Tweet 348

    Tweet 348
    May 28, 2023 • Sunday
    Post Header

    ഉമ്മുസലമ(റ)യും മുത്തുനബിﷺയും ഒത്തുള്ള ജീവിതത്തിൽ നിന്ന് ഒരുപാട് നന്മകളും മാതൃകകളും ലോകത്തിന് ലഭിച്ചു. ഹുദൈബിയ്യാ സന്ധിയുടെ നേരത്ത് നബിﷺക്ക് വളരെ സന്ദർഭോചിതമായ നിർദേശങ്ങൾ മഹതി നൽകിയിരുന്നു. നബിﷺയുടെ ഒരു സന്ദേശമുണ്ട്. “നിങ്ങളിൽ ഉത്തമർ നിങ്ങളുടെ കുടുംബങ്ങൾക്ക് ഉത്തമരായവരാണ്. ഞാൻ എൻ്റെ കുടുംബത്തിൽ ഉത്തമമായി വർത്തിക്കുന്ന ആളാകുന്നു.”

    ഇതെടുത്തു പറഞ്ഞു ഉമ്മുസലമ(റ) നബിﷺയോട് പറയും അവിടുന്ന് പറഞ്ഞത് സത്യമാണ്. നബിﷺയുടെ വിയോഗാനന്തരം ഇത് പറഞ്ഞ് കൊണ്ട് മഹതി കരയുമായിരുന്നു. നബിﷺയുടെ ജീവിതത്തിലെ വിവാഹാധ്യായങ്ങളെ വിമർശിക്കുന്നവർക്ക് വായിക്കാനുള്ള പരാമർശങ്ങൾ കൂടിയാണിത്. ആപേക്ഷികമായി നബിﷺയുടെ ജീവിതത്തിലേക്ക് അവസാനം കടന്നു വന്ന പത്നിയുടെ വാക്കുകളാണിത്. മറ്റു യുവതികളും സുന്ദരികളുമായ ഇണകൾക്കൊപ്പം ജീവിക്കുന്ന നബിﷺ ഉമ്മുസലമ(റ)ക്ക് നൽകിയ പരിഗണന അവർക്ക് പുതു ജീവൻ സമ്മാനിച്ചിരിക്കുന്നു.
    സാധാരണ മനുഷ്യർക്കുള്ള വിവാഹ വിചാരങ്ങൾക്കും ലോകത്തിനുമപ്പുറം പ്രവാചകർ എന്ന നിലയിൽ ആ ജീവിതത്തിലെ വൈവാഹിക അധ്യായത്തിന് ചില സവിശേഷ മാനങ്ങളുണ്ടായിരുന്നു എന്നു മനസ്സിലാക്കാൻ ഏറെ അന്വേഷണങ്ങളുടെ ആവശ്യമില്ല. ആ ജീവിതത്തെ നേരേ ചൊവ്വേ ഒന്നു വായിച്ചാൽ മതി. നിങ്ങളിൽ ഏറ്റവും നല്ലവൻ നിങ്ങളുടെ ഭാര്യക്ക് നല്ലവനായ ആളാണെന്നും നബിﷺ പറഞ്ഞിട്ടുണ്ട്. ഭാര്യയിൽ നിന്ന് നല്ല സ്വഭാവ സർട്ടിഫിക്കറ്റ് ലഭിച്ചയാൾ ആരുടെയും നല്ല പരിഗണനക്ക് അർഹനാണെന്ന് സാധാരണയിലും പറയാറുണ്ടല്ലോ?

    ഹിജ്റ വർഷം അറുപത്തി ഒന്നിലാണ് മഹതി ഈ ലോകവാസം വെടിയുന്നത്. അന്ന് അവർക്ക് എൺപത്തിനാല് വയസ്സായിരുന്നു. നബിﷺയുടെ പത്നിമാരിൽ ഏറ്റവും ഒടുവിൽ മരണപ്പെട്ടതും മഹതി തന്നെയായിരുന്നു.

    നബിﷺയുടെ വിയോഗാനന്തരം പതിറ്റാണ്ടുകളോളം ജീവിച്ച നബിപത്നിമാരെ വിശ്വാസിലോകം നിരന്തരമായി സന്ദർശിക്കുമായിരുന്നു. നബിﷺയുടെ ജീവിതത്തിന്റെ അടരുകളെകുറിച്ച് അന്വേഷിക്കുമായിരുന്നു. ഒരിക്കൽ പോലും പത്നിമാരിൽ ഒരാൾ പോലും ഒരു കറുത്ത നിഴൽ പോലും, തോന്നാവുന്ന വിധത്തിൽ പോലും ആ ജീവിതത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല എന്നത് ഒരു ചെറിയ കാര്യമല്ല. എന്ന് മാത്രമല്ല അവരാരും ആ തിരു ജീവിതത്തിന്റെ നന്മകൾ അവർക്ക് പറഞ്ഞ് മതിയായിട്ടില്ലായിരുന്നു.

    ഇനി നമുക്ക് മദീനയിലേക്ക് തന്നെ വരാം. ഉഹ്ദാനന്തരം ഉയർന്നു വന്ന ഭീഷണികളാണ് നാം പങ്കുവെച്ചു കൊണ്ടിരുന്നത്. ഇസ്‌ലാമിനെയും പ്രവാചകരെﷺയും ഒന്നു കയ്യേറാനാവും എന്ന മോഹത്തിലാണ് പലഗോത്രങ്ങളും പൊത്തിൽ നിന്ന് പത്തി ഉയർത്താൻ ഒരുങ്ങുന്നത്. കൂട്ടത്തിൽ ഒരു പ്രധാന ഗോത്രമായിരുന്നു ഹുദൈൽ. മക്കയ്ക്കും മദീനക്കുമിടയിലായിരുന്നു അവർ. ബദുക്കൾക്കിടയിലായിരുന്നു അവർ ഉണ്ടായിരുന്നത്. ഖാലിദു ബിൻ സുഫിയാൻ അൽഹുദലി ആയിരുന്നു ഗോത്രത്തലവൻ. ആജാനുബാഹുവായ അയാളെ ആളുകൾക്ക് ഭയമായിരുന്നു. ആയിരം ആളുകൾക്ക് പോരുന്ന ആൾ എന്നൊക്കെ അയാളെ കുറിച്ച് പറയാറുണ്ടായിരുന്നു. അയാളുടെ നിർബന്ധപ്രകാരം മദീനയുടെ സമീപം നിഹ്‌ലയിൽ അവർ തമ്പടിച്ചു. സൈനിക പരിശീലനവും മറ്റും ആരംഭിച്ചു. ഈ വിവരം നബിﷺ അറിഞ്ഞു. ആ ഗോത്രത്തിൽ തന്നെ പലരും ഈ നടപടിയോട് യോജിപ്പില്ലാത്തവരായിരുന്നു. അവർ തന്നെ മദീനയിലേക്ക് വിവരങ്ങൾ കൈമാറി. നബിﷺ കാര്യങ്ങൾ നിരീക്ഷിച്ചു. ഗോത്രക്കാർ ഏറെയും നിരപരാധികളാണെന്നും ഖാലിദ് ബിൻ സുഫിയാൻ ആണ് ആകെ പ്രശ്നമെന്നും വിലയിരുത്തി. അവൻ്റെ കഥ കഴിഞ്ഞാൽ ആ ഗോത്രവും ഒപ്പം മുസ്ലിംകളും രക്ഷപ്പെട്ടു എന്ന് നിരീക്ഷിച്ചു. അവനെ എങ്ങനെയാണ് നേരിടുക.
    നബിﷺ അബ്ദുല്ലാഹിബിൻ ഉനൈസ്(റ) എന്ന ധൈര്യവാനായ അനുയായിയെ വിളിച്ചു. മഹത്തായ ഈ ദൗത്യം ഏൽപിക്കുകയാണ്.

    നബിﷺയുടെ ഇത്തരം തെരഞ്ഞെടുപ്പുകൾ തന്നെ ഒരു മഹാത്ഭുതമാണ്. ഓരോ സന്ദർഭത്തിനും ദൗത്യത്തിനും ഏറ്റവും ഉചിതമായവരെ അതിവേഗം നിർണയിക്കുന്നു. അവർ ആ രംഗം ഭംഗിയായി കൈകാര്യം ചെയ്യുന്നു.

    ഇവിടെ അബ്ദുല്ലാഹിബിന് ഉനൈസി(റ)നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. വളരെ ദുഷ്കരമായ ഒരു ദൗത്യമാണെങ്കിലും അദ്ദേഹം അതേറ്റെടുത്തു. എന്നിട്ട് പറഞ്ഞു, അയാളെ കുറിച്ച് എനിക്കൊന്നു പരിചയപ്പെടുത്തിയാലും. ഒരിക്കൽ പോലും നബിﷺ അയാളെ കണ്ടിട്ടില്ലെങ്കിലും അവിടുന്ന് വിശദീകരിക്കാൻ തുടങ്ങി. “നീ അയാളെ കണ്ടാൽ ഒറ്റനോട്ടത്തിൽ നീ ഭയന്നു പോകും. അപ്പോൾ ബിൻ ഉനൈസ്(റ) പറഞ്ഞു. ഞാനിന്നു വരെ ഒരാളെയും കണ്ടു ഭയന്നിട്ടില്ല. ശരി, എന്നാൽ ഇയാളെക്കണ്ടാൽ നിനക്ക് ഭയം തോന്നും. മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. അയാളെക്കണ്ടാൽ ഒരു പൈശാചിക ഭാവമാണ് നിനക്ക് ഭയം തോന്നും. തുടർന്ന് നബിﷺ അയാളെ മൊത്തത്തിൽ ഒന്ന് പരിചയപ്പെടുത്തി.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...