
“അതെങ്ങനെയാണ്. അതിസുന്ദരനായ നിങ്ങളുടെയടുക്കൽ ഞങ്ങളുടെ സ്ത്രീകളെ കരുതലിനു വേണ്ടി ഏല്പിക്കുക. എങ്കിൽപ്പിന്നെ നിങ്ങളുടെ മക്കളെ പണയമായി നൽകുക. അതും അത്ര എളുപ്പമുള്ള കാര്യമല്ല. അവരൊക്കെ നല്ല ഭാവിയുള്ളവരല്ലേ ? അവരെക്കുറിച്ച് പണയവസ്തുക്കൾ എന്നല്ലേ പറയൂ. പിന്നെ, എന്താണ് ചെയ്യുക?” മുഹമ്മദ് ബിൻ മസ്‌ലമ: (റ) പറഞ്ഞു. “ഞങ്ങളുടെ ആയുധം ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്. എപ്പോഴും ഞങ്ങൾക്കാവശ്യമുള്ളതുമാണ്. അത് ഞങ്ങൾ നിങ്ങൾക്ക് പണയമായി ഏല്പിച്ചാലോ?”
“ശരി”, കഅ്ബ് സമ്മതിച്ചു. ആയുധവുമായി കഅ്ബിന്റെ കോട്ടയിലേക്ക് നിർഭയം കടന്നു വരാനുള്ള സമ്മതം അതി വിദഗ്ധമായി സംഘടിപ്പിക്കുകയായിരുന്നു ബിൻ മസ്‌ലമ: (റ)യുടെ ലക്ഷ്യം. അത് സാധിച്ചെടുത്തു.
നല്ല നിലാവുള്ള ഒരു രാത്രിയിൽ മൂവർ സംഘം കഅ്ബിന്റെ കോട്ടയിലേക്ക് പുറപ്പെട്ടു. മദീനയിലെ ഖബർസ്ഥാൻ ബഖീഇന്റെ അടുത്തു വച്ച് നബിﷺയെക്കണ്ടുമുട്ടി. അവിടുന്ന് അവർക്ക് വേണ്ടി പ്രത്യേകം പ്രാർഥിച്ചു. ആശിർവാദങ്ങൾ നേടി കഅ്ബിന്റെ കോട്ടയുടെ കവാടത്തിലെത്തി. അബൂനാഇല (റ) കഅ്ബിനെ വിളിച്ചു. ഉടനെ അയാൾ വിളികേട്ടു പുറത്തേക്ക് വരാനൊരുങ്ങി. ഇമാം ഇബ്നു ഹിഷാം (റ) നിവേദനം ചെയ്യുന്നു. “ആ സമയത്ത് അയാൾ തന്റെ നവവധുവിന്റെ കൂടെ അരമനയിലായിരുന്നു. അവൾ ചോദിച്ചുവത്രെ; ‘ഈ അസമയത്ത് നിങ്ങൾ എവിടെപ്പോവുകയാണ്? നിങ്ങൾ മറ്റുള്ളവരോട് യുദ്ധത്തിൽക്കഴിയുന്ന ആളല്ലേ?’ അയാൾ പറഞ്ഞു – ‘ആ വിളിക്കുന്നത് എന്റെ മുലകുടി സഹോദരനായ അബൂ നാഇല (റ)യാണ്. ഞങ്ങൾ നേരത്തെ തീരുമാനിച്ച ഒരു വിഷയത്തിന് വേണ്ടി ക്ഷണിക്കുകയാണ് ‘. അപ്പോഴും അവൾ പറഞ്ഞുവത്രെ; ‘രക്തം ഇറ്റു വീഴുന്ന ശബ്ദം കേൾക്കുന്നത് പോലെയുണ്ട്. നിങ്ങളിപ്പോൾ പുറത്തു പോകുന്നത് പന്തിയല്ല’. പക്ഷേ, അയാളത് ഗൗനിച്ചില്ല. നല്ല വിലപിടിപ്പുള്ള സുഗന്ധം പുരട്ടി അയാൾ പുറത്തേക്കു വന്നു. കോട്ടയുടെ കാവടത്തിൽ ബിൻ മസ്‌ലമയും (റ) അബൂ നാഇല (റ)യും മറ്റും കാത്തു നിന്നു. കഅ്ബ് പുറത്തേക്കു വന്നാൽ കൗശലത്തിൽ ചേർത്ത് പിടിച്ചു ദൗത്യം നിർവഹിക്കുകയായിരുന്നു ലക്ഷ്യം.
