
“അതെ, നല്ല ഒരവസരമാണ്. ഇത്രയും നല്ല ഒരു അനുകൂല സമയം ഇനി കിട്ടിക്കൊള്ളണമെന്നില്ല. ശരിയാണ്. പക്ഷേ, എങ്ങനെയാണ് നമ്മൾ ആ കാര്യം നിർവഹിക്കുക ? ഒടുവിൽ ഒരുപായം കണ്ടെത്തി. അവിടെയുള്ള ഒരാട്ടു കല്ല് അഥവാ, ധാന്യങ്ങൾ അരക്കുന്ന കല്ലുയർത്തി മുകളിലെത്തിക്കുക, മുഹമ്മദ് നബിﷺ ഇരിക്കുന്നതിനു മുകളിൽ നിന്നു താഴേക്കിടുക , ശിരസ്സിൽ പതിച്ചുകൊള്ളും. അതോടെ കാര്യം പൂർത്തിയാകും”. ഇത് കേട്ടു അവരുടെ കൂട്ടത്തിൽ തന്നെയുള്ള ഒരാൾ പറഞ്ഞു. സല്ലാം ബിൻ മിശ്കം എന്നായിരുന്നു അയാളുടെ പേര്. “ദൈവത്തിനാണെ, നിങ്ങളത് ചെയ്യരുത്. ഒരുപക്ഷേ, ഇക്കാര്യം ആ നബിﷺക്കു വിവരം ലഭിച്ചേക്കാം “. ജൂതന്മാർക്ക് നബിﷺയെ അറിയാമായിരുന്നു എന്ന പ്രയോഗത്തിന്റെ ഒരു തെളിവ് കൂടിയായിരുന്നു ഈ പരാമർശം. അയാൾ ഒന്നുകൂടി പറഞ്ഞു. “മാത്രമല്ല, നാം ചെയ്തിട്ടുള്ള കരാറിന്റെ നഗ്നമായ ലംഘനമായിരിക്കുമത് “. പക്ഷേ, അപ്പോൾ അവർ അത് ചെവിക്കൊണ്ടില്ല. അവർ കൃത്യം നിർവഹിക്കാൻ തന്നെ തീരുമാനിച്ചു. എന്നാൽ ആരാണത് ചെയ്യുക ? അപ്പോഴതാ ദുർഭാഗ്യവാനായ ഒരുത്തൻ മുന്നോട്ടു വന്നു. അംറ് ബിൻ ജഹ്ഹാഷ് എന്നായിരുന്നു അവന്റെ പേര്. അവൻ ആ പാറയും ചുമന്നു മുകളിലേക്കു കയറിത്തുടങ്ങി.
പുറത്ത് നബിﷺയും അനുചരന്മാരും അകത്തുപോയ ആതിഥേയരെ കാത്തിരിക്കുകയാണല്ലോ? പെട്ടെന്ന് നബിﷺ എഴുന്നേറ്റു നടന്നകന്നു. കൂടെയാരെയും കൂട്ടുകയോ എങ്ങോട്ടെന്ന് പറയുകയോ ചെയ്തില്ല. നേരം കുറേ കഴിഞ്ഞു. സ്വഹാബികൾ ആകുലപ്പെട്ടു. എവിടേക്കായിരിക്കും പോയത് ?
എന്തായിരുന്നു അവിടെ സംഭവിച്ചത് ? ശത്രുക്കൾ കല്ലെടുത്തു മുകളിലേക്കു പോകവെ , ജിബ്‌രീൽ(അ) നബിﷺയെ സമീപിച്ചു അവിടുന്നു വിവരം നൽകി. പെട്ടെന്നവിടുന്നു പോയ്കൊള്ളാൻ പറഞ്ഞു. നബിﷺ പൊടുന്നനെ ആ ആജ്ഞ പാലിച്ചു. മദീനയിലേക്ക് പുറപ്പെട്ടു. ആരോടും വിവരം പറഞ്ഞില്ല.
