
മക്കാവിജയ ദിവസം നബിﷺ നിർവഹിച്ച പ്രഭാഷണത്തിന്റെ ഒരു സംക്ഷിപ്തം വ്യത്യസ്ത ഹദീസ് നിവേദകന്മാർ നിവേദനം ചെയ്യുന്നത് ഇങ്ങനെയാണ്. “അല്ലയോ ജനങ്ങളേ, ജനങ്ങൾ രണ്ടു വിധമാണ്. ഒന്നു അല്ലാഹുവിനെ സൂക്ഷിച്ചു മാന്യനായി ജീവിക്കുന്നയാൾ. ഗുണവാനും വിശ്വസ്തനുമായ വ്യക്തി. രണ്ടാമത്തേത് അല്ലാഹുവിൽ അവിശ്വസിക്കുന്നയാൾ. അയാൾ അല്ലാഹുവിങ്കൽ നിന്ദ്യനായിരിക്കും. ആകാശഭൂമികളെ സൃഷ്ടിച്ച അന്നുതന്നെ മക്കയെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. മക്കയിൽ യുദ്ധം ചെയ്യുന്നത് അല്ലാഹു നിരോധിച്ചിരിക്കുന്നു. കഴിഞ്ഞ കാലത്ത് അല്ലാഹു അവിടെ യുദ്ധം അനുവദിചിട്ടില്ല. ഇനിയുള്ള കാലത്തും അല്ലാഹു അനുവദിക്കുന്നില്ല. പക്ഷേ, ഈ പകലിന്റെ അല്പസമയം അല്ലാഹു അവന്റെ ദൂതനും അനുയായികൾക്കും അനുവദിച്ചിരിക്കുന്നു. ഈ മക്കയിലുള്ള മരങ്ങൾ മുറിക്കപ്പെടുകയോ മുള്ളുകൾ പറിക്കപ്പെടുകയോ ചെയ്തുകൂടാ. വിളംബരം ചെയ്യാൻ വേണ്ടിയല്ലാതെ വീണുകിടക്കുന്ന വസ്തുക്കൾ എടുക്കാൻ പാടില്ല. കൊല്ലപ്പെട്ടവർക്ക് വേണ്ടി നഷ്ടപരിഹാരം ഈടാക്കാനോ പകരമായി വധശിക്ഷ നടപ്പിലാക്കാനോ അനുമതിയുണ്ട്. മരങ്ങൾ മുറിക്കരുതെന്ന് പറഞ്ഞപ്പോൾ അബ്ബാസ് (റ) നബിﷺയോട് പറഞ്ഞു. “ഇദ്ഖിർ മരം ഒഴികെ. കാരണം, അത് ഞങ്ങൾ ഖബറുകൾക്കും വീടുകൾക്കും ഉപയോഗിക്കുന്നതാണ് “. അപ്പോൾ നബിﷺയത് ഒഴിവാക്കിക്കൊണ്ട് പറഞ്ഞു.
ശേഷം ഇങ്ങനെ തുടർന്നു. “അനന്തരാവകാശിക്ക് സ്വത്തിൽ വസ്വിയ്യത്തില്ല. ജാര സന്തതിക്ക് പിതൃത്വം ചേർക്കപ്പെടുകയില്ല. വ്യഭിചാരിക്ക് കല്ലേറു ശിക്ഷയായി ലഭിക്കും. ഒരു സ്ത്രീയും ഭർത്താവിന്റെ സമ്പാദ്യം അദ്ദേഹത്തിന്റെ തൃപ്തിയിലല്ലാതെ വിനിയോഗിക്കരുത്. മുസ്‌ലിംകൾ പരസ്പരം സഹോദരങ്ങളായിരിക്കും. അവർ ഒറ്റക്കൈയ്യായി നിൽക്കേണ്ടതുണ്ട്. അസ്വറിന് ശേഷവും സുബ്ഹിക്ക് ശേഷവും നിസ്കാരമില്ല. പെരുന്നാൾ ദിവസങ്ങളിൽ നോമ്പ് അനുഷ്ഠിക്കാൻ പാടില്ല.” പ്രഭാഷണം കേട്ട് അബുഷ എന്നയാൾ പറഞ്ഞു. “എനിക്കുവേണ്ടി ഇതൊന്നു എഴുതിത്തരൂ പ്രവാചകരേ! ﷺ. പകർത്തി കൊടുക്കാൻ വേണ്ടി പ്രവാചകൻﷺ നിർദേശിച്ചു.
