
ജൂതന്മാരുടെ കൂട്ടത്തിൽ നിന്ന് യൂഷഅ് എന്നയാൾ കോട്ടയുടെ പുറത്തേക്ക് വന്നു. നേരിട്ട് പോരടിക്കാൻ ആരെങ്കിലും ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചു. ഹുബാബ് ബിൻ അൽ മുന്ദിർ(റ) വെല്ലുവിളി ഏറ്റെടുത്തു. തുടർന്നുണ്ടായ ദ്വന്ദ്വ യുദ്ധത്തിൽ യൂഷഅ് കൊല്ലപ്പെട്ടു. പിന്നീട് സബാൽ എന്നയാൾ രംഗത്തേക്ക് വന്നു. ഉമാറത്ത് ബിൻ ഉഖ്ബ(റ) അദ്ദേഹത്തെ നേരിട്ടു. നേരെ തന്നെ ചാടി വീണു ശത്രുവിനെ പരാജയപ്പെടുത്തി. എന്നിട്ട് പറഞ്ഞു, ഇതാ പിടിച്ചോളൂ ഞാൻ ഗോത്രക്കാരനായ കുട്ടിയാണ്. ഈ പ്രസ്താവന കേട്ടപ്പോൾ കൂടെയുണ്ടായിരുന്ന സ്വഹാബികൾ അദ്ദേഹത്തെ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ സമരം ശരിയായില്ലെന്നും സ്വീകാര്യമല്ലെന്നും അവർ പറഞ്ഞു. വിവരമറിഞ്ഞ നബിﷺ കാര്യങ്ങൾ അന്വേഷിച്ചു. അദ്ദേഹത്തിനു പ്രതിഫലവും മഹത്വവുമുണ്ടെന്നു പ്രഖ്യാപിച്ചു.
മുഹമ്മദ് ബിൻ മസ്‌ലമ(റ) പറയുന്നു. നബിﷺയുടെ അമ്പെയ്ത്ത് ലക്ഷ്യത്തിൽ കൃത്യമായി എത്തുന്നത് ഞാൻ നോക്കി നിന്നു. അവിടുന്ന് എന്നെ നോക്കി പുഞ്ചിരിച്ചു. അതോടെ പുറത്തിറങ്ങിയ ശത്രുക്കൾ കോട്ടയിലേക്ക് ഉൾവലിഞ്ഞു. അന്നേദിവസം ജൂതന്മാരിൽ നിന്ന് പത്തുപേരും മുസ്ലിംങ്ങളിൽ നിന്ന് പത്തിൽ താഴെ ആളുകളും കൊല്ലപ്പെട്ടു. നത്വാഥ് കോട്ട ജയിച്ചടക്കി. ശേഷം, ജൂതന്മാർ ആയുധങ്ങളുമായി പാർത്തു കഴിഞ്ഞിരുന്ന ശിഖ്ഖ് കോട്ടയിലേക്ക് തിരിഞ്ഞു.
അത് യഥാർത്ഥത്തിൽ പല കോട്ടകളുടെ ഒരു കൂട്ടമായിരുന്നു. ആദ്യം ഉബയ്യു കോട്ടയിലേക്ക് ആണ് പോയത്. ശേഷം, സമൂവാൻ ചത്വരത്തിന് നേരെ എത്തി. ശക്തമായ പോരാട്ടം നടന്നു. ശേഷം ആ കോട്ടയും ജയിച്ചടക്കി.