കാത്തിരുന്നു നേരം കഴിഞ്ഞ സ്വഹാബികൾ അവിടെ നിന്നെഴുന്നേറ്റു. അവരും മുന്നോട്ട് നീങ്ങി. അതുവഴി വന്ന ഒരാളോട് നബിﷺയെക്കണ്ടോ എന്നന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. അവിടുന്നു മദീനയിലേക്ക് പ്രവേശിക്കുന്നത് ഞാൻ കണ്ടു. സ്വഹാബികൾക്ക് ആശ്വാസമായി. അവർ വേഗം മദീനയിലെത്തി നബിﷺയെ സമീപിച്ചു. അവിടുന്നു ജിബ്‌രീൽ (അ) വന്ന കാര്യവും ജൂതന്മാർ ചതിക്കാൻ ഉദ്ദേശിച്ച കാര്യവുമെല്ലാം പറഞ്ഞു. ഈ സംഭവം അല്ലാഹു വാഗ്ദാനം ചെയ്ത സുരക്ഷയുടെ പുലർച്ചയായിരുന്നു. “ദൈവദൂതരേ, തങ്ങളുടെ നാഥനിൽനിന്ന് തങ്ങൾക്ക് ഇറക്കിക്കിട്ടിയത് ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അവിടുന്ന് അവന്‍ ഏല്പിച്ച ദൗത്യം നിറവേറ്റാത്ത വ്യക്തിയായിത്തീരും. ജനങ്ങളില്‍നിന്ന് അല്ലാഹു തങ്ങളെ രക്ഷിക്കും. സത്യനിഷേധികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.“ വിശുദ്ധ ഖുർആൻ അഞ്ചാമധ്യായം അറുപത്തിയേഴാം സൂക്തത്തിന്റെ ആശയമാണിത്. നബിﷺയെ വധിക്കാൻ പലരും ശ്രമിച്ചിട്ടും സാധിക്കാതെ പോയത് ഈ സുരക്ഷ ഒന്നു കൊണ്ടായിരുന്നു.
ഇത്രയുമായപ്പോൾ ബനൂ നളീർനെതിരെ ചില നടപടികൾക്ക് മദീന നിർബന്ധിതരായി. കാരണം, രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് പുറമെ രാഷ്ട്ര നായകരെ ചതിച്ചു കൊലപ്പെടുത്താൻ കൂടി അവർ ശ്രമിച്ചിരിക്കുന്നു. മാപ്പർഹിക്കാത്ത കുറ്റങ്ങളാണ് അവർ ചെയ്തിരിക്കുന്നത്. നബിﷺ നയതന്ത്ര പരമായ ചില നീക്കങ്ങൾക്കൊരുങ്ങി. അവിടുത്തെ ഒരു ദൂതനെ അവരിലേക്കയച്ചു. അവർ നാടുവിട്ടുകൊള്ളാനുള്ള സന്ദേശവുമായി മുഹമ്മദ് ബിൻ മസ്‌ലമ (റ)യെ അവരിലേക്കയച്ചു. ഔസ് ഗോത്രക്കാരനായ സ്വഹാബിയായിരുന്നു അദ്ദേഹം.
ഔസ് ഗോത്രത്തിൽ നിന്നു തന്നെ ഒരാൾ ഇത്തരമൊരു കത്തുമായി വന്നപ്പോൾ ബനൂ നളീറിനു അദ്ഭുതമായി ! അവർ വിശദമായി അന്വേഷിച്ചു. അപ്പോൾ മുഹമ്മദ് ബിൻ മസ്‌ലമ (റ) പറഞ്ഞു. “കാലങ്ങളും അവസ്ഥകളുമൊക്കെ മാറിപ്പോയി. ഞങ്ങൾ നബിﷺയെ ആത്മാർഥമായി ഉൾക്കൊണ്ട് കഴിഞ്ഞു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