ഇബ്നു അബീ ശൈബ (റ) ഉദ്ധരിക്കുന്നു. “പ്രഭാഷണത്തിനു ശേഷം നബിﷺ പള്ളിയുടെ ഒരു ഭാഗത്തേക്ക് നീങ്ങി. അപ്പോൾ ഒരു ബക്കറ്റിൽ സംസം വെള്ളം കൊണ്ടുവന്നു. നബിﷺ അതിൽ നിന്ന് മുഖം കഴുകി. കഴുകിയ ഒരിറ്റു വെള്ളം പോലും നിലത്ത് വീഴാൻ ശിഷ്യന്മാർ അനുവദിച്ചില്ല. അത് അവർ കൈയിൽ വാങ്ങുകയും ശരീരത്ത് പുരട്ടുകയും ചെയ്തു. ഇത് കണ്ടുനിന്ന മക്കയിലെ മുശ്‌രിക്കുകൾ പറഞ്ഞു. “ഇതുപോലെ വന്ദിക്കപ്പെട്ട ഒരു രാജാവിനെയും നാം കണ്ടിട്ടില്ല. ഇതുപോലെ മൂഢന്മാരായ ഒരു ജനതയെയും നമ്മൾ ദർശിച്ചിട്ടില്ല”.
പ്രവാചകത്വത്തിന്റെ പദവിയോ അനുഗ്രഹത്തെക്കുറിച്ചുള്ള ആത്മീയ പാഠങ്ങളോ അറിയാത്തവർ എക്കാലത്തും ഇങ്ങനെത്തന്നെയാണ് പ്രയോഗിക്കുക. പ്രവാചകൻﷺ ആരാണെന്ന് അറിയുമ്പോഴാണ് പ്രവാചകനുﷺമായി ബന്ധപ്പെട്ട വസ്തുക്കൾക്കും വിശേഷങ്ങൾക്കും മൂല്യമുണ്ടെന്ന ബോധ്യമുണ്ടാകുന്നത്. ഭൗതികമായി ഏതെങ്കിലും നിലയിൽ മൂല്യമുള്ള വസ്തുക്കളെ എല്ലാവരും പരിഗണിക്കുന്നു. തിമിംഗലത്തിന്റെ ഛർദ്ദിയും പാമ്പിന്റെ വിഷവും കസ്തൂരിമാനിന്റെ ഉച്ഛിഷ്ടവും തേനീച്ചയുടെ കാഷ്ഠവും വില കൽപ്പിക്കപ്പെടുന്നത് സുഗന്ധമായോ ശമനമായോ ഏതെങ്കിലും വിധേന പ്രയോജനപ്പെടുന്ന വസ്തുവായോ കാണുകയോ അനുഭവിക്കുകയോ ചെയ്യുമ്പോഴാണ്. ഛർദ്ദി എന്നും അവശിഷ്ടമെന്നും മാത്രം വായിച്ചാൽ അവയെക്കുറിച്ചും നിസ്സാരത മാത്രമേ ഉണ്ടാവുകയുള്ളൂ.
പ്രവാചകർﷺ ഉപയോഗിച്ച വസ്തുക്കൾക്ക് ആത്മീയമായി ലഭിക്കുന്ന അനുഗ്രഹങ്ങൾ തിരിച്ചറിയുന്ന വിശ്വാസികൾക്ക് തേനീച്ചയിൽ നിന്നുള്ള തേനിനെക്കാളും കസ്തൂരിമാനിന്റെ ഉച്ഛിഷ്ടത്തിലെ സുഗന്ധത്തെക്കാളും മൂല്യമുള്ളതായിരിക്കും പ്രവാചകനുﷺമായി ബന്ധപ്പെട്ട വസ്തുക്കൾ. അറിവും ബോധ്യവും കാഴ്ചപ്പാടുമാണ് ഇവിടെ മൂല്യനിർണയം നടത്തുന്നത്. ഇങ്ങനെയൊന്നുമില്ലാതെ വരുമ്പോഴാണ് അറിഞ്ഞനുഭവിക്കുന്നവരെ അറിവില്ലാത്തവർ അപഹസിക്കുന്നത്.
ദൃശ്യ ലോകത്തെ വസ്തുക്കളെയും മൂല്യങ്ങളെയും മാത്രം കാണാനും അനുഭവിക്കാനും കഴിയുന്നവരും അദൃശ്യലോകത്ത് കൂടി തിരിച്ചറിയുന്നവരും ഒരിക്കലും തുല്യമാവില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
