
ശേഷം നബിﷺക്ക് ഒരു മയക്കം അനുഭവപ്പെട്ടു. തൂങ്ങിയുറങ്ങുന്നത് പോലെ അവിടുത്തെ ശിരസ്സ് ചാഞ്ഞു. ശേഷം ഉണർന്നു. തുടർന്ന് നബിﷺ പറഞ്ഞു : “അബൂബക്കറേ, സന്തോഷിച്ചോളൂ. താങ്കൾക്കല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു “.
കാര്യകാരണങ്ങളുമായി ബന്ധപ്പെട്ട നടപടികളൊക്കച്ചെയ്താലും അല്ലാഹുവിന്റെ നിശ്ചയവും ഔദാര്യവുമാണ് അടിസ്ഥാനം എന്ന പാഠമാണ് നബിﷺ പകർന്നു നൽകിയത്. അനുയായികളെ അണിയൊപ്പിച്ചു നിർത്തുമ്പോഴും പോരാട്ട വീര്യം പകർന്ന് പോരാളികളെ ഒരുക്കി നിർത്തുമ്പോഴും ആത്യന്തിക അവലംബം അല്ലാഹുവിന്റെ ഔദാര്യത്തിൽത്തന്നെയാണ്. അത് കൊണ്ടാണ് നബിﷺ നിരന്തരമായി പ്രാർഥനയിൽ വ്യാപൃതരായത്.
അങ്ങനെയിരിക്കെ, ഇസ്‌ലാമിന്റെ കഠിന ശത്രുവായ അസ്‌വദുൽ മഖ്സൂമി മുന്നോട്ട് വന്നു. ആകാരത്തിലും സ്വഭാവത്തിലും ഭീകരനും ഭീമനുമാണവൻ. ശപഥം ചെയ്തുകൊണ്ടവൻ ഇങ്ങനെ പറഞ്ഞു. “മുഹമ്മദിﷺന്റെ ഹൗളിൽനിന്ന് അഥവാ, ജലാശയത്തിൽ നിന്ന് ഞാൻ വെള്ളം കുടിക്കും. അല്ലെങ്കിൽ ഞാനത് പൊളിക്കും. അതുമല്ലെങ്കിൽ അതിന് വേണ്ടി ഞാൻ മരിക്കും.”
ഇവനെ ഇനി നേരിടാതെ നിർവാഹമില്ല. ശക്തനായ ഒരാൾ തന്നെ നേരിട്ടേ മതിയാകൂ. ഒട്ടും അമാന്തിച്ചില്ല ഹംസ (റ) മുന്നോട്ട് വന്നു. അസ്‌വദിനെ നേരിട്ടു. അഹങ്കാരം മൂത്തുവന്ന അവന്റെ കണങ്കാലിനു നേരെ വാൾ പയറ്റി. അവന്റെ കാൽ മുറിഞ്ഞ് തെറിച്ചു വന്ന് അവന്റെ മുത്കത്ത് പതിച്ചു. മുറിവിൽ നിന്ന് രക്തം ശക്തമായി ചീറ്റിക്കൊണ്ടിരുന്നു. പക്ഷേ, അവൻ അടങ്ങിയില്ല. മറുകാലിൽ ഇഴഞ്ഞു ഹൗളിന്റെ നേരെത്തന്നെ നീങ്ങി. ആ കാല് കൊണ്ട് ഹൗളിന്റെ ഒരു ഭാഗം തകർത്തു. അതിൽ നിന്ന് അൽപ്പം കുടിക്കുകയും ചെയ്തു. അപ്പോഴേക്കും ഹംസ (റ) അവനെ ഹൗളിലേക്ക് തന്നെ ഉന്തിയിട്ട് അവിടെക്കിടത്തി വകവരുത്തി.