മേൽ പറയപ്പെട്ട കോട്ടകളെല്ലാം ജയിച്ചടക്കിയപ്പോൾ ജൂതന്മാർ കുത്തൈബ ചത്വരത്തിലേക്ക് നീങ്ങി. ഏറ്റവും ശക്തമായ കോട്ടയായിരുന്നു അത്. നബിﷺക്ക് ചെറിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ നേരിട്ട് സൈന്യത്തോടൊപ്പം നിൽക്കാൻ കഴിഞ്ഞില്ല. പ്രതിരോധം ശക്തമായിരുന്നതിനാലും കോട്ട ജയിച്ചടക്കൽ ദുർഘടം ആയിരുന്നതിനാലും 20 ദിവസത്തോളം ഉപരോധം തുടരേണ്ടിവന്നു ഉമറി(റ)ന്റെ നേതൃത്വത്തിലുള്ള രണ്ട് ദിവസത്തെ യുദ്ധം ശക്തമായിരുന്നു. എന്നാൽ, അതിൽ ജയിച്ചടക്കാൻ മുസ്ലിം സൈന്യത്തിന് കഴിഞ്ഞില്ല. ഒടുവിൽ നബിﷺ പറഞ്ഞു നാളെ ഈ പതാക നിങ്ങളിൽ ഒരാളെ ഏൽപ്പിക്കും. അദ്ദേഹത്തിലൂടെ നമുക്ക് വിജയം സാധ്യമാവുകയും ചെയ്യും. കൂടെയുണ്ടായിരുന്ന സ്വഹാബികൾ പറയുന്നു. ആർക്കായിരിക്കും നബിﷺ പതാക നൽകുക എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഞങ്ങൾ എല്ലാവരും രാപ്പാർത്തു. ഖൈബർ ജയിച്ചടക്കാനുള്ള സൗഭാഗ്യം ആർക്കായിരിക്കും ലഭിക്കുക! തനിക്കു ലഭിച്ചിരുന്നെങ്കിൽ എന്ന് ഓരോരുത്തരും ആഗ്രഹിച്ചു. കൈവരാവുന്ന വലിയൊരു സൗഭാഗ്യവും ഒരു അനുഗ്രഹവുമായി ഓരോരുത്തരും ചിന്തിച്ചു. ഉമർ(റ) പറഞ്ഞതായി അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു. ഈ ദിവസമല്ലാതെ മറ്റൊരിക്കലും ഞാൻ നേതൃത്വത്തെ ആഗ്രഹിച്ചിട്ടില്ല. നബിﷺയുടെ അടുക്കൽ സ്ഥാന പരിഗണനയുള്ള എല്ലാ ആളുകളും പ്രത്യേകം തന്നെ ആഗ്രഹിച്ചു ഞങ്ങളെ അത് ഏൽപ്പിച്ചിരുന്നെങ്കിൽ എന്ന്. ബുറൈദ(റ) പറയുന്നു നബിﷺ സദസ്സിലേക്ക് വന്നപ്പോൾ ഞാൻ അവിടുത്തെ ശ്രദ്ധയിൽപ്പെടുന്നതിനുവേണ്ടി ശിരസ്സ് ഉയർത്തി നോക്കി. പക്ഷേ, ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തി നബിﷺ അലി(റ)യെ അന്വേഷിച്ചു. അപ്പോൾ അലി(റ) സദസ്സിൽ ഉണ്ടായിരുന്നില്ല. ചെങ്കണ്ണ് ബാധിച്ച കാരണം അദ്ദേഹത്തിന് എത്താൻ കഴിഞ്ഞില്ല. നബിﷺ ക്ഷണിച്ച സദസ്സിലേക്ക് എങ്ങനെ എത്താതിരിക്കും എന്ന് കരുതി അദ്ദേഹം പുറപ്പെട്ടിരുന്നു. ഒരു തുണിക്കഷണം കൊണ്ട് ഒരു കണ്ണ് പൊതിഞ്ഞു കൊണ്ടാണ് വന്നത്. അതല്ലാതെ ഒടുവിൽ അലി(റ) സദസ്സിലേക്ക് എത്തിയപ്പോൾ നബിﷺ അടുത്തേക്ക് വിളിച്ചു വരുത്തി. മറ്റൊരു നിവേദന പ്രകാരം അലി(റ)യെ നബിﷺ ആളെ വിട്ട് ക്ഷണിച്ചു. സലമെത്തുന്നവർ പറഞ്ഞു ഞാനാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നത്. അലി(റ)ക്ക് ചെങ്കണ്ണ് ആണെന്ന് പറയുമ്പോൾ തീരുമാനം മാറ്റിയേക്കുമെന്ന് ചിലരെങ്കിലും വിചാരിച്ചു. പക്ഷേ, നബിﷺ അലി(റ)യെ തന്നെ ക്ഷണിച്ചുവരുത്തി പതാക ഏൽപ്പിച്ചു. നബിﷺ അലി(റ)യെ സമീപത്തേക്ക് വിളിച്ചു. കണ്ണിൽ അവിടുത്തെ ഉമിനീര് പുരട്ടി കൊടുത്തു. നേരത്തെ രോഗം ബാധിച്ചിട്ടില്ലാത്ത വിധം പൂർണ്ണമായും രോഗം മാറി.
പതാക ഏൽപ്പിച്ചശേഷം പ്രത്യേകം പ്രാർത്ഥിച്ചു കൊടുത്തു. എങ്ങനെയാണ് യുദ്ധരംഗത്ത് ഉണ്ടാവേണ്ടതെന്നും നീക്കങ്ങൾ നടത്തേണ്ടതെന്നും അവിടുന്ന് ഉപദേശിച്ചു. അപ്പോൾ ചോദിച്ചു അല്ല അവർ നമ്മളെ പോലെ ആകുന്ന വരെയാണോ നാം അവരോട് യുദ്ധത്തിൽ തുടരേണ്ടത്. നബിﷺ പ്രതികരിച്ചു നിങ്ങൾ മുന്നോട്ടുപോവുക അല്ലാഹു നിങ്ങൾക്ക് വിജയം നൽകട്ടെ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
