
പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്റയുടെ അടുത്തേക്ക് നബിﷺ അയച്ചത് അബ്ദുല്ലാഹിബ്നു ഹുദാഫതുസ്സഹ്മീ(റ)നെയാണ്. ബഹ്റൈനിലെ നാട്ടുപ്രധാനി മുഖേന കിസ്റയുടെ അടുത്ത് കത്ത് എത്തിക്കുകയായിരുന്നു. അത് വായിച്ച രാജാവ് കോപാകുലനായി. അയാൾ കത്ത് കീറിയിട്ടു. എന്നിട്ട് തന്റെ പരിവാരങ്ങളോടു പറഞ്ഞു: “എന്റെ അധികാര പ്രദേശത്തുള്ള മറ്റൊരാൾ എന്റെ പേരിന്മേൽ പേര് എഴുതുകയോ?”
ശേഷം, യമനിലെ തന്റെ പ്രതിനിധിയായ ബാദാൻ ഗവർണർക്ക് ഒരു കത്തെഴുതി: ഹിജാസിലുള്ള മുഹമ്മദിﷺന്റെ അടുത്തേക്ക് ശക്തരും ധീരരുമായ രണ്ടാളെ പറഞ്ഞയക്കുക. ആ വ്യക്തിയെ എൻ്റടുക്കൽ ഹാജരാക്കാൻ പറയുക. നിര്‍ദേശം കേള്‍ക്കേണ്ട താമസം അദ്ദേഹം രണ്ടു സൈനികരെ മദീനയിലേക്കയച്ചു. അവര്‍ താടി വടിച്ച് മീശ നീട്ടി നബിﷺയെ സമീപിച്ചു. പ്രവാചകൻﷺ അവരെ അഭിമുഖീകരിക്കാൻ തന്നെ മനസ്സു കാണിച്ചില്ല. അവരുടെ ഭാവങ്ങൾ അത്രമേൽ അരോചകമായിരുന്നു. അവിടുന്ന് പറഞ്ഞു: ഇതെന്തു രൂപമാണ്? ആകെ നാശമായിപ്പോയല്ലോ. ആരാണിവരെ നിയോഗിച്ചത്? അവർ പറഞ്ഞു, ഞങ്ങളുടെ നാഥൻ. അവരുദ്ദേശിച്ചത് അവരുടെ ചക്രവർത്തിയെ ആയിരുന്നു. നബിﷺ പറഞ്ഞു: എന്റെ റബ്ബ് താടി വളര്‍ത്താനും മീശ വെട്ടാനുമാണ് കല്‍പിച്ചിരിക്കുന്നത്. തുടര്‍ന്ന് അവര്‍ അവരുടെ ദൗത്യം വ്യക്തമാക്കി: “നിര്‍ദേശം പോലെ ചെയ്താല്‍ ബാദാന്‍ നിങ്ങള്‍ക്കനുകൂലമായി ചക്രവര്‍ത്തിക്കെഴുതും. ഇല്ലെങ്കിൽ നിങ്ങളെയും നിങ്ങളുടെ ജനതയെയും അവർ നശിപ്പിച്ചു കളയും.
“നിങ്ങള്‍ നാളെ വന്നു കാണൂ.’’ എന്നുപറഞ്ഞ് തൽക്കാലം അവരോടുള്ള സംഭാഷണം അവസാനിപ്പിച്ചു.
പേര്‍ഷ്യന്‍ പ്രതിനിധികള്‍ മദീനയിലെത്തിയെന്നറിഞ്ഞപ്പോള്‍ മക്കക്കാര്‍ക് വലിയ ആഹ്ലാദമായി. അവര്‍ പരസ്പരം സന്തോഷം കൈമാറി. മഹാരാജാവായ പേർഷ്യൻ ചക്രവർത്തി മുഹമ്മദ് നബിﷺയെ കൈകാര്യം ചെയ്തുകൊള്ളും. ഇനി നമുക്ക് ഇക്കാര്യത്തിൽ ഭയക്കേണ്ടതില്ല, ഇതായിരുന്നു മക്കക്കാരുടെ സംഭാഷണം. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. അടുത്തദിവസം നബിﷺ പേര്‍ഷ്യന്‍ ദൂതന്മാരെ വിളിപ്പിച്ചു. അവരോട് പറഞ്ഞു. നിങ്ങളുടെ ചക്രവർത്തിയെ അദ്ദേഹത്തിന്റെ മകൻ വകവരുത്തിയിരിക്കുന്നു. എന്റെ അധികാരം കിസ്റയുടെ അധികാര പരിധിക്കുമപ്പുറം കടക്കും. നിങ്ങള്‍ നിങ്ങളെ അയച്ച ബാദാനോട് പോയി പറയുക: “മുസ്‌ലിമാവുക, എന്നാല്‍ സ്വന്തം നാട്ടിലെ അധികാരത്തില്‍ തന്നെ തുടരാം.’’ എന്നിട്ട് ബാദാന് കുറെ ഉപഹാരങ്ങൾ കൂടി കൊടുത്തുവിട്ടു.
