Tweet 445

    Tweet 445
    September 2, 2023 • Saturday
    Post Header

    പ്രവാചകരു‍ﷺടെ ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നത് അബ്ദുല്ലാഹിബിന് റവാഹ(റ)യാണ്. അഭിമാനപൂർവ്വം ഉംറ നിർവഹിക്കാൻ വേണ്ടി മക്കയിലേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം ചില കവിതകൾ ആലപിച്ചു. അതിന്റെ ആശയം ഇങ്ങനെയായിരുന്നു.
    ”കുഫ്രിന്റെ മക്കളേ വഴിമാറി നിൽക്കുവിൻ
    ഞങ്ങളോ നിങ്ങളെ വെറുതെ വിടില്ലിനി
    ഉടലിനു ശിരസ്സിനെ അന്യമാക്കും വിധം
    മിത്രത്തിനു മിത്രത്തെ നഷ്ടമാകും വിധം
    ഞങ്ങൾ വരുന്നിതാ സൂക്ഷിച്ചു കൊള്ളുവിൻ
    അല്ലാഹു അവതരിപ്പിച്ചല്ലോ വേദവും
    ഇഷ്ട ദൂതർക്കായി പുണ്യ വചസ്സുകൾ
    സത്യ സന്ദേശമായ് സ്വീകരിച്ചല്ലോ ഞാൻ”
    ഈ വരികൾ ഉമറി(റ)നെ അത്ഭുതപ്പെടുത്തി. പവിത്ര ഗേഹത്തിൽ നിന്നാണോ ഇങ്ങനെയുള്ള വരികൾ ചൊല്ലുന്നത്. അദ്ദേഹം ഇബ്നു റവാഹ(റ)യോട് ചോദിച്ചു. അപ്പോൾ നബി‍ﷺ ഇടപെട്ടു കൊണ്ട് പറഞ്ഞു. ഉമറെ(റ) അദ്ദേഹത്തെ വിട്ടേക്കുക. ചിലപ്പോൾ വാളിനേക്കാൾ മൂർച്ചയുള്ള വരികളാണ് അയാൾ ചൊല്ലുന്നത്. അത് ശത്രുപാളയത്തിൽ നല്ല ഇടിവുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
    എങ്കിലും നബി‍ﷺ അദ്ദേഹത്തോട് ചില മന്ത്രങ്ങൾ ചൊല്ലാൻ പറഞ്ഞു. അല്ലാഹുവിന്റെ ഏകത്വം വാഴ്ത്തിയും അവന്റെ സഹായം കാംക്ഷിച്ചു കൊണ്ടുമുള്ള പ്രാർത്ഥനാ വചനങ്ങൾ ആയിരുന്നു അത്.
    നബി‍ﷺയും അനുയായികളും കഅ്ബയുടെ അങ്കണത്തിലേക്ക് ഇറങ്ങി. കൂട്ടത്തിൽ ചില ആളുകൾക്ക് യസ്രിബിലെ പനിയുണ്ടായിരുന്നു. ഇതറിഞ്ഞ ഖുറൈശികൾ മുസ്ലിംകളെ കളിയാക്കാം എന്ന് വിചാരിച്ചു. പനി ബാധിച്ച് അശക്തരായി വന്നിരിക്കുന്നു എന്ന് അവർ പറയാൻ തുടങ്ങി. ഉടനെ പ്രവാചകൻ‍ﷺ ചില നടപടികൾ സ്വീകരിച്ചു. അവിടുന്ന് കഅ്ബ പ്രദർശനത്തിനു വേണ്ടി ഒരുങ്ങിയപ്പോൾ ധരിച്ചിരുന്ന മേൽമുണ്ട് വലതു തോൾ തുറന്നു കാണും വിധം പൂണൂൽ രൂപത്തിൽ ധരിച്ചു. കൂടാതെ ആദ്യത്തെ മൂന്ന് പ്രദക്ഷിണം ചടുലമായ നടത്തം അഥവാ റമൽ രൂപത്തിൽ നിർവഹിച്ചു. തങ്ങൾക്ക് രോഗമോ ക്ഷീണമോ ഇല്ലെന്നും ഉന്മേഷവാന്മാരായി തന്നെയാണ് എത്തിയിട്ടുള്ളത് എന്നും ശത്രുക്കളെ ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു ഈ നടപടികൾ. രംഗം നിരീക്ഷിച്ചുകൊണ്ടിരുന്ന ഖുറൈശികൾ മാറ്റി പറയാൻ തുടങ്ങി. ആരു പറഞ്ഞു ഇവർക്ക് രോഗമാണെന്നും ക്ഷീണം ആണെന്നും ഒക്കെ. കണ്ടില്ലേ അവർ എത്ര ചടുലമായിട്ടാണ് നടക്കുന്നത്. എത്ര ആരോഗ്യവാന്മാരായിട്ടാണ് പ്രദക്ഷിണം ചെയ്യുന്നത്. ഹജറുൽ അസ്’വദ് ചുംബിക്കുന്നത് വരെ പ്രവാചകൻ‍ﷺ തൽബിയത്ത് ചൊല്ലിക്കൊണ്ടിരുന്നു.