ഏതായാലും കഅ്ബ് പുറത്തേക്കെത്തി. അബൂ നാഇല (റ) സ്വീകരിച്ചു. ‘നല്ല നിലാവുള്ള രാത്രി. നിങ്ങൾക്കോ എന്തെന്നില്ലാത്ത നല്ല സുഗന്ധം’. കഅ്ബ് പറഞ്ഞു. ‘അതെ, ഞാൻ സുഗന്ധവതിയായ അറബ് സുന്ദരിയുടെ അരമനയിൽ നിന്നു വരികയാണ് . പോരാത്തതിന് നല്ല സുഗന്ധവും ഞാൻ പുരട്ടിയിട്ടുണ്ട് ‘. അബൂ നാഇല (റ) വീണ്ടും വീണ്ടും കഅ്ബിന്റെ സുഗന്ധത്തെ പ്രശംസിച്ചു. തുടർന്നു പറഞ്ഞു. ‘നിങ്ങളുടെ ശിരസ്സിൽ നിന്നാണല്ലോ നല്ല സുഗന്ധം വീശുന്നത്. നിങ്ങൾക്ക് പ്രയാസമില്ലെങ്കിൽ ഞാൻ ഒന്ന് ചുംബിച്ചോട്ടെ?’ അയാൾ സമ്മതിച്ചു. വീണ്ടും ഒരിക്കൽക്കൂടി ചുംബിക്കാൻ അനുമതി തേടി. രണ്ടാമതും ചുംബിക്കാൻ അണച്ചുകൂട്ടിയപ്പോഴേക്കും മുഹമ്മദ് ബിൻ മസ്‌ലമ: (റ)യും കൂട്ടുകാരനും കഅ്ബിന്റെ പിരടിയിൽ ചാടിവീണ് ആയുധപ്രയോഗം നടത്തി. അതോടെ അയാളുടെ കഥ കഴിഞ്ഞു. മൂവർസംഘം വിജയകരമായി ദൗത്യം പൂർത്തീകരിച്ചു. കേവലം നിലാവെളിച്ചത്തിലുള്ള ഈ ഓപറേഷനിൽ മൂവർ സംഘത്തിലെ ഹാരിസ് (റ) എന്നവർക്കും പരുക്കേറ്റു. പക്ഷേ, നബിﷺയുടെ അനുഗൃഹീത ഉമിനീർ പുരട്ടിയതും മുറിവ് പൂർണമായും ശമിക്കുകയും ചെയ്തു “.
ഇസ്‌ലാമിനും രാജ്യത്തിനുമെതിരെത്തിരിഞ്ഞ ഒരു കൊടിയ ശത്രു അങ്ങനെ അന്ത്യം കുറിച്ചു. ഇതോടെ ഇസ്‌ലാമിനെതിരെ പത്തിവിടർത്തിയ നിരവധി സർപ്പങ്ങൾ മാളത്തിലേക്ക് തന്നെ മടങ്ങി. ആധുനിക നീതിന്യായ വ്യവസ്ഥിതിയിൽ പോലും കൊടുംകുറ്റവാളിയായി ശിക്ഷിക്കപ്പെടേണ്ട വ്യക്തിയായിരുന്നു കഅ്ബു ബിൻ അൽ അശ്റഫ് എന്ന് നാൾവഴികൾ വായിച്ചപ്പോൾ ബോധ്യമായിട്ടുണ്ടാകും. അത്കൊണ്ട് തന്നെ ഈ വധശിക്ഷയെച്ചൊല്ലി വിമർശകർ ഉന്നയിക്കുന്ന വിയോജിപ്പുകൾക്ക് പ്രസക്തിയില്ല തന്നെ. അന്നത്തെ ശിക്ഷാ രീതിയിൽ വച്ചു ഏറ്റവും മാന്യമായ രീതിയാണ് സ്വീകരിച്ചത്. പുതിയ കാലത്തെ വികസിതമായ വിചാരങ്ങൾക്കനുസരിച്ചായിരിക്കണം എന്ന ശാഠ്യത്തിനു പ്രസക്തിയില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
