
നബിﷺ അനുയായികളെ അഭിസംബോധന ചെയ്തു. അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കുന്നതിന്റെ പ്രാധാന്യം പങ്കുവെച്ചു. ഏറ്റവും അനിവാര്യമായ ഈ ഘട്ടത്തിൽ സഹായിക്കുന്നതിന്റെ മാഹാത്മ്യം വിശദീകരിച്ചു. എല്ലാ അനുയായികളും ആവേശപൂർവ്വം ഏറ്റെടുത്തു. ഏറ്റവും കൂടുതൽ ഉത്സാഹത്തോടെ ആദ്യം മുന്നോട്ടുവന്നത് ഉസ്മാൻ ബിൻ അഫ്ഫാനാ(റ)യിരുന്നു. അബ്ദുറഹ്മാൻ ബിൻ ഹുബാബ്(റ) പറയുന്നു. തബൂക്കിലേക്ക് ആവശ്യമായ ധനസമാഹരണം ലക്ഷ്യം വെച്ച് നബിﷺ സംസാരിച്ച സദസ്സിൽ ഞാനും ഉണ്ടായിരുന്നു. അവിടുന്ന് ആവശ്യങ്ങൾ ഉന്നയിച്ച സമയത്ത് തന്നെ ഉസ്മാൻ(റ) ചാടി എഴുന്നേറ്റു. 100 ഒട്ടകങ്ങളും അതിന്റെ സന്നാഹങ്ങളും വാഗ്ദാനം ചെയ്തു. വീണ്ടും നബിﷺ ആവശ്യപ്പെട്ടപ്പോൾ 200 ഒട്ടകങ്ങളും അതിന്റെ സംവിധാനങ്ങളും നൽകാമെന്ന് പറഞ്ഞു. തുടർന്നും ആവശ്യപ്പെട്ടപ്പോൾ 300 ഒട്ടകങ്ങളും അതിന്റെ സന്നാഹങ്ങളും നൽകാം എന്നായി. ഇത് തിരുനബിﷺയെ വല്ലാതെ സന്തോഷിപ്പിച്ചു. അവിടുന്ന് മിമ്പറിൽ നിന്ന് താഴെ ഇറങ്ങി. ഉസ്മാന്(റ) വേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തി. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഉസ്മാനെ(റ) നിങ്ങൾ ഇനിയൊരു കർമ്മവും ചെയ്തില്ലെങ്കിലും നിങ്ങൾ വിജയിച്ചിരിക്കുന്നു. അബ്ദുറഹ്മാൻ ബിൻ സമുറ(റ) പറയുന്നു. തബൂക്കിലേക്ക് പുറപ്പെടാൻ വേണ്ടി നബിﷺ ഒരുങ്ങിയപ്പോൾ ഒരു വസ്ത്രത്തിൽ ആയിരം ദീനാർ പൊതിഞ്ഞ് അതുമായി ഉസ്മാൻ(റ) നബിﷺയെ സമീപിച്ചു. അത് മുഴുവനും നബിﷺയെ ഏൽപ്പിക്കുകയും അവിടുന്ന് സ്വീകരിക്കുകയും ചെയ്തു. ഇനിയൊരു കർമ്മവും ചെയ്തില്ലെങ്കിലും ഉസ്മാന്(റ) പ്രയാസം ഒന്നും വരില്ല എന്ന് നബിﷺ ആവർത്തിച്ചു പറഞ്ഞു.