ഇതേ ഹൗളിൽ നിന്ന് വെള്ളമെടുക്കാൻ വന്ന ഒരു സംഘത്തെ തടയരുതെന്ന് നേരത്തെ നബിﷺ പറഞ്ഞത് നാം വായിച്ചു. ഇപ്പോൾ ഈ വായിച്ചതുകൂടി ചേർത്തു പറയുമ്പോൾ ചില പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്. ആദ്യത്തെ സംഘം അവരുടെ അടിസ്ഥാന ആവശ്യത്തിന് വെള്ളമെടുക്കാൻ വന്നവരായിരുന്നു. അവരോട് കരുണാർദ്രമായി നബിﷺ സമീപിച്ചു. അവിടെ ശത്രുതയ്ക്കപ്പുറമുള്ള മനുഷ്യത്വം പരിഗണിച്ചു. ഇപ്പോൾ അഹങ്കാരത്തോടെ കയ്യേറ്റത്തിന് വന്നതാണ്. ഇവിടുത്തെ മൗനം ആത്മഹത്യാപരമായിരിക്കും. ശത്രുക്കളെ കൂടുതൽ അത് അഹങ്കാരികളാക്കും. അതനുവദിച്ചു കൂടാ. അപ്പോഴാണ് പ്രതിരോധം അനിവാര്യമായത്. ആ ദൗത്യമാണ് ഹംസ (റ) നിർവഹിച്ചത്.
ഒരർഥത്തിൽ യുദ്ധം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഒരു പോർമുഖം തുടങ്ങുന്നതിന് ചില രീതികളുണ്ട്. അറബികളുടെ രീതിയനുസരിച്ച് ഒരു ദ്വന്ദ്വയുദ്ധത്തോടെയാണ് ആരംഭം കുറിക്കുക. ഒന്നുകിൽ രണ്ട് ഭടന്മാർ നേരിട്ടോ അല്ലെങ്കിൽ രണ്ട് കുതിരപ്പടയാളികൾ അഭിമുഖമായിട്ടോ ആയിരിക്കും, നടത്തുക. അപ്രകാരം ഖുറൈശീ പക്ഷത്ത് നിന്ന് ഉത്ബതു ബിൻ റബീഅ: മുന്നോട്ടു വന്ന് ദ്വന്ദ്വയുദ്ധത്തിന് വെല്ലുവിളിച്ചു. സഹോദരൻ ശൈബയുടെയും മകൻ വലീദിൻ്റെയുമിടയിൽ നിന്നാണദ്ദേഹം മുന്നോട്ടു വന്നത്.
യുദ്ധത്തിൽ നിന്ന് പിന്മാറി മക്കയിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടയാളായിരുന്നു ഉത്ബ:. എന്നാൽ അയാൾ തന്നെയാണിവിടെ ആദ്യം വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. താൻ ഭീരുവല്ലെന്നും യുദ്ധത്തിൽ നിന്ന് പിന്മാറാൻ പറഞ്ഞത് ഭീരുത്വത്തിന്റെ പേരിലല്ലെന്നും ബോധ്യപ്പെടുത്താനായിരിക്കണം ഉത്ബ തന്നെ മുന്നോട്ട് വന്നത്. പടത്തൊപ്പിയിലൊതുങ്ങാത്ത തല പുതപ്പു കൂടി ചേർത്തുകെട്ടി കവചമൊരുക്കിയാണയാൾ ധീരത കാണിച്ചത്.
ഖുറൈശികളുടെ വെല്ലുവിളി നേരിട്ടു കൊണ്ട് മൂന്ന് അൻസ്വാരി യുവാക്കൾ രംഗത്തു വന്നു. അബ്ദുല്ലാഹിബ്നു റവാഹ: (റ)യും ഹാരിസിൻ്റെ സന്താനങ്ങളായ ഔഫും (റ) മുഅവ്വിദു (റ)മായിരുന്നു ആ മൂന്നുപേർ. മുഅവ്വിദി (റ)ന്റെ സഹോദരൻ മുആദ (റ)ടക്കം മൂന്നു പേരും ഹാരിസിന്റെ മക്കൾ തന്നെയായിരുന്നു എന്ന ഒരഭിപ്രായവും ഉണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
