
ഇനിയെങ്ങോട്ട് പോകാനാണെന്ന് ആലോചിച്ച് അബൂ സുഫ്‌യാൻ മദീനയിലെ ഇടവഴികളിലൂടെ സഞ്ചരിച്ചു. ഒടുവിൽ ഉസ്മാൻ (റ)ന്റെ വീടിനു മുന്നിലെത്തി. അധികമാരുടെയും കണ്ണിൽപ്പെടാതിരിക്കാൻ വേഗം വീടിന്റെ ചെരുവിലേക്ക് കയറി. ഉസ്മാൻ (റ) അവിടെയുണ്ടായിരുന്നു. ആഗമന വിവരങ്ങൾ ധരിപ്പിച്ചു. നബിﷺയോട് ശുപാർശ ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു. പക്ഷേ, ഉസ്മാനും(റ) തയ്യാറായില്ല. അദ്ദേഹം പറഞ്ഞു, “ഇത്തരം വിഷയങ്ങളിൽ നബിﷺയുടെ തീരുമാനത്തിനപ്പുറം ഒന്നും പറയാൻ ഞങ്ങൾക്ക് സാധ്യമല്ല. ഞങ്ങൾ നിസ്സഹായരാണ്. ഞങ്ങൾ പൂർണാർഥത്തിൽ പ്രവാചകന്റെﷺ അഭിപ്രായത്തിനൊപ്പം നിൽക്കുന്നവരാണ് “. അബൂ സുഫ്‌യാൻ ആകെ വിയർത്തു. ഇനിയെന്താണ് പോംവഴി എന്നാലോചിച്ചുകൊണ്ട് അടുത്ത ഇടത്തേക്ക് നീങ്ങി.
ഏതായാലും അലി(റ)യുടെ വീട്ടിൽക്കൂടി ഒന്നു കയറി നോക്കാം. മുഹമ്മദ് നബിﷺയുടെ മകൾ ഫാത്വിമ (റ) ആണല്ലോ കൂടെയുള്ളത്. അലി(റ)യുടെ വീടിനടുത്തേക്ക് നടന്നു ചെന്നു. രണ്ടുപേരും അവിടെയുണ്ടായിരുന്നു. കൂടെ അവരുടെ മകൻ ഹസ്സൻ (റ) അവിടെ ഇഴഞ്ഞു കളിക്കുന്നുണ്ടായിരുന്നു. അബൂ സുഫ്‌യാൻ പറഞ്ഞു, “അല്ല, അലീ (റ), നിങ്ങൾ എന്റെ അടുത്ത കുടുംബക്കാരനാണല്ലോ. നിങ്ങളിൽ നിന്ന് വളരെ വലിയ ഒരു സഹായം എനിക്കാവശ്യമുണ്ട്. നിങ്ങളെന്നെ കൈവിടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മുഹമ്മദ് നബിﷺയോട് നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഒന്ന് ശുപാർശ ചെയ്യണം “.
“നബിﷺ ഒരു തീരുമാനത്തിലുറച്ചാൽ അതിനപ്പുറത്തൊന്നു പറയാൻ ഞങ്ങൾക്ക് സാധ്യമല്ല “. അലി (റ) പ്രതികരിച്ചു. അപ്പോൾ ഫാത്വിമ(റ)യുടെ ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ട് അബൂ സുഫ്‌യാൻ ചോദിച്ചു, “അല്ലയോ ഫാത്വിമാ (റ), ഇഴഞ്ഞു കളിക്കുന്ന നിങ്ങളുടെ മകനെക്കൊണ്ടെങ്കിലും എനിക്കുവേണ്ടി ഒന്ന് ശുപാർശ ചെയ്യിക്കാമോ?”
“ഞങ്ങളിലാരും നബിﷺയുടെ തീരുമാനത്തിനപ്പുറം ഒരു തീരുമാനത്തിലേക്ക് തിരിയുന്നവരല്ല”. അഥവാ, മഹതിയും നിസ്സഹായത മാത്രം പ്രകടിപ്പിച്ചു. സ്വഹാബികളിലാരും തനിക്കുവേണ്ടി ശുപാർശ ചെയ്യില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു. തിരുനബിﷺയുടെ സ്വീകാര്യതയും ആധികാരികതയും ഒരിക്കൽക്കൂടി അദ്ദേഹം മനസ്സിലാക്കി. ഇനി മക്കയിലേക്ക് മടങ്ങുകയല്ലാതെ വേറൊരു മാർഗവുമില്ല. അല്പം നാളുകൾ മദീനയിൽത്താമസിച്ചു അദ്ദേഹം മടങ്ങിപ്പോയി. നിസ്സഹായത സ്വയം ബോധ്യപ്പെട്ടു കൊണ്ടുള്ള മടക്കമായിരുന്നു അത്.