അബൂബക്കറും(റ) ഉമറും(റ) മത്സരിച്ചു കൊണ്ടായിരുന്നു നബിﷺക്ക് ദാനം ചെയ്തത്. ഇന്നെങ്കിലും എനിക്ക് അബൂബക്കറി(റ)നെ മറികടക്കണം എന്ന് വിചാരിച്ചു സ്വത്തിന്റെ പകുതിയും ദാനം ചെയ്യാൻ വേണ്ടിയാണ് ഉമർ(റ) എത്തിയത്. ഉമർ(റ) തന്നെ പറയുന്നു. ഞാൻ എന്റെ പക്കൽ കരുതിയ സ്വത്ത് നബിﷺയുടെ മുമ്പിലേക്ക് സമർപ്പിച്ചു. അവിടുന്ന് എന്നോട് ചോദിച്ചു. വീട്ടിൽ ഇനി എന്താണ് ബാക്കിയുള്ളത്? ഞാൻ പറഞ്ഞു എന്റെ സ്വത്തിന്റെ പകുതിയും ഇവിടെ നൽകി കഴിഞ്ഞു. അല്പം കഴിഞ്ഞപ്പോൾ അബൂബക്കർ(റ) സംഭാവനയുമായി എത്തി. നബിﷺയെ ഏൽപ്പിച്ചു കഴിഞ്ഞപ്പോൾ, നബിﷺ അബൂബക്കറി(റ)നോട് ചോദിച്ചു. നിങ്ങളുടെ സ്വത്തിൽ ഇനി എത്രയാണ് ബാക്കിയുള്ളത്? അദ്ദേഹം പറഞ്ഞു. ഞാൻ എന്റെ സ്വത്തു മുഴുവനും അങ്ങയുടെ മുമ്പിൽ സമർപ്പിച്ചിരിക്കുന്നു. എന്റെ കുടുംബത്തിനും മറ്റുള്ളവർക്കുമായി അല്ലാഹുവിനെയും റസൂലിനെﷺയും ആണ് ഞാൻ കണ്ടിട്ടുള്ളത്. ഇത്രയുമായപ്പോൾ മാത്സര്യ ബുദ്ധിയോടെ വന്നവർ പറഞ്ഞു. അല്ലയോ അബൂബക്കറെ(റ) നിങ്ങളെ ഒരിക്കലും മറികടക്കാൻ ഞങ്ങൾക്ക് ആവില്ല. യാതൊരു ലാഭേച്ഛയും കൂടാതെ പാരത്രിക ലക്ഷ്യം മാത്രം മുന്നിൽകണ്ട് അല്ലാഹുവിന്റെ ദൂതരെﷺ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും അനുയായികൾ കാണിച്ച ഈ ആവേശം ചരിത്രത്തിൽ ഒറ്റപ്പെട്ടതാണ്. സമാനതകൾ എവിടെയും വായിക്കാൻ ഉണ്ടാവുമോ എന്നറിയില്ല. അബ്ദുറഹ്മാൻ ബിൻ ഔഫ്(റ) അദ്ദേഹത്തിന്റെ സ്വത്തിന്റെ പകുതി അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിച്ചു. അബ്ബാസ്ബിൻ അബ്ദുൽ മുത്തലിബ്(റ), ത്വൽഹ ബിൻ ഉബൈദില്ല(റ), മുഹമ്മദ് ബിൻ മസ്ലമ(റ), ആസിം ബിൻ അദിയ്യ്(റ) എന്നിവരും തബൂക്കിലേക്ക് ഉയർന്ന സംഭാവനകൾ നൽകിയവരാണ്.
ആണുങ്ങളുടെ കയ്യിലുള്ള ആസ്തി സമൂഹത്തെയും രാഷ്ട്രീയത്തെയും നിർമ്മിക്കാനുള്ളതാണ്, അശരണർക്ക് ആശ്രയം നൽകാൻ ഉള്ളതാണ്, സമ്പത്തിന്റെ വിനിയോഗത്തിലും ഒരു വലിയ ആനന്ദമുണ്ട് എന്നീ അധ്യായങ്ങൾ ഏറ്റവും നന്നായി പഠിപ്പിച്ചത് തിരുനബിﷺയായിരുന്നു. അതിന്റെ പ്രതിഫലനമാണ് അവിടുത്തെ സമുദായത്തിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്ന ദാനധർമ്മങ്ങൾ. മറ്റൊരു സമൂഹത്തിലും കാണാത്തത്ര വിശാലമായ ദാനശീലം ഈ സമുദായത്തിൽ ഇന്നും നിലനിൽക്കുന്നു. വിശുദ്ധ ഖുർആനിലെ അത്തൗബ അദ്ധ്യായത്തിൽ 41ആം സൂക്തത്തിന്റെ ആശയം ഒന്നു നോക്കൂ. “നിങ്ങള്‍ സാധന സാമഗ്രികള്‍ കൂടിയവരായാലും കുറഞ്ഞവരായാലും ഇറങ്ങിപ്പുറപ്പെടുക. നിങ്ങളുടെ ദേഹംകൊണ്ടും ധനംകൊണ്ടും അല്ലാഹുവിന്റെ മാർഗ്ഗത്തില്‍ സമരംചെയ്യുക. നിങ്ങള്‍ അറിയുന്നവരെങ്കില, അതാണ് നിങ്ങൾക്കുത്തമം.”
ഈ സന്ദേശത്തെ ഏറ്റെടുത്തുകൊണ്ടാണ് പ്രവാചക അനുയായികൾ പോർക്കളത്തിലേക്ക് വന്നത്. അവരുടെ സമ്പത്ത് വിനിയോഗിച്ചത്. അവരുടെ ശരീരം സമർപ്പിക്കാൻ സന്നദ്ധരായത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
