിങ്ങൾ അല്ലാഹുവിനുവേണ്ടി പരമാവധി സാഷ്ടാഗം ചെയ്യുക. കുറച്ചൂടെ ഉപദേശം നൽകുവിൻ പ്രവാചകരെﷺ. അല്ലാഹുവിനെ പരമാവധി സ്മരിക്കുക. ലക്ഷ്യം വെക്കുന്നത് നേടാൻ അതാണ് നിങ്ങൾക്ക് ഉപകരിക്കുന്നത്.
    അനിവാര്യമായ പ്രതിരോധ ഇടപെടലുകൾക്കിടയിലും എത്രമേൽ മാനവികവും മാനുഷികവുമായിരിക്കണം സമീപനങ്ങൾ എന്ന് പഠിപ്പിക്കുകയാണ് തിരുനബിﷺ നിർവഹിക്കുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...