
ഹിജ്‌റ മൂന്നാം വർഷത്തിന്റെ ഒടുവിൽ നബിﷺയുടെ വീട്ടിലേക്ക് പത്നിയായി ഒരാൾ കൂടിക്കടന്നു വന്നു. സൈനബ് ബിൻത് ഖുസൈമ അൽ ഹിലാലിയ (റ) എന്ന മഹതിയായിരുന്നു അത്. സൈനബ് (റ) എന്ന പേരിൽ മറ്റൊരു പത്നി കൂടി പിൽക്കാലത്ത് വന്നിട്ടുണ്ട്. അത് ജഹ്ശിന്റെ മകൾ സൈനബ് (റ) ആണ്. മഹതിയെക്കുറിച്ചാണ് സൈനബ് (റ) എന്ന പേരിൽ സീറ അധ്യായങ്ങളിൽ കൂടുതൽ ചർച്ച നടക്കാറുള്ളത്. അതെക്കുറിച്ച് പിന്നീട് വായിക്കും.
ഇത് ഖുസൈമയുടെ മകൾ സൈനബ് (റ). കുറഞ്ഞകാലമേ നബിﷺയോടൊപ്പം മഹതി ജീവിച്ചിട്ടുള്ളൂ. ഹിന്ദ് ബിൻത് ഔഫ് എന്നായിരുന്നു മഹതിയുടെ മാതാവിന്റെ പേര്. ഭൂലോകത്ത് ഏറ്റവും ഭാഗ്യം ചെയ്ത വനിത എന്ന പേരിൽ അവർ അറിയപ്പെട്ടിരുന്നു. കാരണം, അവരുടെ മൂന്നു വിവാഹങ്ങളിലായി ലഭിച്ച ആറു പെൺകുട്ടികളെയും ഏറ്റവും ശ്രേഷ്ഠരായ ആളുകളായിരുന്നു വിവാഹം കഴിച്ചിരുന്നത്. അവരിൽ ഒരാളായിരുന്നു സൈനബ് (റ). സൈനബി(റ)ന്റെ വിയോഗാനന്തരം മറ്റൊരു മകളായ മൈമൂന ബിൻത് അൽ ഹാരിസ(റ)യേയും നബിﷺ തന്നെ വിവാഹം കഴിച്ചു. മറ്റൊരുമകൾ സൽമ ബിൻത് ഉമൈസ(റ)യെ വിവാഹം കഴിച്ചത് നബിﷺയുടെ പിതൃ സഹോദരനായ ഹംസ(റ)യായിരുന്നു. ഉമ്മുൽ ഫളിൽ ലുബാബ അൽ കുബ്റ: (റ) എന്ന മകളെ വിവാഹം ചെയ്തത് നബിﷺയുടെ മറ്റൊരു പിതൃസഹോദരനായ അബ്ബാസ്(റ)വാണ്. ലുബാബ അസുഗ്രാ എന്ന അഞ്ചാമത്തൊരു മകളെ വിവാഹം കഴിച്ചത് വലീദ് ബിൻ അൽ മുഗീറ എന്ന ഖുറൈശീ നേതാവായിരുന്നു. അവരാണ് പിൽക്കാലത് ഖാലിദ് ബിൻ അൽ വലീദി(റ)നു ജന്മം നൽകിയത്. ആറാമത്തേത് അസ്മ ബിൻത് ഉമൈസാ(റ)ണ്. മഹതിയെ പ്രമുഖ സ്വഹാബിയായ ജാഫർ (റ) ആയിരുന്നു വിവാഹം കഴിച്ചത്. അദ്ദേഹം മുഅത്താ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നു അബൂബക്കർ(റ) ആണ് വിവാഹം കഴിച്ചത്. അബൂബക്കർ(റ)ന്റെ വിയോഗാനന്തരം അലി(റ) യും അസ്മ(റ)യെ വിവാഹം ചെയ്തു. അപ്പോൾ ഹിന്ദി(റ)നു മരുമക്കളായി ലഭിച്ചവർ ആരൊക്കെയാണെന്നാണ് നാം വായിച്ചത്. ഈ അർഥത്തിലാണ് ‘അത്യുന്നത വനിത’ എന്ന വിലാസം മഹതിക്കു ലഭിക്കുന്നത്.
