Tweet 401

    Tweet 401
    July 20, 2023 • Thursday
    Post Header

    ഇമാം ഹാകിം (റ) ഉദ്ധരിക്കുന്നു. “ഹുദൈഫത്തു ബിനുൽ യമാന്‍ (റ) പറഞ്ഞു. ഖന്ദഖിന്റെ രാത്രിയിൽ ഞങ്ങൾ അണിയൊപ്പിച്ചിരിക്കുകയായിരുന്നു. അബൂസുഫ്‌യാനും കൂട്ടരും ഞങ്ങളുടെ മുകൾ ഭാഗത്ത്. ഖുറൈളക്കാർ ഞങ്ങളുടെ താഴ്ഭാഗത്ത്. ഞങ്ങളുടെ സ്ത്രീകൾക്കും മക്കൾക്കും എന്ത് സംഭവിക്കും എന്ന് പോലും ഞങ്ങൾക്കറിയില്ല. ഇത്രയേറെ ഇരുട്ടും ഭീതിയുമുള്ള ഒരു രാത്രിയും നാം അനുഭവിച്ചിട്ടില്ല. സ്വന്തം കൈകൾ പോലും കണ്ണിൽത്തെളിയാത്ത അത്രയും ഇരുട്ട് ! അട്ടഹാസം മുഴങ്ങുന്ന കാറ്റ്. കപടവിശ്വാസികൾ അവരുടെ വീട്ടിലേക്ക് പോകാൻ നബിﷺയോട് സമ്മതം ചോദിക്കുന്നു. ചോദിച്ചവർക്കൊക്കെ അവിടുന്ന് സമ്മതം നൽകി. ഞങ്ങളുടെ വീടുകൾ അപകടത്തിലാണ് എന്നതായിരുന്നു അനുമതി ചോദിച്ചവരുടെ ന്യായം. ഹുദൈഫ (റ) പറയുന്നു. ഞങ്ങൾ ഏകദേശം 300 ആളുകൾ. ഓരോരുത്തരായി നബിﷺയുടെ സമക്ഷത്തിലേക്കെത്തി. അവിടുന്ന് ചോദിച്ചു നിങ്ങളിൽ ആരാണ് ശത്രുക്കളുടെയിടയിൽ പ്പോയി അവരുടെ വർത്തമാനങ്ങൾ അറിഞ്ഞു വരുക? അങ്ങനെ വരുന്നയാൾക്ക് പരലോകത്ത് എന്റെ സാമീപ്യം ലഭിക്കും. നബിﷺ മൂന്നുപ്രാവശ്യം ചോദിച്ചെങ്കിലും പ്രത്യേകിച്ചാരും ഉത്തരം പറഞ്ഞില്ല.
    ഒടുവിൽ അബൂബക്കർ (റ) പറഞ്ഞു. ഹുദൈഫ (റ) പോയിട്ട് വരും. അപ്പോൾ നബിﷺ എന്റെടുത്തേക്ക് വന്നു. എനിക്ക് തണുപ്പിൽ നിന്ന് രക്ഷയായി ഒരു വസ്ത്രവും ഉണ്ടായിരുന്നില്ല. മുട്ടുവരെ മാത്രം എത്തുന്ന എന്റെ ഭാര്യ ഉപയോഗിച്ചിരുന്ന ഒരു കമ്പിളിപ്പുതപ്പാണ് ആകെയുണ്ടായിരുന്നത്. ഞാൻ മുട്ടിലിഴഞ്ഞ് നബിﷺയുടെ അടുത്തേക്കെത്തി. നബിﷺ ചോദിച്ചു ഇതാരാണ്? ഞാൻ പറഞ്ഞു, ഹുദൈഫ (റ). ഞാനൊന്ന് എഴുന്നേൽക്കാൻ മടിച്ചു. അപ്പോൾ പറഞ്ഞു, എഴുന്നേൽക്കുക. നിങ്ങൾ എഴുന്നേൽക്കുക. എന്നിട്ട് ശത്രുക്കളുടെ വർത്തമാനങ്ങൾ അന്വേഷിച്ചു വേഗം വരുക. തങ്ങളെ സത്യവുമായി നിയോഗിച്ച അല്ലാഹു സാക്ഷി! എനിക്ക് കഴിഞ്ഞിട്ടല്ല ഞാൻ എഴുന്നേറ്റു നിന്നത്. നാണം കൊണ്ട് മാത്രമാണ്. എനിക്ക് ഈ തണുപ്പ് ഇപ്പോൾത്തന്നെ സഹിക്കാൻ കഴിയുന്നില്ല. നിങ്ങൾ പോയി തിരിച്ചു വരുന്നതുവരെ നിങ്ങൾക്ക് യാതൊരു തണുപ്പും ചൂടും ബാധിക്കുകയില്ല. നബിﷺ പ്രതികരിച്ചു.