മക്കക്കാർ അദ്ദേഹത്തിന്റെ മടക്കം കാത്തിരിക്കുകയായിരുന്നു. നാളുകൾ പിന്നിട്ടപ്പോൾ അവരാശങ്കപ്പെട്ടു. ‘ഇനി അദ്ദേഹവും കൂടി ഇസ്‌ലാം സ്വീകരിച്ചു മദീനയിൽത്തന്നെ കൂടിയോ’ എന്നവർ ആലോചിച്ചു. അങ്ങനെയിരിക്കെയാണ് രാത്രിയിൽ അദ്ദേഹം മക്കയിലെത്തിയത്. അതീവ രഹസ്യമായി വീട്ടിലേക്ക് കടന്നു. ഭാര്യ യാത്രയെക്കുറിച്ച് ചോദിച്ചു. മദീനയിൽ നിന്ന് അഭിമുഖീകരിച്ച വിഷയങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞു. അബൂ സുഫ്‌യാൻ ഭാര്യയുടെ മുന്നിലും നിസ്സഹായനായതുപോലെ തോന്നി. പ്രഭാതമായപ്പോൾ അദ്ദേഹം തലമുണ്ടനം ചെയ്തു. തന്റെ ഒട്ടകത്തെ ഇസാഫ്, നാഇല ദൈവങ്ങൾക്ക് മുൻപിൽ ബലിദാനം നടത്തി. അതിന്റെ രക്തം കൊണ്ട് അഭിഷേകം ചെയ്തു. ഖുറൈശികളിൽ തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കാൻ വേണ്ടിയായിരുന്നു അത്.
ഖുറൈശികൾ അദ്ദേഹത്തെ സമീപിച്ച് ചോദിച്ചു, “നിങ്ങൾ മുഹമ്മദ് നബിﷺയിൽ നിന്ന് കരാറും ഉടമ്പടിയും വല്ലതും സ്വീകരിച്ചുവോ?” അദ്ദേഹം പറഞ്ഞു. “ഒന്നും ഉണ്ടായില്ല. കരാർ പുതുക്കാനോ കാലാവധി നീട്ടാനോ അവർ വിസമ്മതിച്ചിരിക്കുന്നു. മദീനയിൽ ഞാൻ സമീപിച്ച ആരും എന്നോട് കൂട്ടുകൂടിയില്ല. ഏതായാലും മുഹമ്മദ് നബിﷺയെ അനുയായികൾ അനുസരിക്കുന്നതുപോലെ ലോകത്ത് ഒരു നേതാവിനെയും അനുയായികൾ അനുസരിക്കുന്നത് ഞാൻ കണ്ടിട്ടില്ല”. ഖുറൈശികൾ നിരാശരും നിശ്ശബ്ദരുമായി. അല്പനേരത്തെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് അബൂ സുഫ്‌യാൻ തന്നെ സംസാരിച്ചു. “മുഹമ്മദ് നബിﷺയെ ഞാൻ നേരിട്ട് സമീപിച്ചെങ്കിലും ഉടമ്പടിയെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. അബൂബക്കറി(റ)നെ സമീപിച്ചു നിരാശയായിരുന്നു ഫലം. ശേഷം, ഉമറി(റ)ന്റടുത്ത് പോയി കർക്കശമായിരുന്നു സമീപനം. അലി(റ)യെയും സമീപിച്ചു. അദ്ദേഹമാണ് എന്നോട് അൽപ്പമെങ്കിലും ആർദ്രമായിപ്പെരുമാറിയത് “. കേട്ടവർ ഇപ്രകാരം ചോദിച്ചു : “എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സമീപനം?”.
“അദ്ദേഹം എന്നോട് പറഞ്ഞു, ‘നിങ്ങൾക്ക് പരസ്യമായി ഒരു അഭയം തേടിക്കൂടെ’ എന്ന്. ഞാനത് ചോദിച്ചെങ്കിലും ഫലമുണ്ടായില്ല “.
“ഓ! അപ്പോൾ അദ്ദേഹം നിങ്ങളെക്കൊണ്ട് കളിക്കുകയായിരുന്നു അല്ലേ ?”
” ഇപ്പോൾ എനിക്കും തോന്നുന്നത് അങ്ങനെയാണ് “. അബൂ സുഫ്‌യാൻ കൂട്ടിച്ചേർത്തു.
മദീനയിൽ നിന്ന് ഇനി എന്ത് നടപടിയും ഉണ്ടാകാമെന്ന് മക്കക്കാർ പ്രതീക്ഷിച്ചു. ഈ സാഹചര്യത്തെ കൃത്യമായി നിരീക്ഷിച്ചും ഉന്നതമായ ഒരു വിജയത്തിന് വേണ്ടി ആവശ്യമായ കാര്യങ്ങൾ ആലോചിച്ചുകൊണ്ട് നബിﷺ മദീനയിൽ കഴിഞ്ഞുകൂടി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