സൈനബി(റ)ലേക്ക് തന്നെ വരാം. മഹതിയെ വൈധവ്യത്തിൽ നിന്നാണ് നബിﷺ വിവാഹം ചെയ്തു സ്വീകരിച്ചത്. തുഫൈൽ ബിൻ ഹാരിസ് ബിൻ അബ്ദുൽ മുത്തലിബ് ആയിരുന്നു മഹതിയെ ആദ്യം വിവാഹം കഴിച്ചിരുന്നത്. പക്ഷേ, ആ ജീവിതം അധികം നീണ്ടു നിന്നില്ല. രണ്ടാമതായി ഭർത്താവായി വന്നത് ഉബൈദുല്ലാഹി ബിൻ ഹാരിസാ(റ)യിരുന്നു. ബദ്ർ പോരാട്ട ഭൂമിയിൽ ആദ്യഘട്ടത്തിൽ ദ്വന്ദ യുദ്ധത്തിനിറങ്ങിയ മൂന്നുപേരിലൊരാളായിരുന്നു ഉബൈദുല്ലാഹി (റ). അവിടുന്നേറ്റ മാരകമായ വെട്ടിനെത്തുടർന്നു ബദ്ർ കഴിഞ്ഞു നാളുകൾക്കു ശേഷം മഹാനവർകൾ ഇഹലോകവാസം വെടിഞ്ഞു. തുടർന്നു അബ്ദുള്ളാഹി ബിൻ ജഹ്ശ് (റ) എന്ന സ്വഹാബി വിവാഹം ചെയ്തു എന്നുകൂടി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹവും ഉഹ്ദിൽ രക്തസാക്ഷിയായി. വൈധവ്യത്തിന്റെ നൊമ്പരവും അത്യാവശ്യം പ്രായവുമായപ്പോഴാണ് നബി ജീവിതത്തിലേക്ക് മഹതി കടന്നു വന്നത്.
അന്നത്തെ സാമൂഹിക ക്രമത്തിൽ വിശേഷിച്ചും വിധവകൾ വേഗം തന്നെ മറ്റൊരാളുടെ സംരക്ഷണയിലെത്തുമായിരുന്നു. യുദ്ധത്തിലൊക്കെ വധിക്കപ്പെട്ടവരുടെ ഭാര്യമാർക്ക് ദീക്ഷകാലം കഴിയുമ്പോഴേക്കും തന്നെ വിവാഹാലോചനകൾ വരുമായിരുന്നു. ഇന്നത്തെ ലോകക്രമം പല മാറ്റങ്ങളും സാംസ്‌കാരികമായി അവകാശപ്പെടുമ്പോഴും ശരിയായ പുനർജീവിതം ലഭിക്കാത്ത വിധവകൾ ആയിരക്കണക്കിന് അരമനകളിൽ നീറിക്കഴിയുന്നുണ്ട്.
വിധവയും വയോധികയുമായ സൈനബിനെ നബിﷺ പത്നീ പദം നൽകിയത് ഒരാദരവാണെന്ന് വായിക്കാവുന്ന വിധമാണ് ചരിത്രം നമ്മോട് സംസാരിക്കുന്നത്. ചെറുപ്പത്തിൽത്തന്നെ ‘ഉമ്മുൽ മസാക്കിൻ’ അഥവാ പാവങ്ങളുടെ രക്ഷക എന്ന വിലാസം നേടിയ ഉദാരമതിയായിരുന്നു മഹതി. അഞ്ചോ എട്ടോ മാസം നീണ്ടു നിന്ന ആ ദാമ്പത്യം ധന്യതയുടെയും മഹത്വത്തിന്റെയും ഉദാഹരണമായിരുന്നു. മദീനയിൽ വച്ചാണ് മഹതി മരണപ്പെടുന്നത്. നബിﷺയുടെ ജീവിതകാലത്ത് രണ്ട് പത്നിമാർ മാത്രമാണ് ഈലോകവാസം വെടിഞ്ഞത്. ഒന്നാമത്തേത് മക്കയിൽ വച്ച് . ബീവി ഖദീജ(റ)യും മദീനയിൽ വച്ച് . സൈനബ് ബിൻത് ഖുസൈമയും(റ). നബിﷺയുടെ ഭാര്യമാരിൽ നിന്ന് മദീനയിലെ വിശിഷ്ട ഖബർസ്ഥാനായ ജന്നതുൽ ബഖീഇൽ ഖബറടക്കപ്പെട്ടതും മഹതിയെത്തന്നെയാണ്. ജനാസ നിസ്ക്കാരത്തിനും സംസ്ക്കരണ ചടങ്ങുകൾക്കും നബിﷺ തന്നെ നേതൃത്വം നൽകി. ബഖീഇൽ നബിﷺയുടെ പത്നിമാരുടെ ഖബറുകളിൽ നമുക്ക് സന്ദർശിക്കാൻ ലഭിക്കുന്ന ആദ്യ ഖബറും അവിടുത്തേതാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
