
“ഖുറൈശികളോട് സംസാരിച്ചത് പോലെ ഖൈസ്, കിനാന ഗോത്രക്കാരോടും സംസാരിച്ചു “. ഹുദൈഫ (റ) തുടരുന്നു. “ശേഷം സൈനിക വ്യൂഹത്തിന്റെ നടുവിലേക്ക് കടന്നു. കൂട്ടത്തിൽ ബനൂ ആമിറുകാരുടെ അടുത്താണ് ഞാനെത്തിയത്. അവരുടെ കൂട്ടത്തിൽ നിന്ന് ആമിർ ബിൽ അൽഖമ എന്നയാൾ വിളിച്ചു പറയുന്നു. കാറ്റു നമ്മെ നശിപ്പിച്ചിരിക്കുന്നു. ഇനിയും നാം ഇവിടെ നിന്നിട്ട് കാര്യമില്ല, നമുക്ക് പോകാം. അപ്പോഴാണ് മനസ്സിലാക്കിയത് മുശ്‌രിക്കുകളുടെ പാളയം തകർക്കപ്പെട്ടിരിക്കുന്നു. കാറ്റ് അവരുടെ തമ്പുകളിൽ താണ്ഡവമാടുന്നതിന്റെ ശബ്ദം എനിക്ക് കേൾക്കാനായി. പ്രഭാതത്തോടടുക്കാനായപ്പോൾ ഒരു സംഘമാളുകൾ വിളിച്ചു ചോദിച്ചു. ഖുറൈശികളെവിടെ? നേതാക്കളെവിടെ? ഇനി മിണ്ടരുത്. എന്താണിവിടെ സംഭവിച്ചിരിക്കുന്നത് എന്ന് കാണുന്നില്ലേ! കിനാന എവിടെ? അവരും പറഞ്ഞു. മിണ്ടരുതേ ! എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് കാണുന്നില്ലേ! ഖൈസ് എവിടെ? അവരും പറഞ്ഞു. ശബ്ദിക്കരുതേ! എന്താണ് സംഭവിച്ചതെന്നറിയില്ലേ ?
രംഗങ്ങൾ കണ്ടപ്പോൾ അബൂസുഫ്‌യാൻ പറഞ്ഞു. പുറപ്പെടാൻ വേണ്ടി നിങ്ങൾ വാഹനങ്ങൾ റെഡിയാക്കിക്കോളൂ. ഹുദൈഫ(റ) പറയുന്നു. ഞാൻ നോക്കിയപ്പോൾ അബൂസുഫ്‌യാൻ തന്റെ ഒട്ടകത്തിന്റെ മേലേക്ക് ചാടിക്കയറുന്നു. അതിനെ ഉയർത്താൻ വേണ്ടി പ്രേരിപ്പിക്കുന്നു. പക്ഷേ, അതിന് എഴുന്നേൽക്കാൻ കഴിയുന്നില്ല.
മേൽ കാഴ്ചകൾക്കും വർത്തമാനങ്ങൾക്കും സാക്ഷിയായതിനു ശേഷം ഞാനവിടെ നിന്ന് സ്ഥലം വിട്ടു. നേരെ നബിﷺയുടെ അടുത്തേക്ക് ചെന്നു. ഞാനങ്ങനെ പാതിവഴിയെത്തിയപ്പോൾ തലപ്പാവണിഞ്ഞ 20 കുതിര സവാരിക്കാരെക്കണ്ടു. അവർ എന്നോട് പറഞ്ഞു. കാറ്റും സവിശേഷമായ സൈന്യവും ശത്രുക്കളെ പരാജയപ്പെടുത്തിയിരിക്കുന്നു എന്ന് നിങ്ങളെ നിയോഗിച്ച നബിﷺയോട് പോയിപ്പറയണം. ഞാൻ നബിﷺയുടെ അടുത്തെത്തിയപ്പോൾ അവിടുന്ന് ഒരു പുതപ്പ് ചുറ്റി നിന്ന് നിസ്ക്കരിക്കുകയായിരുന്നു. എന്താണെന്നറിയില്ല , നബിസവിധത്തിലേക്ക് ഞാൻ തിരിച്ചെത്തിയതോടെ നേരത്തെ എനിക്കുണ്ടായിരുന്ന ഭയവും ആശങ്കകളും എന്റെ ഹൃദയത്തിലേക്ക് തിരിച്ചെത്തി. ഏതായാലും നിസ്കാരാനന്തരം ഞാൻ നബിﷺയോട് സംസാരിച്ചു. ശത്രുപാളയത്തിലെ വിവരങ്ങളും വിശേഷങ്ങളും പങ്കുവച്ചു. അവർ പരാജിതരായി മടങ്ങാനൊരുങ്ങുന്ന രംഗങ്ങളെ വിശദീകരിച്ചു. ശേഷം പ്രഭാതം വരെ ഞാൻ അവിടെയുറങ്ങി. അപ്പോഴതാ നബിﷺ എന്നെ വിളിക്കുന്നു. അല്ലയോ , ഉറക്കക്കാരാ എഴുന്നേൽക്കൂ.
കുറേക്കൂടിക്കഴിഞ്ഞു നോക്കുമ്പോൾ , ശത്രു സൈന്യത്തിലെ ഒരു സംഘത്തെയും കാണാനില്ല ! എല്ലാവരും അവരവരുടെ പാളയങ്ങളിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. നബിﷺയും അവിടുത്തെ അനുയായികൾക്ക് വീടുകളിലേക്ക് മടങ്ങാൻ സമ്മതം നൽകി. അവർ ആനന്ദത്തോടെയും ആവേശത്തോടെയും ഭവനങ്ങളിലേക്ക് മടങ്ങി “.
