
ബദ്റിന്റെ പോരാട്ട മുഖത്തേക്ക് നിമിഷങ്ങൾ എണ്ണിത്തുടങ്ങി. മുസ്‌ലിം സംഘത്തിന്റെ സ്ഥിതിഗതികൾ അറിയാൻ വ്യഗ്രതയായി. അതിന്റെ ഭാഗമായി ഉമൈർ ബിൻ വഹബിനെ അവർ നിയോഗിച്ചു. ഉമൈർ മുസ്‌ലിംകളുടെ തമ്പിന്റെ അടുത്തേക്ക് നീങ്ങി. പരിസരങ്ങൾ നിരീക്ഷിച്ചു. പശ്ചാത്തലങ്ങൾ വിലയിരുത്തി. ശേഷം, ഖുറൈശീ സംഘത്തിലേക്ക് മടങ്ങി വന്നു പറഞ്ഞു; “അവർ ഏകദേശം ഒരു മുന്നൂറ് ആളുകൾ ഉണ്ടാവും. അൽപ്പം ഏറിയെന്നും വരാം.
ഇനിയാരെങ്കിലും ഒളിഞ്ഞിരിക്കുന്നവരുണ്ടോ? പരിസരത്തെവിടെയെങ്കിലും ഒളിസങ്കേതങ്ങളുണ്ടോ? അതുകൂടി ഞാനൊന്ന് നിരീക്ഷിച്ചു വരാം. അതിനൊരൽപ്പം സമയം കൂടി എനിക്ക് വേണം “. ശേഷം, അദ്ദേഹം താഴ്‌വര കടന്ന് വളരെ ദൂരം സഞ്ചരിച്ചു. വിശദമായ പരിശോധന നടത്തി. പക്ഷേ, രഹസ്യ സങ്കേതങ്ങളോ ഒളിച്ചിരിക്കുന്നവരെയോ കണ്ടെത്താൻ കഴിഞ്ഞില്ല.
അന്വേഷണം കഴിഞ്ഞ് മടങ്ങിവന്ന ഉമൈർ ഖുറൈശികളോട് വിവരങ്ങൾ കൃത്യമായി പങ്കുവച്ചു. ശേഷം, അദ്ദേഹം പറഞ്ഞു. “ഖുറൈശികളേ.. പ്രത്യേകിച്ചൊന്നും ഞാൻ കണ്ടില്ലെങ്കിലും മരണം വഹിക്കുന്ന ഒട്ടകങ്ങളെയാണ് അവർക്കൊപ്പം ഞാൻ കണ്ടത്. യസ്‌രിബിലെ വെള്ളം വലിക്കുന്ന ഒട്ടകങ്ങൾ ഭയാനകമാം വിധം മരണത്തെ വഹിക്കുന്നതായി എനിക്ക് തോന്നുന്നു. കൽപ്പന കാത്ത് മൗനം ദീക്ഷിക്കുന്നവരെ അഥവാ, മുഹമ്മദ് നബി ﷺ യുടെ അനുചരന്മാരെക്കണ്ടില്ലേ! ഒഴുക്കിലെ കല്ലുകളെപ്പോലെ കണ്ണുകളുള്ള അവർ നോക്കുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നില്ലേ! അവർ കുടുംബത്തിലേക്ക് തിരിച്ചു പോകാൻ വന്നവരല്ല. അവരുടെ പക്കൽ അവരുടെ വാളുകളേയുള്ളൂ. പടച്ചട്ടയോ കവചങ്ങളോ ഇല്ല. ദൈവത്തിനാണെ സത്യം! നിങ്ങളിൽ ഒരാൾ വധിക്കപ്പെടുന്നത് വരെ അവരിൽ ഒരാൾ കൊല്ലപ്പെടുകയില്ലെന്ന് എനിക്ക് തോന്നുന്നു. അങ്ങനെയെങ്കിൽ അവരുടെ അംഗബലത്തോളം ആളുകൾ നമ്മിൽ നിന്ന് കൊല്ലപ്പെട്ടാൽ പിന്നെ നമ്മുടെ ജീവിതത്തിനെന്തു കഥ. അത് കൊണ്ട് നിങ്ങൾ ആലോചിച്ചു പറയുക. എന്താണ് നമ്മുടെ തീരുമാനം ?”