ചക്രവര്‍ത്തി കൊല്ലപ്പെട്ട വിവരം ബാദാന്‍ അപ്പോഴും അറിഞ്ഞിരുന്നില്ല. ദൂതന്മാര്‍ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഇതൊരു രാജാവിന്റെ വാചകമല്ല. അദ്ദേഹം ഒരു പ്രവാചകൻ ആണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ആ പറഞ്ഞതിന്റെ വസ്തുതയറിയാന്‍ നമുക്ക് കാത്തിരിക്കാം. എന്നിട്ട് തീരുമാനത്തിലെത്താം, അങ്ങനെയിരിക്കെ ചക്രവര്‍ത്തിയെ കൊന്ന് മകന്‍ അധികാരം പിടിച്ചെടുത്ത സന്ദേശം ലഭിച്ചു. പിതാവിനെ കൊന്നതിന്റെ കാരണവും പിതാവിന് പകരം തന്നെ അംഗീകരിക്കാനും മുഹമ്മദ് നബിﷺയെ തടയാനും തുടങ്ങിയ നിര്‍ദേശങ്ങൾ അടങ്ങിയതായിരുന്നു കത്ത്. ഈ വിവരം ലഭിച്ചപ്പോള്‍ നബിﷺയെ കുറിച്ച് പൂര്‍ണവിശ്വാസം വന്ന ബാദാനും ധാരാളം പേര്‍ഷ്യന്‍ വംശജരും ഇസ്‌ലാം സ്വീകരിച്ചു. നമ്മുടെ കത്ത് കീറിയിട്ടവന്റെ അധികാരം അല്ലാഹു കീറിയിട്ടിരിക്കുന്നു, എന്ന തിരുനബിﷺയുടെ പ്രവചനം പുലർന്നു.
പ്രവാചകൻﷺ ദൗത്യ സന്ദേശം അയച്ച മറ്റൊരു പ്രധാനപ്പെട്ട ഭരണാധികാരിയായിരുന്നു നജ്ജാശി. അദ്ദേഹത്തിനുള്ള കത്തുമായി പോയത് അംറുബ്നു ഉമയ്യത്തുള്ളംരി(റ) ആയിരുന്നു. നജ്ജാശി നേരത്തേതന്നെ മുസ്‌ലിംകളെ സംരക്ഷിക്കുവാന്‍ സന്മനസ്സ് കാട്ടിയ ദൈവവിശ്വാസിയായിരുന്നു. അഭയാര്‍ത്ഥികളായെത്തിയ ജഅ്ഫര്‍(റ) അടക്കമുള്ളവര്‍ ഈ കത്ത് ലഭിക്കുന്ന കാലത്തും നജ്ജാശിയുടെ ഹബ്ശയില്‍ തന്നെയായിരുന്നു. കത്ത് കൈപ്പറ്റിയ നജ്ജാശി അത് തന്റെ കണ്ണിൽ ചേർത്ത് ചുംബിച്ച് സിംഹാസനത്തില്‍ നിന്നും താഴെ ഇറങ്ങി. ജഅ്ഫര്‍(റ)ന് മുമ്പാകെ ഇസ്‌ലാം സ്വീകരിച്ചു. ശേഷം നബിﷺക്ക് മറുപടി കത്തുമെഴുതി.
നബിﷺയെ മുഹമ്മദുര്‍റസൂൽﷺ എന്ന് അഭിസംബോധന ചെയ്താണ് കത്താരംഭിക്കുന്നത്. സലാം പറഞ്ഞ ശേഷം നബിﷺ സത്യദൂതനാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ജഅ്ഫര്‍(റ) മുഖേന വിശ്വസിച്ചതും ബൈഅത് ചെയ്തതും അറിയിച്ചു. നബിﷺ ഹബ്ശയില്‍ താമസിക്കുന്ന മുഹാജിറുകളെ മദീനയിലേക്കയക്കാനെഴുതി. മുസ്‌ലിംകള്‍ ഖൈബറിലായിരിക്കെ രണ്ടു കപ്പലിലായി അവര്‍ നബിﷺയുടെ അടുത്തെത്തി. ഹിജ്റ ഒമ്പതാം വര്‍ഷം തബൂഖ് സമരം കഴിഞ്ഞ ശേഷം റജബ് മാസത്തില്‍ നജ്ജാശി ഇഹലോകവാസം വെടിഞ്ഞു. നബിﷺ നേരിട്ടുതന്നെ മരണവാര്‍ത്ത മദീനയില്‍ പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ മേൽ മയ്യിത്ത് നിസ്കരിക്കുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
