
കിടങ്ങു നിർമാണം പൂർത്തിയായി. മദീനയിലെ ചുമതല അബ്ദുല്ലാഹിബിന് ഉമ്മി മക്തൂമി(റ)നെ ഏൽപ്പിച്ചു. നബിﷺ ഖന്ദഖിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. സൽഅ പർവതം പിൻഭാഗത്താക്കി താവളമടിച്ചു. ഇപ്പോൾ അവിടെ ഉയർന്ന ഭാഗത്തുള്ള പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു അത്. അന്ന് ഏകദേശം 3000 ആളുകൾ നബിﷺക്കൊപ്പമുണ്ടായിരുന്നു. മുഹാജിറുകളുടെ പതാക സൈദ് ബിന് ഹാരിസ(റ)യും അൻസ്വാരികളുടേത് സഅ്ദ് ബിന് ഉബാദ(റ)യുമാണ് വഹിച്ചിരുന്നത്. സ്ത്രീകളെയും കുട്ടികളെയും കുന്നിൻ പ്രദേശത്തേക്ക് മാറ്റി. വയോധികനായ ഹസ്സാനി(റ)നെ സ്ത്രീകളുടെ ഭാഗത്ത് താമസിപ്പിച്ചു. കെട്ടിടങ്ങൾ വലയം ചെയ്ത ഒരു കോട്ട പോലെ മദീനയെ സുരക്ഷിതമാക്കി. അന്ന് മുസ്‌ലിം സൈന്യത്തിന്റെ സൂചന വാക്യം, അവർ സഹായിക്കപ്പെടുകയില്ല എന്നർഥമുള്ള ‘ഹും ലാ യുൻസ്വറൂൻ’ എന്നായിരുന്നു.
നബിﷺയും അനുയായികളും കിടങ്ങിന്റെയും കുന്നിന്റെയുമിടയിൽ സൈനിക പ്രതിരോധത്തിന് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സ്ത്രീകൾ താമസിക്കുന്ന കുന്നിൻ പ്രദേശത്ത് ഒരു സംഭവമുണ്ടായി. നബിﷺയുടെ കുടുംബിനികളും അമ്മായി ബീവി സ്വഫിയ്യ(റ)യും അവിടെത്തന്നെയായിരുന്നു ഉണ്ടായിരുന്നത്. പത്തു ജൂതന്മാർ അതീവ രഹസ്യമായി സ്ത്രീകളുടെ തമ്പിലേക്ക് കടന്നുവന്നു. അവരെ പ്രതിരോധിക്കാൻ പറ്റുന്ന ആരും അവിടെയില്ല. അപ്പോൾ ബീവി സ്വഫിയ്യ (റ) കിടക്കയിലുള്ള ഹസ്സാനി(റ)നോട് പറഞ്ഞു. “നിങ്ങൾ അവരെ ഒന്ന് നേരിടൂ “. അപ്പോൾ അദ്ദേഹം പറഞ്ഞു. “അല്ലയോ , അബ്ദുൽ മുത്തലിബിന്റെ മകളേ! എനിക്കതിന് സാധിക്കില്ലെന്ന് നിനക്കറിയില്ലേ ? എനിക്ക് എന്തെങ്കിലും ഒരു ആരോഗ്യം ഉണ്ടായിരുന്നെങ്കിൽ ഞാൻ നബിﷺയോടും അനുയായികളോടുമൊപ്പം ശത്രുക്കളെ നേരിടാൻ യുദ്ധക്കളത്തിലേക്ക് പോകുമായിരുന്നില്ലേ ? സ്വഫിയ്യ (റ) പറയുന്നു. ഇനി നിർവാഹം ഒന്നുമില്ലെന്ന് കണ്ടപ്പോൾ ഞാൻ വാളെടുത്തണിഞ്ഞു. ശത്രുവിനെ നേരിടാൻ തന്നെ തയ്യാറായി. മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ്. പ്രതിരോധിക്കാൻ ഒന്നുമില്ലെന്ന് കണ്ടപ്പോൾ ഞങ്ങൾ താമസിച്ചിരുന്ന ടെന്റിന്റെ ഒരു കാൽ ഞാൻ ഒരു കൈയിലെടുത്തു. അതുമായി ശത്രുവിനെ നേരിടാൻ തന്നെ തീരുമാനിച്ചു. അവന്റെ തലയ്ക്ക് അടിച്ചു നിലത്ത് വീഴ്ത്തി. ശേഷം, ഞാൻ തമ്പിന്റെ അകത്തേക്ക് വന്ന് ഹസ്സാനെ(റ) വീണ്ടും വിളിച്ചു. എന്നിട്ട് പറഞ്ഞു. ഞാൻ ശത്രുവിനെ നിലംപരിശാക്കിയിട്ടുണ്ട്. അതൊരു പുരുഷന്‍ ആയതുകൊണ്ട്. അയാളെ എടുത്തു ക്രൂശിക്കാൻ എനിക്ക് നാണമാകുന്നു. നിങ്ങൾ അങ്ങനെ ഒന്ന് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. “മോളേ, എനിക്ക് അതിനും സാധിക്കില്ലെന്ന് നിനക്കറിയില്ലേ. അപ്പോൾ ഞാൻ പറഞ്ഞു. അവന്റെ തലയെടുത്ത് അപ്പുറത്തേക്ക് ഒന്നിട്ടു കൊടുക്കൂ. അതിനും ഹസ്സാനി(റ)ന് കഴിയില്ലെന്ന് വന്നപ്പോൾ ഞാൻ തന്നെ അത് നിർവഹിക്കേണ്ടി വന്നു. ജൂതന്മാരുടെ മുന്നിലേക്ക് ഇട്ടുകൊടുത്തു. അതോടെ അവർ പറഞ്ഞു. “മുഹമ്മദ് നബിﷺ ഏതായാലും സ്ത്രീകൾക്ക് സുരക്ഷയില്ലാത്ത വിധം ഉപേക്ഷിച്ചു പോകാനിടയില്ലെന്ന് ബോധ്യമായില്ലേ ? എന്നിട്ട് അവർ പിരിഞ്ഞു പോയി.
സ്വഫിയ്യ(റ)യുടെ ധീരമായ ഈ നിലപാട് സ്ത്രീകളെയും കുട്ടികളെയും ശത്രുക്കളുടെ കണ്ണിൽ നിന്ന് രക്ഷപ്പെടുത്താൻ ഏറെ പ്രയോജനപ്പെട്ടു. ഈ സംഭവം പിന്നീട് നബിﷺ അറിയുകയും സ്വഫിയ്യ(റ)യെ പ്രശംസിക്കുകയും ചെയ്തു. ഒടുവിൽ സമരാർജിത സ്വത്ത് വിഹിതം വയ്ക്കുമ്പോൾ സ്വഫിയ്യ(റ)യ്ക്കും ഒരു വിഹിതം ഉണ്ടായിരുന്നു.
സഅ്ദ് ബിൻ മന്ത്ര മുആദ്(റ) സ്ത്രീകളുടെ ടെന്റിലുള്ള തന്റെ മാതാവിന്റെ അടുത്തുകൂടി കറകടന്നുപോയി. അപ്പോൾ അദ്ദേഹം ഇങ്ങനെ ചൊല്ലുന്നുണ്ടായിരുന്നു.
“ലബ്ബിസ് ഖലീലൻ യശ്ഹദിൽ ഹൈജാ ഹമൽ
ലാ ബാസ ബിൽ മൗതി ഇദാ ഹാനൽ അജൽ.. ”
(അല്പം പ്രതീക്ഷിക്കൂ, ശക്തനായൊരാൾ വരും;
നേരെമെത്തി മരിച്ചാൽ അതിനെന്തു പരിഭവം)
ഇത് കേട്ടപ്പോൾ മാതാവിന്റെ അടുത്തു നിന്ന ബീവി ആഇശ(റ) പറഞ്ഞു. സദി(റ)ന്റെ പടയങ്കി ഒന്ന് കൂടി വലുതായിരുന്നെങ്കിൽ ഒന്നുകൂടി നന്നായിരുന്നു. അപ്പോൾ മാതാവ് പ്രതികരിച്ചു. ഏതായാലും വിധി വഴിമാറിപ്പോകില്ല. അല്ലാഹു വിധിക്കുന്നത് തന്നെ സംഭവിക്കും. അല്ലാഹു വിധിച്ചു. സദ്(റ) ശഹീദായി.
ഖന്ദഖിന്റെ പിന്നാമ്പുറത്തെ മഹിളകളുടെ വർത്തമാനങ്ങൾക്കൂടിയാണ് നാം വായിച്ചു കൊണ്ടിരുന്നത്. അവരിലുണ്ടായിരുന്ന കുലീനതയും ധീരതയും സമർപ്പണബോധവും വിശ്വാസ ദാർഢ്യതയും എല്ലാം ഒത്തു ചേർന്ന ചിത്രമാണ് നാം ദർശിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