ഇസ്‌ലാം വിരുദ്ധ സഖ്യസേന ഇസ്‌ലാമിനെയും പ്രവാചകരെﷺയും എന്നെന്നേക്കുമായി നാമാവശേഷമാക്കാം എന്നുകരുതി സർവായുധരായി വന്നതായിരുന്നു. ഒരു ചുവടു പോലും മുന്നോട്ടുവയ്ക്കാൻ കഴിയാതെ ദയനീയമായി അവർ പിൻവാങ്ങിയിരിക്കുന്നു. അല്ലാഹുവിൽ നിന്നുള്ള സഹായം പ്രവാചകരെﷺയും അനുയായികളെയും അന്നുവരെയില്ലാത്ത ഉയർന്ന പ്രതാപത്തിലേക്ക് ഉയർത്തിയിരിക്കുന്നു.
പ്രവാചക ചരിത്ര വായനയിൽ ഏറെ കൗതുകങ്ങൾ നൽകുന്ന അധ്യായമാണ് നാം വായിച്ചത്. ആദർശ പ്രബോധനത്തിന്റെയും ആത്മീയ ശിക്ഷണത്തിന്റെയും ഇടയിൽ രാഷ്ട്രീയ പ്രതിരോധത്തിന്റെയും സാമൂഹിക സംരക്ഷണത്തിന്റെയും സൈനിക നേതൃത്വത്തിന്റെയും ശോഭനമായ സാരഥ്യം കൂടി പ്രവാചകൻﷺ എങ്ങനെയാണ് നിർവഹിച്ചുകൊണ്ടിരുന്നത് ? ഒരേ വ്യക്തിത്വത്തിൽത്തന്നെ വൈവിധ്യങ്ങളുടെ തികഞ്ഞ ഭാവങ്ങളെ എത്ര വിദഗ്ധമായാണ് നിർവഹിച്ചു വിജയിപ്പിച്ചത് ! പ്രതിസന്ധിഘട്ടങ്ങളിൽ അനുയായികൾക്ക് ആത്മവിശ്വാസം നൽകാൻ എത്ര വിദഗ്ധമായിട്ടാണ് ഒരു നേതൃത്വം പരിശ്രമിച്ചത് ! എല്ലാം നഷ്ടപ്പെട്ടുപോയി എന്ന് ചിന്തിക്കുന്ന നിമിഷങ്ങളിൽ നിന്ന് ഭാവി നമുക്ക് മാത്രമാണ് എന്ന് ബോധ്യപ്പെടുത്താൻ നിമിഷങ്ങൾ മാത്രം പ്രയോജനപ്പെടുത്തി വിജയിച്ചതെങ്ങനെയാണ് ? ആഭ്യന്തര പ്രതിസന്ധികളെയും പ്രത്യക്ഷ ശത്രുക്കളെയും ഒരേസമയം എങ്ങനെയാണ് കൈകാര്യം ചെയ്തത് ? ആയുധത്തിന്റെയും യുദ്ധതന്ത്രങ്ങളുടെയും അപ്പുറം ആത്മീയമായ ഒരു ശക്തിവിശേഷമാണ് എല്ലാം നിയന്ത്രിക്കുന്നത് എന്ന് ഉറപ്പിച്ചു ബോധ്യപ്പെടുത്താൻ എങ്ങനെയാണ് സാധിച്ചത് ? വിശ്വാസ കേന്ദ്രീകൃതമായ ഒരു ജനവിഭാഗത്തെ ഇത്ര മനോഹരമായി ആരാധനയ്ക്കും പടക്കളത്തിലും ഒരുപോലെ അണിനിരത്തിയ ആരെയാണ് ചരിത്രത്തിൽ വായിക്കാനുള്ളത് ?
പരിപൂർണമായും നിരാശരായി വലിയ ഒരു സൈനിക വ്യൂഹം ഖുറൈശികളുടെ നേതൃത്വത്തിൽ ഖന്ദഖിൽ നിന്നും മടങ്ങിയപ്പോൾ ലോക സാമ്രാട്ടുക്കൾ മുഴുവനും നാളെ നമ്മുടെ കാൽച്ചുവട്ടിലായിരിക്കും എന്ന പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും ഒരു ന്യൂനപക്ഷ സൈന്യത്തെ വിജയ പതാകയും നൽകി കർമ വഴിയിലേക്ക് മടക്കി വിട്ട നായകരെയാണ് നാം വായിച്ചത്.
അഹ്സാബ് അഥവാ, ഖന്ദക്ക് സൈനിക നടപടികൾക്കിടയിൽ മുസ്‌ലിംകളിൽ നിന്ന് എട്ടു പേരാണ് പരലോകം പ്രാപിച്ചത്. സഅ്ദ് ബിൻ മുആദ് (റ), അനസ് ബിൻ ഔസ് (റ), അബ്ദുല്ലാഹി ബിനു സഹൽ (റ), ത്വുഫൈൻ ബിൻ നുഅ്മാൻ (റ), സഅലബതു ബിൻ അനമ: (റ), ഇബ്നു അദിയ്യ് (റ), കഅ്ബു ബിൻ സൈദ് (റ), മുഹമ്മദ് ബിൻ ഉമർ (റ) എന്നിവരായിരുന്നു അവർ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