ഉമർ ശകുനപ്പിഴ ദർശിച്ചതിനാൽ തിരിച്ചു പോയാലോ എന്ന ചിന്തയിലായി. ഹക്കീം ബിൻ ഹിസാമും രംഗത്തു വന്നു. അയാൾ ഉത്ബയെ സമീപിച്ചു ചോദിച്ചു. “അല്ലയോ , അബുൽ വലീദ്! താങ്കൾ ഖുറൈശികളിലെ സ്വീകാര്യതയുള്ള നേതാവാണല്ലോ! എന്നെന്നും താങ്കളെ നന്മയോടെ ഓർമിക്കപ്പെടാവുന്ന ഒരാലോചനയ്ക്കും തീരുമാനത്തിനും താങ്കൾ തയ്യാറാണോ?” ഉത്ബ ചോദിച്ചു, “അതെന്താണ് ഹകീം?”
“താങ്കൾ കൂടെയുള്ളവരെയും കൂട്ടി മടങ്ങിപ്പോവുക. അംറ് ബിൻ ഹദ്റമിയുടെ കാര്യം താങ്കൾ ഏറ്റെടുക്കുക. അയാൾ നിങ്ങളുടെ സഖ്യകക്ഷിയുടെ അംഗമാണല്ലോ?”
“ശരി, അതെനിക്ക് സാധിക്കും .അയാൾ എന്റെ സഖ്യകക്ഷിയാണ്. ബ്ലഡ് മണിക്കും നഷ്ടപ്പെട്ട സ്വത്തിനും ഞാൻ ഉത്തരവാദിയായിക്കൊള്ളും. പക്ഷേ, അംറ് ബിൻ ഹിഷാമിനെ അഥവാ, അബൂജഹലിനെ നീ കൈകാര്യം ചെയ്യണം “.
തുടർന്ന് ഉത്ബ ബിൻ റബീഅ: ഖുറൈശികളെ അഭിസംബോധന ചെയ്തു. “അല്ലയോ , ഖുറൈശികളേ.! അല്ലാഹു സത്യം! മുഹമ്മദ് ﷺ യോടും അനുയായികളോടും ഏറ്റുമുട്ടിയത് കൊണ്ട് നിങ്ങൾക്കൊന്നും കിട്ടാനില്ല. ഒരു പക്ഷേ, അവരെ നിങ്ങൾ വധിച്ചുവെന്നു വയ്ക്കുക. എന്നാൽപ്പിന്നെ പിതൃസഹോദരന്റെ മകനെക്കൊന്നു, അല്ലെങ്കിൽ, അമ്മാവന്റെ മകനെക്കൊന്നു എന്നിങ്ങനെയുള്ള ആക്ഷേപങ്ങളാവും ശേഷിക്കുക. പിന്നീട് നിങ്ങൾക്കിടയിൽത്തന്നെ തർക്കങ്ങളുണ്ടാകും. നിങ്ങൾക്കിഷ്ടമില്ലാത്ത മുഖങ്ങൾ നിങ്ങൾ കാണേണ്ടിവരും. അത് കൊണ്ട് മുഹമ്മദ് ﷺ നെയും കൂട്ടുകാരെയും വെറുതേ വിടുക. മറിച്ച് അവർക്ക് വല്ല നേട്ടവും ലഭിച്ചാൽ അത് ഖുറൈശികൾക്ക് കൂടിയല്ലേ അഭിമാനമാവുക ?”
“അല്ലയോ , ജനങ്ങളേ..! പിന്തിരിഞ്ഞു പോകുന്നതിന്റെ അപമാനം നിങ്ങൾ ചിന്തിച്ചേക്കും. അത് എന്റെ മേൽ ചുമത്തിക്കൊള്ളുക. ഞാനൊരു ഭീരുവായിപ്പോയല്ലോ എന്ന് നിങ്ങൾ പറഞ്ഞുകൊള്ളൂ. അതും കുഴപ്പമില്ല. ഉത്ബയുടെ ധീരത അറിയാത്തവരല്ലല്ലോ നിങ്ങൾ “.
ഹകീമിന്റെ അഭിപ്രായം പരിഗണിച്ചു കൊണ്ട് അപമാനഭാരവും ബ്ലഡ് മണിയും ഏറ്റെടുത്ത ഉത്ബ: ഒരൊട്ടകപ്പുറത്ത് കയറി ഖുറൈശികൾക്കിടയിലേക്ക് ചെന്നു. വസ്തുതകൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അദ്ദേഹം പറഞ്ഞു; “അല്ലയോ , ഖുറൈശികളേ..! ദീപങ്ങളെപ്പോലെ പ്രകാശിക്കുന്ന ഈ കമലങ്ങൾ സർപ്പക്കണ്ണുകളുള്ള മുഖങ്ങൾക്കെതിരാവുന്നതിൽ ഞാൻ പടച്ചവനോട് രക്ഷ തേടുന്നു. അഥവാ, ഖുറൈശികളും അൻസ്വാരികളും വിരുദ്ധ ചേരിയിലാവുന്നത് ഞാൻ താത്പ്പര്യപ്പെടുന്നില്ല “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
