Tweet 549

    Tweet 549
    December 15, 2023 • Friday
    Post Header

    3000 ത്തോളം അംഗങ്ങളുള്ള ഒരു സംഘത്തെയാണ് തിരുനബിﷺ മുഅതയിലേക്ക് നിയോഗിച്ചത്. മദീനയിൽ നിന്ന് പ്രൗഢമായ ഒരു യാത്രയയപ്പ് ആയിരുന്നു അവർക്കു നൽകിയത്. തിരുനബിﷺയോട് പല കാരണങ്ങളാലും വളരെ അടുത്ത ബന്ധമുള്ള മൂന്നാളുകളുടെ വിരഹ നിമിഷങ്ങൾ വൈകാരികം ആയിരുന്നു. തിരുനബിﷺയുടെ പോറ്റു മകനും ചെറുപ്പം മുതൽ തന്നെ തിരുനബിﷺയുടെ അരമനയിലും അടുക്കളയിലും ഒരുമിച്ച് ജീവിക്കുകയും ചെയ്ത ഹാരിസ(റ) ആയിരുന്നല്ലോ അവരിൽ ഒരാൾ. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പ് തന്നെ നബിﷺയുടെ മഹത്വം മനസ്സിലാക്കി ഒപ്പം നിൽക്കാൻ നിയോഗം കിട്ടിയ വ്യക്തിയായിരുന്നു അദ്ദേഹം. നബിﷺയുടെ സാന്നിധ്യം ഇല്ലാത്ത ഒരു പകലോ രാത്രിയോ ചിന്തിക്കാൻ കഴിയാത്ത വിധം നബി ജീവിതത്തോട് ചേർന്നുനിന്ന അദ്ദേഹത്തിന് ദീർഘനാളത്തേക്കുള്ള, മറ്റൊരർത്ഥത്തിൽ എന്നെന്നേക്കുമുള്ള യാത്ര പറച്ചിൽ ഏറെ വികാരനിർഭരമായിരുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെടുന്നതിന്റെ മഹത്വവും നാളെ സ്വർഗ്ഗത്തിൽ പ്രവാചക സാന്നിധ്യം ലഭിക്കാനുള്ള വഴിയാണത് എന്ന തിരിച്ചറിവും മാത്രമേ ഉണ്ടായിരുന്നുള്ളൂ ആഗ്രഹത്തെ മറികടക്കാൻ. അത്തരം ഒരു ഉൾപ്പൊരുൾ ഹൃദയത്തോട് ചേർത്തുവച്ചപ്പോഴാണ് ഹാരിസ(റ)ക്ക് സലാം പറഞ്ഞ് പിരിയാൻ ആയത്. പരസ്പരം സലാം പറയുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
    രണ്ടാമത്തെയാൾ ജഅ്ഫർബിന് അബൂത്വാലിബും(റ) ചെറുപ്പത്തിലേ നബിﷺയോടൊപ്പം തന്നെ കഴിഞ്ഞ വ്യക്തിയായിരുന്നു. മുത്തുനബിﷺയെ കുഞ്ഞു പ്രായം മുതൽ പരിപാലിച്ച പിതൃസഹോദരനായ അബൂത്വാലിബിനോട് പ്രത്യുപകാരം ആയി തിരുനബിﷺ ഏറ്റെടുത്തതായിരുന്നു അദ്ദേഹത്തിന്റെ മകൻ ജഅ്ഫറി(റ)ന്റെ പരിപാലനം. ഒരർത്ഥത്തിൽ പറഞ്ഞാൽ പ്രിയപ്പെട്ട ഒരു അനുജൻ വിട പറയുന്ന വേദനയായിരുന്നു തിരുനബിﷺക്ക് ജഅ്ഫറി(റ)ന്റെ വിയോഗം സമ്മാനിച്ചത്. മേൽ ഉദ്ധരിച്ച ആത്മീയ മൂല്യങ്ങളും പാരത്രിക സന്തോഷങ്ങളും മുന്നിൽ വെച്ചപ്പോഴാണ് അത്തരമൊരു വിരഹത്തിന്റെ വേദനയും മറികടക്കാൻ ആയത്.