    കഅ്ബാ പ്രദക്ഷിണത്തിനുശേഷം പ്രവാചകൻ‍ﷺ കഅ്ബ ഗേഹത്തിനുള്ളിൽ കയറിയോ എന്നതിൽ അഭിപ്രായങ്ങൾ ഉണ്ട്. ഏതായാലും പ്രിയപ്പെട്ട ബിലാലി(റ)നോട് ബാങ്കൊലി മുഴക്കാൻ പറഞ്ഞു. ബിലാൽ(റ) മനോഹരമായ രൂപത്തിൽ അത് നിർവഹിച്ചു. എന്നാൽ ഇത് മക്കയിലുള്ള അവർക്ക് സഹിക്കുന്നതായിരുന്നില്ല. ഇക്രിമയും സഫുവാനും ഖാലിദും പറഞ്ഞു. ഈയൊരു രംഗം കാണേണ്ടി വരുന്നതിനുമുമ്പ് ഞങ്ങളുടെ പിതാവിനെ മരിപ്പിച്ച അല്ലാഹുവിന് സ്തുതി. മേൽ പറയപ്പെട്ടവരെല്ലാം പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചു. അത് പിന്നീടുള്ള കഥ. എന്നാൽ, അത്രമേൽ അസഹനീയമായിരുന്നു ശത്രുക്കൾക്ക് ബിലാലി(റ)ന്റെ ബാങ്ക്. സുഹൈൽ ബിൻ അംറ് പ്രസ്തുത ബാങ്ക് കേൾക്കാതിരിക്കാൻ വേണ്ടി ചെവികൾ പൊത്തിക്കളഞ്ഞു. അയാളും പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചു. കഅ്ബ പ്രദക്ഷിണത്തിനുശേഷം പ്രവാചകൻ‍ﷺ സഫയിലേക്ക് പോയി. സഫാ-മർവാ കുന്നുകൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടുമായി ഏഴ് പ്രാവശ്യം സഞ്ചരിച്ചു. അത് അവിടുത്തെ വാഹനപ്പുറത്തായിരുന്നു എന്നാണ് ഇമാം അഹമ്മദി(റ)ന്റെ നിവേദനം. ശേഷം, അറവു മൃഗങ്ങളെ ഹാജരാക്കി. മർവയുടെ പരിസരത്ത് വച്ച് മൃഗങ്ങളെ അറുത്തു. ഈ കർമ്മം എവിടെ വച്ചും ആകാമെന്നും പഠിപ്പിച്ചു. ഉംറയുടെ കർമ്മങ്ങൾ പൂർത്തിയായ ശേഷം ഒപ്പമുണ്ടായിരുന്ന ഇരുന്നൂറ് ആളുകളെ ആയുധം സൂക്ഷിച്ച സ്ഥലത്ത് സുരക്ഷയ്ക്ക് വേണ്ടി അയച്ചു.
    നിയന്ത്രണത്തിന്റെയും ആരാധനയുടെയും അതിജീവനത്തിന്റെയും ആത്മീയതയുടെയും എല്ലാ വശങ്ങളെയും എത്ര കൃത്യവും അത്ഭുതകരവുമായിട്ടാണ് പ്രവാചകൻ‍ﷺ കൈകാര്യം ചെയ്തത്. വൈവിധ്യങ്ങളുടെ വ്യവഹാരങ്ങളിൽ അവിടുത്തേക്ക്‌ യാതൊരു വൈഷമ്യവും ഉണ്ടായിരുന്നില്ല.
    മൂന്നുദിവസം ആയപ്പോൾ ഖുറൈശികൾ പരസ്പരം സംസാരിക്കാൻ തുടങ്ങി. മുസ്ലീംകൾക്ക് അനുവദിച്ച സമയം കഴിഞ്ഞല്ലോ എന്നായിരുന്നു അവരുടെ ചർച്ചാവിഷയം. നബി‍ﷺയോട് തന്നെ നേരിട്ട് ചിലർ അത് പറഞ്ഞു. കരാർ പ്രകാരം അനുവദിക്കപ്പെട്ട സമയം മാത്രം മക്കയിൽ താമസിച്ചു തിരിച്ചു പോകാനേ നബി‍ﷺ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാലും ഖുറൈശികൾ സംസാരിച്ചപ്പോൾ വളരെ സൗഹൃദത്തിലായിരുന്നു നമ്മുടെ നബി‍ﷺയുടെ മറുപടി. ഞാനിന്ന് ഇവിടെ രാപാർത്തിട്ട് പോയാലോ എന്ന് തമാശക്ക് ചോദിച്ചു. എന്നാൽ അതുപോലും ഉൾകൊള്ളാൻ മക്കക്കാർ തയ്യാറായിരുന്നില്ല. നബി‍ﷺയും അനുയായികളും മടങ്ങിപ്പോകാനൊരുങ്ങി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...