    അപ്പോൾ എനിക്ക് ഉള്ളിൽ നല്ല ഭയമുണ്ട്. കൊല്ലപ്പെടുമോ എന്ന ഭയമല്ല. എന്നെ ബന്ദിയാക്കപ്പെടുമോ എന്ന പേടിയാണ്. അതിനു നബിﷺ മറുപടി പറഞ്ഞു. നിങ്ങൾ ഒരിക്കലും ബന്ദിയാക്കപ്പെടുകയില്ല. ഞാനേതായാലും പുറപ്പെടാൻ തീരുമാനിച്ചു. അപ്പോഴേക്കും നബിﷺ എനിക്കു വേണ്ടി പ്രാർഥിച്ചു. അല്ലാഹുവേ, ഹുദൈഫ(റ)യെ നീ കാത്തു രക്ഷിക്കേണമേ! അദ്ദേഹത്തിന്റെ നാലു ഭാഗത്തും നീ സംരക്ഷണം നൽകേണമേ. ഹുദൈഫ (റ) തുടരുന്നു. എന്റെ ഹൃദയത്തിൽ യാതൊരു പേടിയോ ഭയമോ ലവലേശം ഏശിയിട്ടില്ലാത്ത പോലെ ഞാൻ വളരെ നിർഭയനായി മുന്നോട്ട് നടന്നു. സാധാരണ പ്രാഥമിക ആവശ്യത്തിന് പോകുന്ന ലാഘവത്തോടെ. ഉടനെ പിന്നിൽ നിന്ന് നബിﷺ എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു. തിരിച്ച് എന്റെ അടുക്കൽ വരാതെ യാതൊരു നടപടിയും സ്വീകരിക്കരുത് “.
    മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. “ഹുദൈഫ (റ) നബിﷺയോട് പറഞ്ഞു. ഞാൻ അവരുടെ ഇടയിൽച്ചെന്നിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് അവിടുന്ന് പറഞ്ഞാലും. അപ്പോൾ അവിടുന്ന് പ്രതികരിച്ചു. നിങ്ങൾ നേരെ ഖുറൈശികളുടെ അടുത്തേക്ക് ചെല്ലണം. എന്നിട്ട് അവരോട് പറയണം. നാളെ രാവിലെ എതിർകക്ഷികൾ ആദ്യം ഖുറൈശികളെ അന്വേഷിക്കും. എന്നിട്ട് അവരോട് നേരിട്ടായിരിക്കും യുദ്ധം. ശേഷം ബനൂ കിനാനയുടെ അടുക്കലേക്ക് ചെല്ലണം അവരോട് പറയണം നാളെ രാവിലെ നിങ്ങളെ നേരിട്ട് അന്വേഷിക്കും. പിന്നെ നിങ്ങളോട് നേരിട്ടായിരിക്കും യുദ്ധം. ഇതേ വർത്തമാനം ഖൈസുകാരോടും പറയണം.
    ഹുദൈഫ(റ) പറയുന്നു. ഞാൻ ശത്രുപാളയത്തിലേക്ക് പുറപ്പെട്ടു. അവർ തീ കാഞ്ഞ് കൊണ്ടിരിക്കുന്ന സ്ഥലത്തേക്കാണ് ഞാനെത്തിയത്. ആ അരണ്ട വെളിച്ചത്തിൽ അവരോടൊപ്പം ഞാനും ചെന്നിരുന്നു. അപ്പോഴതാ നല്ല വണ്ണമുള്ള ഒരാൾ കൈ ചൂടു കൊള്ളിക്കുന്നതിനൊപ്പം അദ്ദേഹം പറയുന്നു, നമുക്ക് പുറപ്പെടാനൊരുങ്ങാം. ലക്ഷണങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി, അത് അബൂസുഫ്‌യാൻ ആണെന്ന്. ഞാൻ പെട്ടെന്ന് എന്റെ ആവനാഴിയിൽ നിന്ന് അമ്പെടുത്ത് വില്ലിൽ ചേർത്തുവച്ചു. ഒന്നങ്ങ് എയ്താലോ എന്ന് വിചാരിച്ചു. അവിടുത്തെ അറിവോടെയല്ലാതെ ഒരു നടപടിയും സ്വീകരിക്കരുത് എന്ന മുത്ത് നബിﷺയുടെ വാക്കുകൾ എനിക്ക് ഓർമ വന്നു. അതോടെ ഞാൻ അമ്പ് ആവനാഴിയിൽത്തന്നെ തിരിച്ചുവച്ചു. എന്നിട്ട് ഞാൻ അവരോടൊപ്പം തന്നെ അവിടെ ഇരുന്നു. അപ്പോൾ അബൂസുഫ്‌യാന് തോന്നി പുറത്തു നിന്ന് ആരോ ഇവിടെ വന്നിട്ടുണ്ടെന്ന്. ഉടനെ അദ്ദേഹം പറഞ്ഞു, നിങ്ങളോരോരുത്തരും നിങ്ങളുടെ ഇടത്തും വലത്തും ഉള്ള ആളുകളോട് കൈകോർത്തു പിടിക്കുക. എന്നിട്ട് ആരാണെന്ന് പരിചയപ്പെടുക. പെട്ടെന്നുതന്നെ ഞാൻ എന്റെ വലത്തും ഇടത്തും ഉള്ള ആളുകളുടെ കൈകോർത്തു പിടിച്ചു. എന്നിട്ട് അവരെ പരിചയപ്പെട്ടു. അപ്പോൾ വലത് ഭാഗത്ത് മുആവിയത് ബിൻ അബീ സുഫ്‌യാനും ഇടത് ഭാഗത്ത് അംറ് ബിൻ അൽ ആസ്വും ആയിരുന്നു ഉണ്ടായിരുന്നത്. ഞാൻ ശബ്ദത്തിൽ പേരുകൾ ചോദിച്ചപ്പോൾ പിന്നെ എന്നെക്കുറിച്ച് അവർക്ക് സംശയം തോന്നിയില്ല. കുറച്ചുനേരം കൂടി ഞാനവിടെ ഇരുന്നിട്ട് കിനാന കൈസു ഗോത്രങ്ങളിലേക്ക് പുറപ്പെട്ടു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...