
സൻആയിലെ കവാടങ്ങൾ ഇവിടെ നിന്നുകൊണ്ട് ഞാൻ കാണുന്നുണ്ട്. തുടർന്ന് രണ്ടാമത് കൈക്കോട്ട് കൊണ്ട് ഒന്നുകൂടിക്കൊത്തി. മൂന്നിൽ രണ്ടാമത്തെ ഭാഗവും കൂടിയിളകി. ഉയർന്ന വലിയ മിന്നൽത്തെളിഞ്ഞു ! നബിﷺ തക്ബീർ മുഴക്കിയിട്ട് പറഞ്ഞു, “ശാമിലെ ചുവന്ന കോട്ടകൾ ഇപ്പോൾ ഞാൻ ഇവിടെ നിന്നുകൊണ്ട് കാണുന്നു. അവിടുത്തെയും താക്കോലുകൾ എനിക്ക് നൽകപ്പെട്ടിരിക്കുന്നു “. വീണ്ടും ആയുധമുയർത്തി മൂന്നാം ഭാഗത്തേക്ക് കൊത്തി. അപ്പോഴും വലിയൊരു പ്രകാശം പ്രവഹിച്ചു. മുത്തുനബിﷺ പറഞ്ഞു, “പേർഷ്യയുടെ കവാടങ്ങൾ എനിക്കുവേണ്ടി തുറക്കപ്പെട്ടിരിക്കുന്നു. ഹിയറയുടെ കോട്ടകളും കിസ്റയിലെ പട്ടണങ്ങളും ഞാനിവിടെ നിന്നു കൊണ്ട് കാണുന്നു. അവകൾക്കുമേൽ മുസ്‌ലിം ആധിപത്യം ഉണ്ടാകുമെന്ന് ജിബ്‌രീല്‍ (അ) എന്നെ അറിയിച്ചിരിക്കുന്നു. നിങ്ങൾ സന്തോഷവാർത്ത സ്വീകരിക്കുക “. മുത്ത് നബിﷺ പറഞ്ഞു നിർത്തി. മുസ്‌ലിംകൾ സന്തുഷ്ടരായി. പ്രയാസത്തിനു ശേഷമുള്ള സഹായത്തിന്മേൽ അവർ സന്തോഷിച്ചു.
നബിﷺ പേർഷ്യയെക്കുറിച്ച് വിശദീകരിച്ചു. നേരത്തെ നേരിട്ട് കണ്ടു പരിചയമുള്ള സൽമാൻ (റ) വിവരങ്ങളൊക്കെ കൃത്യമാണെന്ന് സ്ഥിരീകരിച്ചു. എന്നിട്ട് സൽമാൻ (റ) തുടർന്നു. “അല്ലയോ പ്രവാചകരേ,ﷺ അവിടുന്ന് സത്യമാണ് പറയുന്നത്. അവിടുന്ന് സത്യപ്രവാചകനാണെന്ന് ഒരിക്കൽക്കൂടി ഞാൻ സാക്ഷ്യം വഹിക്കുന്നു”. മുത്ത് നബിﷺ തുടർന്നു. “ഈ വിജയങ്ങളെല്ലാം എന്റെ വിയോഗാനന്തരം നിങ്ങൾക്ക് അനുഭവിക്കാനുള്ളതാണ്. സത്യമായും സിറിയ നാം ജയിച്ചടക്കും. അവിടുത്തെ ഹിർഖൽ ഭരണാധികാരി ഭരണപ്രദേശത്തിന്റെ അതിർത്തിയിലേക്ക് ഓടിപ്പോകും. നിങ്ങൾ സിറിയ ജയിച്ചടക്കുമ്പോൾ നിങ്ങളെ പ്രതിരോധിക്കാൻ ആരും ഉണ്ടാവുകയില്ല. നിലവിലുള്ള കിസ്റ കൊല്ലപ്പെടും. അതിനുശേഷം കിസ്റ ഉണ്ടാവില്ല “. പിൽക്കാലത്ത് സൽമാൻ (റ) ഈ രംഗങ്ങൾക്കൊക്കെ സാക്ഷിയായി. അപ്പോൾ അദ്ദേഹം പ്രവാചകർ മുത്ത് നബിയുടെﷺ മുന്നറിയിപ്പുകളെ ഓർക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു. “മേൽപ്പറയപ്പെട്ട പട്ടണങ്ങളൊക്കെ ഉമറി(റ)ന്റെ കാലത്ത് ജയിച്ചടക്കി. മുഹമ്മദ് നബിﷺയുടെ കാലശേഷം മുസ്‌ലിംകൾക്ക് കീഴിൽ അധികാരപ്രദേശമായ മുഴുവൻ പ്രവിശ്യകളെക്കുറിച്ചും മുത്ത് നബിﷺ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.