    മൂന്നാമത്തെയാൾ അനുരാഗത്തിന്റെ പര്യായമായിരുന്ന അബ്ദുല്ലാഹിബ്നു റവാഹ(റ)യായിരുന്നു. നബി സ്നേഹത്തിന്റെ വിലാസവും നബി സന്നിധിയിൽ പ്രകീർത്തന കാവ്യങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്ന ശ്രേഷ്ഠ കവിയും ആയിരുന്നു അദ്ദേഹം. ഹൃദയം തൊട്ടു അബ്ദുള്ള(റ) ഓർത്തുവച്ച കാവ്യശകലങ്ങൾ എപ്പോഴും തിരുനബിﷺക്ക് സന്തോഷം നൽകുന്നതായിരുന്നു. ചിലപ്പോഴൊക്കെ അബ്ദുള്ള(റ)യുടെ കവിതകൾ തിരുനബിﷺക്ക് അലങ്കാരം നൽകുന്ന ആഭരണങ്ങളും മറ്റു ചിലപ്പോഴൊക്കെ കോട്ട തീർക്കുന്ന പ്രതിരോധ വരികളും ആയിരുന്നു. യാത്രകളിലും ശ്രമകരമായ ജോലികൾ നിർവഹിക്കുമ്പോഴും അബ്ദുല്ലാഹിബിന് റവാഹ(റ)യുടെ വരികൾ നേരമ്പോക്കും ഉന്മേഷവും പകർന്നു തരുന്നതായിരുന്നു. ആർദ്രവും വൈകാരികവുമായ ഒരുപാട് നിമിഷങ്ങളെ സമ്മാനിച്ച പ്രിയപ്പെട്ട കൂട്ടുകാരന്റെ വിരഹ നിമിഷത്തെ തിരുനബിﷺ കടിച്ചിറക്കുകയായിരുന്നു.
    യാത്ര ചോദിച്ചിട്ടും മതിവരാതെ ആവർത്തിച്ച് ആവർത്തിച്ച് അടുത്ത് വരികയും കണ്ണുമറയും വരെ വാഹനത്തിൽ പിന്നോട്ട് നോക്കി തിരുനബിﷺയെ കണ്ടുകൊണ്ടിരിക്കുകയും ചെയ്ത അബ്ദുല്ലാഹിബിന് റവാഹ(റ) മുഅതയിലേക്ക് പുറപ്പെടുമ്പോഴും മനോഹരമായ പല കവിതകളും സമ്മാനിച്ചിട്ടാണ് യാത്ര ചോദിച്ചത്.
    ആലിംഗനം ചെയ്ത തിരുനബിﷺയോട് യാത്ര ചോദിക്കുമ്പോൾ അബ്ദുല്ലാഹിബ്നു റവാഹ(റ)യുടെ കണ്ണുകൾ നനഞ്ഞു. കവിളുകൾ സജലമായി. അടുത്തുനിന്നവർ അദ്ദേഹത്തോട് ചോദിച്ചു. എന്തിനാണ് നിങ്ങൾ ഇപ്പോൾ കരയുന്നത്? അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. ഈ ലോകത്തെ ജീവിതത്തോടുള്ള മോഹമോ പ്രണയമോ അല്ല എന്നെ കരയിപ്പിക്കുന്നത്. മറിച്ച്, തിരുനബിﷺയിൽ നിന്ന് കേട്ട ഒരു ഖുർആൻ ആണ് എന്നെ ഇപ്പോൾ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത്. സൂറത്ത് മർയമിലെ 71-ാ മത്തെ സൂക്തമായിരുന്നു അപ്പോൾ അദ്ദേഹം ഓർത്തു വച്ചത്. പരലോകത്തെ ഒരു കടമ്പയെ കുറിച്ച് സൂചിപ്പിക്കുന്ന ആശയമാണ് പ്രസ്തുത സൂക്തം ഉൾവഹിച്ചിരുന്നത്. ഇതു കേട്ടുനിന്ന കൂട്ടുകാർ അദ്ദേഹത്തിന്റെ പാരത്രിക വിജയത്തിന് വേണ്ടി പ്രാർത്ഥിച്ചു. അപ്പോഴേക്കും ഇങ്ങനെ പാടി.
    ലാകിന്നനീ അസ്അലുർറഹ്മാന മഗ്ഫിറത്തൻ….
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...