പ്രയാസപ്പെട്ട് കിടങ്ങു കുഴിക്കുന്നതിനിടയിൽ അവിടുന്ന് നടത്തിയ പ്രവചനങ്ങളെയുൾക്കൊള്ളാൻ കപട വിശ്വാസികൾക്കായില്ല. അതവർ ഒരു സന്ദർഭമായി ഉപയോഗപ്പെടുത്തി. “പ്രയാസപ്പെട്ട് കിടങ്ങു കീറുന്നു. നിങ്ങൾ രംഗത്ത് വരാൻ പ്രയാസപ്പെടുന്നു. എന്നിട്ടാണിപ്പോൾ വലിയ പ്രഖ്യാപനം നടത്തുന്നത്. ലോക വൻശക്തികളെയൊക്കെ കീഴടക്കുമെന്ന് പ്രഖ്യാപിക്കുന്നത്. ഇതെന്ത് വിരോധാഭാസമാണ് ! ” വിശ്വാസികളിലും മറ്റും സംശയമുണ്ടാക്കാൻ കപട വിശ്വാസികൾ ശ്രമിച്ചു. അപ്പോഴാണ് അഹ്സാബ് അധ്യായത്തിലെ പന്ത്രണ്ടാം സൂക്തം അവതരിച്ചത്. ആശയം ഇങ്ങനെ വായിക്കാം. “നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചന മാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.“
ഖുർആൻ അവതരിച്ചതോടെ വിശ്വാസികളുടെ സംശയങ്ങൾ മാറി. അവർ പ്രതിരോധത്തിന്റെ വഴിയിൽക്കൂടുതൽ ഉർജസ്വലരായി.
ഇതിനിടയിൽ ജാബിർ(റ)വിന്റെ കണ്ണും ഖൽബും നബിﷺയുടെയും കൂട്ടുകാരുടെയും വിശപ്പിലേക്ക് പതിഞ്ഞു. പലരും വിശപ്പുകാരണമായി ക്ഷീണിച്ചതിനാൽ നിവർന്നു നില്കാൻ വേണ്ടി പള്ളയിൽ കല്ല് വച്ചു കെട്ടിയിട്ടുണ്ട്. നബിﷺ രണ്ടു കല്ലുകൾ വച്ചു കെട്ടിയാണ് നിവർന്നു നില്ക്കുന്നത്. ജാബിർ (റ) നബിﷺയോട് സമ്മതം വാങ്ങി വീട്ടിലേക്ക് പോയി. ഭാര്യയോട് പറഞ്ഞു : “നബിﷺയും കൂട്ടുകാരും മൂന്നു ദിവസമായി എന്തെങ്കിലുമൊന്നു കഴിച്ചിട്ട്. മുത്തുനബിﷺ ക്കെങ്കിലും ലഘുവായ ഒരു ഭക്ഷണമൊരുക്കാൻ ഇവിടെ വല്ലതുമുണ്ടോ?” ഒരു ‘സാഅ് ‘ അഥവാ
ഒരു മൂന്നു കിലോയിൽ താഴെ ഗോതമ്പും ഒരു ചെറിയ ആട്ടിൻ കുട്ടിയും ഇവിടെയുണ്ട്. എന്ന് പറഞ്ഞു കൊണ്ടവർ ധാന്യപ്പാത്രം പുറത്തെടുത്തു. റൊട്ടിക്ക് ഉണ്ടാക്കാൻ വേണ്ടി ധാന്യം പൊടിച്ചു നനച്ചു. ആടിനെയറുത്ത് ചട്ടിയിലാക്കി. ഏകദേശം പാകമാകാനടുത്തു. നബിﷺ അന്നത്തെ ജോലിയിൽ നിന്ന് വിരമിച്ചു വിശ്രമിക്കാൻ ടെന്റിലേക്ക് പോകാനായി. രാവിലെ മുതൽ വൈകുന്നേരം വരെ കിടങ്ങു കീറിയാൽ രാത്രി അൽപ്പം വിശ്രമിക്കും. അതായിരുന്നു അന്നത്തെ രീതി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
